ലോകത്ത് കഴിഞ്ഞ ആയിരം കൊല്ലങ്ങള്‍ക്കിടെ ജീവിച്ച ശ്രേഷ്ഠയായ വനിത ആരാണ്? ഇത് കണ്ടെത്താനായി ബി.ബി.സി നടത്തിയ തിരഞ്ഞെടുപ്പില്‍ എലിസബത്ത് രാജ്ഞി, മേരി ക്യൂറി, മദര്‍ തെരേസ, മാര്‍ഗരറ്റ് താച്ചര്‍ എന്നിവെരയൊക്കെ പിന്തള്ളി ഒന്നാമത് എത്തിയത്, ഇന്ത്യയുടെ ഉരുക്ക് വനിതായ ഇന്ദിരാഗാന്ധിയായിരുന്നു! അടിയന്തരാവസ്ഥകാലത്തുണ്ടായ അതിക്രമങ്ങളും, ഏകാധിപത്യ പ്രവണതകളുമൊക്കെയുണ്ടെങ്കിലും, ലോകത്തിലെ ഏറ്റവും ജനപ്രീതിയുള്ള രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് ഇന്ദിരയെന്നതില്‍ സംശയമില്ല. 71-ല്‍ ബംഗ്ലാദേശ യുദ്ധകാലത്ത് പാക്കിസ്ഥാനെ മുട്ടുകുത്തിച്ചപ്പോള്‍ അവര്‍ ഇന്ത്യയുടെ ദുര്‍ഗായി വാഴ്ത്തപ്പെട്ടു. അടിയന്തരാവസ്ഥക്കാലത്ത് യക്ഷിയും പെണ്‍ഹിറ്റലറുമായി. ചരിത്രത്തില്‍ ആദ്യമായി ഒരാള്‍ നെഹ്റു കുടുംബത്തില്‍നിന്ന് ഇലക്ഷനില്‍ തോല്‍ക്കുക എന്ന ഗതികേടുണ്ടായി നിഷ്‌ക്കാസനം ചെയ്യപ്പെട്ട അവസ്ഥയിലും അവര്‍ തിരിച്ചുവന്നു. പിന്നീട് രാജ്യത്തിനുവേണ്ടി രക്തസാക്ഷിയായി.

സ്നേഹിക്കുന്നവര്‍ക്ക് ഇന്ദിര പ്രിയപ്പെട്ട പ്രിയദര്‍ശിനിയായിരുന്നു. നെഹ്റു ജയിലില്‍നിന്ന് എഴുതിയ 'ഒരച്ഛന്‍ മകള്‍ക്ക് അയച്ച കത്തുകള്‍' വായിച്ച, ഏതൊരാള്‍ക്കും മറക്കാന്‍ കഴിയില്ല, ഇന്ദിരാ പ്രിയദര്‍ശനിയെ. ആ ഇന്ദിരയുടെ പൈതൃകം പേറിക്കൊണ്ട്, കൊച്ചുമകള്‍ പ്രിയങ്കാഗാന്ധി വയനാട് ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കാനെത്തുമ്പോള്‍, അതും മറ്റൊരു ചരിത്രമാവുകയാണ്. ആ നീണ്ട മൂക്കും, നടത്തവും, ഹെയര്‍ സ്റ്റെലുമൊക്കെ ചേര്‍ന്ന ബാഹ്യമായ സാമ്യം മാത്രമല്ല, പ്രസംഗിക്കുമ്പോഴുള്ള ആ ഫയറും, പ്രവര്‍ത്തികളിലെ നിര്‍ഭയത്വവും, തീരുമാനമെടുക്കുന്നതിലെ ചടുലതയുമൊക്കെ ഇന്ദിരാഗാന്ധിയെ ഓര്‍മ്മിപ്പിക്കുന്നതാണെന്ന്, ഒരു പാട് പേര്‍ എഴുതുന്നുണ്ട്.

കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ മാമൂലുകള്‍ മാറുന്ന കാഴ്ചയും ഈ വയനാട് ഉപതിരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണെന്ന് ദേശീയമാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കന്നിയങ്കത്തിന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഇന്ന് പത്രിക നല്‍കുമ്പോള്‍ തുടക്കമിടുന്നത് വലിയൊരു രാഷ്ട്രീയ യാത്രക്കാണ്. പാര്‍ലമെന്ററി രംഗത്ത് രാഹുലും, സംഘടനാരംഗത്ത് പ്രിയങ്കയുമെന്ന ധാരണയെ ഇത് പഴങ്കഥയാക്കുന്നു. മോദിയെപ്പോലുള്ള ഒരു കരുത്തനായ നേതാവ് പടുത്തുയര്‍ത്തിയ ഇമേജിനെ മറികടക്കണമെങ്കില്‍ കോണ്‍ഗ്രസിനും ഒരു ഇരട്ട എന്‍ജിന്‍ നേതൃത്വം വേണമെന്ന് കരുതുന്നവര്‍ മുതിര്‍ന്ന നേതാക്കളിലും ഏറെയുണ്ട്.

വൈകാരികമായ പ്രതികരിക്കുന്ന, രാഹുലിനേക്കാളും, പ്രായോഗിക രാഷ്ട്രീയത്തില്‍ ശോഭിക്കുക പ്രിയങ്കയായിരിക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യയിലെ സമീര്‍ ജെയിനിനെപ്പോലുള്ളവര്‍ നേരത്തെ എഴുതിയതാണ്. പ്രിയങ്ക പാര്‍ലിമെന്ററി രംഗത്തേക്ക് കാലെടുത്ത്വെച്ചതോടെ, ഈ ക്യാമ്പയിന്‍ സോഷ്യല്‍ മീഡിയിയിലും പടരുകയാണ്. ഒരുവേള ഇന്ദിരാഗാന്ധിക്കുശേഷം വീണ്ടുമൊരു, വനിതാ പ്രധാനമന്ത്രിയെ ഇന്ത്യക്ക് കിട്ടുമെന്നും ആരാധകര്‍ എഴുതി മറിക്കുന്നുണ്ട്. രണ്ടാം പ്രിയദര്‍ശിനിയുടെ പട്ടാഭിഷേകമാണോ വയനാട്ടില്‍ നടക്കുന്നത് എന്നും ചോദ്യമുയരുന്നു.

പക്ഷേ ചരിത്രം നോക്കിയാല്‍ അറിയാം, നെഹ്റു കുടുംബത്തിന്റെ അധികാര വഴികള്‍ അത്ര എളുപ്പമായിരുന്നില്ല. തോല്‍വിയും, അപകടവും, കൊലകളുമൊക്കെ കണ്ട ഒരു വിഷമം പിടിച്ച രാഷ്ട്രീയ വഴിത്താരയാണ് അത്.

തോറ്റിട്ടും ഉയര്‍ത്തെഴുനേറ്റ ഇന്ദിര

സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ രാഷ്ട്രീയം നെഹ്റു കുടുംബത്തില്‍ തന്നെയാണ് കറങ്ങിയിരുന്നത്. മകള്‍ രാഷ്ട്രീയത്തില്‍ വരുന്നത് ഇഷ്ടമില്ലാത്ത നേതാവായിരുന്നു, ജവഹര്‍ലാല്‍ നെഹ്റു. പക്ഷേ മകളുടെ പിടിവാശിക്കും, താല്‍പ്പര്യത്തിനും മുന്നില്‍ ആ പിതാവ് നിസ്സഹായനായിപ്പോയെന്ന്, രാമചന്ദ്രഗുഹയെപ്പോലുള്ള ചരിത്രകാരന്‍മ്മാര്‍ എഴുതിയിട്ടുണ്ട്. 1959-ല്‍ നെഹ്റുവിന്റെ പരോക്ഷ പിന്തുണയോടെയാണ് ഇന്ദിരാഗാന്ധി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്. നെഹ്രുവിന്റെ ഏറ്റവുമടുത്ത സഹായിയായി നിന്ന് ഭരണത്തിന്റെ സര്‍വമേഖലകളും മനസ്സിലാക്കാന്‍ ഇന്ദിര ഈ അവസരം വിനിയോഗിച്ചു.




1964-ല്‍ നെഹ്റു അന്തരിച്ച ശേഷമാണ് ഇന്ദിര രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന് പ്രധാനമന്ത്രിയായ ലാല്‍ ബഹാദൂര്‍ ശാസ്ത്രി തന്റെ മന്ത്രിസഭയില്‍ ഇന്ദിരയെ വാര്‍ത്താവിതരണ, പ്രക്ഷേപണ മന്ത്രിയാക്കി. ലാല്‍ ബഹാദൂര്‍ ശാസ്ത്രി മന്ത്രി സഭയിലെ നാലാമത്തെ സുപ്രധാന സ്ഥാനമായിരുന്നു ഇത്. ഭരണരംഗത്ത് ഇന്ദിര തികഞ്ഞ പാടവം പ്രകടിപ്പിച്ചു. പക്ഷേ പോകപ്പോകേ, ഇന്ദിര ഏകാധിപതിയും, അധികാരമോഹിയും, അഴിമതിക്കാരിയുമായി. ഇളയപുത്രന്‍ സഞ്ജയന്റെ കൈയിലെ വെറും കളിപ്പാവ മാത്രമായി അവര്‍.

കുപ്രസിന്ധമായ അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ചരിത്രത്തില്‍ ആദ്യമായി നെഹ്റു കുടുംബത്തിനിന്ന് ഒരാള്‍ തോറ്റു. എന്നും നെഹ്റു കുടുംബത്തെ ചേര്‍ത്തുപിടിച്ചിരുന്ന റായ്ബറേലി മണ്ഡലത്തിലെ ഫലം എന്താകുമെന്ന് അറിയാന്‍ ശ്വാസമടക്കിപ്പിടിച്ചായിരുന്നു ജനം കാത്തിരുന്നത്. വോട്ടെണ്ണല്‍ അര്‍ധരാത്രിയിലേക്ക് വരെ നീണ്ടു. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂര്‍ മുതല്‍ മുന്നിട്ട് നിന്ന ജനതാപാര്‍ട്ടിയുടെ രാജ് നാരായണന്‍ രാജ്യം ഉരുക്കുവനിതയെന്ന് വിശേഷിപ്പിച്ച ഇന്ദിരയെ തോല്‍പിക്കുമോ എന്നതായിരുന്നു ആശങ്ക. ഒടുവില്‍ അര്‍ധരാത്രി ബി.ബി.സി ആ പ്രഖ്യാപനം നടത്തി. 1971-ല്‍ ഇന്ദിരയുടെ തിരഞ്ഞെടുപ്പ് വിജയം അലഹബാദ് ഹൈക്കോടതിയില്‍ ചോദ്യംചെയ്ത അതേ രാജ് നാരായണിനോട് തന്റെ സ്വന്തം മണ്ഡലമായ റായ്ബറേലിയില്‍ ഇന്ദിര പരാജയപ്പെട്ടിരിക്കുന്നു. ഭൂരിപക്ഷം 55,202. റായ്ബറേലിയില്‍ രാജ് നാരായണ്‍ 177,719 വോട്ടുനേടിയപ്പോള്‍ ഇന്ദിരാഗാന്ധിക്ക് ലഭിച്ചത് 122,517 വോട്ട്. മാത്രമല്ല മാത്രമല്ല ഇന്ദിരയുടെ മകന്‍ സഞ്ജയ് ഗാന്ധി അമേഠിയിലും പരാജയപ്പെട്ടു.

റായ്ബറേലിയില്‍ തോറ്റ ഇന്ദിരാഗാന്ധി മാസങ്ങള്‍ക്കകം ഉപതെരഞ്ഞെടുപ്പിലൂടെ ലോകസഭയിലെത്താനുള്ള മാര്‍ഗ്ഗം ആരാഞ്ഞു. കോണ്‍ഗ്രസ്സ് ഭരിക്കുന്ന കര്‍ണാടകയിലെ ചിക്കമാംഗ്ലൂരില്‍ നിന്ന് മത്സരിക്കാന്‍ അവര്‍ തീരുമാനിച്ചു. ഡി.ബി. ചന്ദ്രഗൗഡ എം.പി സ്ഥാനം രാജിവെച്ച് ഇന്ദിരാഗാന്ധിക്ക് വഴിയൊരുക്കി. ദേവരാജ് അരശ് ആയിരുന്നു കര്‍ണാടക മുഖ്യമന്ത്രി. മുന്‍ മുഖ്യമന്ത്രിയും കരുത്തനായ നേതാവുമായ വീരേന്ദ്രപാട്ടീല്‍ ആണ് മുഴുവന്‍ പ്രതിപക്ഷ കക്ഷികളുടേയും പിന്തുണയോടെ ജനതാപാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ചിക്കമാംഗ്ലൂരില്‍ ഇന്ദിരാഗാന്ധിയെ നേരിട്ടത്. രാജ്യം മുഴുവന്‍ ഉറ്റുനോക്കിയ ചിക്കമംഗ്ലൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ജയിച്ച് ഇന്ദിര വീണ്ടും പാര്‍ലിമെന്റിലെത്തി.

ജനതാപാര്‍ട്ടിക്ക് 295 സീറ്റ് ലഭിച്ചപ്പോള്‍ സ്വാതന്ത്ര്യത്തിനുശേഷം ഭൂരിഭാഗം കാലത്തും അധികാരത്തിലിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 153 സീറ്റിലൊതുങ്ങി.പക്ഷേ, രണ്ട് വര്‍ഷത്തിനപ്പുറം ജനതാ സര്‍ക്കാരിന് തുടരാനായില്ല എന്നത് ഇന്ദിരയുടെ തിരിച്ചുവരവിനും വഴിയൊരുക്കി. 1980 ജനുവരിയില്‍ നടന്ന അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ സഞ്ജയ് ഗാന്ധിയും അമേഠിയില്‍ വിജയിച്ചു. പക്ഷേ ആ വിജയത്തിനും അധികം ആയുസ്സുണ്ടായിരുന്നു. 1980 ജൂണ്‍ 23ന് സഞ്ജയ് ഗാന്ധി ഒരു വിമാനാപകടത്തില്‍ മരിച്ചു.

ദുരന്തങ്ങളില്‍ തകരാത്ത കരുത്ത്

സഞ്ജയ്ഗാന്ധിയുടെ ആകസ്മികമായ മരണത്തോടെയാണ് അതുവരെ തീരെ, രംഗത്ത് ഇല്ലാതിരുന്ന, രാജീവ്്ഗാന്ധി എന്ന പൈലറ്റ് രാഷ്ട്രീയത്തിലെത്തുന്നത്. . പിതാവിനുവേണ്ടി തന്റെ പതിനേഴാം വയസ്സില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനിറങ്ങി തുടങ്ങിയതാണ് സത്യത്തില്‍ പ്രിയങ്കയുടെ രാഷ്ട്രീയ പ്രവര്‍ത്തനം. ഇപ്പോള്‍ 35 വര്‍ഷത്തിനു ശേഷം അവര്‍ മത്സരിക്കാനിറങ്ങുകയാണ്. പക്ഷേ അതിനിടയില്‍ അവര്‍ വീണ്ടും ദുരന്തങ്ങള്‍ കണ്ടു. 12ാം വയസ്സില്‍ മുത്തശ്ശി ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിന്റെ നടുക്കമായിരുന്നു. 18ാം വയസ്സില്‍ പിതാവ് രാജീവ്ഗാന്ധിയുടെ കൊലയുടെ വേദനയും അനുഭവിച്ചു.

ഡല്‍ഹി സര്‍വകലാശാലയില്‍നിന്ന് ബിഎ സൈക്കോളജിയിലാണ് പ്രിയങ്ക ഗാന്ധിയുടെ ബിരുദം. ബുദ്ധിസ്റ്റ് സ്റ്റഡീസില്‍ യുകെയിലെ സര്‍വകലാശാലയില്‍നിന്ന് പിജി ഡിപ്ലോമയുണ്ട്. എന്നും സുരക്ഷാ പരിശോധനകയും സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് അവളുടെ വിദ്യാഭ്യാസം. പക്ഷേ രാഹുല്‍ഗാന്ധിയെപ്പോലെ അതിവൈകാരികമായിട്ടല്ല, പ്രിയങ്ക ജീവിത ദുരന്തങ്ങളെ നേരിട്ടത്. ഒരു വേള സോണിയാഗാന്ധി, രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനുപോലും ഏറ്റവും തടസ്സം നിന്നത് രാഹുലായിരുന്നു. പിതാവിനെയും, മുത്തശ്ശിയെയും നഷ്ടപ്പെട്ടപോലെ തന്റെ അമ്മയെയും നഷ്ടാമാവുമോ എന്നായിരുന്നു രാഹുലിന്റെ പേടി. പക്ഷേ അന്ന് അമ്മയോട് എല്ലാം ധൈര്യമായി നേരിടാന്‍ പറഞ്ഞത് പ്രിയങ്കയാണ്.




1998- തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ സോണിയ ഗാന്ധി ആദ്യ പൊതുപരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ നിഴല്‍പോലെ കൂടെയുണ്ടായിരുന്നു പ്രിയങ്ക. ആ മുഖത്തെ ഇന്നത്തെ ചിരി അന്നും ഉണ്ടായിരുന്നു. ബെല്ലാരിയില്‍ സോണിയാഗാന്ധി സുഷമക്കെതിരെ പോരാടുമ്പോള്‍, വിദേശ പൗരത്വവിവാദം ഉയര്‍ത്തിയവരെ നോക്കി പ്രിയങ്ക പറഞ്ഞു. 'അമ്മയെ ബെല്ലാരിക്കാരെ ഏല്‍പ്പിക്കുന്നു.' സോണിയ അവിടെ നല്ല ഭൂരിപക്ഷത്തിന് ജയിച്ചുകയറിയത് ചരിത്രം.

രാഹുല്‍ഗാന്ധിക്ക് താങ്ങാന്‍ പറ്റുന്നായിരുന്നില്ല, 2019-ല്‍ അമേഠിയിലുണ്ടായ തോല്‍വി. നെഹ്‌റു കുടുംബത്തിനു വൈകാരിക ബന്ധമുള്ള യുപിയിലെ ഈ അമേഠിയില്‍, സ്മൃതി ഇറാനിയോട് 54,731 വോട്ടുകള്‍ക്കാണ് രാഹുല്‍ തോറ്റത്. അടിയന്തരവസ്ഥയ്ക്കു ശേഷം മൂന്നു വര്‍ഷവും, 98-ലെ തിരഞ്ഞെടുപ്പിലും മാത്രമാണ് ഇവിടം കോണ്‍ഗ്രസിനെ കൈവിട്ടത്. 2004 വരെ സോണിയ ഗാന്ധിയുടെ മണ്ഡലമായിരുന്നു അമേഠി. 2004-ല്‍ മകനു വേണ്ടി സോണിയ മാറികൊടുത്ത മണ്ഡലത്തില്‍ മണ്ഡലത്തില്‍ മൂന്നുലക്ഷത്തോളം വോട്ടിനാണ് രാഹുല്‍ തന്റെ ആദ്യ ജയം കൊയ്തത്. 2009- ല്‍ ഭൂരിപക്ഷം 3,70,198 വോട്ടായി. 2014-ലെ ശക്തമായ മോദി തരംഗത്തിലും ഒരുലക്ഷത്തില്‍പരം വോട്ടിനു 'കോണ്‍ഗ്രസിലെ ഇളമുറത്തമ്പുരാന്‍' ജയിച്ചു. അന്ന് തോറ്റ സ്മൃതി ഇറാനി പക്ഷേ 2019-ല്‍ പകവീട്ടി. അന്ന് ആകെ തകര്‍ന്ന് കിളിപോയ അവസ്ഥയിലായിരുന്നു രാഹുല്‍.

കടുത്ത പരാജയം ഏറ്റുവാങ്ങി തളര്‍ന്ന് എത്തിയ രാഹുല്‍ ഗാന്ധിയെ, തോളില്‍ കൈയിട്ട് വസതിയിലേക്ക് പ്രിയങ്ക കൊണ്ടുപോയത് വാര്‍ത്തയായിരുന്നു. സംയമനത്തിന്റെയും സമചിത്തതയുടെയും കാര്യത്തില്‍, രാഹുലിന്റെ ചേച്ചിയാണ് പ്രിയങ്കയെന്നാണ് അന്ന് ദേശീയമാധ്യമങ്ങള്‍ എഴുതിയത്. നേതാക്കളെയും പ്രിയങ്ക മുഖത്ത് നോക്കി വര്‍ക്കിങ്ങ് കമ്മറ്റിയില്‍ വിമര്‍ശിച്ചു. ജനങ്ങളോട് ഇടപെഴകാത്ത, ജനമനസ്സ് അറിഞ്ഞ് പ്രവര്‍ത്തിക്കാത്ത നേതാക്കളാണ് പ്രശ്നമെന്ന് അവര്‍ തുറന്നിടച്ചു. ലേഖിംപൂരില്‍ കേന്ദ്രമന്ത്രിയുടെ മകന്‍ കര്‍ഷകരെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയപ്പോള്‍ കൊടുങ്കാറ്റുപോലെ അവിടെയെത്തി പ്രിയങ്ക. പിന്നീട്, രാജ്യത്ത് കോണ്‍ഗ്രസിന്റെ പുനരുജ്ജീവനത്തിന് ഇടയാക്കിയ രാഹുലിന്റെ ജോഡോ യാത്രയിലും അവള്‍ സഹോദരന് കരുത്തായി.

രണ്ടാം പ്രിയദര്‍ശനിയാവുമോ?

നെഹ്‌റു കുടുംബത്തില്‍ നിന്ന് സോണിയ ഗാന്ധിയുടെ പിന്‍ഗാമി രാഹുലാണോ പ്രിയങ്കയാണോ എന്ന ചോദ്യത്തിന് രണ്ട് പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. ആദ്യ നാളുകളില്‍ ജനക്കൂട്ടത്തില്‍ നിന്നും, മുതിര്‍ന്ന നേതാക്കളില്‍നിന്നും അകന്നിരുന്ന രാഹുല്‍, ഇന്ന് കാണുന്ന നിലയിലേക്ക് എത്താന്‍ ഏറെ പണിപ്പെടേണ്ടിവന്നിരുന്നു. എന്നാല്‍ പ്രിയങ്കക്ക് അത്തരത്തിലുള്ള ഇന്‍ഹിബിഷനുകളില്ല. തോല്‍വികളില്‍ പെട്ടന്ന് തളര്‍ന്നുപോകുന്നവനാണ് രാഹുലില്‍. ചാരത്തില്‍ നിന്ന് ഉയര്‍ന്നുവരുന്ന ഇന്ദിരാഗാന്ധിയുടെ കരുത്ത് കിട്ടിയത് പ്രിയങ്കക്കാണ്. അതുകൊണ്ടാണ് അവര്‍ മത്സരിക്കണമെന്ന കോണ്‍ഗ്രസില്‍ നേരത്തെ മുറവിളി ഉയര്‍ന്നത്. ലോക്സഭയിലും നിയമസഭയിലും പ്രിയങ്കയെ മത്സരിപ്പിക്കാന്‍ വിവിധ പിസിസികള്‍ ശ്രമിച്ചുരുന്നു. അവര്‍ ഒന്നിനും വഴങ്ങിയില്ല.

നെഹ്റു പ്രധാനമന്ത്രിയായിരിക്കേ, ഇന്ദിരാഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയായിരുന്നു. ഇന്ദിര പ്രധാനമന്ത്രിയായപ്പോള്‍ രാജീവ്ഗാന്ധി എഐസിസി ജനറല്‍ സെക്രട്ടറിയായിരുന്നു. സോണിയാഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായപ്പോള്‍, രാഹുല്‍ ഉപാധ്യക്ഷനായി. ഇപ്പോള്‍ പ്രതിപക്ഷ നേതാവായ, രാഹുലിനൊപ്പം, പ്രിയങ്കയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലുണ്ട്. മൂന്ന് വര്‍ഷം കഴിയുമ്പോള്‍ മല്ലികാര്‍ജുന്‍ ഖാര്‍ഖെ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിയുകയും, പ്രിയങ്ക ആ പദവിയിലേക്ക് എത്തുമെന്നും കരുതുന്നവര്‍ ഉണ്ട്.

പ്രാദേശിക നേതാക്കളെ കയറൂരി വിടുന്ന രാഹുല്‍ ഗാന്ധിയുടെ നയം മൂലമാണ്, ഈയിടെ നടന്ന ഹരിയാന തിരിഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അധികാരം നഷ്ടമായത് എന്ന് കരുതുന്നവര്‍ ഒരുപാട് പേര്‍ ഉണ്ട്. പ്രിയങ്ക പാര്‍ട്ടിയില്‍ പിടിമുറുക്കുന്നതോടെ, അത്തരം പ്രശ്നം പരിഹരിക്കപ്പെടുന്ന് കരുതുന്നവരും ഒരുപാടുണ്ട്. അത് അല്ലെങ്കില്‍ പാര്‍ലിമെന്ററി രംഗത്തും ഒരു വെച്ചുമാറല്‍ പ്രതീക്ഷിക്കുന്നവരുണ്ട്. രാഹുലിനേക്കാള്‍ ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ കഴിയുക പ്രിയങ്കക്കാണെന്നും വിലയിരുത്തലുണ്ട്. അതുകൊണ്ടുതന്നെ വയനാട്ടില്‍നിന്ന് ജയിച്ച് എം പിയായാലുള്ള അവരുടെ പ്രകടനം ശരിക്കും നിര്‍ണ്ണായകമാണ്. അതില്‍ തിളങ്ങിയാല്‍ ഒരുപക്ഷേ പ്രധാനമന്ത്രി സ്ഥാനത്തേക്കുപോലും അവര്‍ എത്താനിടയുണ്ട്. ഇന്ദിരക്കുശേഷം ഇന്ത്യക്ക് വീണ്ടും ഒരു വനിതാ പ്രധാനമന്ത്രി!




പ്രിയങ്ക ഗാന്ധി വയനാട്ടില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിന് സന്തോഷം പ്രകടിപ്പിച്ച്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഇട്ട ഫേസ്ബുകക്ക് പോസ്റ്റില്‍ പ്രിയങ്കയെ ഇന്ദിര ഗാന്ധിയോടാണ് ഉപമിക്കുന്നത്. രണ്ടാം പ്രിയദര്‍ശിനിയുടെ രാഷ്ട്രീയ ഉദയമാണിതെന്നാണ് ചെന്നിത്തല വര്‍ണിച്ചത്. 1982- ല്‍ എന്‍.എസ്.യു ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട നാഗ്പൂര്‍ സമ്മേളനത്തില്‍ ഇന്ദിര ഗാന്ധിക്കൊപ്പമുള്ള ഓര്‍മ്മകളും ചെന്നിത്തല പങ്കുവെക്കുന്നു. അന്ന് ആദ്യം ഇംഗ്‌ളീഷില്‍ സംസാരിക്കുമ്പോള്‍ തന്നോട് ഹിന്ദിയില്‍ പ്രസംഗിക്കാന്‍ ഇന്ദിരാ ഗാന്ധി ആവശ്യപ്പെട്ടെന്നും അതു പ്രകാരം ഹിന്ദിയില്‍ പ്രസംഗിച്ചെന്നും അദ്ദേഹം വിവരിച്ചു.

'ഇന്ത്യയുടെ തെക്കേയറ്റത്തുള്ള ഒരു ചെറുപ്പക്കാരന്‍ നാഗ്പൂരില്‍ വന്ന് ഹിന്ദിയില്‍ നമ്മളോട് സംസാരിക്കുന്നു, ഇതാണ് ദേശീയോദ്ഗ്രഥനം' എന്നായിരുന്നു ഇന്ദിരാ ഗാന്ധി ആ പ്രസംഗത്തെ വിശേഷിപ്പിച്ചതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. പിറ്റേന്ന് മലയാളമാധ്യമങ്ങള്‍ വലിയരീതിയില്‍ ആ വാര്‍ത്ത കൈകാര്യം ചെയ്തെന്നും 'സബാഷ് രമേശ്' എന്നായിരുന്നു അന്നത്തെ ഒരു തലക്കെട്ട് എന്നാണ് ഓര്‍മ്മയെന്നും അദ്ദേഹം വിവരിച്ചു. ആ ഗാന്ധി കുടുംബത്തില്‍ നിന്നൊരാള്‍ക്ക് കൂടി ഇന്ത്യന്‍ പാര്‍ലമെന്റിലേക്കെത്താന്‍ വയനാട് അരങ്ങൊരുക്കുന്നു എന്നതിലേറെ സന്തോഷിക്കാന്‍ എന്തു വേണം എന്ന് ചോദിച്ചുകൊണ്ടാണ് ചെന്നിത്തല കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

വദ്ര വില്ലനാവുമോ?

പ്രിയങ്കക്ക് ഇങ്ങനെ ഒരുപാട് പോസറ്റീവ് വശങ്ങള്‍ ഉണ്ടെങ്കിലും, അവര്‍ പെട്ടുപോകുന്നത് ഭര്‍ത്താവ്, റോബര്‍ട്ട് വദ്രയുടെ പേരില്‍ വന്ന അനവധി അഴിമതി ആരോണങ്ങളുടെ പേരിലാണ്. പ്രിയങ്ക അധികാരത്തില്‍വന്നാല്‍ വദ്രയുടെ ക്രോണി- പ്രോക്സി ഭരണമാവുമെന്നായിരിക്കും ബിജെപി ഉയര്‍ത്തുന്ന പ്രധാന വിമര്‍ശനം.

ആ പറഞ്ഞതില്‍ കാര്യവുണ്ട്. മൊറാദാബാദിലെ വെറും പിച്ചളക്കച്ചവടക്കാരനായിരുന്ന റോബര്‍ട്ട് വദ്രയുടെ ജീവിതം മറി മറിയുന്നത്, പ്രിയങ്കാഗാന്ധിയെ പ്രണയിച്ച് വിവാഹം കഴിച്ചതോടെയാണ് 1997 ഫെബ്രുവരി 18-നായിരുന്നു വിവാഹം. വെറും ഹൈസ്‌ക്കുള്‍ വിദ്യാഭ്യാസം മാത്രമുള്ള, ഒരു പിച്ചളയും ഓടും കച്ചവടം ചെയ്യുന്ന വ്യാപാരിയെ പ്രിയങ്ക പ്രണയിച്ചത് ഇന്നും പലര്‍ക്കും അത്ഭുതമാണ്.

ഡല്‍ഹിയിലെ ജീസസ് ആന്റ മേരി മോഡേണ്‍ കോണ്‍വെന്റ് സ്‌കൂളില്‍ പ്രിയങ്കയുടെ ക്ളാസിലായിരുന്നു റോബര്‍ട്ടിന്റെ അനുജത്തി മിഷേല്‍. മിഷേലും പ്രിയങ്കയും ക്രമേണെ അടുത്ത സുഹൃത്തുക്കളായി. പ്രിയങ്ക ആദ്യമായി റോബര്‍ട്ട് വാദ്രയെ കാണുന്നത് രാജീവ്ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ ആയിരുന്നു. അന്ന് സഹോദരിക്കൊപ്പം റോബര്‍ട്ട് നമ്പര്‍ ടെന്‍ ജന്‍പഥിലെത്തി പ്രിയങ്കയെ ആശ്വസിപ്പിച്ചു. ആ അടുപ്പം വളര്‍ന്നു പ്രണയമായി. അങ്ങനെ പ്രിയങ്കയുടെ 24-ാമത്തെ വയസില്‍ അവര്‍ വിവാഹിതരായി.

പക്ഷേ പിന്നീട് അങ്ങോട്ട് വാദ്രക്ക് വെച്ചടി വെച്ചടി കയറ്റമായിരുന്നു. വിവാഹ സമയത്ത് ആകെ 30 ലക്ഷം രൂപ ആസ്തിയുള്ള ഇന്ന് 17,250 കോടി ആസ്തിയുള്ള ബിസിനസ് മാഗ്നറ്റായി മാറിയിരിക്കുന്നു എന്നാണ് ബിജെപി ആരോപിക്കുന്നത്. ക്രിസ്ത്യന്‍ ആയിരുന്ന റോബര്‍ട്ട് വാദ്ര അതിനിടെ ഹിന്ദുമതം സ്വീകരിച്ചു. ഗാന്ധികുടുംബത്തിലെ മരുമകനായി എത്തിയശേഷമാണ് അയാള്‍ക്ക് ഈ സാമ്പത്തിക വളര്‍ച്ചയുണ്ടായത്. പ്രിയങ്കയുമായി വിവാഹം നടന്ന 1997-ല്‍ തന്നെ വാദ്ര തന്റെ ആര്‍ടെക്‌സ് എന്ന പിച്ചള കരകൗശലവസ്തുക്കളും ഫാഷന്‍ ആക്സസറികളും കൈകാര്യം ചെയ്യുന്ന കമ്പനി എക്പോര്‍ട്ട് ലൈസന്‍സ് ഒക്കെ സംഘടിപ്പിച്ച് വിപുലമാക്കി. പിന്നീട്, ഹോസ്പിറ്റാലിറ്റിയിലും റിയല്‍ എസ്റ്റേറ്റിലും എല്ലാം അദ്ദേഹം കടന്നു. ഇതെല്ലാം ഭരണത്തിന്റെയും നെഹ്റു കൂടുംബത്തിന്റെയും തണലിലാണെന്നാണ് ആക്ഷേപം.




ഒന്നും രണ്ടുമല്ല, കെട്ടുകണക്കിന് അഴിമതി ആരോപണങ്ങളും, റോബര്‍ട്ട് വാദ്രക്കെതിരെ ഉണ്ടായി. 2011 ഒക്ടോബറില്‍ അരവിന്ദ് കെജ്രിവാള്‍, റോബര്‍ട്ട് വാദ്ര രാഷ്ട്രീയ ആനുകൂല്യങ്ങള്‍ക്ക് പകരമായി ഡിഎല്‍എഫ് ലിമിറ്റഡില്‍ നിന്ന് ഈടില്ലാതെ 65 കോടി രൂപ പലിശരഹിത വായ്പയും, ഭൂമി ഇടപാടുകളില്‍ നിന്ന് വന്‍ തുക കമ്മീഷനും വാങ്ങി എന്ന് ആരോപിച്ചു. റോബര്‍ട്ട് വാദ്ര, ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ, ഡിഎല്‍എഫ് എന്നിവര്‍ക്കെതിരെ ഭൂമി ഇടപാടുകളിലെ ക്രമക്കേടുകളില്‍ സിബിഐ അന്വേഷണം നടക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ ഭൂപീന്ദര്‍ സിംഗ് ഹൂഡ സര്‍ക്കാരിന്റെ കാലത്ത് ഹരിയാനയിലെ അമിപൂര്‍ ഗ്രാമത്തില്‍ 2013ല്‍ നടന്ന 50 ഏക്കര്‍ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ടാണിത്. 2008ല്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഈ ഭൂമി ഇടപാടില്‍ നിന്ന് 50 കോടിയിലധികം രൂപയുടെ അനധികൃത സമ്പാദ്യം വാദ്ര നടത്തിയെന്നാണ് ആരോപണം.

ഹരിയാനയിലെ ഭൂമി ഇടപാടില്‍ വാദ്ര കുറ്റക്കാരനാണെന്ന് അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. വാദ്ര അനധികൃതമായി 50 കോടി രൂപ തട്ടിയെടുത്തന്ന് ജസ്റ്റീസ് ദിന്‍ഗ്ര കമ്മീഷന്‍ കണ്ടെത്തി. രാജസ്ഥാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വാദ്ര 69.55 ഹെക്ടര്‍ ഭൂമി കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കുകയും, വ്യാജ ഇടപാടുകളിലൂടെ അമിത വിലയ്ക്ക് വില്‍ക്കുകയും ചെയ്തു എന്നും കേസുണ്ടു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന്റെ കാലത്ത് പെട്രോളിയം ഇടപാടില്‍ വാദ്രക്കും കൂട്ടാളികള്‍ക്കും കിക്ക്ബാക്ക് ലഭിച്ചതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 2009-ല്‍ ആരോപിച്ചിരുന്നു. ഇഡി പറയുന്നതനുസരിച്ച്, വാദ്ര ലണ്ടനില്‍ 1.9 ദശലക്ഷം പൗണ്ട് വിലമതിക്കുന്ന സ്വത്ത് വാങ്ങിയിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് ഈ കേസ് അന്വേഷിക്കുന്നത്.

സന്തുഷ്ട ദാമ്പത്യം

കോണ്‍ഗ്രസ് ഭരണകാലത്ത്, എല്ലാ ഇന്ത്യന്‍ എയര്‍പോര്‍ട്ടുകളിലെ സുരക്ഷാ പരിശോധനകളില്‍നിന്ന് വാദ്രയെ ഒഴിവാക്കിയിരുന്നതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വിമാനത്താവളങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന 32 എന്‍ട്രികളുള്ള പട്ടികയില്‍, 'റോബര്‍ട്ട് വാദ്ര' എന്ന ഒരു പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബാക്കിയുള്ള 31 എണ്ണവും പദവികളും സ്ഥാനങ്ങളും നിര്‍വചിച്ചിരിക്കുന്നതാണ്. രാഷ്ട്രപതി, ഉപ രാഷ്ട്രപതി, പ്രധാനമന്ത്രി, തുടങ്ങിയ പദവികള്‍. വിവാദങ്ങളെ തുടര്‍ന്ന് 2015 ല്‍ മോദി സര്‍ക്കാര്‍ ഈ പട്ടികയില്‍ നിന്ന് റോബര്‍ട്ട് വാദ്രയുടെ പേര് ഒഴിവാക്കുകയായിരുന്നു! വാദ്ര എത്രമാത്രം വലിയ വേന്ദ്രനായിരുന്നുവെന്ന് അറിയാന്‍ ഇതില്‍ കൂടുതല്‍ തെളിവ് എന്തുവേണം.വാദ്ര ഇടക്ക് സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ശ്രമിച്ചിരുന്നു. രാഹുലിനും, പ്രിയങ്കക്കും, സോണിയക്കും വേണ്ടി അയാള്‍ തിരഞ്ഞെുടപ്പ്് കാമ്പയിനുകളില്‍ പങ്കെടുത്തിരുന്നു. അനൗദ്യോഗികമായി പറഞ്ഞാല്‍ പാര്‍ട്ടിയുടെ ഫണ്ട് റെയ്സര്‍ കൂടിയായിരുന്നു അദ്ദേഹം എന്നും വിമര്‍ശനമുണ്ട്.

പക്ഷേ, പ്രിയങ്ക ഗാന്ധിയ്ക്ക് വയനാട്ടില്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയിലെ വിവരങ്ങള്‍ പ്രകാരം കൈവശമുള്ളത് 52,000 രൂപ മാത്രമാണ്. ആകെ 4.24 കോടി രൂപയുടെ നിക്ഷേപമാണുള്ളത്. ആസ്തി 11.98 കോടി രൂപ. ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്ക്ക് 37.91 കോടി രൂപയുടെ നിക്ഷേപമുണ്ട്. 1.15 കോടി രൂപയുടെ സ്വര്‍ണം, 29.55 ലക്ഷം രൂപയുടെ വെള്ളി, ഭൂസ്വത്ത് 2.10 കോടി എന്നിങ്ങനെയാണു മറ്റ് ആസ്തികള്‍. റോബര്‍ട്ട് വദ്രയുടെ പേരില്‍ ഭൂമിയില്ല.2004 മോഡല്‍ ഹോണ്ട സിആര്‍വി കാര്‍ പ്രിയങ്കയ്ക്കു സ്വന്തമായുണ്ട്. ബാദ്ധ്യത 15.75 ലക്ഷം രൂപയാണെന്നും പറയുന്നു. 27.64 കോടി രൂപ മൂല്യമുള്ള വാണിജ്യകെട്ടിടങ്ങള്‍ റോബര്‍ട്ട് വദ്രയ്ക്കുള്ളതായി സത്യവാങ്മൂലത്തില്‍ പറയുന്നണ്ട്.

പക്ഷേ ഇത്രയൊക്കെ വിവാദങ്ങള്‍ ഉണ്ടെങ്കിലും റോബര്‍ട്ട് വാദ്രയും പ്രിയങ്കയും തമ്മില്‍ വളരെയധികം ഊഷ്മളമായ ബദ്ധമാണ് നിലനില്‍ക്കുന്നത്. ഇവര്‍ക്ക് രണ്ടു മക്കളാണുള്ളത്. മകന്‍ റൈഹാനും, മകള്‍ മിറായയും. ഒരോ വിവാഹ വാര്‍ഷികത്തിലും, വിശേഷ അവസരങ്ങളിലുമൊക്കെ അവര്‍ ആ സ്നേഹം പരസ്യമായി സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കും. എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ ഭാര്യ പ്രിയങ്ക ഗാന്ധിക്ക് . 'ജീവിതത്തിന്റെ ഏത് ഘട്ടത്തിലും ഞാന്‍ നിന്നോടൊപ്പമുണ്ട്. നിന്റെ മികച്ച പ്രകടനം കാഴ്ച വെക്കൂ' എന്ന വാദ്ര നടത്തിയ ആശംസ മാധ്യമങ്ങള്‍ ചര്‍ച്ചയാക്കിയിരുന്നു.




സോണിയാ ഗാന്ധിയില്‍നിന്ന് രാഹുല്‍ ഗാന്ധിയിലേക്ക് കോണ്‍ഗ്രസിന്റെ അധികാര രാഷ്ട്രീയം കൈമാറ്റം ചെയ്യപ്പെട്ടപ്പോള്‍, വാദ്രക്ക് കര്‍ശനമായി പിടി വീണിരുന്നു. ഇപ്പോള്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍പോലും അയാള്‍ക്ക് യാതൊരു പിടിപാടുമില്ല എന്നതാണ് യാര്‍ഥാര്‍ഥ്യം. വാദ്രക്കെതിരായ ആരോപണങ്ങള്‍ പെരുപ്പിച്ചതും, കെട്ടിച്ചമച്ചതുമാണെന്നാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്ന പ്രതിരോധം. അധികാര രാഷ്ട്രീയത്തില്‍ എത്തുന്നതോടെ പ്രിയങ്കയും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി, സ്വന്തം ഭര്‍ത്താവിനെ എങ്ങനെ വിവാദങ്ങളില്‍നിന്ന് മാറ്റി നിര്‍ത്താം എന്നായിരിക്കും.

വാല്‍ക്കഷ്ണം: അതുപോലെ സന്തോഷിപ്പിക്കുന്നതാണ് രാഹുല്‍ഗാന്ധിയും, പ്രിയങ്കയും തമ്മിലുള്ള ബന്ധവും. വെറും സഹോദരങ്ങളല്ല, എന്തും പറയാവുന്ന അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ് അവര്‍. അതുകൊണ്ടുതന്നെയാണ്, പ്രിയങ്കയും പാര്‍ലിമെന്റിറി രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതോടെ, കുടുംബത്തില്‍ ഛിദ്രമുണ്ടാവുമെന്ന് കടുത്ത വിമര്‍ശകര്‍ക്കുപോലും പറയാന്‍ കഴിയാത്തത്.