ഭിഭാഷകർക്ക് നിയമോപദേശം നൽകുന്ന അഭിഭാഷകൻ. 95ാം വയസ്സിലും ലക്ഷങ്ങൾ ഫീസുവാങ്ങുന്ന വക്കീൽ. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ സർക്കാർ വക്കീലന്മാർ, വിവിധ കേസുകളിൽ നിയമോപദേശം കിട്ടുന്നതിനായി ഈ വയോധികന്റെ വസതിക്കുമുന്നിൽ കാത്ത് കെട്ടിക്കിടക്കയായിരുന്നു. എന്നാലും നരസിംഹം സിനിമയിലെ നന്ദഗോപാലമാരാരെപോലെ, 'സ്വർണം കൊണ്ട് തുലാഭാരം നടത്തിയാലും അയാളുടെ തട്ട് താണ് തന്നെ' കിടക്കും. ആർക്കും അയാളെ പണം കൊടുത്ത് സ്വാധീനിക്കാൻ കഴിയുമായിരുന്നില്ല. പാവപ്പെട്ടവരുടെ കേസുകളും, മനുഷ്യാവകാശ- ഭരണഘടനാ പ്രശ്നങ്ങളും ഏറ്റെടുക്കാനും സൗജന്യമായി നിയമ പോരാട്ടം നടത്താനും സ്വന്തമായി ഒരു അഭിഭാഷക നിര തന്നെ അദ്ദേഹത്തിന് ഉണ്ടായിരുന്നു. ശരിക്കും ഇന്ത്യൻ അഭിഭാഷകർക്കിടയിലെ ഒരു 'നരി' തന്നൊണ് അന്തരിച്ച ഫാലി എസ് നരിമാൻ എന്ന നിയമജ്ഞൻ.

95ാം വയസ്സിലും കർമ്മനിരതനായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം പൊടുന്നനെയുണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ്. ചൊവ്വാഴ്ച രാത്രിയോടെ ഡൽഹിയിലായിരുന്നു മരണം. 1971 മുതൽ സുപ്രീംകോടതി അഭിഭാഷകനാണ്. 1972- 75 കാലത്ത് അഡീഷണൽ സോളിസിറ്റർ ജനറലായിരുന്നു. 1991-ൽ രാജ്യം പത്മഭൂഷണും 2007-ൽ പത്മ വിഭൂഷണും നൽകി ആദരിച്ചു. 1999- 2005 വരെ രാജ്യസഭാംഗമായിരുന്നു.

1955-ൽ ബാപ്സി എഫ്. നരിമാനെ വിവാഹം ചെയ്തു. സുപ്രീം കോടതി മുൻ ജഡ്ജി റോഹിങ്ടൺ നരിമാൻ മകനാണ്. മകൾ അനഹീത സ്പീച്ച് തെറപിസ്റ്റാണ്. ഇന്ത്യയിലെ മനുഷ്യാവകാശ- പൗരാവകാശ വിഷയങ്ങളിൽ ഉറച്ച നിലപാടുകൾ സ്വീകരിച്ചിരുന്ന അഭിഭാഷകനായിരുന്നു നരിമാൻ. അദ്ദേഹത്തിന്റെ വിടവാങ്ങലോടെ അസ്തമിക്കുന്നത്, ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ തിളക്കമാർന്ന ഒരു അധ്യായമാണ്.

സ്വർണ്ണമെഡലോടെ എൽഎൽബി

അഡ്വ. ഫാലി സാം നരിമാന്റെത് 1971 മുതൽ സുപ്രീം കോടതിയിൽ മുഴങ്ങിക്കൊണ്ടിരിക്കുന്ന ഒരു പ്രൗഢസ്വരമാണ്. 1991 മുതൽ ബാർ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റാണ് നരിമാൻ. ഫാസി സാം നരിമാൻ എന്നാണ് യഥാർത്ഥ പേര്.

1929-ൽ റംഗൂണിൽ പാർസി മാതാപിതാക്കളായ സാം ബരിയാംജി നരിമാൻ, ബാനു നരിമാൻ എന്നിവരുടെ മകനായിട്ടായിരുന്നു ജനനം. ഒരു ഇൻഷുറൻസ് കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു പിതാവ്. ഇന്ന് പലരും പ്രചരിപ്പിക്കുന്നതുപോലെ വായിൽ വെള്ളിക്കരണ്ടിയുമായിട്ടല്ല, താൻ ജനിച്ചത് എന്നും തൻേറത് ഒരു ഇടത്തരം കുടുംബം ആയിരുന്നുവെന്നും അദ്ദേഹം ആത്മകഥയിൽ പറയുന്നുണ്ട്. സിംലയിലെ ബിഷപ് കോട്ടൺ സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് മുംബൈയിലെ സെന്റ് സേവ്യേഴ്‌സ് കോളേജിൽ നിന്ന് ധനതത്വശാസ്ത്രവും ചരിത്രവുമുൾപ്പെട്ട വിഷയത്തിൽ ബിരുദം നേടി. ചെറുപ്പത്തിലേ പഠിക്കാൻ മിടുക്കനായിരുന്നു അദ്ദേഹം. എഴുതിയ മിക്കവാറും പരീക്ഷകളും റാങ്കോടേയും സ്വർണ്ണമെഡലോടെയുമാണ് പാസ്സായത്.

1950- ൽ മുംബൈ ഗവൺമെന്റ് ലോ കോളേജിൽ നിന്ന് നിയമ ബിരുദം നേടി. ഫോർബ്സ് സ്വർണ്ണ മെഡലും റോമൻ നിയമത്തിനും നിയമശാസ്ത്രത്തിനുമുള്ള സമ്മാനവും അദ്ദേഹത്തിനായിരുന്നു. മകൻ ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷ എഴുതണമെന്ന് അദ്ദേഹത്തിന്റെ പിതാവിന്റെ ആഗ്രഹം. പക്ഷേ അക്കാലത്ത് അത് താങ്ങാൻ കഴിയാതിരുന്നതിനാൽ, നിയമത്തിന്റെ വഴി തെരഞ്ഞെടുക്കയായിരുന്നവെന്ന് ആത്മകഥയാണ് 'ബിഫോർ മെമ്മറി ഫേഡ്‌സിൽ', നരിമാൻ വ്യക്തമാക്കുന്നുണ്ട്.

ബോംബെ ഹൈക്കോടതിയിലാണ് അഭിഭാഷകവൃത്തി ആരംഭിച്ചത്. 22 വർഷത്തെ പ്രാക്ടീസിനുശേഷം, 1971-ൽ ഇന്ത്യൻ സുപ്രീം കോടതിയിൽ പ്രാക്ടീസ് തുടങ്ങി. നരിമാന്റെ പല കേസുകളും അഭിഭാഷകർ ഇന്നും പഠന വിധേയമാക്കുന്നുണ്ട്. അഭിഭാഷക വൃത്തിയിലെ ഓർമകൾ പങ്കുവയ്ക്കുന്ന 'ബിഫോർ മെമ്മറി ഫെയ്ഡ്സ്' എന്ന ആത്മകഥ നിയമ വിദ്യാർത്ഥികൾക്കിടയിലും യുവ അഭിഭാഷകർക്കിടയിലും വളരെയധികം വായിക്കപ്പെടുന്ന ഒന്നാണ്. അതിലെ പല കാര്യങ്ങളും വിവിധ ലോ കോളജുകളിൽ പഠിപ്പിക്കുന്നുമുണ്ട്.

അടിയന്തരാവസ്ഥയിൽ രാജി

വാക്കുകൾകൊണ്ട് അമ്മാനമാടുന്ന തീപ്പൊരിയായിരുന്നു അക്കാലത്ത് നരിമാൻ കോടതിയിൽ. കൃത്യമായ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ ക്രോസ് വിസ്താരം വളരെ പെട്ടെന്ന് പ്രശസ്തമായി. നരിമാൻ കേസ് നടത്തുന്നതുകാണാൻ നിയമ വിദ്യാർത്ഥികൾ കൂട്ടമായി എത്തുന്ന കാലം മുംബൈയിൽ ഉണ്ടായിരുന്നു. പല സിനിമാക്കാരും കോർട്ട് റും സിനിമകൾ ഉണ്ടാക്കാനായി അദ്ദേഹത്തിന്റെ ക്രോസിങ്ങ് രീതികളും, അവതരണ രീതിയും പഠിച്ചിരുന്നു.

അഭിഭാഷകനായിരുന്ന ജാംസേഠ്ജി കംഗയായിരുന്നു നരിമാന്റെ മാർഗദർശി.
'ജാംസേഠ്ജി കംഗ എനിക്ക് സീനിയർ മാത്രമായിരുന്നില്ല, ഗുരു കൂടിയായിരുന്നു. അദ്ദേഹം എനിക്ക് പിതാവിനെപ്പോലെയായിരുന്നു. 93-ാം വയസ്സിൽ അദ്ദേഹം മരിച്ചു. പക്ഷേ 92-ാം വയസ്സിൽ, താൻ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് എന്നോട് പറഞ്ഞത്. അദ്ദേഹത്തിന് അതിശയകരമായ ഓർമ്മശക്തി ഉണ്ടായിരുന്നു. എന്റെ മകൻ റോഹിന്റണും അങ്ങനെ തന്നെ.'- ആത്മകഥയിൽ നിരിമാൻ ഇങ്ങനെ കുറിക്കുന്നു. ഗുരുവിന്റെ അതേ ഓർമ്മയും ബുദ്ധിയുമായിരുന്നു ശിഷ്യനും. 95-ാം വയസ്സിൽ മരിക്കുമ്പോഴും നരിമാൻ കർമ്മ നിരതനായിരുന്നു.

ഇന്ത്യൻ ഭരണഘടനയുമായി ചേർത്ത് നിയമങ്ങൾ വികസിപ്പിക്കുന്നതിൽ നരിമാൻ പ്രധാന പങ്കുവഹിച്ചു. മറ്റു പല ജുഡീഷ്യൽ കാര്യങ്ങളിലും അദ്ദേഹം വിമർശനാത്മകമായ നിലപാടുകൾ സ്വീകരിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള ഇന്ദിരാഗാന്ധി സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ചായിരുന്നു, 1972 മെയ്‌ മുതൽ 1975 ജൂൺ 25 വരെ ഇന്ത്യയുടെ അഡീഷണൽ സോളിസിറ്റർ ജനറലായിരുന്ന ഫാലി എസ് നരിമാൻ ആ പദവി രാജി വെച്ചത്. തികഞ്ഞ ജനാധിപത്യവാദിയായ അദ്ദേഹം, ഇന്ദിരയോട് ഉടക്കുന്നതും ഇതേ കാര്യത്തിൽ തന്നെ. രാഷ്ട്രീയത്തിൽ ഇറങ്ങാനുള്ള കോൺഗ്രസ് നേതാക്കളുടെ ക്ഷണവും ഇതേ കാര്യത്താൽ നരിമാൻ നിരസിക്കയായിരുന്നു.

'ബിഫോർ മെമ്മറി ഫേഡ്സ്' കൂടാതെ, 'ദി സ്റ്റേറ്റ് ഓഫ് നേഷൻ', 'ഗോഡ് സേവ് ദി ഹോണബിൾ സുപ്രീം കോടതി' എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് പുസ്തകങ്ങൾ. ഇവയെല്ലാം ബെ്സ്റ്റ് സെല്ലറുകളാണ്്. മാത്രമല്ല, ആനുകാലികളങ്ങളിലും ഒരു കാലത്ത് അദ്ദേഹം സജീവമായി എഴൂതിയിരുന്നു. പത്മഭൂഷൺ, പത്മവിഭൂഷൺ എന്നിവ നൽകി രാജ്യം ആദരിച്ചിട്ടുള്ള ഫാലി നരിമാൻ 1999 മുതൽ 2005 വരെ രാജ്യസഭയിലെ നോമിനേറ്റഡ് അംഗമായിരുന്നു.


നാഴികക്കല്ലായ ഒട്ടേറെ കേസുകൾ

ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ തന്നെ നാഴികക്കല്ലായ ഒട്ടേറെ കേസുകളിൽ അദ്ദേഹം സുപ്രീം കോടതിയിൽ തലയുയർത്തിനിന്നു വാദിച്ചു. പാർലമെന്റിനു ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങൾ റദ്ദു ചെയ്യാൻ കഴിയില്ലെന്ന സുപ്രധാന വിധി പറഞ്ഞ ഗോലക്നാഥ് കേസ്, ജഡ്ജിനിയമനവുമായി ബന്ധപ്പെട്ട എസ്‌പി.ഗുപ്ത കേസ്, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയംഭരണാധികാരത്തിൽ പിന്നീടു നിർണായകമായ ടി.എം.എ. പൈ കേസ് തുടങ്ങി ഭരണഘടനാവ്യാഖ്യാനം പ്രധാനമായ ഒട്ടേറെ കേസുകളിൽ നരിമാന്റെ ഇടപെടലുകൾ ശ്രദ്ധേയമായി

ഇന്ത്യൻ എക്സ്പ്രസുമായി ബന്ധപ്പെട്ട മാധ്യമ സ്വാതന്ത്ര്യ കേസ്, കൊളീജിയം കേസ്, ഭോപ്പാൽ ദുരന്ത കേസ് അടക്കമുള്ളവയിൽ ശക്തമായ വാദമുഖങ്ങൾ ഉന്നയിച്ച അഭിഭാഷകനാണ് ഫാലി എസ്. നരിമാൻ. ഒരു ജനപ്രതിനിധിക്ക് ആറ് മാസത്തിൽ കൂടുതൽ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന് ശിക്ഷപ്പെട്ടാൽ അംഗത്വം റദ്ദാകുമെന്ന ചരിത്ര വിധിക്ക് കാരണമായ ലില്ലി തോമസ് കേസിൽ സുപ്രീംകോടതിയിൽ ഹാജരായത് നരിമാൻ ആയിരുന്നു

പലപ്പോഴും കേന്ദ്രസർക്കാറിനെതിരെപോലും അദ്ദേഹം പോരാടി ജയിച്ചു.
കൊളീജിയം സംവിധാനത്തിന് പകരമായി ജഡ്ജിമാരെ തിരഞ്ഞെടുക്കുന്നതിനും നിയമിക്കുന്നതിനുമായി കേന്ദ്ര സർക്കാർ രുപീകരിച്ച എൻജെഎസിക്കെതിരായ കേസായിരുന്നു സുപ്രീംകോർട്ട് അസോസിയേഷൻ കേസ്. ഈ കേസ് പ്രകാരം എൻജെഎസി നിയമത്തിന്റെയും 99-ാം വകുപ്പ് ഭേദഗതിയുടെയും ഭരണഘടനാ സാധുത കോടതി പരിശോധിച്ചിരുന്നു. ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ തത്വങ്ങളുടെ ലംഘനമാണ് എൻജെഎസിയെന്ന് കോടതി കണ്ടെത്തി. തൽഫലമായി അഞ്ചംഗ ഭരണഘടനാ ബെഞ്ച് 99-ാം ഭേദഗതിയും എൻജെഎസി നിയമവും റദ്ദാക്കുകയും കൊളീജിയം സംവിധാനം പുനഃസ്ഥാപിക്കുകയും ചെയ്തു. ഈ കേസ് വാദിച്ച് ജയിച്ചത് ഫാലി എസ് നരിമാൻ ആയിരുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ കൈകാര്യം ചെയ്യുന്ന ആർട്ടിക്കിൾ 30 സംബന്ധിച്ച് ഫാലി എസ് നരിമാൻ ഹാജരായ കേസ് ആണ് ടിഎംഎ പൈ കേസ്. ഇതുപ്രകാരം ആർട്ടിക്കിൾ 30 ന്റെ ആവശ്യങ്ങൾക്കായി മതപരവും ഭാഷാപരവുമായ ന്യൂനപക്ഷങ്ങളെ സംസ്ഥാനാടിസ്ഥാനത്തിൽ പരിഗണിക്കേണ്ടതുണ്ടെന്ന് സുപ്രീം കോടതി വിധിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

രാജ്യത്തെ നീതിന്യായ വ്യവസ്ഥയിലെ മറ്റൊരു സുപ്രധാനമായ കേസാണ് ഗോളക്നാഥ് കേസ്. മൗലികാവകാശങ്ങളുടെ ഭരണഘടനാവ്യാഖ്യാനമായിരുന്നു ഈ കേസിൽ പ്രധാനമായും ചർച്ച ചെയ്യപ്പെട്ടത്. 1953 ലെ 'പഞ്ചാബ് സെക്യൂരിറ്റി ആൻഡ് ലാൻഡ് ടെന്യുർസ് ആക്റ്റിന്റെ ഭരണഘടനാസാധുതയെ ചോദ്യം ചെയ്തുകൊണ്ട് 1965 ൽ ഹെൻട്രി ഗോലക് നാഥ് സമർപ്പിച്ച ഹർജിയിലാണ് കേസ് നടന്നത്.

ഭോപ്പാൽ വിഷവാതകക്കേസിൽ മാപ്പ്

ഗുജറാത്തിലെ നർമദാ അണക്കെട്ടുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന സർക്കാരിനുവേണ്ടി വാദിച്ച നരിമാൻ, കേസിനിടയ്ക്ക് പ്രദേശത്തെ ക്രിസ്തുമതവിശ്വാസികൾ ആക്രമിക്കപ്പെട്ടതിലും ബൈബിൾ കത്തിച്ചതിലുമൊക്കെ പ്രതിഷേധിച്ച് വക്കാലത്തിൽ നിന്ന് പിൻവാങ്ങി. അന്ന് കാര്യമറിയാതെ നരിമാൻ ക്രിസ്ത്യാനിയാണെന്ന് പ്രചാരണം ഉണ്ടായി. പക്ഷേ അദ്ദേഹം ജന്മം കൊണ്ട് പാഴ്സിയും കറകളഞ്ഞ മതേതരവാദിയുമായിരുന്നു. ബൈബിൾ കത്തിച്ചതിന്റെ പേരിലല്ല, അക്രമത്തിന്റെ പേരിലാണ് താൻ പിന്മാറിയതെന്ന് പിന്നീട് അദ്ദേഹം പറഞ്ഞു.

പലപ്പോഴും അഭിഭാഷകർക്ക് പ്രൊഫഷണൽ എത്തിക്സ് ഉയർത്തിപ്പിടിക്കാൻ കഴിയാത്തതിന്റെ പ്രശ്നങ്ങളും നരിമാൻ തന്റെ ആത്മകഥയിൽ തന്നെ പറയുന്നുണ്ട്. ഭോപാൽ ദുരന്തത്തെ തുടർന്ന് യൂണിയൻ കാർബൈഡ് കോർപറേഷനും ഇന്ത്യൻ സർക്കാരും തമ്മിലുള്ള കേസിൽ ഹാജരായത് അദ്ദേഹം ഇന്നും ഓർക്കാൻ ഇഷ്ടപ്പെടുന്നില്ല. പക്ഷേ ഇരകളുടെ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട മധ്യസ്ഥത അടക്കം നരിമാന്റെ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു. അഭിഭാഷകവൃത്തിയുടെ സങ്കീർണതകളും ധാർമികതയും തൊഴിൽപരമായ അഭിമാനവും വ്യക്തിപരമായ സങ്കടവും എല്ലാം നിറഞ്ഞതായിരുന്നു ഈ കേസിലെ ഇടപെടലെന്നാണ് ആത്മകഥയിൽ ഫാലി എസ്. നരിമാൻ തന്നെ വിശേഷിപ്പിക്കുന്നത്.

ദുരന്തത്തിൽ പ്രതിസ്ഥാനത്തുണ്ടായിരുന്ന യൂണിയൻ കാർബൈഡ് കോർപറേഷനു വേണ്ടി നരിമാൻ കോടതിയിൽ ഹാജരായി. ഇരകൾക്ക് 470 മില്യൺ ഡോളർ വാഗ്ദാനം ചെയ്ത കോടതിക്ക് പുറത്ത് ഇരകളും കമ്പനിയും തമ്മിൽ ഒരു കരാർ ഉണ്ടാക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. കമ്പനിക്കു വേണ്ടി ഹാജരായത് തന്റെ ഭാഗത്തുനിന്ന് ഉണ്ടായ തെറ്റായിരുന്നു എന്നും അദ്ദേഹം ആത്മകഥയിൽ പറയുന്നുണ്ട്. തൊഴിലും ധാർമ്മികതയും തമ്മിൽ മാറ്റുരക്കുമ്പോഴുള്ള അന്ത:സംഘർഷങ്ങൾ അദ്ദേഹം തുറന്ന് എഴുതിയിട്ടുണ്ട്. പക്ഷേ ഇതിൽ എതിർവാദവുമുണ്ട്. നരിമാൻ കേസിൽ ഇടപെട്ടില്ലായിരുന്നെങ്കിൽ, ഇത്രയും വലിയ തുക നഷ്ടപരിഹാരം കിട്ടില്ലായിരുന്നുവെന്ന് പറയുന്നവരുമുണ്ട്.


അന്താരാഷ്ട്ര തലത്തിലും ശ്രദ്ധേയൻ

2009 ഡിസംബറിൽ ജുഡീഷ്യൽ അക്കൗണ്ടബിലിറ്റി സംബന്ധിച്ച വിവാദത്തിലും അതി ശക്തമായി നരിമാൻ ഇടപെട്ടു. ജസ്റ്റിസുമാരായ സികെ പ്രസാദിന്റെയും പി ഡി ദിനകരന്റെയും നിയമനവുമായി ബന്ധപ്പെട്ട വിവാദവുണ്ടായത്. ജുഡീഷ്യൽ നിയമനങ്ങൾക്കുള്ള ശുപാർശകൾ സുതാര്യമാക്കണമെന്നാണ് നരിമാൻ അടക്കമുള്ളവർ വാദിച്ചത്. രാം ജഠ്മലാനി, ശാന്തി ഭൂഷൺ, അനിൽ ബി ദിവാൻ ,കാമിനി ജയ്‌സ്വാൾ , പ്രശാന്ത് ഭൂഷൺ എന്നിവർ നരിമാനൊപ്പം പ്രസ്താവനയിൽ ഒപ്പുവച്ചതോടെ ഇത് ദേശീയ മാധമങ്ങളിലടക്കം വലിയ ചർച്ചയായി.

2014 ഒക്ടോബർ 17ന് തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയ്ക്ക് വേണ്ടി ഹാജരാകുകയും ജാമ്യം നേടിക്കൊടുക്കുയും ചെയ്തത് അദ്ദേഹത്തിന്റെ കരിയറിലെ നേട്ടമാണ്. -''ജയലളിതയുടെ കേസിന്റെ മെറിറ്റല്ല ഞാൻ നോക്കിയത്. ബെയിൽ ഈസ് ലോ എന്ന കൃഷ്ണയ്യരുടെ ക്വാട്ടാണ് ഞാൻ എടുത്തത്. ജാമ്യം ലഭിക്കേണ്ട കേസുകളിൽ ജയിൽവാസം എന്നത് അംഗീകരിക്കാൻ കഴിയില്ല''- ഇതേക്കുറിച്ച് നരിമാൻ പിന്നീട് ഇങ്ങനെയാണ് പ്രതികരിച്ചത്. പത്മവിഭൂഷണിനും, പത്മഭൂഷണിനും പിന്നാലെ, 2002-ൽ നരിമാന് നീതിക്കുള്ള ഗ്രുബർ പ്രൈസ് ലഭിച്ചു. അദ്ദേഹം തന്റെ അവാർഡുകൾ ഷിംലയിൽ താൻ പഠിച്ച ബിഷപ്പ് കോട്ടൺ സ്‌കൂളിന് സമർപ്പിക്കയാണ് ചെയ്തതത്.

1999 നും 2005 നും ഇടയിൽ രാജ്യസഭാംഗമായി അദ്ദേഹം നിയമിതനായി.
1991 മുതൽ 2010 വരെ ബാർ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായ നരിമാന്റെ സേവനം ഇന്ത്യയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. 1986 മുതൽ 2005 വരെ പാരിസിലെ ഇന്റർനാഷനൽ കോർട്ട് ഓഫ് ആർബിട്രേഷനിൽ വൈസ് ചെയർമാനായിരുന്നു അദ്ദേഹം. 1995 -97 കാലഘട്ടത്തിൽ ജനിവയിലെ ഇന്റർനാഷനൽ കൗൺസിൽ ഫോർ കമേഴ്സ്യൽ ആർബിട്രേഷൻ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. 1988 മുതൽ ഇന്റർനാഷണൽ കമ്മീഷൻ ഓഫ് ജൂറിസ്റ്റുകളുടെ ഓണററി അംഗം, 1988 മുതൽ ലണ്ടൻ കോർട്ട് ഓഫ് ഇന്റർനാഷണൽ ആർബിട്രേഷൻ അംഗം എന്ന നിലകളിലും പ്രവർത്തിച്ചു. 1999 നവംബറിൽ യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് ഓൺ ട്രേഡ് ആൻഡ് ഡെവലപ്‌മെന്റിന്റെ നിയമോപദേശകനായും പ്രവർത്തിച്ചു.

എന്നും ഭരണഘടനക്ക് ഒപ്പം

ഇന്ത്യൻ ഭരണഘടന ഇതുപോലെ അരച്ചുകലക്കിയ ഒരാൾ നരിമാനെപ്പോലെ വേറെയുണ്ടാവില്ല. രാജ്യത്തെ ഏറ്റവും വിലപിടിച്ച ഭരണഘടനാ വിശകലന വിദഗ്ധനുമായ ഫാലി എസ്.നരിമാൻ തന്നെ. അവസാനമായി ഇന്ത്യൻ എക്പ്രസിന് കൊടുത്ത അഭിമുഖത്തിലും അദ്ദേഹം വാചാലനായത് ഭരണഘടനയെക്കുറിച്ചാണ്. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ഘടനയെ വിമർശിക്കാൻ അവകാശമുണ്ടെങ്കിലും, അതിൽ മാറ്റം വരുത്താനോ ഇളക്കാനോ ആരും തുനിയേണ്ടതില്ലെന്നും ആരെങ്കിലും അതിന് ശ്രമിച്ചാലും സുപ്രീംകോടതി അത് പ്രതിരോധിക്കാൻ പ്രതിജ്ഞാബദ്ധമായിരിക്കുമെന്ന് കരുതുന്നതായും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.

ഭരണഘടനയുടെ അടിസ്ഥാന സവിശേഷതകളിൽ മാറ്റം വരുത്താനുള്ള പാർലമെന്റിന്റെ അധികാരത്തെ നിയന്ത്രിക്കുന്ന 'അടിസ്ഥാന ഘടന' സിദ്ധാന്തത്തിന്റെ 50-ാം വർഷത്തിലാണ് ഫാലി നരിമാന്റെ നിരീക്ഷണം ചർച്ചയായത്. 'അടിസ്ഥാന ഘടന' സിദ്ധാന്തം നിലവിലില്ലായിരുന്നുവെങ്കിൽ ഒരു ജനാധിപത്യ ഭരണഘടനയായി അംഗീകരിക്കാൻ കഴിയാത്ത ഒരു ഭരണഘടനയാകുമായിരുന്നു ഇന്ന് നമുക്കുണ്ടാകുമായിരുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അടിസ്ഥാന ഘടനാ സിദ്ധാന്തം പാർലമെന്റിന്റെ മേൽക്കോയ്മയെ ഇല്ലാതാക്കുന്നു എന്ന വാദത്തിൽ കഴമ്പില്ലെന്ന് നരിമാൻ പറയുന്നു. ''പാർലമെന്റിന്റെ ആധിപത്യം വളരെ പ്രധാനമാണ്. എന്നാൽ പിന്നീട് ഒരു പാർട്ടി സംവിധാനത്തിൽ ഒരു ഏകകക്ഷി പാർലമെന്റ് വരുന്നത് ജനാധിപത്യപരമല്ല. അതിനാൽ, ഭൂരിപക്ഷ പാർട്ടി എന്ന നില...ഒരു അതിഭൂരിപക്ഷ പാർട്ടിയും ജനാധിപത്യപരമല്ല. അവിടെയാണ് അടിസ്ഥാന ഘടനാ സിദ്ധാന്തം ആവശ്യമായി വരുന്നത്.''-നരിമാൻ പറഞ്ഞു. സമീപഭാവിയിൽ അടിസ്ഥാന ഘടനാ സിദ്ധാന്തം പുനഃപരിശോധിക്കപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം വിലയിരുത്തുന്നു.

''ഭരണഘടനയാണ് പരമോന്നതമായത്. ഏതെങ്കിലും ഒരു കൂട്ടം വ്യക്തികളല്ല. അത് പരമോന്നതമായ രേഖയാണ്, അത് ഏറ്റവും ഉയർന്ന പീഠത്തിൽ സ്ഥാപിക്കപ്പെടുന്നു. പാർലമെന്റാണ് പരമോന്നതമെന്ന് പറഞ്ഞുകൊണ്ട് മിക്ക ആളുകളും കാണാതെപോകുന്ന പ്രധാന കാര്യം അതാണ്. പരമോന്നതമായത് ജഡ്ജിയോ സുപ്രീം കോടതിയോ പാർലമെന്റോ ഒന്നുമല്ല. പരമോന്നതമായത് ഭരണഘടനയാണ്. ആദ്യം പാർലമെന്ററി ജനാധിപത്യം. നിങ്ങൾ അതിനെ ഒരു മത... ഹിന്ദു-മത രാഷ്ട്രമാക്കി മാറ്റാൻ ആഗ്രഹിക്കുന്നുവെന്ന് കരുതുക. പറ്റില്ല എന്നാണ് ഉത്തരം. ഇത് വ്യക്തമായ കാര്യങ്ങളാണ്. ഭരണഘടന മാറ്റാൻ പാർലമെന്റിന് അർഹതയുണ്ട്. നിങ്ങൾക്ക് മൗലികാവകാശങ്ങൾ പോലും മാറ്റാൻ കഴിയും, അതിൽ സംശയമില്ല. എന്നാൽ നിങ്ങൾ അത് എങ്ങനെ ചെയ്യുന്നു, എപ്പോൾ ചെയ്യുന്നു, എന്തിനാണ് ചെയ്യുന്നത് ഇതെല്ലാം പ്രസക്തമാകും. അവർ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നതെന്തും അവതരിപ്പിക്കട്ടെ. ഇളകിയ കാലുകളിലാണോ ഉറച്ച കാലുകളിലാണോ ഭരണഘടന എന്ന് നോക്കാം. അവിടെയാണ് സുപ്രിം കോടതി വിധി വരുന്നത്. ആ സിദ്ധാന്തത്തിൽ വെള്ളം ചേർക്കാൻ അവർ ഒരിക്കലും അനുവദിക്കില്ലെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ട്. ഭരണഘടനയെ നിങ്ങൾക്ക് വിമർശിക്കാം പക്ഷേ ആരും അടിത്തറ ഇളക്കേണ്ടതില്ല. പിന്നീട് അത് ഭൂകമ്പമായി മാറും.''- നരിമാൻ പറയുന്നു.

കേരളത്തിന്റെ ഉപദേശകൻ

ഇന്ത്യയിലെ മനുഷ്യാവകാശ- പൗരാവകാശ വിഷയങ്ങളിൽ ഉറച്ച നിലപാടുകൾ സ്വീകരിച്ചിരുന്ന അഭിഭാഷകനായിരുന്നു നരിമാൻ. ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയെടുത്തുകളഞ്ഞ കേന്ദ്ര സർക്കാർ തീരുമാനത്തിന് അനുകൂലമായ സുപ്രീംകോടതി വിധിക്കെതിരെ ഉൾപ്പെടെ അദ്ദേഹം നിലപാടെടുത്തിരുന്നു. സുപ്രീം കോടതിയുടെ നിലപാട് ഭരണഘടനയോടുള്ള തെറ്റായ സമീപനമാണെന്നും , കോടതിയിൽ നിന്ന് ഇത് പ്രതീക്ഷിച്ചിരുന്നില്ല എന്നുമാണ് അദ്ദേഹം പറഞ്ഞിരുന്നത്.

കേരളവുമായി ബദ്ധപ്പെട്ട കേസുകളിലും അദ്ദേഹം നിരവധി തവണ നിയമോപശേദശം നൽകിയിട്ടുണ്ട്. വായ്പപ്പരിധി വെട്ടിക്കുറച്ചതടക്കം കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നുവെന്നുകാട്ടി കേന്ദ്രസർക്കാരിനെതിരെ നിയമപോരാട്ടത്തിന് സംസ്ഥാന സർക്കാരിന് നിയമോപദേശം നൽകിയത് ഫാലി എസ്. നരിമാൻ ആയിരുന്നു. കിഫ്ബിയും മസാലബോണ്ടുകളും ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി വന്നപ്പോൾ ഒന്നാം പിണറായി സർക്കാർ അദ്ദേഹത്തിൽനിന്ന് നിയമോപദേശം തേടിയിരുന്നു. സാധാരണ ഗതിയിൽ, ഡൽഹിക്ക് പുറത്തുള്ള ഹൈക്കോടതികളിൽ ഹാജരാകുന്ന പതിവ് നരിമാനില്ലാത്തതാണ്.

എന്നാലും, ഇപ്പോൾ കിഫ്ബി കേസിലെ അത്യസാധാരണമായ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച്, ഒരു വീഡിയോ കോൺഫറൻസിങ്ങിലൂടെ എങ്കിലും നരിമാന്റെ അതിവിദഗ്ധമായ നിയമോപദേശമെത്തിക്കാനുള്ള സാദ്ധ്യതയാണ് സർക്കാർ തിരിഞ്ഞത്. കേരള നിയമസഭ പാസാക്കിയ ലോകായുക്ത, സർവകലാശാല നിയമഭേദഗതി ബില്ലുകൾ തുടർനടപടികൾ സ്വീകരിക്കാതെ രാജ്ഭവനിൽ അനന്തമായി പിടിച്ചുവെച്ചപ്പോൾ നരിമാന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കേരള സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.

സിറ്റിങ്ങിന് 20 ലക്ഷം

ഇന്ത്യയിൽ ഏറ്റവും പണം സമ്പാദിക്കുന്ന വയോധികൻ ആരാണ് ചോദിച്ചാൽ അതിനുള്ള ഉത്തരവും ഫാലി എസ് നരിമാൻ എന്നായിരിക്കും. കാരണം, ഒരു സിറ്റിംഗിന് 15 ലക്ഷത്തിനും 20 ലക്ഷത്തിനും ഇടയിലാണ് അദ്ദേഹത്തിന്റെ ഫീസ്! പലപ്പോഴും കേസ് എടുക്കാതെ അദ്ദേഹം ഒഴിഞ്ഞുമാറും. പക്ഷേ ക്ളയൻസ് വിടില്ല. അവർ എങ്ങനെയെങ്കിലും അദ്ദേഹത്തിന്റെ വീട്ടിലെത്തും. വല്ലാതെ അസുഖ ബാധിതനാവുന്നത്വരേക്കും അദ്ദേഹത്തിന്റെ വീട്ടിൽ നിരന്തരം ആളുകൾ എത്തുമായിരുന്നു. അഭിഭാഷകർ ആയിരുന്നു ഇതിൽ ഏറെയും. തങ്ങൾ കോടതിയിൽ വാദിച്ചുകൊണ്ടിരിക്കുന്ന കേസിൽ, നരിമാന്റെ അഭിപ്രായമാണ് അവർക്ക് അറിയേണ്ടത്. ആ കേസ് പഠിച്ച് അതിന്റെ പുരോഗതിയും, വീഴ്ചകളുമൊക്കെ അദ്ദേഹം പറയും. അതിന് വക്കീലന്മാർ അദ്ദേഹത്തിന് ഫീസ് നൽകും. അങ്ങനെയാണ് 'അഭിഭാഷകരുടെ അഭിഭാഷകൻ' എന്ന പേര് നരിമാന് വീണത്.

എന്നാലും ആർക്കും കാശെറിഞ്ഞ് വീഴ്‌ത്താൻ കഴിയുന്ന ആളല്ല അദ്ദേഹം. ഗൗതം അദാനിയുടെ കേസുകൾപോലും നിരസിച്ച ചരിത്രം നരിമാനുണ്ട്. എന്നാൽ സാമൂഹിക പ്രസക്തമായ കാര്യങ്ങളിൽ ഫീസില്ലാതെ തന്നെ അദ്ദേഹം ഏറ്റെടുക്കുകയം ചെയ്യും. ശബരിമലയിലെ സ്ത്രീ പ്രവേശനം അത്തരത്തിലൊന്നാണ്.

2020ൽ ശബരിമല വിഷയത്തിൽ, ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയുടെ അധ്യക്ഷതയിൽ രൂപികൃതമായ ഒൻപത് അംഗ ഭരണഘടന ബെഞ്ചിന് മുമ്പാകെ വാദിക്കാൻ ഫാലി എസ് നരിമാൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. വ്യക്തി എന്ന നിലയിൽ ഭരണഘടന ബെഞ്ചിന് മുമ്പാകെ വാദിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഫാലി എസ് നരിമാൻ ചീഫ് ജസ്റ്റിസിന് കുറിപ്പ് കൈമാറിയത് വാർത്തയായിരുന്നു. ശബരിമലയിൽ യുവതി പ്രവേശനത്തിനായി ശക്തമായ നിലപാട് സ്വീകരിച്ച ജസ്റ്റിസ് റോഹിങ്ടൻ നരിമാന്റെ പിതാവാണ് ഫാലി എസ് നരിമാൻ. ശബരിമല വിഷയം ഒട്ടേറെ ബുദ്ധിമുട്ടേറിയതാണെന്നാണ് 2018-ലെ നിയമ ദിന പ്രഭാഷണത്തിൽ ഫാലി വിശേഷിപ്പിച്ചത്.

'ഭരണഘടന സംബന്ധിച്ച ജീവിച്ചിരിക്കുന്ന സർവവിജ്ഞാനകോശം' എന്നാണ് നരിമാനെ ഇന്ത്യൻ എക്പ്രസ് വിശേഷിപ്പിക്കുന്നത്. നരിമാനെപ്പോലെ ഒരാൾ അദ്ദേഹം മാത്രമേ ഉണ്ടാവൂ. രാജ്യത്തെ നിയമ വിദ്യാർത്ഥികൾക്കും യുവ അഭിഭാഷകർക്കും മാതൃകയായ നിയമവിദഗ്ധനെയാണ് നഷ്ടമായിരിക്കുന്നത്.

വാൽക്കഷ്ണം: എന്നും മതേതരത്വത്തിന്റെയും, ജനാധിപത്യത്തിന്റെയും വക്താവായിരുന്നു നരിമാൻ. തന്റെ ആത്മകഥയിൽ അദ്ദേഹം ഇങ്ങനെ എഴുതി. '' ഞാൻ മതേതര ഇന്ത്യയിലാണ് വളർന്നത്. മരിക്കണമെന്ന് ആഗ്രഹിക്കുന്നതും മതേതര ഇന്ത്യയിലാണ്''.