- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
പിശുക്കനായ ശതകോടീശ്വരന്റെ ധൂർത്തനായ മകൻ; ഒരു ബർത്ത്ഡേ ആഘോഷത്തിനുപോലും 15 കോടി; ഇന്ത്യൻ പബ്ബുകളുടെ പിതാവ്; ഐപിഎല്ലും കാമുകിമാരുമായി പൊടിച്ചത് കോടികൾ; 'കിങ് ഓഫ് ഗുഡ് ടൈംസ്' എന്ന് വിളിക്കുന്ന ബിസിനസ് പ്ലേബോയ്; 9000 കോടി കടവുമായി ലണ്ടനിലേക്ക് മുങ്ങിയ വ്യവസായി ഇനി തിരിച്ചെത്തുമോ; വിജയ് മല്യ വീണ്ടും വാർത്തകളിൽ
'കിങ് ഓഫ് ഗുഡ് ടൈംസ്'....... 2005ൽ ഒരു ബ്രിട്ടീഷ് ടാബ്ലോയിഡുകൾ ആ ഇന്ത്യൻ വ്യവസായിയെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. അന്ന് മാറുന്ന ഇന്ത്യയുടെ ജ്വലിക്കുന്ന പ്രതീകമായ ആ വ്യവസായി ഇന്ന് ഇന്ത്യയിൽനിന്ന് 9000 കോടിയോളം വെട്ടിച്ച് യുകെയിലേക്ക് മുങ്ങിയ ഒരു ക്രിമിനലാണ്. അതാണ് വിജയ് വിട്ടൽ മല്യ എന്ന 67കാരൻ. 2008 ലെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ ധനികന്മാരുടെ പട്ടികയിൽ 162ാമതും, ഇന്ത്യയിലെ ധനികന്മാരിൽ 41ാമതുമായ വ്യക്തി. ഫുഡ് പ്രോഡക്റ്റ്, ഫാർമസ്യൂട്ടിക്കൽ, അഗ്രോകെമിക്കൽ, പെയിന്റ്, റിയൽ എസ്‌റ്റേറ്റ്, എയർലൈൻസ്, ഒപ്പം ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ മദ്യ നിർമ്മാണ കമ്പനിയും. അങ്ങനെ കരുത്തനായ മല്യയാണ് വർഷങ്ങൾക്കുള്ളിൽ പിടികിട്ടാപ്പുള്ളിയായത്!
2016 മുതൽ ബ്രിട്ടനിലുള്ള മല്യ ഇപ്പോൾ വാർത്തകളിൽ നിറയുന്നത് അദ്ദേഹം വൈകാതെ ഇന്ത്യയിൽ എത്തേണ്ടി വരും എന്നതിനാലാണ്. ബ്രിട്ടീഷ് കോടതി നേരത്തെ തന്നെ ഇക്കാര്യത്തിൽ ഉത്തരവിട്ടിരുന്നു. ബ്രിട്ടനിൽ നിന്നും നാടുകടത്തപ്പെടുന്നത് തടയാനുള്ള മല്ല്യയുടെ ശ്രമങ്ങൾ എല്ലാം, 2020-ൽ ഹൈക്കോടതി അപേക്ഷ നിരസിച്ചതോടെ അവസാനിക്കുകയും ചെയ്തു. എന്നിട്ടും ഇപ്പോഴും അദ്ദേഹം യു കെയിൽ തുടരുകയാണ്.
ഇപ്പോൾ ബ്രിട്ടീഷ് സുരക്ഷാ മന്ത്രി ടോം ടുഗെൻഡട്ടിന്റെ ഒരു പ്രസ്താവനയാണ് വലിയ ചർച്ചയാവുന്നത്. യു കെയുടെ നിയമ വ്യവസ്ഥ കുറ്റവാളികളെ സംരക്ഷിക്കുന്നതിനായി ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ല എന്നായിരുന്നു അത്. കഴിഞ്ഞ ആഗസ്റ്റിൽ മല്ല്യയെകുറിച്ചും അതുപോലെ മറ്റൊരു സാമ്പത്തിക കുറ്റവാളീയായ നീരവ് മോദിയേ കുറിച്ചു ഉള്ള ഒരു ചോദ്യത്തിന്, തട്ടിപ്പുകാർക്ക് ഒളിച്ചു താമസിക്കാൻ ബ്രിട്ടൻ സൗകര്യമൊരുക്കില്ല എന്നായിരുന്നു ടോം ടുഗെൻഡട്ട് പ്രതികരിച്ചത്. അത്തരക്കാരെ നീതിക്ക് മുൻപിൽ കൊണ്ടുവരാനായി നാടുകടത്താൻ ബ്രിട്ടൻ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. മാത്രമല്ല, മല്ല്യയുടെയും നീരവ് മോദിയുടെയും കാര്യത്തിൽ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താനും, സ്വതന്ത്ര വ്യാപാര കരാർ ഉണ്ടാക്കുവാനും ബ്രിട്ടൻ ഏറെ ശ്രമിക്കുന്ന ഈ അവസരത്തിൽ, ഇരുവരെയും വിട്ടുതരണം എന്ന ഇന്ത്യയുടെ ആവശ്യത്തിന് ബ്രിട്ടൻ വഴങ്ങിയേക്കാം എന്നാണ് നിരീക്ഷകരും കരുതുന്നത്. അങ്ങനെയെങ്കിൽ, ഏറെ വൈകാതെ ഈ രണ്ട് കുറ്റവാളികളേയും ബ്രിട്ടൻ ഇന്ത്യയ്ക്ക് കൈമാറിയേക്കാമെന്നും ഡെയിലി മെയിൽ പോലുള്ള പത്രങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഇതോടെ ഇടക്കാലത്തിനുശേഷം മല്യ വീണ്ടും വാർത്തകളിൽ നിറയുകയാണ്.
പിശുക്കനായ പിതാവിന്റെ ധൂർത്തനായ പുത്രൻ
പിശുക്കനായ ശതകോടീശ്വരന്റെ ധൂർത്തനായ മകൻ. വിജയ് മല്യയെ ടൈംസ് ഓഫ് ഇന്ത്യ അങ്ങനെയാണ് വിശേഷിപ്പിക്കുന്നത്. വിജയ് മല്യയുടെ പിതാവ് വിട്ടൽ മല്യ എന്ന കൊങ്കിണി വ്യവസായി കഠിനാധ്വാനം കൊണ്ട് വളർന്നുവന്ന ഒരു സംരംഭകനാണ്. 1975ൽ അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധി ഐബിയോട്, ഇന്ത്യയിലെ കോടീശ്വരന്മാരുടെ കണക്ക് എടുക്കാൻ പറഞ്ഞിരുന്നു. അപ്പോൾ ടാറ്റ, ബജാജ്, ബിർള എന്നീ പേരുകൾക്ക് ഇടയിൽ വിട്ടൽ മല്യയുടെ പേരുകണ്ട് ഇതാരാണ് എന്ന് ഇന്ദിര ചോദിച്ചതായി ഒരു കഥയുണ്ട്. കാരണം കോടീശ്വരൻ ആയിരിക്കുമ്പോളും, തികഞ്ഞ ലോ പ്രൊഫൈൽ ജീവിതമാണ് അദ്ദേഹം നയിച്ചിരുന്നത്.
സ്വതന്ത്ര്യത്തിനുശേഷം ഓഹരി വിപണിയിലുടെ വളർന്നുവന്ന ഒരു സംരംഭകൻ ആയിരുന്നു അദ്ദേഹം. തൊട്ടതെല്ലാം പൊന്നാക്കിയ അപൂർവ വ്യക്തിത്വങ്ങളിൽ ഒരാൾ. 1948ൽ യുണൈറ്റഡ് ബ്രുവറീസിന്റെ ഡയറക്ടർ ബോർഡിൽ കയറിയ അദ്ദേഹം വൈകാതെ കമ്പനി പിടിച്ചു. കേരളത്തിലെ ചേർത്തലയിൽ അദ്ദേഹം സ്ഥാപിച്ച മക്ഡോവൽസിന്റെ ഡിസ്റ്റിലറി ഇന്ത്യയിലെ ആദ്യകാല ഡിസ്റ്റിലറികളിൽ ഒന്നാണ്. 1951- കിസാൻ ഫുഡ് പ്രെഡക്റ്റ്സ് തുടങ്ങിയ പല സംരഭങ്ങളിലുമായ വിത്തൽഭായ് പട്ടേൽ കോടിക്കണക്കിന് രൂപയുടെ സമ്പാദ്യം ഉണ്ടാക്കി
.
പക്ഷേ വിട്ടലിന്റെ യഥാർത്ഥ ലോട്ടറി വാരാനിരിക്കുന്നതേയുള്ളൂ. അതായിരുന്നു 1977-ലെ മൊറാർജി സർക്കാറിന്റെ മദ്യനിരോധനം എന്ന അബദ്ധം. തികച്ച ഗാന്ധിയനായ മൊറാർജി മദ്യം നിരോധിച്ചതോടെ, ഡിസ്റ്റലിറികൾ എല്ലാം പ്രതിസന്ധിയിൽ ആയി. എന്നാൽ ബുദ്ധിമാനായ വിട്ടലിന് അറിയാമായിരുന്നു ഇന്ത്യയിൽ മദ്യനിരോധനം അധികകാലം നിലനിൽക്കില്ലെന്ന്. അതിനാൽ അയാൾ ഈ ഡിസ്റ്റിലറികൾ ചുളുവിലക്ക് വാങ്ങിക്കൂട്ടി. 80ൽ മൊറാർജി പോയി ഇന്ദിരാഗാന്ധി തിരിച്ചുവന്നതോടെ, മദ്യനിരോധനവും ഇല്ലാതായി. അതോടെ നിരവധി ഡിസ്റ്റിലറികൾ കൈയിലുള്ള വിത്തൽ ഭായി ശതകോടീശ്വരനായി.
1974ൽ ഒരു വിദേശ കമ്പനി ഏറ്റെടുത്ത് ഹണിബീ എന്ന വിഖ്യാതമായ മദ്യ ബ്രാൻഡ് ലോഞ്ച് ചെയ്തത് വിട്ടൽ മല്യയാണ്. 76ൽ ബാക്ക് പേപ്പർ വിസ്‌ക്കി തുടങ്ങി. നാട്ടിൽ നഷ്ടത്തിലാവുന്ന കമ്പനികൾ ഏറ്റെടുക്കുക ഇദ്ദേഹത്തിന്റെ പരിപാടിയായിരുന്നു. ടേക്ക് ഓവർ മാസ്റ്റർ എന്നാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. (എന്നാൽ മകൻ ഏറ്റെടുത്തതെല്ലാം നശിച്ചു.) മലയാളം പ്ലാന്റേഷൻ, ബ്രിട്ടീഷ് പെയിന്റ്സ്, കാഡ്ബറി ഇന്ത്യ എന്നിവയൊക്കെ വിത്തൽ ഏറ്റെടുത്ത വിജയിപ്പിച്ചു. 1981ൽ പത്ത് ബ്രൂവറികൾ, 14 ഡിസ്റ്റലിറികൾ, 7 പ്രോസസ്ഡ് ഫുഡ് കമ്പനികൾ. 6 ഇൻവസ്റ്റ്മെന്റ് കമ്പനികൾ എന്നിങ്ങളെ പണം കൂമിഞ്ഞ് കൂടി ടാറ്റയെ വെല്ലുന്ന രീതിയിലേക്ക് അയാൾ വളർന്ന് വരിയകയാിരുന്നു. പക്ഷേ 1983 ഒക്ടോബർ 13ന് മരണം രംഗബോധമില്ലാത്തെ കോമാളിയെപ്പോലെ അദ്ദേഹത്തെ തേടിയെത്തി. 53ാം വയസ്സിൽ ഹൃദ്രോഗത്താൽ വിത്തൽ മരിച്ച വാർത്ത അറിഞ്ഞ് ബിസിനസ് ലോകം നടുങ്ങി. സ്വത്തിനായി മല്യ പിതാവിനെ കൊലപ്പെടുത്തിയതാണെന്ന ആരോപണവും പലപ്പോഴായി ഉയർന്നിരുന്നു. പക്ഷേ ഇത് ശരിയല്ലെന്നാണ് മെഡിക്കൽ രേഖകൾ പറയുന്നത്. മാത്രമല്ല പിതാവിനെ മല്യക്ക് ജീവനായിരുന്നു താനും.
പിതാവ് മരിക്കുമ്പോൾ, വെറും 28 വയസ്സ്മാത്രമായിരുന്നു വിജയ് മല്യക്ക്. വലിയ ഒരു കുടുംബ ബിസിനസിന്റെ ചുമതല ഒറ്റക്ക് അദ്ദേഹത്തിന്റെ തലയിലായി. വിട്ടൽ മല്യ, പണം ആവശ്യത്തിന് മാത്രമാണ് ചെലവാക്കിയിരുന്നത്. അദ്ദേഹത്തെക്കറുച്ച് കേട്ടിരുന്നത്, ടെലിഗ്രാം അടിക്കുമ്പോൾ അവസാനത്തെ 'റിഗാർഡ്സ്' എന്ന വാക്ക് ഒഴിവാക്കി, ആ പണം പോലും ലാഭിക്കുമായിരുന്നു എന്നാണ്. എന്നാൽ മകൻ വിജയ് മല്യയാവട്ടെ ധൂർത്തിന്റെ പര്യായം ആയിരുന്നു.
ഇന്ത്യൻ പബ്ബുകുളുടെ പിതാവ്
വിജയ്മല്യക്ക് വൃത്തിക്ക് ചെയ്യാൻ അറിയുന്ന ഏക ബിസിനസായി അദ്ദേഹത്തിന്റെ ജീവചരിത്രം എഴുതിയവർ പറയുന്നത് മദ്യവ്യവസായം എന്നാണ്. അതിൽ കൃത്യമായി ശ്രദ്ധിക്കാതെ മറ്റ് പണികളിലേക്ക് പോയതാണ്, ഇന്ന് കാണുന്ന കുഴിയിൽ എത്തിച്ചത്.
1978ൽ വിട്ടൽ മല്യ തുടങ്ങിയ കിങ്ങ്ഫിഷർ എന്ന മദ്യക്കമ്പനിയായിരുന്നു മല്യയുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥാപനം. പിതാവ്, ടേക്ക് ഓവറുകളുടെ രാജാവ് എന്നാണ് അറിയപ്പെട്ടിരുന്നതെങ്കിൽ മകൻ ഏറ്റെടുത്തത് ഒക്കെ അബദ്ധത്തിലായി. മക്ഡോവൽ പിസ, ത്രിൽ എന്ന കോള എന്നിവ മല്യ തുടങ്ങി. രണ്ടും നഷ്ടക്കച്ചവടമായി. ഇതിന്റെ കടം വീട്ടിയത് ബെർജർ പെയിൻസ് എന്ന നല്ലനിലക്ക് പ്രവർത്തിക്കുന്ന കമ്പനി വിറ്റാണ്. 96ൽ എ ജെ അക്‌ബറിന്റെ 'ദ എഷ്യൻ ഏജ്' പത്രം ഏറ്റെടുത്തതും മല്യയുടെ കൈപാള്ളിച്ചു. ഇതിന്റെ ബാധ്യത തീർത്തത് 'ഹിന്ദുസ്ഥാൻ പോളിമേഴ്സ്' എന്ന പിതാവ് തുടങ്ങിയ സ്ഥാപനം വിറ്റാണ്. പക്ഷേ മല്യ കാശുണ്ടാക്കിയത് കള്ളുകച്ചവടത്തിലൂടെ ആയിരുന്നു. 83ൽ 25ലക്ഷം കെയ്സ് വിറ്റിരുന്ന കിങ് ഫിഷർ ബിയർ മല്യ ഒരുകോടി കെയ്സിലേക്ക് വിൽപ്പന ഉയർത്തി.
1980കളിൽ ഇന്ത്യൻ സമൂഹത്തിലെ ആറ്റിറ്റിയൂഡ് മാറ്റത്തിന്റെ ലക്ഷണങ്ങൾ നന്നായി മുതലെടുക്കുകയും അതിനായി പ്രേരിപ്പിക്കുകയും ചെയ്ത വ്യക്തിയാണ് മല്യ. ഇന്ത്യയിൽ ഇന്നും മദ്യപാനം എന്നത് ഒരു കുറ്റകൃത്യംപോലെയാണ് കാണുന്നത് എന്നും, സോഷ്യൽ ഡ്രിങ്കിങ്ങ് എന്ന അവസ്ഥ വന്നാലേ, കാര്യങ്ങൾ മാറൂ എന്നും മല്യക്ക് മനസ്സിലായി. ഈ മാറ്റത്തിനായി അദ്ദേഹം കണ്ടെത്തിയ സ്ഥലം ബാഗ്ലൂരാണ്. ഇന്ത്യയിൽ ആദ്യമായി ഒരു പബ്ബ് തുറന്നത് മല്യയാണ്. ബാംഗ്ലൂരിൽ. വെറും അഞ്ചുവർഷകൊണ്ട് അത് 40 പബ്ബുകളിലേക്ക് വളർന്നു.
ബിയറിനെ ഒരു സോഫ്റ്റ് ഡ്രിങ്കുപോലെ അതി ശക്തമായ പരസ്യങ്ങളിലുടെ പ്രമോട്ട് ചെയ്ത് മാറ്റിയെടുക്കയാണ് മല്യ ചെയ്തത്. കിങ്ങ്ഫിഷർ എന്ന പേര് ബിയറിന്റെ പര്യായമായി. ബാംഗ്ലൂരിലെ ചെറുപ്പക്കാർ പബ്ബുകളിലേക്ക് ഇരച്ചുകയറി. ഇന്ത്യയിലെ ഏറ്റവും വലിയ വിസ്്ക്കി ബ്രാൻഡായ ബ്ലാക്ക് ഡോഗ് സ്‌ക്കോട്ടിഷ് കമ്പനി സഹകരണത്തോടെയാണ് അദ്ദേഹം തുടങ്ങിയത്. പ്രിന്റിലും ടെലിവിഷനിലും വ്യാപക പരസ്യങ്ങൾ ചെയ്തു, സുന്ദരിമാരുടെ വലിയ ഹോർഡിങ്ങുകൾ വെച്ചും തന്റെ ഉൽപ്പന്നങ്ങളെ മല്യ നന്നായി മാർക്കറ്റ് ചെയ്തു. പക്ഷേ 95ലെ കേബിൾ ടെലിവിഷൻ നെറ്റ് വർക്ക് നിയമം മല്യക്ക് വലിയ തിരിച്ചടിയായി. ഇതുപ്രകാരം മദ്യത്തിന്റെ പരസ്യം നിരോധിക്കപ്പെട്ടു. പക്ഷേ അതിനെ മല്യ ഗംഭീരമായി കടത്തിവെട്ടി. കിങ്ങ്ഫിഷറിന്റെ ബോട്ടിൽ വാട്ടർ, സോഡ, കലണ്ടർ എന്നിവയുണ്ടാക്കി ഗംഭീരമായി പരസ്യം ചെയ്തു. കിങ്ങ്ഫിഷർ എന്ന പേര് അങ്ങിനെ നിറഞ്ഞു നിന്നു. 96ലെ ക്രിക്കറ്റ് ലോകകപ്പിൽ വെസ്റ്റ്ഇൻഡീസിന്റെ സ്പോൺസറായിരുന്നു മല്യ. ക്രിക്കറ്റ് താരങ്ങളെവെച്ച് ചെയ്ത പരസ്യങ്ങൾ ഇന്നും ഓർമ്മിക്കപ്പെടുന്നതാണ്.
ദേവഗൗഡയുടെ സ്വന്തക്കാരൻ
പലരും ഇന്ന് കരുതുന്നതുപോലെബിജെപിയല്ല മല്യയെ വളർത്തിയത്. കർണ്ണാടകയിൽ ജെഡിയുവിന്റെ ഫണ്ട് മാനേജർ അദ്ദേഹമായിരുന്നു. മുൻ പ്രധാനമന്ത്രി ദേവഗൗഡയാണ് മല്യയുടെ ഗോഡ് ഫാദർ. 2002ൽ വിജയ് മല്യ രാഷ്ട്രീയത്തിൽ അരക്കൈ നോക്കി. ദേവഗൗഡയുടെ പിന്തുണയോടെ അദ്ദേഹം രാജ്യസംഭാംഗമായി. അതിനിടെ 2004ൽ അവരുമായി തെറ്റിപ്പിരിഞ്ഞ് സുബ്രമണ്യം സ്വാമിയുടെ ജനതാ പാർട്ടിയിലെത്തെി. 2004ലെ കർണ്ണാടകാ നിയമസഭാ തെരഞ്ഞെടുപ്പിൽ മല്യ 185 സ്ഥാനാർത്ഥികളെ നിർത്തിയെങ്കിലും, 182പേർക്കും കെട്ടിവെച്ച കാശ് കിട്ടിയില്ല. മല്യ ബെൻസിൽ പര്യടനം നടത്തിയതൊക്കെ വെറുതെയായി.
അതിനിടെ സപോർട്സിലും കമ്പം കയറി. മോഹൻബാഗാൻ, ഈസ്റ്റ് ബംഗാൾ ഫുട്ബോൾ ടീമുകളെ അദ്ദേഹം വാങ്ങി. രാജസ്ഥാൻ റോയൽ ചലഞ്ചേഴ്സിനെ വാങ്ങി ഐപിഎല്ലിൽ സുന്ദരിമാരോടൊപ്പം പൊളിച്ചു. നിരവധി ബിക്കിനി മോഡലുകളെ രംഗത്തിറക്കി. 700 കോടി ചെലവിട്ട് ഇന്ത്യൻ എംപ്രസ് എന്ന സൂപ്പർ ലക്ഷ്വറി യാട്ടും വാങ്ങി. ഈ യാട്ടിൽ സുന്ദരിമാർക്കൊപ്പം ഉല്ലസിക്കുന്ന മല്യയുടെ ചിത്രങ്ങൾ വൈറൽ ആയിരുന്നു. അങ്ങയൊണ് 'കിങ്് ഓഫ് ഗുഡ് ടൈംസ്' എന്ന പേര് വീണത്. ഒരു ബിസിനസ് ടൈക്കൂൺ പ്ലേബോയ് എന്നാണ് മല്യയെ അക്കാലത്ത് മാധ്യമങ്ങൾ വിശേഷിപ്പിച്ചത്.
മദ്യവ്യവസായ രംഗത്തെ തന്റെ എതിരാളിയായ മനു ഛബാരിയയുടെ നിര്യാണത്തെത്തുടർന്ന് 2002-ൽ ഇന്ത്യയിലെ ഏറ്റവും വലിയ മദ്യക്കമ്പനിയായ ഷോവാലാസ് 1300 കോടി രൂപയ്ക്ക് മല്യ സ്വന്തമാക്കി. മല്യയുടെ യുണൈറ്റഡ് ബ്രുവറീസിൽ 37.5 ശതമാനം ഓഹരി നൽകി ബ്രിട്ടീഷ് ബിയർ കമ്പനിയായ സ്‌കോട്ടിഷ് ആൻഡ് ന്യൂകാസിലിനെക്കൂടി ഉൾപ്പെടുത്തിയാണ് ഈ കച്ചവടം നടത്തിയത്.
2003ൽ ഉണ്ടായ ഒരു ഹെലികോപ്റ്റർ അപകടത്തിൽനിന്ന് ഭാഗ്യത്തിനാണ് മല്യ രക്ഷപ്പെട്ടത്. ഇത് ദൈവം തന്ന സന്ദേശമാണെന്നും, ജനങ്ങളെ സേവിക്കാൻ ദൈവത്തിന് എന്നെ ആവശ്യമുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പക്ഷേ അവിടുന്ന് അങ്ങോട്ട് മല്യക്ക് നല്ല സമയം ആയിരന്നു. മകൻ സിദ്ധാർഥ് മല്യയുടെ 18ാം പിറന്നാൾ ദിവസം അദ്ദേഹം കിങ്ങ്ഫിഷർ എയർലൈൻ പ്രഖ്യാപിച്ചു. അത് ഒരു പതനത്തിന്റെ തുടക്കമായി.
കഷ്ടകാലം തുടങ്ങിയത് എയർലൈൻസിൽ
ലോകത്തെ തന്നെ ഒന്നാംനിര മദ്യവ്യവസായിയായിരുന്ന വിജയ് മല്യയുടെ കഷ്ടകാലം തുടങ്ങുന്നത് കിങ്ഫിഷർ എയർലൈൻസിന്റെ വരവോടെയാണ്. . എയർലൈൻസിനുവേണ്ടി ബാങ്കുകളിൽനിന്നെടുത്ത കോടിക്കണക്കിന് രൂപയുടെ വായ്പയാണ് മല്യയുടെ വ്യവസായ സാമ്രാജ്യം തകർത്തത്.
ഇന്ത്യാസ് ഓൺലി പ്രീമിയം എയർലൈൻ എന്ന പേരിൽ ലോ കോസ്റ്റ് ഫ്ളൈയിങ്ങ് എക്പീരിയൻസ് വാഗ്ദാനം ചെയ്താണ് കിങ്ഫിഷർ തുടങ്ങിയത്. പുതുപുത്തൻ വിമാനം, നല്ല സീറ്റുകൾ, ചൂടുള്ള ഭക്ഷണം, മല്യതന്നെ നേരിട്ട് ഇന്റവ്യൂ ചെയ്ത് എടുക്കുന്ന, മോഡലുകൾ എന്ന് അദ്ദേഹം വിളിച്ച സുന്ദരികളായ എയർ ഹോസ്റ്റസുമാർ.. അങ്ങനെ എല്ലാറ്റിലും ഈ എയർലൈൻ തലക്കെട്ടുകൾ പിടിച്ചു.
തുടങ്ങി ഒന്നാവർഷത്തിൽ ഇന്ത്യൻ ഏവിയേഷന്റെ രണ്ടാം സ്ഥാനത്ത് ഇവർ എത്തി. ബഹിരാകാശത്തേക്ക് വരെ ആളുകളുടെ കയറ്റിയിടാൻ പദ്ധതിയിയുടുന്ന വെർജിൻ ഗ്രൂപ്പ് ചെയർമാർ റിച്ചാർഡ് ബ്രാൻഡ്സണോടാണ് പലരും അന്ന് മല്യയെ ഉപമിച്ചത്. ബിക്കിനി സുന്ദരിമാർക്കൊപ്പം പരസ്യങ്ങളിൽ നിറഞ്ഞ് ബ്രാൻഡ്സണും ഒരു ന്യൂ ലൈഫ് സ്റ്റെൽ മാനിയ സൃഷ്ടിച്ചിരുന്നു. നിങ്ങൾ ഇന്ത്യയുടെ റിച്ചാർഡ് ബ്രാൻഡ്സൺ ആണോ എന്ന ചോദ്യത്തിന്, അദ്ദേഹം ബ്രിട്ടീഷ് വിജയ്മല്യയാണെന്നാണ് മല്യ ഒരിക്കൽ മറുപടി പറഞ്ഞത്.
പക്ഷേ ആ തരംഗം അൽപ്പകാലവും നീണ്ടില്ല. ഒരു തത്വദീക്ഷയുമില്ലാത്ത വിമാനം വാങ്ങലുകൾ കിങ്ഫിഷറിനെ കുഴപ്പത്തിലാക്കി. വ്യോമയാന രംഗം തകർച്ചയെ നേരിടുന്ന ഘട്ടത്തിലാണ് കിങ്ഫിഷറിലേക്ക് മല്യ കാലെടുത്തുവച്ചത്. ഇന്ധന വില വർധനയെത്തുടർന്ന് ്വ്യോമയാന മേഖല അപ്പാടെ തകർച്ചയിലായിരുന്നു. എന്നാൽ, ഏറ്റവും മികച്ച സേവനങ്ങൾ നൽകണമെന്ന് വാശിപിടിച്ച മല്യ, ബോളിവുഡ് സുന്ദരിമാരെയും നേരിട്ട് തിരഞ്ഞെടുത്ത എയർഹോസ്റ്റസുമാരെയും ഉപയോഗിച്ചാണ് കിങ്ഫിഷറിന്റെ പ്രചാരണം നടത്തിയത്. തുടക്കത്തിൽ കിങ്ഫിഷർ ഒട്ടേറെ യാത്രക്കാരെ ആകർഷിച്ചിരുന്നു. കിങ്ഫിഷർ വളർന്നപ്പോൾ എയർ ഡെക്കാണിനെപ്പോലുള്ള ചെറുകിട വിമാനക്കമ്പനികൾ തകർന്നു തരിപ്പണമായി. 2007-ൽ എയർ ഡെക്കാൺ ഏറ്റെടുക്കാൻ മല്യ തയ്യാറായി. 550 കോടി രൂപ മുടക്കിയാണ് യുണൈറ്റഡ് ബ്രുവറീസ് ഡെക്കാണിൽ 26 ശതമാനം ഓഹരികൾ വാങ്ങിയത്. എയർ ഡെക്കാൺ വാങ്ങാനുള്ള തീരുമാനമാണ് കിങ്ഫിഷറിനെ നിലത്തിറക്കിയതെന്ന് വിലയിരുത്തുന്നവരേറെയാണ്.
ഒരുഘട്ടത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തായിരുന്നു കിങ്ഫിഷർ. 2008-ൽ ലണ്ടനിലേക്ക് വിമാനം പറത്തിക്കൊണ്ട് അന്താരാഷ്ട്ര വ്യോമയാന രംഗത്തും മല്യ ചുവടുവച്ചു. അന്താരാഷ്ട്ര വിമാന സർവീസുകളും ബജറ്റ് ആഭ്യന്തര സർവീസുകളും ഒരുമിച്ച് നടത്തിക്കൊണ്ടുപോയിരുന്ന കിങ്ഫിഷറിന് ഇന്ധന വില വർധിച്ചതോടെ പിടിച്ചുനിൽക്കാനാകാതെയായി. 2008 മാർച്ചിൽ കിങ്ഫിഷറിന്റെ കടം 934 കോടി രൂപയായി. ഒരുവർഷം കഴിഞ്ഞപ്പോൾ അത് 5665 കോടി രൂപയായി വർധിച്ചു. 2007-08ൽ 188 കോടി രൂപ നഷ്ടത്തിലായിരുന്നു കമ്പനി ഒരുവർഷം കഴിഞ്ഞപ്പോൾ 1608 കോടി നഷ്ടത്തിലേക്ക് കൂപ്പുകുത്തി.
എയർ ഡെക്കാൺ ഏറ്റെടുക്കാനുള്ള തീരുമാനമാണ് കിങ്ഫിഷറിനെ തകർത്തതെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. അന്താരാഷ്ട്ര വ്യോമയാന അസോസിയേഷൻ 5.2 ബില്യൺ ഡോളർ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ ഘട്ടത്തിലാണ് നഷ്ടത്തിൽ പ്രവർത്തിക്കുന്ന ഡെക്കാണിനെ സ്വന്തമാക്കാൻ മല്യ പണമിറക്കിയത്. 2009-10 ആയപ്പോഴേക്കും കിങ്ഫിഷറിന്റെ കടനം 7000 കോടി കവിഞ്ഞു. കിങ്ഫിഷറിന് നൽകിയ വായ്പകൾ ബാങ്കുകളുടെ കിട്ടാക്കടമായി മാറിയത് അക്കൊല്ലമാണ്. സ്റ്റേറ്റ് ബാങ്ക് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകൾ 1335 കോടി രൂപയുടെ കടം കിങ്ഫിഷറിലെ ഓഹരികളാക്കി മാറ്റി. കടം തിരിച്ചടയ്ക്കാനുള്ള കാലയളവ് ഒമ്പത് വർഷമായി ഉയർത്തുകയും ചെയ്തു. എന്നാലിതൊന്നും കിങ്ഫിഷറിനെ സഹായിച്ചില്ല.
അപ്പോഴും കറക്കം സ്വകാര്യ വിമാനത്തിൽ
എന്നാൽ, മല്യയാകട്ടെ ഇക്കാലയളവിനിടെ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്‌സിനെ 450 കോടിയോളം രൂപ മുടക്കി സ്വന്തമാക്കി. ഫോർമുല വണ്ണിൽ ഫോഴ്‌സി ഇന്ത്യ എന്ന പേരിൽ കാറും മത്സരത്തിനിറക്കി. ഇതിനിടെ 2010-ൽ കോടികൾ മുടക്കി രാജ്യസഭാ എംപി സ്ഥാനവും മല്യ സ്വന്തമാക്കി. കർണാടകയിൽനിന്നുള്ള സ്വതന്ത്രനായാണ് അദ്ദേഹം രാജ്യസഭയിലെത്തിയത്.
കോടികളുടെ കടം പെരുകിയപ്പോഴും കിങ്ഫിഷറിൽനിന്ന് മല്യ കോടികൾ വേതനം പറ്റിയിരുന്നു. 2011-ലും 2012-ലും 33.46 കോടി രൂപ വീതം. ജീവനക്കാർക്ക് ശമ്പളം പോലും കൊടുക്കാനില്ലാതെ 2012-ൽ കിങ്ഫിഷർ എയർലൈൻസ് നിലത്തിറങ്ങി. ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ടുപോലും കമ്പനി അടച്ചിരുന്നില്ല. 16,023 കോടിയായി കമ്പനിയുടെ നഷ്ടം.
സ്വകാര്യ വിമാനത്തിൽ കറങ്ങി നടന്നിരുന്ന മല്യക്ക് 2015 ഏപ്രിലിൽ സ്വകാര്യ വിമാനവും നഷ്ടമായി. എയർപോർട്ട് വാടക നൽകാത്തതിന്റെ പേരിൽ മുംബൈ വിമാനത്താവള അധികൃതർ മല്യയുടെ സ്വകാര്യ വിമാനം 22 ലക്ഷം രൂപയ്ക്ക് ലേലത്തിൽ വിറ്റു. സേവന നികുതിയിനത്തിൽ 115 കോടി രൂപ അടയ്ക്കാത്തതിന്റെ പേരിൽ നികുതി വകുപ്പ് കിങ്ഫിഷറിന്റെ എട്ട് വിമാനങ്ങളും ഹെലിക്കോപ്റ്ററുകളും പിടിച്ചെടുത്തു. എ 319 എയർബസടക്കം പിടിച്ചെടുത്തവയിൽപ്പെടുന്നു. കിങ്ഫിഷറിന്റെ ഫ്‌ളൈയിങ് പെർമിറ്റുകൾ 2013 ഫെബ്രുവരിയിൽ റദ്ദാക്കപ്പെട്ടിരുന്നു. എന്നാൽ, ഇത് പുതുക്കാനുള്ള 24 മാസ കാലയളവ് ഉപയോഗിച്ച് പുനരുജ്ജീവന പരിപാടികളുമായി മല്യ രംഗത്തുവന്നു. എന്നാൽ അതും പരാജയപ്പെടുകയായിരുന്നു.
പക്ഷേ ഇക്കാര്യമൊന്നും അധികം പുറം ലോകം അറിഞ്ഞിരുന്നില്ല. പക്ഷേ മല്യയെ ചുഴറ്റിയടിച്ചത് വെറിട്ടാസ് എന്ന സ്വതന്ത്ര സാമ്പത്തിക ഏജൻസിയുടെ കണ്ടെത്തലാണ്്. ഇന്ന് അദാനി ഗ്രൂപ്പിനെതിരെ ഹിൻഡൻബർഗ് രംഗത്ത് വന്നതുപോലെ, അവർ മല്യയുടെ കടങ്ങൾ മുഴവൻ കണ്ടെത്തി, ഈ കമ്പനി പൊളിയാൻ പോവുകയാണെന്ന് വെല്ലുവിളിച്ചു. ഇതോടെ ഓഹരി ഉടമകൾക്കിടയിൽ ഭീതിയാണ. മല്യ ആരാണിയവർ എന്ന് ക്രോധത്തോടെ പ്രതികിരച്ചു. പക്ഷേ അതോടെ ചാനൽ ചർച്ചകളായി. ഓഹരിമുല്യം കുത്തനെ ഇടിഞ്ഞു. കാര്യങ്ങൾ എല്ലാം കൈവിട്ടുപോയി.
മദ്യവും കാമുകിമാരുമായി കോടികളുടെ ധുർത്ത്
ശമ്പളം കിട്ടായെ ആയതോടെ കിങ്ങ്ഫിഷറിലെ ജീവനക്കാർ സമരം തുടങ്ങി. പക്ഷേ മല്യ മൈൻഡ് ചെയ്തില്ല. ആറുമാസത്തെ ശമ്പളം പെൻഡിങ്ങ് ആയതോടെ ഒരു ജീവനക്കാരന്റെ ഭാര്യ മല്യയെ കുറ്റപ്പെടുത്തി കത്തെഴുതി ആത്മഹത്യ ചെയ്തു. ഇതോടെ പൊതുജനരോഷം ഉയന്നിട്ടും മല്യ ഒരു പൈസപോലും ജീവനക്കാർക്ക് നൽകിയില്ല. ഇതോടെ 'ആ ക്രമിനലിനെ അറസ്റ്റ് ചെയ്യു' എന്ന പ്ലാക്കാർഡുമായി, മല്യയുടെ സ്വപ്ന പദ്ധതിയിലെ ജീവനക്കാർ തന്നെ തെരുവിലിറങ്ങി.
ഒരു ഭാഗത്ത് ജീവനക്കാർ പട്ടിണി കിടക്കുമ്പോഴും, ഐപിഎല്ലും ഫോർമുലാ വൺ കാറോട്ടവുമൊക്കെയായി കോടികൾ പൊടിക്കയായിരുന്നു മല്യ. 2015ൽ കോടികൾ പൊടിച്ചാണ് അയാൾ ഗോവയിൽവെച്ച് തന്റെ ജന്മദിനം ആഘോഷിച്ചത്. ഇരുനൂറിലധികം അതിഥികൾ വന്ന ആ പരിപാടിയിൽ ഒറ്റരാത്രികൊണ്ട പൊടിഞ്ഞത് 15 കോടി രൂപയാണ്! ഇതിനെതിരെ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ അടക്കമുള്ളവർ രംഗത്ത് എത്തി.
2005- 15 കോടിയുണ്ടായിരുന്നു കിങ്്ഫിഷറിന്റ കടം 2010ൽ 7005 കോടിയായിരുന്നു. അത് ഒന്നും അടക്കാതെയാണ് മല്യ ധുർത്ത് കാട്ടിയത്. 2010ൽ ദേവഗൗഡയെ പിടിച്ച് വീണ്ടും രാജ്യസഭയിലേക്ക് സീറ്റ് തരപ്പെടുത്തി. 30 ശതമാനം ഹാജർപോലും രാജ്യസഭയിൽ ഉണ്ടായിരുന്നില്ല. സ്പോർട്സ് കാറിൽ പാർലിമെന്റിൽ എത്തുന്നത് ചർച്ചയായി. മണിക്കുറിൽ 290 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുന്ന കോടികൾ വിലമതിക്കുന്ന കാറിലായിരുന്നു മല്യ പാർലിമെന്റിൽ എത്തിയത്.
മല്യക്ക് എത്ര കാമുകിമാരും വെപ്പാട്ടികളും ഉണ്ടെന്ന് അദ്ദേഹത്തിന് പോലും അറിയാത്ത അവസ്ഥയായിരുന്നു. 2016ൽ നാടുവിട്ട് പോവുമ്പോളും പിങ്കി അൽവാനി എന്ന കാമുകി ഒപ്പമുണ്ടായിരുന്നു. യുണൈറ്റഡ് ബ്രിവറീസ്ഒരു വിദേശകമ്പനിക്ക് വിറ്റതുവഴി കിട്ടിയ 40 മില്യൻ ഡോളറുമാണ് അയാൾ മുങ്ങിയത്. അതിനിടെ ആയിരം കോടി അവരുടെ അക്കൗണ്ടിൽനിന്ന് അടിച്ചുമാറ്റുകയും ചെയ്യു. ഇ ഡി മല്യക്കെതിരെ മണി ലോണ്ടറിങ് കേസും എടുത്തിട്ടുണ്ട്. ബാങ്ക് വായ്്പ്പയെടുത്ത് ഫോർമുല വൺ റേസ് നടത്തിയെന്നാണ് കുറ്റം.
ഇത്രയേറെ കേസുകൾ ഉണ്ടായിട്ടും, സിബിഐ നോട്ടീസ് ഉണ്ടായിരുന്നിട്ടും പൊടുന്നനെ മല്യക്ക് മുങ്ങാൻ കഴിഞ്ഞതും ഭരണ സ്വാധീനം കൊണ്ടാണ്. അന്ന് ഉച്ചവരെ രാജ്യസഭയുടെ ലോബിയിൽ കഴിഞ്ഞ മല്യ, രണ്ടുമണിക്കൂർ മുമ്പ് മാത്രമാണ് ലണ്ടനിലേക്ക് ടിക്കറ്റ് എടുത്തത്. സാധാരണയിൽ കവിഞ്ഞ അഞ്ചിരട്ടി ലഗേജ് ഉണ്ടായിട്ടും ആരും സംശയിച്ചില്ല. പക്ഷേ അപ്പേഴേക്കും തനിക്കുള്ള സിബിഐയുടെ തടുഞ്ഞുവെക്കൽ നോട്ടീസ്, ഇൻഫർമേഷൻ നോട്ടീസ് ആക്കി മാറ്റാനും മല്യക്ക് കഴിഞ്ഞു. അങ്ങനെ ഒരു രാജ്യത്തെ മുഴുവൻ വിഡ്ഡിയാക്കി അയാൾ മുങ്ങി.
2016 മുതൽ വിജയ് മല്യ യുകെയിലാണ്. പത്തുമുപ്പത് ഏക്കർ വരുന്ന ഒരു എസ്്റ്റേറ്റിന്റെ നടുക്ക്, കൊട്ടാരം പോലെ ഒരു വീട്ടിലാണ് താമസം. അതിനിടെ ഒരു മാനസാന്തരവും മല്യക്കുണ്ടായി. ഇന്ത്യ ലോക്ക്ഡൗണും സാമ്പത്തിക പ്രതിസന്ധിയും നിലനിൽക്കുമ്പോൾ, പണം പൂർണമായും മടക്കി നൽകാൻ തയാറാണെന്ന് വിജയ് മല്യ പറഞ്ഞിരുന്നു. 9,000 കോടി രൂപയും തിരികെ അടക്കാമെന്നാണ് ധനമന്ത്രി നിർമലാ സീതാരാമനോട് ഇയാൾ അഭ്യർത്ഥിച്ചത്. ബാങ്കുകൾ പണം സ്വീകരിച്ച് കണ്ടുകെട്ടിയ സ്വത്ത് വകകൾ തിരികെ നൽകാൻ തയാറാവണമെന്നും മല്യ ആവശ്യപ്പെട്ടിരുന്നു. പക്ഷേ ഇന്ത്യ ഇത് അംഗീകരിച്ചിട്ടില്ല.
മല്യയുടെ 7000 കോടിയുള്ള ആസ്തി അറ്റാച്ച് ചെയ്തു കഴിഞ്ഞു. നിയമ നടപടികളിലുടെ അയാളെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന നടപടി ക്രമങ്ങളും പുരോഗമിക്കയാണ്. ഇന്ത്യയിൽ എത്തിയാൽ ജയിൽ വാസം എന്ന വിധിയാണ് മല്യയെ കാത്തിരിക്കുന്നത്. കാരണം കള്ളപ്പണം വെളുപ്പിക്കലും, വഞ്ചനയും അടക്കമുള്ള നിരവധി കേസുകൾ ആയാളെ കാത്തിരിക്കുന്നുണ്ട്. പക്ഷേ ഇപ്പോഴും പൂത്ത പണമുണ്ട് മല്യയുടെ കൈയിൽ. ഒപ്പം ക്രമിനൽ ബുദ്ധിയും. അതുകൊണ്ടുതന്നെ, അയാൾക്ക് എന്ത് സംഭവിക്കുമെന്ന് ഒരാൾക്കും പറയാൻ കഴിയില്ല. പണത്തിനുമീതെ പരുന്തും പറക്കില്ല എന്നാണെല്ലോ. പ്രത്യേകിച്ച് ഇന്ത്യയിൽ!
വാൽക്കഷ്ണം: ഇന്ത്യയിലെ സോഷ്യലിസ്റ്റുകൾ എന്നുപറയുന്ന നമ്മുടെ വീരേന്ദ്രകുമാർ അടക്കമുണ്ടായിരുന്ന, ഇപ്പോൾ എൽഡിഎഫിൽ തുടരുന്ന ജെഡിയു എന്ന പാർട്ടിയും, ദേവഗൗഡയുമാണ്, മല്യയുടെ എല്ലാ തരികിടകൾക്കും കൂട്ടുനിന്നത്. പക്ഷേ സിപിഎമ്മുകാർ ഇപ്പോഴും പ്രചരിപ്പിക്കുന്നത് ബിജെപിയുടെയും കോൺഗ്രസിന്റെ തണലിലാണ് മല്യ വളർന്നതെന്നാണ്. അതുപോലെ പച്ചക്കളമാണ് മല്യയുടെ കോടികൾ എഴുതിത്ത്ത്ത്ത്തള്ളിയെന്നതും. ഒരു പൈസ പോലും സർക്കാർ തള്ളിയിട്ടില്ല എന്നതാണ് സത്യം.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ