ഡോ. കെ.പി. യോഹന്നാന്‍ 2024 മേയ് എട്ടിന് അന്തരിക്കുമ്പോള്‍ അദ്ദേഹം സ്ഥാപിച്ച ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ചിന് കീഴിലുള്ള സംഘടനകള്‍ ഇന്ത്യയിലെ ഏറ്റവും വലിയ ആസ്തിയുള്ളവയായി മാറിയിരുന്നു. ഇവയുടെ ആകെ ആസ്തി ഏകദേശം 175 മില്യണ്‍ ഡോളറാണെന്നാണ് കണക്കാക്കുന്നത്. സംഘടനയ്ക്ക് ലഭിച്ചിരുന്ന വിദേശ ഫണ്ടിന്റെ അളവ് ഭീമമായിരുന്നു. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം ബിലീവേഴ്സ് ചര്‍ച്ചുമായി ബന്ധപ്പെട്ട സംഘടനകള്‍ക്ക് ഏകദേശം 1,348.65 കോടി രൂപ വിദേശ ഫണ്ടായി ലഭിച്ചിരുന്നു. വിദേശ ഫണ്ട് വകമാറ്റി ചെലവഴിച്ചു എന്നാരോപിച്ച് 2017ല്‍ കേന്ദ്ര സര്‍ക്കാര്‍ ബിലീവേഴ്സ് ചര്‍ച്ചിന്റെയും അനുബന്ധ സംഘടനകളുടെയും ലൈസന്‍സ് റദ്ദാക്കിയപ്പോഴാണ് എഫ്.സി.ആര്‍.എ എന്ന വാക്ക് മലയാളികള്‍ക്കിടയിലും ഏറെ ചര്‍ച്ചയായത്.


എന്നാല്‍ ഇന്ത്യയിലെ പാവങ്ങളെ സഹായിക്കുക എന്ന സദുദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകളുമുണ്ട്. പക്ഷേ നരേന്ദ്രമോദി സര്‍ക്കാര്‍, വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്സിആര്‍എ) ഭേദഗതി ചെയ്യുമ്പോള്‍ 'തെങ്ങിനും കവുങ്ങിനും ഒരേ തളപ്പ്' എന്ന രീതിയില്‍ കാര്യങ്ങള്‍ മാറിയെന്നാണ് വിമര്‍ശനം.


ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയത്തില്‍ വിദേശശക്തികളുടെ ഇടപെടല്‍ തടയാനെന്ന പേരില്‍, 1976-ല്‍ ഇന്ദിര ഗാന്ധി സര്‍ക്കാര്‍ കൊണ്ടുവന്ന വിദേശ സംഭാവന നിയന്ത്രണ നിയമം അതിന്റെ ചരിത്രത്തിലെ ഏറ്റവും നിര്‍ണ്ണായകമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. കേവലം ഒരു സാമ്പത്തിക നിയന്ത്രണ നിയമം എന്നതിലുപരി, സന്നദ്ധ സംഘടനകളുടെ ആസ്തികള്‍ പോലും നേരിട്ട് ഏറ്റെടുക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന 2026-ലെ പുതിയ ഭേദഗതി രാജ്യത്ത് വലിയ ചര്‍ച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴി മരുന്നിട്ടിരിക്കുകയാണ്. പതിറ്റാണ്ടുകളായി ഇന്ത്യയുടെ വിദ്യാഭ്യാസ-ആരോഗ്യ മേഖലകളില്‍ സജീവമായ ക്രൈസ്തവ സഭകളും സന്നദ്ധ സംഘടനകളും ഇന്ന് അനിശ്ചിതത്വത്തെ അഭിമുഖീകരിക്കുകയാണ്.




എഫ്.സി.ആര്‍.എ നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ മാറ്റങ്ങള്‍, നിയമലംഘനം ആരോപിക്കപ്പെടുന്ന സംഘടനകളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ സര്‍ക്കാരിനെ അനുവദിക്കുന്നു. സന്നദ്ധ സംഘടനകളുടെ കൈവശമുള്ള വിദേശ ഫണ്ടും അതുപയോഗിച്ച് നിര്‍മ്മിച്ച ആസ്തികളും സര്‍ക്കാര്‍ നിയോഗിക്കുന്ന അതോറിറ്റിക്ക് കൈമാറണമെന്ന പുതിയ ഭേദഗതി, ജനാധിപത്യപരമായ പ്രവര്‍ത്തന സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന ആക്ഷേപം ശക്തമാവുന്നു. ഇത് അസംബ്ലി തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ വലിയ വിവാദമാവുകയും, അതേതുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തിവെക്കുയും ചെയ്തതാണ്.

തുടക്കം ഇന്ദിരാഗാന്ധിയില്‍

എഫ്സിആര്‍എ ആദ്യമായി കൊണ്ടുവന്നത് ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരാണ്. 1976-ല്‍ അടിയന്തരാവസ്ഥ കാലത്താണ് ഈ നിയമം ആദ്യമായി പാസാക്കുന്നത്. വിദേശ ശക്തികള്‍ ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയത്തിലും തിരഞ്ഞെടുപ്പിലും ഇടപെടുന്നത് തടയുകയായിരുന്നു അന്നത്തെ പ്രധാന ലക്ഷ്യം. രാഷ്ട്രീയ പാര്‍ട്ടികള്‍, സംഘടനകള്‍, വ്യക്തികള്‍ എന്നിവര്‍ വിദേശത്തുനിന്ന് പണം സ്വീകരിക്കുന്നത് നിയന്ത്രിക്കാനാണ് ഇത് കൊണ്ടുവന്നത്. റഷ്യന്‍ വിരുദ്ധ, അമേരിക്കന്‍ വിരുദ്ധ ചേരികളുടെ സ്വാധീനം രാഷ്ട്രീയ പാര്‍ട്ടികളിലും മാധ്യമങ്ങളിലും ഉണ്ടാകുന്നത് നിയന്ത്രിക്കാന്‍ ഈ നിയമം സഹായിച്ചു.



അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിലേക്കും എഫ്.സി.ആര്‍.എ നിയമം കൊണ്ടുവരുന്നതിലേക്കും നയിച്ച പ്രധാന കാരണങ്ങളിലൊന്ന് രാജ്യത്തെ പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ 'വിദേശ കൈകള്‍' ഉണ്ടെന്ന ഇന്ദിരാഗാന്ധിയുടെ ആരോപണമായിരുന്നു. അന്ന് രാജ്യത്തിനെതിരെ, അമേരിക്കന്‍ ഫണ്ട് ഉപയോഗിച്ചുളള കലാപം എന്നായിരുന്നു ഇന്ദിരാഗാന്ധി കാര്യമായി പ്രചരിപ്പിച്ചത്. സോവിയറ്റ് യൂണിയനാവട്ടെ, അടിയന്തരാവസ്ഥയോട് തികച്ചും അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. അക്കാലത്ത് ലോകം ശീതയുദ്ധത്തിന്റെ പിടിയിലായിരുന്നതും ഇന്ത്യയും സോവിയറ്റ് യൂണിയനും തമ്മിലുണ്ടായിരുന്ന അടുത്ത സൗഹൃദവുമാണ് ഇതിന് പ്രധാന കാരണം. 1975 ജൂണ്‍ 25-ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഉടന്‍ തന്നെ സോവിയറ്റ് യൂണിയന്‍ അതിനെ പിന്തുണച്ചു. ഇന്ത്യയിലെ 'വലതുപക്ഷ പിന്തിരിപ്പന്‍ ശക്തികളെയും' വിദേശ ഏജന്റുകളെയും അടിച്ചമര്‍ത്താന്‍ ഇന്ദിരാഗാന്ധി എടുത്ത ധീരമായ തീരുമാനമായാണ് മോസ്‌കോ ഇതിനെ വിശേഷിപ്പിച്ചത്!

ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലുള്ള പ്രസ്ഥാനത്തിന് പിന്നില്‍ അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എ ആണെന്നും, ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള പാശ്ചാത്യ ഗൂഢാലോചന തടയാന്‍ അടിയന്തരാവസ്ഥ അനിവാര്യമാണെന്നും സോവിയറ്റ് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. സോവിയറ്റ് പത്രമായ പ്രവ്ദ ഇന്ദിരാഗാന്ധിയുടെ നടപടികളെ ന്യായീകരിച്ച് ലേഖനങ്ങള്‍ എഴുതി. ഇന്ത്യയിലെ ജനാധിപത്യം അപകടത്തിലാണെന്നും അത് സംരക്ഷിക്കാനാണ് ഈ നീക്കമെന്നും അവര്‍ വാദിച്ചു.

സോവിയറ്റ് യൂണിയന്റെ നിര്‍ദ്ദേശപ്രകാരം ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (സിപിഐ) അടിയന്തരാവസ്ഥയെ അനുകൂലിച്ചു. എന്നാല്‍ സിപിഎം ഇതിനെ ശക്തമായി എതിര്‍ത്തു. അമേരിക്കയും പാകിസ്ഥാനും ചൈനയും തമ്മിലുണ്ടായിരുന്ന അച്ചുതണ്ടിനെ പ്രതിരോധിക്കാന്‍ സോവിയറ്റ് യൂണിയന് ഇന്ത്യയുടെ പിന്തുണ അത്യാവശ്യമായിരുന്നു. ഇന്ദിരാഗാന്ധി അധികാരത്തില്‍ തുടരുന്നത് തങ്ങളുടെ ഏഷ്യയിലെ താല്‍പ്പര്യങ്ങള്‍ക്ക് ഗുണകരമാകുമെന്ന് അവര്‍ കണക്കുകൂട്ടി. പാശ്ചാത്യ രാജ്യങ്ങള്‍ അടിയന്തരാവസ്ഥയെ ജനാധിപത്യ വിരുദ്ധമെന്ന് വിളിച്ച് വിമര്‍ശിച്ചപ്പോള്‍, ഇന്ദിരാഗാന്ധിക്ക് ലഭിച്ച ഏറ്റവും വലിയ അന്താരാഷ്ട്ര പിന്തുണ സോവിയറ്റ് യൂണിയന്റേതായിരുന്നു. സോവിയറ്റ് യൂണിയന്‍ പിന്തുണക്കുന്നതുകൊണ്ടുതന്നെ അപ്പുറത്ത് അമേരിക്കയാണെന്ന് വരുത്തി തീര്‍ക്കാനും, സിഐഎയുടെ പണമാണ് സമരക്കാര്‍ ഒഴുക്കുന്നത് എന്നും ഇന്ദിരാഗാന്ധിക്ക് ആരോപിക്കാനായി.

അടിയന്തരാവസ്ഥക്കാലത്ത് വിദേശ ബന്ധത്തിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ ആരോപണം നേരിട്ട നേതാവാണ് സോഷ്യലിസ്റ്റ് പാര്‍ട്ടി ചെയര്‍മാനായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസ്. ഇന്ദിരാഗാന്ധി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അദ്ദേഹം അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എ, ഫ്രഞ്ച് സര്‍ക്കാര്‍ എന്നിവരില്‍ നിന്ന് ഫണ്ട് ആവശ്യപ്പെട്ടതായി ആരോപണങ്ങളുണ്ടായിരുന്നു. റെയില്‍വേ പാലങ്ങള്‍ തകര്‍ക്കുന്നത് ഉള്‍പ്പെടെയുള്ള അട്ടിമറി പ്രവര്‍ത്തനങ്ങള്‍ക്കായി അദ്ദേഹം പണം തേടിയെന്ന് പില്‍ക്കാലത്ത് പുറത്തുവന്ന വിക്കിലീക്സ് രേഖകളും സൂചിപ്പിക്കുന്നു.



ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ നടന്ന 'സമ്പൂര്‍ണ്ണ വിപ്ലവ' പ്രസ്ഥാനത്തില്‍ ജനസംഘവും ആര്‍.എസ്.എസും സജീവമായിരുന്നു. ഈ പ്രസ്ഥാനത്തിന് പിന്നില്‍ അമേരിക്കന്‍ താല്‍പ്പര്യങ്ങളുണ്ടെന്നും പാശ്ചാത്യ ശക്തികള്‍ ഇവരെ സഹായിക്കുന്നുണ്ടെന്നും ഇന്ദിരാഗാന്ധി ആരോപിച്ചു. ആര്‍.എസ്.എസിനെ അടിയന്തരാവസ്ഥക്കാലത്ത് നിരോധിക്കാനുള്ള ഒരു കാരണവും ഈ 'വിദേശ ബന്ധം' തന്നെയായിരുന്നു. സൈന്യത്തോടും പോലീസിനോടും സര്‍ക്കാരിനെ അനുസരിക്കരുത് എന്ന ജെ.പിയുടെ ആഹ്വാനം വിദേശ ശക്തികളുടെ നിര്‍ദ്ദേശപ്രകാരമുള്ള അട്ടിമറി ശ്രമമാണെന്ന് ഇന്ദിരയെ ഇന്റലിജന്‍സ് ഏജന്‍സികള്‍ ധരിപ്പിച്ചിരുന്നു. ഈ ആരോപണങ്ങളെല്ലാം ശരിയാണെന്ന് സ്ഥാപിക്കാനാണ് 1976-ല്‍ എഫ്.സി.ആര്‍.എ നിയമം കൊണ്ടുവന്നത്. രാഷ്ട്രീയക്കാര്‍ക്കും മാധ്യമങ്ങള്‍ക്കും വിദേശത്തുനിന്ന് പണം വരുന്നത് തടഞ്ഞാല്‍ ഇത്തരം 'അട്ടിമറി ശ്രമങ്ങള്‍' അവസാനിപ്പിക്കാം എന്നതായിരുന്നു ഇന്ദിരാഗാന്ധിയുടെ കണക്കുകൂട്ടല്‍.

വലിയ ഭേദഗതികളുമായി മന്‍മോഹന്‍

ഇന്ദിര ഈ നിയമം കൊണ്ടുവന്ന കാലത്ത് ഇന്ത്യയിലേക്ക് വന്‍തോതിലുള്ള വിദേശപണമൊന്നും കുത്തിയൊഴുകി വന്നിരുന്നില്ല. പക്ഷേ 2010-ല്‍ മന്‍മോഹന്‍ സിംങിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവരുമ്പോഴേക്കും കാര്യങ്ങള്‍ ഏറെ മാറിയിരുന്നു. ആ കാലയളവില്‍ വിദേശത്തുനിന്ന് ഏറ്റവും കൂടുതല്‍ ഫണ്ട് കൈപ്പറ്റിയിരുന്ന ധാരാളം സംഘടകള്‍ ഉണ്ടായിരുന്നു. വേള്‍ഡ് വിഷന്‍ ഓഫ് ഇന്ത്യ എന്ന ചെന്നൈ ആസ്ഥാനമായുള്ള ഈ സംഘടനയായിരുന്നു അക്കാലത്ത് ഏറ്റവും കൂടുതല്‍ വിദേശ ഫണ്ട് സ്വീകരിച്ചിരുന്നത്. ഏകദേശം 233 കോടി രൂപ 2010-11 കാലത്ത് അവര്‍ക്ക് ഫണ്ടുവന്നു എന്നാണ് കരുതുന്നത്. നമ്മുടെ കെ പി യോഹന്നാന്റെ, പത്തനംതിട്ട ആസ്ഥാനമായുള്ള ബിലീവേഴ്‌സ് ചര്‍ച്ച് ഇന്ത്യ എന്ന ഈ സംഘടനയായിരുന്നു വലിയ തോതില്‍ വിദേശ ഫണ്ട് സ്വീകരിച്ചിരുന്ന മറ്റൊരു പ്രമുഖ സംഘടന. ആന്ധ്രാപ്രദേശിലെ അനന്തപുര്‍ ആസ്ഥാനമായുള്ള റൂറല്‍ ഡെവലപ്‌മെന്റ് ട്രസ്റ്റായിരുന്നു വന്‍ തോതില്‍ ഫണ്ട് വന്ന മറ്റൊരു സംഘടന. ഗ്രീന്‍പീസ് ഇന്ത്യ, ആംനസ്റ്റി ഇന്റര്‍നാഷണല്‍ തുടങ്ങിയവയും അക്കാലത്ത് സജീവമായിരുന്നു. കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ശിശുക്ഷേമ സമിതികള്‍, മതപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ട്രസ്റ്റുകള്‍ എന്നിവയ്ക്കും വലിയ തോതില്‍ വിദേശ സഹായം ലഭിച്ചിരുന്നു.

ഇങ്ങനെ വിദേശ പണം വന്‍തോതില്‍ വരാന്‍ തുടങ്ങിയതോടെയാണ്, കര്‍ശനമായ നിബന്ധനകള്‍ ഏര്‍പ്പെടുത്തി യുപിഎ സര്‍ക്കാര്‍ നിയമം ഭേദഗതിചെയ്തത്. പ്രധാനമായും സുരക്ഷാപരവും ഭരണപരവുമായ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് യുപിഎ സര്‍ക്കാര്‍ ഈ ഭേദഗതി കൊണ്ടുവന്നത്. വിദേശ ഫണ്ടുകള്‍ രാജ്യതാല്‍പ്പര്യത്തിന് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്കോ ആഭ്യന്തര സുരക്ഷയെ ബാധിക്കുന്ന അസ്ഥിരീകരണങ്ങള്‍ക്കോ ഉപയോഗിക്കുന്നത് തടയുക എന്നതായിരുന്നു പ്രാഥമിക ലക്ഷ്യം. വിദേശത്തുനിന്നും ലഭിക്കുന്ന പണം ഏത് ആവശ്യത്തിനാണോ വരുന്നത് അതിന് തന്നെ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ഫണ്ടിന്റെ വിനിയോഗത്തില്‍ കൂടുതല്‍ സുതാര്യത കൊണ്ടുവരാനും സര്‍ക്കാര്‍ ശ്രമിച്ചു. 1976-ലെ പഴയ നിയമത്തിലെ പഴുതുകള്‍ അടച്ച് കൂടുതല്‍ ശക്തമായ ഒരു ചട്ടക്കൂട് നിര്‍മ്മിക്കുക എന്നതായിരുന്നു മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ ലക്ഷ്യം. മുന്‍പ് ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്താല്‍ അത് ആജീവനാന്തം നിലനില്‍ക്കുമായിരുന്നു. എന്നാല്‍ 2010-ലെ ഭേദഗതിയോടെ ഇത് ഓരോ 5 വര്‍ഷം കൂടുമ്പോഴും പുതുക്കണമെന്ന നിബന്ധന വന്നു.




യുപിഎ സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നപ്പോള്‍, ഏറ്റവും വലിയ എതിര്‍പ്പ് ഉയര്‍ന്നത് എന്‍.ജി.ഒ മേഖലയില്‍ നിന്നായിരുന്നു. വിദേശ ഫണ്ട് സ്വീകരിക്കുന്ന സംഘടനകളുടെ ലൈസന്‍സ് ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴും പുതുക്കണമെന്ന നിബന്ധന ഉദ്യോഗസ്ഥര്‍ക്ക് സംഘടനകളെ ഭീഷണിപ്പെടുത്താനും അഴിമതി നടത്താനും അവസരം നല്‍കുമെന്ന് അവര്‍ വാദിച്ചു. 'ദേശീയ താല്‍പ്പര്യത്തിന് വിരുദ്ധം' എന്ന അവ്യക്തമായ കാരണം പറഞ്ഞ് ഏത് സംഘടനയുടെയും പ്രവര്‍ത്തനം തടയാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ പോലുള്ള സംഘടനകള്‍ അന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

വിദേശത്തുനിന്ന് വലിയ തോതില്‍ സഹായം സ്വീകരിച്ചിരുന്ന ക്രൈസ്തവ സഭകളും മറ്റ് ചാരിറ്റബിള്‍ സംഘടനകളും ഈ നിയമത്തെ സംശയത്തോടെയാണ് കണ്ടത്. പക്ഷേ ഇന്നത്തെപ്പോലെ അവര്‍ പ്രതിഷേധം കടുപ്പിച്ചില്ല. കണക്കുകള്‍ ബോധിപ്പിക്കുന്നതിലും ബാങ്ക് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിലും വന്ന പുതിയ കര്‍ശന നിയന്ത്രണങ്ങള്‍ തങ്ങളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുമെന്ന് അവര്‍ ഭയപ്പെട്ടു.

മതപരമായ ആവശ്യങ്ങള്‍ക്കായി വരുന്ന പണത്തിന്മേല്‍ സര്‍ക്കാര്‍ നിയന്ത്രണം വരുന്നത് ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്ന് ചില സഭാ വക്താക്കള്‍ അന്ന് അഭിപ്രായപ്പെട്ടിരുന്നു. അന്ന് പ്രതിപക്ഷത്തിരുന്ന ബി.ജെ.പി നിയമത്തെ തത്വത്തില്‍ പിന്തുണച്ചെങ്കിലും, വിദേശ പണം മതപരിവര്‍ത്തനത്തിന് ഉപയോഗിക്കുന്നത് തടയാന്‍ ഈ ഭേദഗതികള്‍ക്ക് കഴിയില്ലെന്ന് വാദിച്ചു. നിയമം ഇനിയും കര്‍ക്കശമാക്കണമെന്നായിരുന്നു അവരുടെ നിലപാട്. അതുതന്നെയാണ് ബിജെപി അധികാരത്തില്‍ വന്നപ്പോഴും സ്വീകരിക്കുന്നത്.

വിദേശ പണത്തിന്റെ ഒഴുക്ക് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെങ്കിലും, സര്‍ക്കാരിനെ വിമര്‍ശിക്കുന്ന സംഘടനകളെ അടിച്ചമര്‍ത്താന്‍ ഈ നിയമം ആയുധമാക്കരുത് എന്ന് സി.പി.എം ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ മുന്നറിയിപ്പ് നല്‍കി.1976-ലെ പഴയ നിയമത്തേക്കാള്‍ കൂടുതല്‍ 'ചോദ്യം ചെയ്യപ്പെടാത്ത അധികാരം' സര്‍ക്കാരിന് നല്‍കുന്നു എന്നതായിരുന്നു 2010-ലെ ഭേദഗതി നേരിട്ട പ്രധാന വിമര്‍ശനം.

കൂടംകുളം മുതല്‍ ടീസ്റ്റ വരെ

ഇന്ത്യയില്‍ സമീപകാലത്ത് ഏറെ വിവാദമുണ്ടാക്കിയതാണ് വിദേശ ഫണ്ടിങ്. തീവ്രവാദ പ്രവര്‍ത്തനത്തിനും, മതപരിവര്‍ത്തനം അടക്കമുള്ളവയ്ക്കും, ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള സമരങ്ങള്‍ക്കും വിദേശത്തുനിന്ന് ഫണ്ട് ചെയ്യുന്നുവെന്ന് വ്യാപകമായ ആക്ഷേപം ഉയര്‍ന്നു. 2010-ലെ ഭേദഗതിക്ക് ശേഷം യു.പി.എ സര്‍ക്കാരിന്റെ കാലത്തും പിന്നീട് വന്ന എന്‍.ഡി.എ സര്‍ക്കാരിന്റെ കാലത്തും നിരവധി സംഘടനകള്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടായിട്ടുണ്ട്. ഇന്ന് ബിജെപിയെ കുറ്റം പറയുന്ന കോണ്‍ഗ്രസ് തങ്ങളുടെ അധികാരംകാലത്ത്, ഈ നിയമംവെച്ച് പലരെയും പൂട്ടിയിട്ടുണ്ട്.

മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ കാലത്ത് നടന്ന ഏറ്റവും വലിയ എഫ്.സി.ആര്‍.എ നടപടിയാണ്, 2012-ല്‍ കൂടംകുളം സമരക്കാര്‍ക്കുനേരെ നടന്നത്. തമിഴ്‌നാട്ടിലെ കൂടംകുളം ആണവനിലയത്തിന് എതിരെ നടന്ന സമരങ്ങള്‍ക്ക് പിന്നില്‍ വിദേശ പണമുണ്ടെന്ന് സര്‍ക്കാര്‍ ആരോപിച്ചു. സമരം നയിച്ച എസ്.പി. ഉദയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘടനകള്‍ ഉള്‍പ്പെടെ നാല് എന്‍.ജി.ഒകളുടെ ലൈസന്‍സ് അന്ന് റദ്ദാക്കി.



അമേരിക്കന്‍ ഗ്രൂപ്പുകളില്‍ നിന്ന് പണം വാങ്ങി ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്നായിരുന്നു അന്നത്തെ പ്രധാന ആരോപണം. (ഇത് ബിജെപി ചെയ്താല്‍ കോണ്‍ഗ്രസിന് ഫാസിസമാണ്! )

പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസിനെതിരെ യു.പി.എ കാലത്ത് തുടങ്ങിയ നിരീക്ഷണം എന്‍.ഡി.എ കാലത്ത് ശക്തമായി. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച തടയാന്‍ വിദേശ രാജ്യങ്ങളുടെ താല്‍പ്പര്യപ്രകാരം കല്‍ക്കരി ഖനികള്‍ക്കും പവര്‍ പ്രോജക്റ്റുകള്‍ക്കും എതിരെ സമരം സംഘടിപ്പിച്ചു എന്നതായിരുന്നു കുറ്റം. ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും 2015-ല്‍ എഫ്.സി.ആര്‍.എ ലൈസന്‍സ് പൂര്‍ണ്ണമായും റദ്ദാക്കുകയും ചെയ്തു. ഇവിടെയും പ്രശ്നം തുടങ്ങിയത് കോണ്‍ഗ്രസിന്റെ കാലത്താണ്.




മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണലിനെതിരെ വിദേശ ഫണ്ട് സ്വീകരിക്കുന്നതില്‍ ക്രമക്കേട് ആരോപിക്കപ്പെട്ടു. എഫ്.സി.ആര്‍.എ നിയമങ്ങള്‍ മറികടക്കാന്‍ ഇവര്‍ വാണിജ്യപരമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചെന്ന് സര്‍ക്കാര്‍ കണ്ടെത്തി.റെയ്ഡുകള്‍ക്കും അക്കൗണ്ട് മരവിപ്പിക്കലിനും പിന്നാലെ 2020-ല്‍ ആംനസ്റ്റി ഇന്ത്യയിലെ പ്രവര്‍ത്തനം പൂര്‍ണ്ണമായും അവസാനിപ്പിച്ചു. ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്കായി പ്രവര്‍ത്തിച്ചിരുന്ന സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിന്റെ സബ്രംഗ് ട്രസ്റ്റിനെതിരെ 2016-ല്‍ നടപടിയുണ്ടായി.വിദേശത്ത് നിന്ന് ലഭിച്ച പണം രാഷ്ട്രീയ ആവശ്യങ്ങള്‍ക്കും വ്യക്തിപരമായ ചെലവുകള്‍ക്കും ഉപയോഗിച്ചു എന്നാരോപിച്ച് ട്രസ്റ്റിന്റെ ലൈസന്‍സ് റദ്ദാക്കി. അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന കോംപസ് ഇന്റര്‍നാഷണല്‍ ഈ ക്രൈസ്തവ സംഘടന ഇന്ത്യയിലെ കുട്ടികളുടെ ക്ഷേമത്തിനായി വലിയ തോതില്‍ പണം ചിലവഴിച്ചിരുന്നു. ഈ വിദേശ ഫണ്ട് മതപരിവര്‍ത്തനത്തിനായി ഉപയോഗിക്കുന്നു എന്നാരോപിച്ച് 2017-ല്‍ ഇവരെ ഇന്ത്യയില്‍ നിന്ന് പുറത്താക്കി. ഇത് അക്കാലത്ത് വലിയ നയതന്ത്ര ചര്‍ച്ചകള്‍ക്ക് വഴിവെച്ചു.



ഇതില്‍ ആനംസ്റ്റിക്കും, ഗ്രീന്‍പീസിനുമെതിരായ സമരങ്ങള്‍ നടപടികള്‍ അന്താരാഷ്ട്ര സമൂഹത്തിലും നിഷ്പക്ഷരായ ആളുകളിലും വലിയ വിമര്‍ശങ്ങള്‍ ഉയര്‍ത്തി. ബാക്കിയുള്ളവയെല്ലാം യഥാര്‍ത്ഥമായിരുന്നു. കണക്കില്‍ വലിയ തിരിമറി നടത്തുകയും, വിദേശഫണ്ട് മതപരിവര്‍ത്തനത്തിന് ഉപയോഗിക്കുവരെ ചെയ്തു എന്ന് കേന്ദ്രം ആരോപിക്കുമ്പോള്‍ അവര്‍ക്ക് മറുപടിയില്ല. ഇതെല്ലാം ഇപ്പോള്‍ വിവാദമായ ഭേദഗതിക്ക് മുമ്പുള്ള കാര്യങ്ങളാണെന്ന് ഓര്‍ക്കണം.

കണക്ക് ഹാജരാക്കുക പ്രധാനം

2020-ല്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്ത് നിയമം കൂടുതല്‍ കര്‍ക്കശമാക്കി. എന്‍.ജി.ഒ ഭാരവാഹികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. എല്ലാ വിദേശ ഫണ്ടുകളും ഡല്‍ഹിയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒരു പ്രത്യേക ബ്രാഞ്ചിലേക്ക് മാത്രമേ വരാന്‍ പാടുള്ളൂ എന്ന് നിബന്ധന വെച്ചു. ഒരു സംഘടനയ്ക്ക് ലഭിക്കുന്ന വിദേശ ഫണ്ട് മറ്റൊരു സംഘടനയ്ക്ക് കൈമാറുന്നത് പൂര്‍ണ്ണമായും നിരോധിച്ചു.

കണക്ക് കൃത്യമായി ഹാജരാക്കാത്ത നിരവധി സംഘടകള്‍ക്ക് നേരെത്തും ലൈസന്‍സ് റദ്ദായിട്ടുണ്ട്. വിദേശ ഫണ്ട് സ്വീകരിക്കുന്നതില്‍ നിയന്ത്രണം വന്നതോടെ പല പ്രമുഖ സ്ഥാപനങ്ങള്‍ക്കും ലൈസന്‍സ് നഷ്ടമാവുകയോ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുകയോ ചെയ്തിട്ടുണ്ട്. 2024 ഏപ്രിലില്‍ വിദേശ ഫണ്ട് വിനിയോഗത്തില്‍ ക്രമക്കേട് ആരോപിച്ചു അഞ്ച് പ്രമുഖ ക്രൈസ്തവ സന്നദ്ധ സംഘടനകളുടെ ലൈസന്‍സ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി.

ചര്‍ച്ച് ഓക്സിലറി ഫോര്‍ സോഷ്യല്‍ ആക്ഷന്‍ (സിഎഎസ്എ) എന്നതാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട സംഘടന. രാജ്യത്തുടനീളം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും നടത്തുന്നവരാണിവര്‍. ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യ (ഇഎഫ്ഐ)യാണ് ലൈസന്‍സ് പോയ മറ്റൊരുകൂട്ടര്‍. 65,000ല്‍ അധികം പള്ളികളുടെ ശൃംഖലയുള്ള ഇവര്‍ക്ക് വിദ്യാഭ്യാസ മേഖലയില്‍ വലിയ സ്വാധീനമുണ്ട്. ഇന്‍ഡോ-ഗ്ലോബല്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, പാവപ്പെട്ടവരുടെ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനുമായി പ്രവര്‍ത്തിച്ചിരുന്ന സംഘടനയാണ്. പക്ഷേ ഇവര്‍ക്കും ലൈസന്‍ പോയി.




വോളിന്ററി ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്ന ആരോഗ്യ രംഗത്ത് വലിയ സേവനങ്ങള്‍ ചെയ്തിരുന്ന ഈ സംഘടനയുടെ ലൈസന്‍സ് റദ്ദാക്കപ്പെട്ടു. ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യ (സിഎന്‍ഐ) എന്ന സിനഡിക്കല്‍ ബോര്‍ഡാണ്, സഭയുടെ കീഴിലുള്ള നിരവധി സ്‌കൂളുകള്‍ക്കും ആശുപത്രികള്‍ക്കും ഫണ്ട് ലഭിച്ചിരുന്നു. മദര്‍ തെരേസയുടെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ ലൈസന്‍സ് പുതുക്കുന്ന കാര്യത്തില്‍ 2021-ല്‍ തടസ്സമുണ്ടായപ്പോള്‍, അവരുടെ അനാഥാലയങ്ങളുടെയും ആരോഗ്യ കേന്ദ്രങ്ങളുടെയും പ്രവര്‍ത്തനം ഏതാണ്ട് നിലയ്ക്കുന്ന അവസ്ഥയിലെത്തിയിരുന്നു. പിന്നീട് ഇത് പുനഃസ്ഥാപിച്ചു. അതായത് നേരത്തെ തന്നെ തുടര്‍ന്നുവരുന്ന ഒരു പ്രോസ്സാണ് ഇത്. അതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഭേദഗതി വരുന്നത്.

സഭയുടെ സ്വത്ത് പിടിച്ചെടുക്കുമോ?

2026 മാര്‍ച്ചില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ട വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്ലിലെ (എഫ്സിആര്‍എ അമെന്‍ഡ്മെന്‍ഡ് ബില്‍ 2026) വ്യവസ്ഥകളാണ് നിലവില്‍ ക്രൈസ്തവ സഭകള്‍ക്കിടയില്‍ വലിയ ആശങ്കയുണ്ടാക്കിയിരിക്കുന്നത്. ഭേദഗതി പ്രകാരം ഒരു പ്രത്യേക അതോറിറ്റിയെ സര്‍ക്കാര്‍ നിയമിക്കും. ഒരു സംഘടനയുടെ എഫ്.സി.ആര്‍.എ ലൈസന്‍സ് റദ്ദാക്കുകയോ കാലാവധി കഴിയുകയോ ചെയ്താല്‍, ആ സംഘടനയുടെ കൈവശമുള്ള വിദേശ ഫണ്ടും ആ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ സ്വത്തുക്കളും ഈ ഡെസിഗ്നേറ്റഡ് അതോറിറ്റിയുടെ നിയന്ത്രണത്തിലാകും.

വിദേശ പണം ഉപയോഗിച്ച് നിര്‍മ്മിച്ച ആശുപത്രികള്‍, സ്‌കൂളുകള്‍, പള്ളികള്‍, മറ്റ് കെട്ടിടങ്ങള്‍ എന്നിവ ഈ അതോറിറ്റിക്ക് ഏറ്റെടുക്കാം. ഈ സ്വത്തുക്കള്‍ എങ്ങനെ ഉപയോഗിക്കണം എന്ന് തീരുമാനിക്കാനും ആവശ്യമെങ്കില്‍ വില്‍ക്കാനും അതോറിറ്റിക്ക് അധികാരമുണ്ടാകും. ലൈസന്‍സ് റദ്ദാക്കപ്പെട്ടാല്‍ സംഘടനയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും അതിലെ പണം അതോറിറ്റിയിലേക്ക് മാറ്റാനും നിയമം വ്യവസ്ഥ ചെയ്യുന്നു.

ഇതാണ് സഭയുടെ സ്വത്ത് പിടിച്ചെടുക്കുന്നു എന്ന ആശയത്തിലേക്ക് നയിച്ചത്. ഒരു ക്രൈസ്തവ സംഘടനയുടെ ലൈസന്‍സ് സാങ്കേതിക കാരണങ്ങളാല്‍ (ഉദാഹരണത്തിന് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിലെ പിശക്) റദ്ദാക്കപ്പെട്ടാല്‍ പോലും, അവര്‍ വിദേശ ഫണ്ട് ഉപയോഗിച്ച് കഴിഞ്ഞ 40-50 വര്‍ഷങ്ങള്‍ക്കിടയില്‍ പണിത ആശുപത്രികളോ സ്‌കൂളുകളോ സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കാന്‍ ഈ നിയമം വഴി സാധിക്കും. ചാരിറ്റബിള്‍ സ്ഥാപനങ്ങളെയും മതസ്ഥാപനങ്ങളെയും സമ്മര്‍ദ്ദത്തിലാക്കി അവയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്താന്‍ സര്‍ക്കാര്‍ ഈ അധികാരം ഉപയോഗിക്കുമെന്ന് സഭകള്‍ ഭയപ്പെടുന്നു.




കെ.സി.ബി.സി , സി.ബി.സി.ഐ തുടങ്ങിയ രൂപതകള്‍ ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇത് ഭരണഘടനാപരമായ ന്യൂനപക്ഷ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണെന്നും, പതിറ്റാണ്ടുകളായി സഭകള്‍ നടത്തുന്ന സേവന പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അവര്‍ ആരോപിക്കുന്നു. നിയമം നടപ്പായാല്‍, കേരളത്തില്‍ സഭകളുടെ കീഴിലുള്ള മെഡിക്കല്‍ കോളേജുകള്‍ക്കും ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ക്കും വിദേശത്തുനിന്ന് വന്നിരുന്ന ഫണ്ടുകള്‍ നിലയ്ക്കുന്നത് സാധാരണക്കാര്‍ക്ക് ലഭിക്കുന്ന കുറഞ്ഞ ചിലവിലുള്ള ചികിത്സയെയും വിദ്യാഭ്യാസത്തെയും ബാധിക്കുമെന്ന് സഭാ നേതൃത്വങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ലൈസന്‍സ് റദ്ദാക്കപ്പെടുകയോ പുതുക്കാതിരിക്കുകയോ ചെയ്താല്‍, വിദേശ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച സ്‌കൂളുകള്‍, ആശുപത്രികള്‍, ഹോസ്റ്റലുകള്‍ തുടങ്ങിയവയുടെ നിയന്ത്രണം സര്‍ക്കാര്‍ നിയോഗിക്കുന്ന 'ഡെസിഗ്നേറ്റഡ് അതോറിറ്റി'ക്ക് ലഭിക്കും.

പക്ഷേ ഇവിടെ മറ്റൊരു പ്രശ്നം കൂടിയുണ്ട്. മടിയില്‍ കനമില്ലാത്തവന് ഭയക്കേണ്ട കാര്യമില്ല. കൃത്യമായ കണക്ക് കൊടുക്കയും, നികുതി അടക്കുകയും വരുന്ന വിദേശഫണ്ട് അതേ കാര്യത്തിന് തന്നെ ഉപയോഗിക്കുകയും ചെയ്യുന്ന ഒരു സംഘടനക്ക് സര്‍ക്കാറിനെ പേടിക്കേണ്ട കാര്യമെന്താണ്? അതിനുപകരം ഇന്ത്യയിലെ ദരിദ്രരായ കുട്ടികളുടെ പുനരവധിവാസത്തിന് എന്ന് പറഞ്ഞ്, കോടികള്‍ വിദേശഫണ്ടുവാങ്ങി അത് മതപരിവര്‍ത്തനത്തിന് അടക്കം ഉപയോഗിക്കുന്നവരുണ്ട്. അത്തരക്കാര്‍ക്ക് ഈ ബില്ലില്‍ ഭയക്കാന്‍ ഏറെയുണ്ട്. നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്, അജണ്ടകള്‍ ഇല്ലാതെ സാമൂഹിക സേവനം ചെയ്യുന്നവര്‍ക്ക് ഭയക്കാന്‍ യാതൊരു കാര്യവുമില്ല.

തല്‍ക്കാലം കേന്ദ്രസര്‍ക്കാര്‍ ബില്‍ മരവിപ്പിച്ചിരിക്കയാണ്. ഇത് കോടതി കയറുമെന്നും ഉറപ്പാണ്. 2020-ല്‍ എഫ്.സി.ആര്‍.എ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തിയപ്പോഴും സന്നദ്ധ സംഘടനകള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. അന്ന് സുപ്രീം കോടതി നിയമം ശരിവെച്ചെങ്കിലും, സര്‍ക്കാരിന്റെ അധികാരം ഏകപക്ഷീയമാകരുത് എന്ന് നിരീക്ഷിച്ചിരുന്നു.2026-ലെ ഈ പുതിയ ഭേദഗതിക്കെതിരെ ഇതിനോടകം തന്നെ ചില ക്രൈസ്തവ സംഘടനകളും എന്‍.ജി.ഒ കൂട്ടായ്മകളും നിയമവിദഗ്ധരുമായി ആലോചനകള്‍ തുടങ്ങിയിട്ടുണ്ട്. ബില്ല് കോടതി കയറുമെന്നും ഉറപ്പാണ്.

വാല്‍ക്കഷ്ണം:

സൂക്ഷ്മമായി അവലോകനം, ചെയ്താല്‍ ഇതില്‍ ശരിയും തെറ്റുമുണ്ട്. വിദേശഫണ്ടുവാങ്ങി ഇന്ത്യയില്‍ മതപരിവര്‍ത്തനവും, തീവ്രവാദ പ്രവര്‍ത്തനവും നടത്തുന്നവരുണ്ട്. അവര്‍ പലരും സന്നദ്ധ സംഘടനകളുടെ മറവിലാണ് പ്രവര്‍ത്തിക്കുക. സിഎഎ സമരക്കാലത്ത് പോപ്പുലര്‍ ഫണ്ടിന്റെ അക്കൗണ്ടിലേക്ക് വന്ന കോടികള്‍ നോക്കുക. എന്നാല്‍ ഇന്ത്യയില്‍ വളരെ മികച്ച രീതിയില്‍ സാമൂഹിക പ്രവര്‍ത്തനവും നടത്തുന്നവരുണ്ട്. ഇവരെ രണ്ടുപേരെയും വേര്‍തിരിച്ച് കാണാന്‍ സര്‍ക്കാറിന് കഴിയണം.