'''നിങ്ങള്‍ ജീവിതത്തെ സ്നേഹിക്കുന്നതുപോലെ ഞങ്ങള്‍ മരണത്തെ സ്നേഹിക്കുന്നു''- ഹമാസ് നേതാക്കളില്‍ പ്രമുഖര്‍ പലപ്പോഴും ഉദ്ധരിക്കുന്ന വാക്കാണിത്. അത് സത്യസന്ധവുമാണ്. ഹമാസിന് ഇഹലോക ജീവിതത്തെക്കാള്‍ പ്രിയമാണ് പരലോക ജീവിതം. രക്തസാക്ഷിയായി മരിച്ചാല്‍ സ്വര്‍ഗത്തിലെത്തുമെന്ന വിശ്വാസമാണ് അവര്‍ക്കുള്ളത്. കൊച്ചുകുഞ്ഞുങ്ങളുടെ തലച്ചോറിലേക്കുവരെ അവര്‍ അത് അടിച്ചേല്‍പ്പിക്കുന്നു. അതുകൊണ്ടുതന്നെ മരണം എന്നതുകേട്ടാല്‍ ഭയന്നുപോവുന്നവരല്ല ഹമാസുകാര്‍. നൊന്തു പ്രസവിച്ച ഒമ്പത് മക്കളും, കൊല്ലപ്പെട്ട ഒരു ഫലസ്തീന്‍ മാതാവ്, തന്റെ മക്കള്‍ സ്വര്‍ഗത്തില്‍പോയതില്‍ അഭിമാനിക്കുന്നുവെന്നു, അഭിമാനത്തോടെ പറയുന്ന ഒരു വീഡിയോയുണ്ട്! അതാണ്, 'ഹറകത്തുല്‍ മുഖാവമത്തുല്‍ ഇസ്ലാമിയ' എന്ന ഹമാസിന്റെ വിജയവും. മരണംകൊണ്ട് നിങ്ങള്‍ക്ക് ഹമാസിനെ തോല്‍പ്പിക്കാനാവില്ല. അതൊരു മാനസികാവസ്ഥകൂടിയാണ്.

കേരളത്തിലെ ഇടതുവലതുമുന്നണികള്‍ എത്രയൊക്കെ ന്യായീകരിച്ചാലും ഹമാസ് ഒരു ലക്ഷണമൊത്ത ഭീകരവാദ സംഘടനയാണെന്ന് അതിന്റെ ചരിത്രം തെളിയിക്കുന്നു. ഫലസ്തീന്റെ വിമോചനമോ, ഇസ്രയേലിന്റെ ഉന്‍മൂലനമോ അല്ല ഹമാസിന്റെ യഥാര്‍ത്ഥ ആവശ്യം. ലോകം മുഴുവന്‍ ഇസ്ലാമിക ആധിപത്യത്തില്‍ കൊണ്ടുവരിക എന്നതുതന്നെയാണ്. മുസ്ലീം ബ്രദര്‍ഹുഡിന്റെ സഹോദര സംഘടനയായിട്ടാണ് ഹമാസിന്റെ പിറവി. 'ദൈവം ഞങ്ങളുടെ ലക്ഷ്യം, പ്രവാചകന്‍ ഞങ്ങളുടെ മാതൃക, ഖുര്‍ആന്‍ ഞങ്ങളുടെ ഭരണഘടന, ജിഹാദ് ഞങ്ങളുടെ മാര്‍ഗ്ഗം, ദൈവത്തിനുവേണ്ടിയുള്ള മരണം ഞങ്ങളുടെ അദമ്യമായ ആഗ്രഹം' -ഇതാണ് ഹമാസിന്റെ മുദ്രാവാക്യം. ഫലസ്തീന്‍ എന്ന ഭൂപ്രദേശം 'അന്തിമവിധിനാള്‍' വരേക്കുമുള്ള മുസ്ലിം ജനതയ്ക്കായി ദൈവം തയ്യാറാക്കിയിരിക്കുന്നതാണെന്നും ഹമാസ് വിശ്വസിക്കുന്നു.

വെറുമൊരു ഭൂമി തര്‍ക്കം മാത്രമല്ല ഇസ്രയേലും ഹമാസും തമ്മിലുള്ളത്. അത് മതപരമാണ്. ജൂതനെ വെറുക്കപ്പെട്ടവനായി ചിത്രീകരിക്കുന്ന ഇസ്ലാമിക സാഹിത്യത്തിന്റെ ഉപോല്‍പ്പന്നമാണത്. 1988-ല്‍ എഴുതപ്പെട്ട 'ഹമാസ് ഉടമ്പടി'യാണ് ഹമാസിന്റെ ഔദ്യോഗിക നയരേഖയായി കരുതപ്പെടുന്നത്. 'ദൈവത്തിന്റെ കൊടി ഫലസ്തീനിലെ ഓരോ ഇഞ്ചിലും ഉയര്‍ത്താനാണ്' ഈ രേഖ ആഹ്വാനം ചെയ്യുന്നത്. ഇസ്രായേലിനെ ഇല്ലാതാക്കി പകരം ഫലസ്തീന്‍ എന്ന ഇസ്ലാമിക രാജ്യം സ്ഥാപിക്കുക എന്നതാണ് ഹമാസിന്റെ ലക്ഷ്യങ്ങളുടെ സാരാംശം. ഫലസ്തീന്‍ രാജ്യം രൂപവത്കരിക്കുമ്പോള്‍ അതു മതേതരമാകരുതെന്ന നിര്‍ബന്ധവും ഹമാസ് പ്രവര്‍ത്തകര്‍ക്കുണ്ട്. മതനിരപേക്ഷ ഫലസ്തീനെ പിന്തുണച്ച യാസിര്‍ അറഫാത്തിനെപ്പോലുള്ളവരുടെ നിലപാടുകള്‍ക്ക് ഘടകവിരുദ്ധമാണിത്.




38 ഭാഗങ്ങളുള്ള ഹമാസ് ഉടമ്പടി യില്‍ സംഘടനയുടെ ഇസ്ലാമിക തത്ത്വസംഹിതയെപ്പറ്റി വിശദമായി പ്രതിപാദിക്കുന്നു. ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഇസ്ലാമിക വിശ്വാസ പ്രമാണങ്ങള്‍ പ്രാവര്‍ത്തികമാക്കാനാണ് ഉടമ്പടി നിര്‍ദ്ദേശിക്കുന്നത്. ഇസ്ലാമിക നിലപാടുകള്‍ക്കെതിരെ നില്‍ക്കുന്നവരെല്ലാം ശത്രുക്കളാണ്. അവരെ നേരിടാനും ഇല്ലാതാക്കാനും ഓരോ മുസല്‍മാനും, സ്ത്രീയാകട്ടെ പുരുഷനാകട്ടെ ജീവിത സാഹചര്യം എന്തുമാകട്ടെ, കടമയുണ്ട്. അതായത് കൃത്യമായ ജിഹാദാണ് ഹമാസിന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെ മരണം അവര്‍ക്ക് അത്രവലിയൊരു പ്രശ്നമല്ല. ചാവേറുകള്‍ ആവുക എന്നതാണ് ഒരോ ഹമാസുകാരന്റെയും സ്വപ്നമെന്ന് നിരവധി പഠനങ്ങള്‍ വന്നിട്ടുണ്ട്. സ്ത്രീകളെയും കുട്ടികളെയും മനുഷ്യകവചമായി അവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നത് ഈ മാനസികാവസ്ഥയുള്ളതുകൊണ്ടാണ്. ഈ പശ്ചാത്തലത്തില്‍നിന്നുകൊണ്ടുവേണം, യഹിയ സിന്‍വറിനുശേഷം ആര് ഹമാസ് തലവനാവുമെന്നകാര്യം പരിശോധിക്കാന്‍.

സിന്‍വറിനുശേഷം ആര്?

ലോകത്തില്‍ ഏറ്റവും കുറച്ചുകാലം ഒരു സംഘടനയുടെ തലപ്പത്തിരുന്നവര്‍ എന്ന ഖ്യാതി ഇപ്പോള്‍ ഹമാസ് -ഹിബുള്ള നേതാക്കള്‍ക്ക് വരികയാണ്. കാരണം ഒരാളെ തിരഞ്ഞെടുത്ത് വരുമ്പോഴേക്കും ഇസ്രയേല്‍ അയാളെ തട്ടും. അപ്പോള്‍ അടുത്തയാള്‍ അധികാരത്തില്‍ വരും. വൈകാതെ അയാളുടെ മരണ വാര്‍ത്തയും കേള്‍ക്കാം!

മൊസാദിന്റെ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍, ഇസ്രയേല്‍ പ്രധാനമന്ത്രിയും മറ്റ് ഉന്നതരും യോഗം ചേരുന്ന മുറിയില്‍, ഹമാസ് നേതാക്കളുടെ പടം നിരത്തിവെച്ചിട്ടുണ്ട്. ഇതില്‍ കൊല്ലപ്പെട്ട ഹമാസ് നേതാക്കളുടെ ഫോട്ടോയില്‍ ചുവന്ന ഗുണന അടയാളം ഇട്ടിട്ടുണ്ട്. മൊസാദിന്റെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ള ഹമാസ് തലവന്‍ യഹിയ സിന്‍വറിന്റെ പടത്തിന്മേല്‍ ഇന്നലെയാണ് ഗുണന ചിഹ്നം വീണത്. സെപ്്റ്റമ്പര്‍ 7ന് ഇസ്രയേലിലേക്ക് ഇരച്ചുകയറി ഹമാസ് നടത്തിയ കൂട്ടക്കൊലയുടെ സൂത്രധാരന്‍. ലോകത്തെ ഏറ്റവും സജ്ജമായ സൈനികശേഷിയെന്ന ഖ്യാതിയുള്ള ഇസ്രായേലിനെ നാണം കെടുത്തിയ ആക്രമണമായിരുന്നു അത്. 2017 മുതല്‍ ഹമാസിന്റെ തലപ്പത്തുള്ള ഈ നേതാവാണ് താരതമ്യേന ദുര്‍ബലമായ സംഘത്തെ, ഇസ്രായേലിന്റെ ആത്മവിശ്വാസം തകര്‍ക്കുന്ന വിധത്തില്‍ സജ്ജമാക്കിയത്. അതുകൊണ്ടുതന്നെ സിന്‍വറിന്റെ മരണത്തോടെ ഇസ്രായേലിന്റെ പ്രതികാരം ഏതാണ്ട് പുര്‍ണ്ണമായിരിക്കയാണ്.

ഹമാസ് രാഷ്ട്രീയകാര്യനേതാവ് ഇസ്മയില്‍ ഹനിയ, ഉന്നത കമാന്‍ഡര്‍ മര്‍വാന്‍ ഈസ എന്നിവരെ യുദ്ധം തുടങ്ങിയശേഷം ഇസ്രയേല്‍ വധിച്ചിരുന്നു.

ജൂലായില്‍ ഇറാനില്‍ ആക്രമണം നടത്തി ഹനിയെയെ ഇസ്രയേല്‍ വധിച്ചതോടെയാണ് ഗാസയില്‍ ഒളിച്ചു കഴിഞ്ഞിരുന്ന സിന്‍വര്‍, ഹമാസിന്റെ രാഷ്ട്രീയകാര്യനേതാവാകുന്നത്. ഓഗസ്റ്റില്‍ ചുമതലയേറ്റെടുത്തു. 2017 മുതല്‍ ഹമാസിന്റെ ഗാസയിലെ നേതാവും ഹമാസിന്റെ സുരക്ഷാകാര്യവിഭാഗം സഹസ്ഥാപകനായിരുന്നു. ഇറാനുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നു.

യഹിയ സിന്‍വറിനെ വധിച്ചുവെന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി ഇറാന്‍ രംഗത്ത് എത്തിയിട്ടുണ്ട്. ഈ കൊലപാതകം മേഖലയില്‍ പ്രതിരോധം ശക്തിപ്പെടുത്തുന്നതിലേക്ക് നയിക്കുമെന്നാണ് ഇറാന്‍ അറിയിച്ചത്. ' ചെറുത്തുനില്‍പ്പ് ഇനി ശക്തിപ്പെടും. ഫലസ്തീന്റെ വിമോചനത്തിനായി പ്രവര്‍ത്തിക്കുന്ന യുവാക്കള്‍ക്കും കുട്ടികള്‍ക്കുമെല്ലാം വലിയൊരു മാതൃകയാണ് അദ്ദേഹം. അധിനിവേശവും ആക്രമണവും തുടരുന്നിടത്തോളം പ്രതിരോധവും ഉണ്ടാകും. പ്രചോദനത്തിന്റെ ഉറവിടമായി രക്തസാക്ഷികള്‍ തുടരുമെന്നും'' -ഇറാന്‍ സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.




ഇസ്രായേലിന്റെ വിദേശകാര്യമന്ത്രാലയമാണ് യഹിയ സിന്‍വറിന്റെ മരണം സ്ഥിരീകരിച്ചത്. ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് യഹിയ സിന്‍വര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടത്. എന്നാല്‍ കൊല്ലപ്പെട്ടത് യഹിയ സിന്‍വര്‍ ആണോ എന്ന കാര്യത്തില്‍ ആദ്യഘട്ടത്തില്‍ സ്ഥിരീകരണം ഉണ്ടായിരുന്നില്ല. ഡിഎന്‍എ പരിശോധന നടത്തിയാണ് മരണം സ്ഥിരീകരിച്ചത്. തുരങ്കത്തില്‍ പെരുച്ചാഴിയപ്പോലെ കഴിഞ്ഞ, ഇസ്രയേലി ബന്ദികളെ മനുഷ്യകവചമാക്കിയ ഈ നേതാവ് കൂടി മരിച്ചതോടെ, ഹമാസിന് ഞെട്ടലുണ്ട്. പക്ഷേ അവര്‍ ഈ ചോരക്കളി അവസാനിപ്പിക്കില്ല. പുതിയ നേതാക്കള്‍ പുഷ്പംപോലെ ഉയര്‍ന്നുവരും. അതാണ് ചാവേറിന്റെയും ജിഹാദിന്റെയും മനശാസ്ത്രം.

സഹ സ്ഥാപകനോ, സഹോദരനോ?

ദിവസങ്ങള്‍ക്കുള്ളില്‍ നേതാക്കളൊക്കെ കൊല്ലപ്പെടുന്ന സാഹചര്യത്തില്‍, ഹമാസിന്റെ നേതാവ് ആരാവുമെന്ന് ആര്‍ക്കും വ്യക്തതയില്ല. മഹ്‌മൂദ് അല്‍ സഹര്‍ എന്ന ഹമാസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളുടെ പേരാണ് ഇപ്പോള്‍ ഏറ്റവും ശക്തമായി പറഞ്ഞുകേള്‍ക്കുന്നത്. കടുത്ത നിലപാടുകള്‍ സ്വീകരിക്കുന്നതില്‍ പേരുകേട്ട ഇദ്ദേഹം ഇസ്രയേലിനെതിരെ സൈനിക നടപടിക്കും ഗാസയിലെ ഭരണത്തിനും നേതൃനിരയില്‍ നില്‍ക്കുന്നുണ്ട്. 1992ലും 2003ലും അല്‍ സഹറിനെ വധിക്കാന്‍ ഇസ്രയേല്‍ ശ്രമിച്ചെങ്കിലും അദ്ദേഹം രക്ഷപ്പെട്ടു. 2006-ലെ ഫലസ്തീനിലെ തിരഞ്ഞെടുപ്പിന് പിന്നാലെ ആദ്യ വിദേശകാര്യ മന്ത്രിയായി. ഇദ്ദേഹം ഹമാസ് തലവനാകാന്‍ പ്രഥമ സാദ്ധ്യതയുള്ളയാളാണ് എന്നാണ് അല്‍ജസീറ അടക്കമുള്ള മാധ്യമങ്ങള്‍ പറയുന്നത്.

1945-ല്‍ ഗസ്സയില്‍ ഫലസ്തീനിയായ പിതാവിന്റെയും ഈജിപ്ഷ്യന്‍ അമ്മയുടെയും മകനായാണ് മഹമൂദ് സഹര്‍ ജനിച്ചത്. ഗസ്സയിലെ സ്‌കൂളിലും കെയ്റോയിലെ സര്‍വ്വകലാശാലയിലും പഠിച്ച അദ്ദേഹം ഗാസയിലും ഖാന്‍ യൂനിസിലും ഡോക്ടറായും ഇസ്രായേല്‍ അധികാരികള്‍ തന്റെ രാഷ്ട്രീയ നിലപാടിന്റെ പേരില്‍ അദ്ദേഹത്തെ പിരിച്ചുവിടുന്നതുവരെ ജോലി ചെയ്തു. പന്നീടാണ് ഹമാസിലേക്ക് മുഴവന്‍ സമയ പ്രവര്‍ത്തനം മാറുന്നത്.

2003-ല്‍ ഗാസ സിറ്റിയിലെ വീടിന് നേരെ വിമാനം ബോംബ് വര്‍ഷിച്ചപ്പോള്‍ സഹറിനെ വധിക്കാന്‍ ഇസ്രായേല്‍ ശ്രമിച്ചിരുന്നു. ആക്രമണത്തില്‍ അദ്ദേഹത്തിന് നിസ്സാര പരിക്കുകളുണ്ടായെങ്കിലും മൂത്ത മകന്‍ ഖാലിദ് കൊല്ലപ്പെട്ടു. അല്‍-ഖസ്സാം ബ്രിഗേഡിലെ അംഗമായിരുന്ന അദ്ദേഹത്തിന്റെ രണ്ടാമത്തെ മകന്‍ ഹൊസാം 2008-ല്‍ ഗാസയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

കഴിഞ്ഞവര്‍ഷം ഇസ്രായേലിലേക്ക് നടന്ന ഭീകരമായ ഹമാസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അന്ന് വൈറലായ ഒരു വീഡിയോ സഹറിന്റെത് ആയിരുന്നു. ഇസ്രയേല്‍ തങ്ങളുടെ ആദ്യ ലക്ഷ്യം മാത്രമാണെന്നും, ലോകം മുഴുവന്‍ തങ്ങളുടെ നിയമത്തിന് കീഴില്‍ വരുമെന്നും അദ്ദേഹം പറയുന്നുണ്ട്. ''510 ദശലക്ഷം ചതുരശ്ര കിലോമീറ്ററുള്ള ഭൂമിയൊന്നാകെ അനീതിയോ അടിച്ചമര്‍ത്തലോ ഇല്ലാത്ത സംവിധാനം നിലവില്‍ വരും. ഫലസ്തീന്‍ ജനതയ്ക്കും ലെബനന്‍, സിറിയ, ഇറാഖ് തുടങ്ങിയ രാജ്യങ്ങള്‍ക്കെതിരെയും തുടരുന്ന ആക്രമണങ്ങള്‍ അവസാനിക്കും''. സഹര്‍ വീഡിയോ സന്ദേശത്തില്‍ പറയുന്നു. അതായത് ലോകധിപത്യം തന്നെയാണ് ഹമാസ് ലക്ഷ്യമിടുന്നതെന്ന് പച്ചക്ക് പറയുകയാണ് ഈ ഭീകരന്‍.




യഹ്യാ സിന്‍വാറിന്റെ സ്വന്തം അനുജനായ മുഹമ്മദ് സംഘടനാ തലപ്പത്തെത്തും എന്ന് കരുതുന്നവര്‍ നിരവധിയാണ്. ഹമാസിന്റെ പോരാളികളുടെ നിരയില്‍ ദീര്‍ഘനാളായി അംഗമാണ് 49കാരനായ മുഹമ്മദ്. യഹ്യായുടെ അതേ വിട്ടുവീഴ്ചയില്ലാത്ത നിലപാട് പിന്‍തുടരുന്ന നേതാവാണ് മുഹമ്മദ്. ഇയാള്‍ തലവനായാല്‍ പശ്ചിമേഷ്യയില്‍ സമാധാനമുണ്ടാകാന്‍ പ്രയാസമാണെന്നാണ് അമേരിക്ക കരുതുന്നത്? 1980-കളില്‍ ഫലസ്തീനിയന്‍ മുസ്‌ളീം ബ്രദര്‍ഹുഡില്‍ നിന്നും വിഘടിച്ച് ഹമാസ് രൂപീകരിക്കാന്‍ സഹായിച്ച അബു മര്‍സോകിന്റെ പേരും പുതിയ തലവനായി ഉയരുന്നുണ്ട്. ഹമാസിന്റെ ഉന്നതാധികാര സമിതിയില്‍ അംഗമാണ്. 90-കളില്‍ അമേരിക്ക ഇയാളെ ജയിലില്‍ അടച്ചിരുന്നു. പിന്നീട് നാടുകടത്തി ജോര്‍ദാനിലെത്തി. ഏറെനാളായി വിദേശത്തായിരുന്നു.

ദെയ്ഫും, ഹയ്യയും, ഖാലിദ് മെഷാലും

ഹമാസിന്റെ പുതിയ നേതാവിന്റെ പട്ടികയിലേക്ക് ജീവിച്ചിരിക്കുന്നുവെന്ന് പോലും ഉറപ്പില്ലാത്ത മുഹമ്മദ് ദെയ്ഫിന്റെ പേരും പറഞ്ഞുകേള്‍ക്കുന്നുണ്ട്. ഹമാസ് സൈനികവിഭാഗ കമാന്ററായ മുഹമ്മദിന് ഇപ്പോള്‍ ഇസ്രയേലി ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റിരിക്കാനോ ജീവന്‍ നഷ്ടമായിരിക്കാനോ ആണ് സാദ്ധ്യത എന്നാണ് വിവരം. ഒക്ടോബര്‍ ഏഴിന് നടന്ന ഹമാസ് ആക്രമണത്തില്‍ ഇയാള്‍ മുന്‍നിരയിലുണ്ടായിരുന്നു.

ഇക്കഴിഞ്ഞ ആഗസ്റ്റ് ഒന്നിന് മുഹമ്മദ് ദെയ്ഫിനെ വധിച്ചെന്ന് ഇസ്രയേല്‍ അവകാശപ്പടിരുന്നു. ജൂലൈ 13 ന് തെക്കന്‍ ഗാസ നഗരമായ ഖാന്‍ യൂനിസിന്റെ പ്രാന്തപ്രദേശത്തുണ്ടായ ആക്രമണത്തിലാണു ദെയ്ഫിനെ വധിച്ചതെന്ന് ഇസ്രയേല്‍ സൈന്യമായ ഐഡിഎഫ് അറിയിച്ചത്. 1990- കളില്‍ ഹമാസിന്റെ സൈനിക വിഭാഗമായ ഖസ്സാം ബ്രിഗേഡിന്റെ സ്ഥാപകരിലൊരാളായിരുന്നു മുഹമദ് ദെയ്ഫ്. ദശാബ്ദങ്ങളോളം ഖസ്സാം ബ്രിഗേഡ് യൂണിറ്റിനെ ദെയ്ഫ് നയിച്ചു. ദെയ്ഫിന്റെ നേതൃത്വത്തില്‍ നിരവധി ചാവേര്‍ ബോംബാക്രമണങ്ങളാണ് ഹമാസ് ഇസ്രയേലിനെതിരെ നടത്തിയത്. ഇസ്രയേലിലേക്ക് അയക്കാന്‍ കഴിയുന്ന റോക്കറ്റുകളുടെ ശേഖരം ഹമാസ് സൈനിക വിഭാഗം സ്വരൂപിച്ചതും ദെയ്ഫിന്റെ കാലഘട്ടത്തിലായിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 7ന് തെക്കന്‍ ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ദെയ്ഫാണെന്നാണ് ഐഡിഎഫിന്റെ ആരോപണം. ഇതേത്തുടര്‍ന്നാണ് ഗസ്സയില്‍ ഇസ്രയേല്‍ യുദ്ധം ആരംഭിച്ചത്. ഇപ്പോഴും ദെയ്ഫ് ജീവിച്ചിരിക്കുന്നോ എന്നതിനുപോലും ഉറപ്പുണ്ടായിരുന്നില്ല.

അടുത്തതായി പറഞ്ഞുകേള്‍ക്കുന്ന പേര്‍, ഖലീല്‍ അല്‍ ഹയ്യയുടേതാണ്. ഖത്തറില്‍ താമസിക്കുന്ന ഹമാസിന്റെ ഉന്നത നേതാവാണ് ഖലീല്‍. ഗസ്സയിലെ പോരാട്ടം അവസാനിപ്പിക്കാന്‍ ഹമാസ് തയ്യാറായാല്‍ അല്‍ ഹയ്യ നേതാവായി വരുമെന്നാണ് സൂചന. 2014-ല്‍ ഇസ്രയേലുമായി വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെടാന്‍ ഇടയായത് അല്‍ ഹയ്യയുടെ നയതന്ത്ര ബുദ്ധിയാണെന്നാണ് വിവരം. 2007-ല്‍ ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ കുടുംബാംഗങ്ങളെല്ലാം മരണപ്പെട്ടയാളാണ് ഖലീല്‍.




ഹമാസിന്റെ സ്ഥാപകരില്‍ ഒരാളും ഫലത്തില്‍ ത്വാത്വിക ആചാര്യനമായ ഖലീല്‍ മെഷാലാണ് നേതൃത്വത്തിലേക്ക് വരാന്‍ സാധ്യതയുള്ള മറ്റൊരാള്‍.1956-ല്‍ വെസ്റ്റ് ബാങ്കിലാണ് ഇദ്ദേഹം ജനിച്ചത്. മരണത്തിന്റെ വക്കിലെത്തിയശേഷം ജീവിത്തതിലേക്ക് തിരിച്ചുവന്ന ഭീകരനാണ് മെഷാല്‍. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേരിട്ടുള്ള നിര്‍ദ്ദേശപ്രകാരം, 1997-ല്‍ ജോര്‍ദാനില്‍ താമസിക്കുമ്പോള്‍, മൊസാദ് മെഷാലിനെ വധിക്കാന്‍ ശ്രമിച്ചു.

മൊസാദ് ഏജന്റുമാര്‍ വ്യാജ കനേഡിയന്‍ പാസ്പോര്‍ട്ടുകളുമായി ജോര്‍ദാനിലേക്ക് പ്രവേശിച്ചു, തെരുവിലൂടെ നടക്കുമ്പോള്‍ മെഷാലിന് വിഷവസ്തു കുത്തിവയ്ക്കുകയായിരുന്നു.ജോര്‍ദാന്‍ അധികാരികള്‍ വധശ്രമം കണ്ടെത്തുകയും രണ്ട് മൊസാദ് അംഗങ്ങളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ജോര്‍ദാനിലെ അന്തരിച്ച രാജാവ് ഹുസൈന്‍ ഇസ്രായേല്‍ പ്രധാനമന്ത്രിയോട് മെഷാല്‍ കുത്തിവച്ച പദാര്‍ത്ഥത്തിന്റെ മറുമരുന്ന് ആവശ്യപ്പെട്ടു. അന്നത്തെ യുഎസ് പ്രസിഡന്റ് ബില്‍ ക്ലിന്റണിന്റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ്, നെതന്യാഹു മറുമരുന്ന് നല്‍കാന്‍ പറഞ്ഞത്. അങ്ങനെ കഷ്ടിച്ചാണ് ഇയാള്‍ രക്ഷപ്പെട്ടത്.

ഖത്തറില്‍ താമസിക്കുന്ന മെഷാല്‍ 2012-ല്‍ ആദ്യമായി ഗാസ മുനമ്പിലെത്തി. പലസ്തീന്‍ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ സ്വീകരിച്ചു, ഫലസ്തീനികളുടെ ജനക്കൂട്ടം അദ്ദേഹത്തെ സ്വാഗതം ചെയ്യാന്‍ എത്തി.2017-ല്‍ ഹമാസ് ഇസ്മായില്‍ ഹനിയയെ അതിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയുടെ തലവനായി മെഷാലിന്റെ പിന്‍ഗാമിയായി തിരഞ്ഞെടുത്തു, കൂടാതെ മെഷാല്‍ ഗ്രൂപ്പിന്റെ വിദേശത്തുള്ള പൊളിറ്റിക്കല്‍ ബ്യൂറോയുടെ തലവനായി. ഇന്ന് ലോകമെമ്പാടം ഹമാസിന്റെ ആശയങ്ങള്‍ എത്തിക്കുന്ന ഒരു ത്വാതിക ആചാര്യനയാണ് ഇദ്ദേഹം പ്രവര്‍ത്തിക്കുന്നത്.

കേരളത്തിലെ വെബിനാറിലെത്തിയ ഭീകരന്‍

ഈ ഖാലിദ് മെഷാല്‍ കേരളത്തിലടക്കം വേരുകളുള്ള നേതാവാണ്. 2023

ഒക്ടോബര്‍ 27ന് ഒരു വെളളിയാഴ്ച, മലപ്പുറത്ത് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് നടത്തിയ ഫലസ്തീന്‍ അനുകൂല റാലിയെ മാഷല്‍ ഓണ്‍ലൈനില്‍ അഭിസംബോധന ചെയ്തത് വിവാദമായിരുന്നു. ജമാഅത്തെ ഇസ്ലാമിയുടെ യുവജനസംഘടനയായ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. യുവജനപ്രതിരോധം എന്ന പേരില്‍ നടത്തിയ പരിപാടി, സയണിസ്റ്റ്-ഹിന്ദുത്വ വംശീയതയ്‌ക്കെതിരെ അണിചേരുക എന്ന മുദ്രാവാക്യം മാണ് ഉയര്‍ത്തിയത. ഹമാസ് നേതാവ് ഖലീദ് മാഷല്‍ ഓണ്‍ലൈനായി ഈ പരിപാടിയില്‍ പങ്കെടുക്കുന്ന വീഡിയോ സംഘടാകരാണ് പുറത്തുവിട്ടത്.

'അല്‍ അഖ്‌സ നമ്മുടെ അഭിമാനമാണ് , നമ്മുടെ ശ്രേഷ്ഠ സ്ഥലമാണ്, നമ്മുടെ പ്രിയപ്പെട്ട പ്രവാചകന്‍ മുഹമ്മദ് (സ) ആകാശ ലോകത്തേക്ക് മിഅ്‌റാജ് യാത്ര ആരംഭിച്ച ഇടമാണ്. ഗസ്സയിലെ നിങ്ങളുടെ പ്രിയപ്പെട്ട സഹോദരന്മാര്‍ കഴിഞ്ഞ ഒക്ടോബര്‍ 7 മുതല്‍ അഖ്‌സക്ക് വേണ്ടി പോരാടുകയാണ്. മൂന്നാഴ്ചകളായി സൈനിക രംഗത്ത് പരാജയപ്പെട്ടതിനു ശേഷം ഇന്ന് ഇസ്രായേല്‍ നമ്മുടെ ഗസ്സയിലെ നമ്മുടെ ആളുകളോട് പ്രതികാരം തീര്‍ക്കുകയാണ്. വീടുകള്‍ തകര്‍ത്തു കൊണ്ടിരിക്കുന്നു'- ഖലീദ് മാഷല്‍ അറബിയില്‍ നടത്തിയ പ്രസംഗത്തിന്റെ സംഘാടകര്‍ പുറത്തുവിട്ട മലയാളം പരിഭാഷയില്‍ പറയുന്നു.




'സത്യനിഷേധികള്‍ അന്യോന്യം മിത്രങ്ങളാവുകയാണ്. ഇത് നിങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിച്ചില്ലെങ്കില്‍ നാട്ടില്‍ കുഴപ്പവും വലിയ നാശവും ഉണ്ടായിത്തീരുന്നതാണ്. അഥവാ നമ്മുടെ എതിരാളികള്‍ നമുക്കെതിരെ ഒരുമിക്കുന്നത് നാം കാണുമ്പോള്‍ അതുപോലെ നമ്മളും ഒന്നിക്കണം. അവര്‍ക്കെതിരെയുള്ള പോരാട്ട മുഖത്ത് ഇസ്ലാമിക സമൂഹം ഒന്നിച്ചുനിന്നില്ലെങ്കില്‍ വലിയ പരീക്ഷണങ്ങള്‍ ഉണ്ടാവും. ഇസ്ലാമിക സമൂഹത്തിനുമേല്‍ ഞങ്ങളുടെ ഉറപ്പ് ശക്തമാണ്, നമ്മള്‍ വിജയിക്കുക തന്നെ ചെയ്യും.'- എന്നു പറഞ്ഞുകൊണ്ടാണ് ഖലീദ് മാഷല്‍ പ്രസംഗം അവസാനിപ്പിച്ചത്. പച്ചയായ വര്‍ഗീയതയും നുണയുമാണ് ഖാലീദ് മാര്‍ഷല്‍ ആ വെബിനാറിലും പറഞ്ഞത്. അല്‍ അഖ്‌സ പള്ളി പിടിച്ചെടുക്കുമെന്നതൊക്കെ വലിയ നുണയായിരുന്നു. ഗസ്സയിലെ പ്രശ്‌നത്തിന്റെ പേരില്‍ കേരളത്തിലെ മുസ്ലീങ്ങളുടെ മനസ്സില്‍ കൂടി വിഷം വിതക്കയാണ് അയാള്‍ ചെയ്തത്.

ഹമാസ് നേതാവ് പരിപാടിയില്‍ പങ്കെടുത്തതിനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. കേരളാ പോലീസിനെ ചോദ്യം ചെയ്ത അദ്ദേഹം ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടു.''മലപ്പുറത്ത് നടന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യപരിപാടിയില്‍ ഖലീദ് മാഷല്‍ ഓണ്‍ലൈനായി പങ്കെടുത്ത സംഭവം ഞെട്ടിപ്പിക്കുന്നതാണ്. പിണറായി വിജയന്റെ കേരളാ പോലീസ് എവിടെയാണ്? 'സേവ് പലസ്തീന്‍' എന്ന മുദ്രാവാക്യത്തിന്റെ മറവില്‍ അവര്‍ ഹമാസ് എന്ന ഭീകരസംഘടനയെയും അതിന്റെ നേതാക്കളെയും 'പോരാളികളായി' മഹത്വവത്കരിക്കുകയാണ്. അത് അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണ്,''- കെ. സുരേന്ദ്രന്‍ എക്സില്‍ കുറിച്ചു. പക്ഷേ ഹമാസ് ഇന്ത്യയില്‍ നിരോധിത സംഘടയല്ലെന്നൊക്കെപ്പറഞ്ഞ്, പൊലീസ് ഈ വിഷയത്തില്‍ നടപടിയെടുക്കാതെ മാറിനില്‍ക്കയായിരുന്നു.

യുദ്ധം തീരുമോ?

ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന് തൊട്ടുപിന്നാലെ സിന്‍വറിനെ കൊല്ലുക എന്നത് ഇസ്രയേലിന്റെ പ്രധാന ലക്ഷ്യമായിരുന്നു. എന്നാല്‍ ഈ മരണത്തോടെ ഗാസയിലെ യുദ്ധം അവസാനിക്കുന്നില്ലെന്നും ഹമാസിന്റെ കൈവശമുള്ള 101 ബന്ദികളെ തിരികെയെത്തിക്കുന്നതും ഒരു ലക്ഷ്യമാണെന്ന് ഇസ്രയേല്‍ പറയുന്നു. എല്ലാവരും മടങ്ങിവരുന്നതുവരെ യുദ്ധം ഉപേക്ഷിക്കില്ലെന്നാണ് നെതന്യാഹുവിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്.

പക്ഷേ യഹിയ സിന്‍വറിനെ ഇസ്രായേല്‍ വധിച്ചതിന് പിന്നാലെ ?യുദ്ധം അവസാനിക്കാന്‍ പോകുന്നതിന്റെ തുടക്കമാണിതെന്നും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇസ്രായേല്‍ സൈന്യത്തിലെ ധീരരായ സൈനികരാണ് റാഫയില്‍ വച്ച് സിന്‍വറിനെ വധിച്ചതെന്നും പ്രധാനമന്ത്രി സ്ഥിരീകരിച്ചു. ലോകത്തിന് തന്നെ നല്ല ദിവസമെന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞത്.ഗസ്സ വെടിനിര്‍ത്തലിനും ബന്ദികളെ വിട്ടയ്ക്കാനുള്ള ഇടപാടിനുമുണ്ടായിരുന്നു പ്രധാന തടസം നീങ്ങിക്കിട്ടിയെന്നും അദ്ദേഹം പറഞ്ഞു. ഗസ്സസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ളൊരു അവസരമാണ് വന്നുചേര്‍ന്നിരിക്കുന്നതെന്ന് യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസും പറഞ്ഞു.




ഹമാസ് തലവനെ വകവരുത്തിയ ഇസ്രായേലിന് അഭിനന്ദനമറിയിക്കാന്‍ നെതന്യാഹുവുമായി ഫോണില്‍ സംസാരിക്കുമെന്നും യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചയ്ക്കുള്ള വഴികള്‍ തിരക്കുമെന്നും ചര്‍ച്ച ചെയ്യുമെന്നും ബൈഡന്‍ വ്യക്തമാക്കി. ഹമാസിന്റെ അധികാരമില്ലാത്ത ഗസ്സസ വിദൂരമല്ല. ഇസ്രായേലികള്‍ക്കും ഫലസ്തീനികള്‍ക്കും ഒരു പോലെ ഗുണം ചെയ്യുന്ന രാഷ്ട്രീയ ഒത്തുതീര്‍പ്പിനുള്ള അവസരം വന്നുചേര്‍ന്നിരിക്കുന്നു. ഈ ലക്ഷ്യങ്ങളെല്ലാം നേടുന്നതില്‍ ഏറ്റവും വലിയ വിലങ്ങുതടിയായിരുന്നു യഹിയ സിന്‍വാര്‍. ആ തടസം ഇനിയില്ല, ഇനിയുമെറേ ചെയ്യാനുണ്ടെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

സത്യത്തില്‍ ഇതുതന്നെയാണ് ഇസ്രയേലിന്റെ മനസ്സിലെന്ന് ജറുസലേം പോസ്റ്റ് അടക്കമുള്ള മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഗസ്സയില്‍നിന്ന് പൂര്‍ണ്ണമായി ഹമാസിനെ ഇല്ലാതാക്കി, അധികാരം ഫത്ത പാര്‍ട്ടിയെപ്പോലെയുള്ളവര്‍ക്ക് കൈമാറാനാണ് നീക്കം. ഗസ്സയിലെ തുരങ്കങ്ങളില്‍ 75 ശതമാനവും ഇസ്രയേല്‍ നിര്‍വീര്യമാക്കി കഴിഞ്ഞു. ബാക്കിയുള്ളവ കൂടി നശിപ്പിക്കുകയും, ബന്ദികളെ തിരിച്ചുകിട്ടുകയും, ഇനി എണീക്കാന്‍ പറ്റാത്ത രീതിയില്‍ ഹമാസിന്റെ നടുവൊടിച്ചാല്‍ മാത്രതേ യുദ്ധം അവര്‍ അവസാനിപ്പിക്കു.

വാല്‍ക്കഷ്ണം: പശ്ചിമേഷ്യയില്‍ എപ്പോള്‍ സമാധാനം വരും എന്ന ചോദ്യത്തിന് നെതന്യാഹു ഒരിക്കല്‍ മറുപടി പറഞ്ഞത്, ' ഞങ്ങളുടെ ശത്രുക്കള്‍ ആയുധം താഴെവെക്കുമ്പോള്‍' എന്നായിരുന്നു. തങ്ങള്‍ ആയുധം താഴേവെച്ചാല്‍ അന്ന് തീരുമെന്ന് ഇസ്രയേലിന് നന്നായി അറിയാം.