- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതിയ അംഗങ്ങള്‍ക്ക് ഭക്ഷിക്കാന്‍ ശത്രുക്കളുടെ ഹൃദയം! ജീവനോടെ ആസിഡ് ടാങ്കുകളില്‍ മുക്കിക്കൊല്ലും; 100 ബില്യന്‍ ഡോളറിന്റെ ആസ്തി; സിംഹങ്ങളും പുലികളുമുള്ള വീട്; ഡോണായി മാറിയ മുന്‍ പൊലീസുകാരന്; ലോകത്തിലെ ഏറ്റവും അപകടകാരിയായ ഡ്രഗ് കാര്‍ട്ടല്‍ തലവന്‍ കൊല്ലപ്പെടുമ്പോള്‍
ലോകത്തിലെ ഏറ്റവും അപകടകാരിയായ ഡ്രഗ് കാര്‍ട്ടല്‍ തലവന്‍ കൊല്ലപ്പെടുമ്പോള്‍

ഒരു അധോലോകനായകന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഒരു രാജ്യം നിന്ന് കത്തുക! ലഹരി മാഫിയയായ ജാലിസ്‌കോ ന്യൂ ജനറേഷന്‍ കാര്‍ട്ടലിന്റെ തലവന്‍ നെമെസിയോ ഒസെഗ്വേര സെര്‍വാന്റസ് എന്ന ഏല്‍ മെന്‍ചോയുടെ കൊലപാതകമാണ് മെക്സിക്കോ തെരുവുകളെ കലുഷിതമാക്കുന്നത്. ലോകത്തെ തന്നെ ഏറ്റവും അപകടകാരിയായ ലഹരിമാഫിയാ തലവന്‍ എന്നാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് അമേരിക്കന്‍ സര്‍ക്കാര്‍ 1.5 കോടി ഡോളറും (ഏകദേശം 125 കോടി രൂപ), മെക്സിക്കന്‍ സര്‍ക്കാര്‍ 3 കോടി പെസോയും പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. സൈനിക ഹെലികോപ്റ്ററുകള്‍ വെടിവെച്ചിടാനും ഡ്രോണുകള്‍ ഉപയോഗിച്ച് ബോംബാക്രമണം നടത്താനും മടിക്കാത്ത അതിക്രൂരമായ ആക്രമണ ശൈലിയായിരുന്നു ഇദ്ദേഹത്തിന്റേത്. പക്ഷേ അത്ഭുതം അതല്ല. സാധാരണക്കാരായ ജനങ്ങളില്‍ നല്ലൊരു പങ്കും ഈ നരാധമന് ഒപ്പമാണ്. തന്റെ കൊള്ളമുതലില്‍ ഒരു ഭാഗം നല്‍കി അയാള്‍ ജനങ്ങളെ പാട്ടിലാക്കിയിരിക്കയാണ്!
മെന്‍ചോ കൊല്ലപ്പെട്ട വാര്‍ത്ത പുറത്തുവന്നതോടെ ഡ്രഗ് മാഫിയ മെക്സിക്കോയിലെ വിവിധ സംസ്ഥാനങ്ങളില്‍ ആസൂത്രിതമായ അക്രമങ്ങള്‍ അഴിച്ചുവിട്ടിരിക്കയാണ്. ഇരുപതോളം സംസ്ഥാനങ്ങളിലായി ഇരുന്നൂറ്റമ്പതിലധികം സ്ഥലങ്ങളില്‍ വാഹനങ്ങള്‍ കത്തിച്ചും മറ്റും ഗുണ്ടാസംഘങ്ങള്‍ റോഡ് തടസ്സപ്പെടുത്തിയിട്ടുണ്ടെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. സൂപ്പര്‍മാര്‍ക്കറ്റുകള്‍, ബാങ്കുകള്‍, ബിസിനസ്സ് സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് നേരെ വ്യാപകമായ തീവെപ്പും ആക്രമണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജാലിസ്‌കോ ഗവര്‍ണര്‍ പലയിടങ്ങളിലും പൊതുഗതാഗതം താല്‍ക്കാലികമായി നിരോധിച്ചിരിക്കയാണ്.
ഗ്വാഡലഹാര, പ്യൂര്‍ട്ടോ വലര്‍ട്ട വിമാനത്താവളങ്ങള്‍ക്ക് നേരെ ആക്രമണ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ നിരവധി സര്‍വീസുകള്‍ റദ്ദാക്കി. എയര്‍ കാനഡ ഉള്‍പ്പെടെയുള്ള വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. മെക്സിക്കോയിലെ ഇന്ത്യന്‍ എംബസി കടുത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജാലിസ്‌കോ, തമൗലിപാസ്, മിച്ചോവാകാന്‍, ഗ്വിറേറോ, ന്യൂവോ ലിയോണ്‍ എന്നീ സംസ്ഥാനങ്ങളിലുള്ള ഇന്ത്യക്കാര്‍ വീടുകള്‍ക്കോ ഹോട്ടലുകള്‍ക്കോ ഉള്ളില്‍ തന്നെ കഴിയണമെന്നും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും എംബസി അറിയിച്ചു. അമേരിക്കയും കാനഡയും തങ്ങളുടെ പൗരന്മാര്‍ക്കായി സമാനമായ യാത്രാ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
മെന്‍ചോയുടെ മരണത്തെത്തുടര്‍ന്നുണ്ടായ അരാജകത്വം അടിച്ചമര്‍ത്താന്‍ മെക്സിക്കന്‍ സര്‍ക്കാര്‍ ടഓപ്പറേഷന്‍ ജാലിസ്‌കോ' എന്ന പേരില്‍ ശക്തമായ സൈനിക നീക്കങ്ങളാണ് നടത്തുന്നത്. അക്രമം രൂക്ഷമായ ജാലിസ്‌കോ, മിച്ചോവാകാന്‍ സംസ്ഥാനങ്ങളിലേക്ക് അയ്യായിരത്തിലധികം നാഷണല്‍ ഗാര്‍ഡ് അംഗങ്ങളെ അധികമായി അയച്ചിട്ടുണ്ട്. കാര്‍ട്ടല്‍ അംഗങ്ങള്‍ ഒളിച്ചിരിക്കുന്ന കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ സൈനിക ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ച് 24 മണിക്കൂര്‍ നിരീക്ഷണം നടത്തുന്നുണ്ട്. കാര്‍ട്ടലുകള്‍ വിമാനങ്ങള്‍ വെടിവെച്ചിടുമെന്നും ആശങ്കയുണ്ട്. നോക്കുക, രാജ്യത്തിനുള്ളിലെ രാജ്യം എന്ന് പറഞ്ഞതുപോലെ, സ്വന്തമായി സൈന്യമുള്ള ഒരു രാജാവായി ഈ മാഫിയാ തലവന്‍ മാറിക്കഴിഞ്ഞു.
കാക്കി കളഞ്ഞ് ഡോണാവുന്നു
ഫെബ്രുവരി 22 ഞായറാഴ്ച മെക്സിക്കന്‍ സൈന്യത്തിന്റെ പ്രത്യേക ഓപ്പറേഷനിടെയാണ് ട്രംപ് തലക്ക് വിലയിട്ട, മെന്‍ചോ കൊല്ലപ്പെട്ടത്. പടിഞ്ഞാറന്‍ സംസ്ഥാനമായ ജാലിസ്‌കോയിലെ തപാല്‍പയില്‍ വെച്ചുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ ഇദ്ദേഹം, മെക്സിക്കോ സിറ്റിയിലേക്ക് മാറ്റുന്നതിനിടെയാണ് മരിച്ചത്.1966 ജൂലൈ 17-ന് മെക്സിക്കോയിലെ മിച്ചോവാകാന്‍ സംസ്ഥാനത്തുള്ള അഗിലില്ല എന്ന ദരിദ്ര ഗ്രാമത്തിലാണ് നെമെസിയോ ഒസെഗ്വേര സെര്‍വാന്റസ് എന്ന മെന്‍ചോ ജനിച്ചത്. ആറ് സഹോദരങ്ങളടങ്ങുന്ന ഒരു കര്‍ഷക കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ബാല്യം. സാമ്പത്തിക പ്രയാസങ്ങള്‍ കാരണം അഞ്ചാം ക്ലാസ്സില്‍ വെച്ച് പഠനം ഉപേക്ഷിക്കേണ്ടി വന്നു.
സ്‌കൂള്‍ ഉപേക്ഷിച്ചതോടെ കുടുംബത്തോടൊപ്പം അവോക്കാഡോ തോട്ടങ്ങളില്‍ പണിക്കാരനായി അദ്ദേഹം ജോലി ചെയ്തു. തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ ജീവിതം മെക്സിക്കോയിലെ ഏതൊരു അധോലോക നായകനും സമാനമാണ്. 14-ാം വയസ്സില്‍ തന്നെ ലഹരിക്കടത്ത് സംഘങ്ങളുമായി ബന്ധപ്പെട്ടു. കഞ്ചാവ് തോട്ടങ്ങള്‍ക്ക് കാവല്‍ നില്‍ക്കുന്ന ജോലിയാണ് ആദ്യം ചെയ്തിരുന്നത്. 1980-കളില്‍ മെച്ചപ്പെട്ട ജീവിതം തേടി അനധികൃതമായി അമേരിക്കയിലെ കാലിഫോര്‍ണിയയിലേക്ക് കുടിയേറി. അവിടെ വെച്ച് ഹെറോയിന്‍ വില്‍പനയില്‍ ഏര്‍പ്പെടുകയും പലതവണ അറസ്റ്റിലാകുകയും ചെയ്തു. 1994-ല്‍ ഹെറോയിന്‍ കടത്തിന് അമേരിക്കന്‍ കോടതി മെന്‍ചോയെ മൂന്ന് വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം ഇദ്ദേഹത്തെ മെക്സിക്കോയിലേക്ക് നാടുകടത്തി.
നാട്ടില്‍ തിരിച്ചെത്തിയ അദ്ദേഹം കുറച്ചുകാലം ഹാലിസ്‌കോ സംസ്ഥാനത്ത് പോലീസ് ഉദ്യോഗസ്ഥനായി ജോലി ചെയ്തു. എന്നാല്‍ അധികം വൈകാതെ തന്നെ ജോലി ഉപേക്ഷിച്ച് ലഹരിമാഫിയ സംഘമായ മിലീനിയോ കാര്‍ട്ടലില്‍ ചേര്‍ന്നു. പിന്നീട് തന്റെ ഭാര്യയായ റൊസാലിന്‍ഡ വലന്‍സിയയുടെ കുടുംബമായ വലന്‍സിയ ക്ലാന്‍ അക്കാലത്ത് ലഹരിക്കടത്ത് മേഖലയില്‍ ശക്തമായിരുന്നു. ഈ കുടുംബവുമായുള്ള ബന്ധവും ലഹരിമാഫിയയില്‍ നിന്ന് ലഭിക്കുന്ന വലിയ സാമ്പത്തിക ലാഭവുമാണ് മെന്‍ചോയെ പോലീസ് യൂണിഫോം ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ചത്. നിയമപാലകനായി തുടരുന്നതിനേക്കാള്‍ ലാഭകരം ക്രിമിനല്‍ സംഘത്തിന്റെ ഭാഗമാകുന്നതാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.
പോലീസിലായിരുന്നപ്പോള്‍ അദ്ദേഹം ഒരു മികച്ച ഉദ്യോഗസ്ഥനായിരുന്നില്ല. മറിച്ച്, ലഹരി കടത്തുകാര്‍ക്ക് വേണ്ടിയുള്ള ഒരു 'ഇന്‍സൈഡര്‍' ആയാണ് പ്രവര്‍ത്തിച്ചിരുന്നത്. പോലീസ് രഹസ്യങ്ങള്‍ മാഫിയാ സംഘങ്ങള്‍ക്ക് ചോര്‍ത്തി നല്‍കാനും അവര്‍ക്ക് സംരക്ഷണം ഒരുക്കാനും അയാള്‍ തന്റെ അധികാരം ഉപയോഗിച്ചു. പോലീസില്‍ നിന്ന് ലഭിച്ച ആയുധ പരിശീലനവും തന്ത്രങ്ങളും പില്‍ക്കാലത്ത് സ്വന്തം കാര്‍ട്ടല്‍ കെട്ടിപ്പടുക്കാന്‍ സഹായിച്ചു.
മിലീനിയോ കാര്‍ട്ടലിലെ ശക്തമായ 'വലന്‍സിയ' കുടുംബത്തിലെ അംഗമായ റൊസാലിന്‍ഡ വലന്‍സിയയെ വിവാഹം കഴിച്ചത് അദ്ദേഹത്തിന് അധോലോകത്ത് കൂടുതല്‍ സ്വാധീനമുണ്ടാക്കാന്‍ സഹായിച്ചു. 2009-ഓടെ മിലീനിയോ കാര്‍ട്ടലിലുണ്ടായ ആഭ്യന്തര തര്‍ക്കങ്ങളെത്തുടര്‍ന്ന് അദ്ദേഹം സ്വന്തമായി ഒരു സംഘം രൂപീകരിച്ചു. ഇതാണ് പിന്നീട് ലോകത്തെ തന്നെ ഏറ്റവും ക്രൂരമായ ലഹരി മാഫിയകളില്‍ ഒന്നായ 'ജാലിസ്‌കോ ന്യൂ ജനറേഷന്‍ കാര്‍ട്ടല്‍' (സിജെഎന്‍ജി) ആയി മാറിയത്. പോലീസ് സേനയിലുണ്ടായിരുന്ന പരിചയവും സൈനിക രീതിയിലുള്ള ആക്രമണ തന്ത്രങ്ങളും ഇദ്ദേഹത്തെ ചുരുങ്ങിയ കാലം കൊണ്ട് മെക്സിക്കോയിലെ ഏറ്റവും വലിയ ലഹരി രാജാവായി ഉയര്‍ത്തി.
നരഭോജനമടക്കമുള്ള ക്രൂരത
ഏല്‍ മെന്‍ചോ വെറുമൊരു ലഹരിക്കടത്തുകാരന്‍ മാത്രമായിരുന്നില്ല, മറിച്ച് മെക്സിക്കോ കണ്ട ഏറ്റവും ക്രൂരനായ കൊലയാളി കൂടിയായിരുന്നു. വാഷിംഗ്ടണ്‍ പോസ്റ്റ് പോലുള്ള മാധ്യമങ്ങള്‍ ഇയാളെ വിശേഷിപ്പിക്കുന്നത് 'ഭീകരതയുടെ ആള്‍രൂപം' എന്നാണ്. ഏല്‍ മെന്‍ചോ നേരിട്ടും അല്ലാതെയും ആയിരക്കണക്കിന് കൊലപാതകങ്ങള്‍ക്ക് ഉത്തരവിട്ടിട്ടുണ്ട്. ഇയാളുടെ സംഘം എതിരാളികളെയും സാധാരണക്കാരെയും ഒരുപോലെ വേട്ടയാടി. കൃത്യമായ ഒരു കണക്ക് ലഭ്യമല്ലെങ്കിലും മെക്സിക്കോയിലെ പതിനായിരക്കണക്കിന് ആളുകളുടെ കാണാതാകലിന് പിന്നില്‍ ഈ കാര്‍ട്ടലാണെന്ന് കരുതപ്പെടുന്നു. ശത്രുക്കളെ കൊല്ലാന്‍ പൈശാചികമായ വഴികളാണ് ഈ നരാധമന്‍ സ്വീകരിച്ചിരുന്നത്. മൃതദേഹങ്ങള്‍ തുണ്ടംതുണ്ടമാക്കി പാലങ്ങളിലും നഗരമധ്യത്തിലും കെട്ടിത്തൂക്കി പ്രദര്‍ശിപ്പിക്കും. ജനങ്ങള്‍ക്കിടയില്‍ ഭീതി പടര്‍ത്താനായിരുന്നു ഇത്.
ശത്രുക്കളെ ജീവനോടെ ആസിഡ് ടാങ്കുകളില്‍ മുക്കി കൊല്ലുന്ന രീതി ഇയാളുടെ സംഘം വ്യാപകമായി ഉപയോഗിച്ചിരുന്നു. ഇതിനായി 'എല്‍ പോസോളെറോ' എന്ന പേരില്‍ പ്രത്യേക സംഘത്തെ ഇവര്‍ നിയമിച്ചിരുന്നു. 2015-ല്‍ മെന്‍ചോയുടെ സംഘം മെക്സിക്കന്‍ സൈന്യത്തിന്റെ ഹെലികോപ്റ്റര്‍ റോക്കറ്റ് ലോഞ്ചര്‍ ഉപയോഗിച്ച് വെടിവെച്ചിട്ടു! നിരവധി ജഡ്ജിമാരെയും പോലീസ് ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും ഇയാള്‍ പരസ്യമായി വധിച്ചിട്ടുണ്ട്.
യുദ്ധമുഖത്തെപ്പോലെ സ്ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണുകള്‍ ഉപയോഗിച്ച് ഗ്രാമങ്ങളെയും പോലീസ് സ്റ്റേഷനുകളെയും ആക്രമിക്കുന്ന രീതി മെക്സിക്കോയില്‍ ആദ്യമായി കൊണ്ടുവന്നത് ഇവരാണ്. മെന്‍ചോയുടെ ക്രൂരതകള്‍ക്ക് ഇരയായവരെ കണ്ടെത്താന്‍ ഇപ്പോഴും മെക്സിക്കോയിലെ കാടുകളില്‍ കൂട്ടക്കുഴിമാടങ്ങള്‍ പരിശോധിക്കാറുണ്ട്. പുതിയതായി സംഘത്തില്‍ ചേരുന്നവര്‍ക്ക് നല്‍കുന്ന പരീക്ഷണങ്ങളില്‍ ഒന്നായി കൊല്ലപ്പെട്ട ശത്രുക്കളുടെ ഹൃദയം ഭക്ഷിക്കാന്‍ ഇയാള്‍ നിര്‍ബന്ധിക്കാറുണ്ടായിരുന്നുവെന്ന് മെക്സിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്! ഇത് നിറംപിടിപ്പിച്ച കഥയാണെന്നായിരുന്നു ആദ്യം വാര്‍ത്തകള്‍ വന്നത്. പക്ഷേ കാര്‍ട്ടലില്‍നിന്ന് രക്ഷപ്പെട്ടവര്‍ തങ്ങള്‍ക്ക് ഈ അനുഭവമുണ്ടായി എന്ന് തുറന്ന് പറഞ്ഞിട്ടുണ്ട്. ആസിഡിലിട്ട് ശത്രുക്കളുടെ ശരീരം ഉരുക്കിയശേഷം ഹൃദയം തീറ്റിച്ച അനുഭവം പലരും പറഞ്ഞിട്ടുണ്ട്.
100 ബില്യന്‍ ആസ്തി; എന്നിട്ടും
ഏല്‍ മെന്‍ചോയുടെ ആഡംബര ജീവിതത്തെയും ആസ്തിയെയും കുറിച്ചുള്ള വിവരങ്ങള്‍ ശരിക്കും അമ്പരപ്പിക്കുന്നതാണ്. ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ച ഇയാള്‍ ഇപ്പോള്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ സമ്പന്നരില്‍ ഒരാളാണ്. അമേരിക്കന്‍ ഏജന്‍സിയായ ഡ്രഗ് എന്‍ഫോസ്മെന്റ് അഡ്മിസ്ട്രേഷന്‍ (ഡിഇഎ) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ഏല്‍ മെന്‍ചോയുടെയും അദ്ദേഹത്തിന്റെ കാര്‍ട്ടലായ സിജിഎന്‍ജിയുടെയും ആസ്തി 100 ബില്യണ്‍ ഡോളറിന് (ഏകദേശം 8.3 ലക്ഷം കോടി രൂപ) മുകളിലാണ്. ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിമിനല്‍ സംഘടനയായാണ് ഇത് കണക്കാക്കപ്പെടുന്നത്.
മെക്സിക്കോയിലുടനീളം നൂറുകണക്കിന് സുരക്ഷിത താവളങ്ങളും കൊട്ടാരസമാനമായ ബംഗ്ലാവുകളും ഇയാള്‍ക്കുണ്ടായിരുന്നു. ഇതില്‍ അതിമനോഹരമായ പൂന്തോട്ടങ്ങള്‍, സ്വിമ്മിംഗ് പൂളുകള്‍, അത്യാധുനിക സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. മയക്കുമരുന്ന് രാജാക്കന്മാരുടെ പൊതുവായ ശൈലി പിന്തുടര്‍ന്ന്, തന്റെ ബംഗ്ലാവുകളില്‍ പുലികള്‍, സിംഹങ്ങള്‍ തുടങ്ങിയ വന്യമൃഗങ്ങളെ വളര്‍ത്തുന്ന സ്വകാര്യ മൃഗശാലകള്‍ ഇയാള്‍ക്കുണ്ടായിരുന്നു. റെയ്ഡുകളില്‍ സ്വര്‍ണ്ണം പൂശിയ തോക്കുകളും വജ്രം പതിപ്പിച്ച വാച്ചുകളും വിലപിടിപ്പുള്ള പുരാവസ്തുക്കളും ഇയാളുടെ കേന്ദ്രങ്ങളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
വെടിയുണ്ടകളെ പ്രതിരോധിക്കുന്ന നൂറുകണക്കിന് അത്യാധുനിക കാറുകളും പ്രൈവറ്റ് ജെറ്റുകളും ഇയാള്‍ക്കുണ്ടായിരുന്നു. റെസ്റ്റോറന്റുകള്‍, റിയല്‍ എസ്റ്റേറ്റ്, അഗ്രിക്കള്‍ച്ചറല്‍ ബിസിനസ്സുകള്‍ എന്നിവയിലൂടെയാണ് ഇയാള്‍ ഈ പണം വെളുപ്പിച്ചിരുന്നത്. ഭാര്യയുടെ കുടുംബമായ 'ലോസ് കുയിനിസ്' ആണ് ഈ സാമ്പത്തിക സാമ്രാജ്യം നിയന്ത്രിച്ചിരുന്നത്. ഇത്രയധികം സമ്പത്തുണ്ടായിരുന്നിട്ടും, സുരക്ഷാ ഏജന്‍സികളെ ഭയന്ന് ജീവിതത്തിന്റെ അവസാന കാലം മെന്‍ചോ മെക്സിക്കോയിലെ വനമേഖലകളിലും മലനിരകളിലുമാണ് ഒളിവില്‍ കഴിഞ്ഞിരുന്നത്. ഗുഹകളില്‍ വലിയ തുരങ്കങ്ങളുണ്ടാക്കിയാണ് അവസാനകാലത്ത് ഇയാളും സംഘവും അതിജീവിച്ചിരുന്നത്. അമേരിക്കയിലേക്ക് ഡ്രഗ് കടത്തുവഴി കിട്ടിയ കോടികളുടെ പണം ഇയാള്‍ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കുമായി ഉപയോഗിച്ചിരുന്നു. അതുവഴി റോബിന്‍ഹുഡ് പ്രതിഛായ ഉണ്ടാക്കിയെടുക്കാനും കഴിഞ്ഞു.
ഹൈഡ്ര ഇഫക്റ്റില്‍ തുടരുന്ന കൊല
അധോലോക സംഘങ്ങളെക്കുറിച്ച് പഠിക്കുന്നവര്‍ എഴുതുന്ന ഒരു പ്രധാന സാധനമുണ്ട്. അതാണ് ഹൈഡ്ര ഇഫക്റ്റ്. ഒരു കാര്‍ട്ടല്‍ തലവന്‍ കൊല്ലപ്പെടുമ്പോഴോ അറസ്റ്റിലാകുമ്പോഴോ ആ സംഘം പലതായി പിളരുകയും അധികാരത്തിനായി പരസ്പരം പോരടിക്കുകയും ചെയ്യുന്നു. ഹൈഡ്രയുടെ കോളനികള്‍ വിഭജിക്കുന്നതുപോലെ!
മെന്‍ചോയുടെ മരണത്തിനുശേഷവും സംഭവിക്കാന്‍ പോവുന്നത് ഇതുതന്നെയാണ്. ഇനി അധികാരത്തകര്‍ക്കവും ചോരപ്പുഴയുമാണ് ഈ കാര്‍ട്ടലിനെ കാത്തിരിക്കുന്നത.് മെന്‍ചോയുടെ പിന്‍ഗാമിയായി കാര്‍ട്ടലിന്റെ തലപ്പത്തേക്ക് വരുമെന്ന് കരുതപ്പെടുന്ന പ്രധാനിയാണ് ഔഡെന്‍ ഗോണ്‍സാലസ് മാര്‍ട്ടിനസ് അഥവാ എല്‍ ഫ്ലെച്ച. ഏല്‍ മെന്‍ചോയുടെ ഏറ്റവും വിശ്വസ്തരായ കമാന്‍ഡര്‍മാരില്‍ ഒരാളായാണ് എല്‍ ഫ്ലെച്ച അറിയപ്പെടുന്നത്. കാര്‍ട്ടലിന്റെ സായുധ വിഭാഗമായ ഗ്രൂപ്പോ എലൈറ്റിന്റെ പ്രധാന ചുമതലക്കാരിലൊരാളാണ് ഇദ്ദേഹം. മെന്‍ചോയെപ്പോലെ തന്നെ അതിക്രൂരമായ ആക്രമണ ശൈലിയാണ് ഇദ്ദേഹത്തിന്റേതും. എതിരാളികളായ സിനലോവ കാര്‍ട്ടലിനെതിരെ നേരിട്ടുള്ള യുദ്ധം നയിക്കുന്നത് എല്‍ ഫ്ലെച്ചയാണ്.
പക്ഷേ മെന്‍ചോയുടെ മരുമകന്‍ ജൂലിയോ അല്‍ബെര്‍ട്ടോ കാസ്റ്റിലോ റോഡ്രിഗസിന്റെ പേരും പിന്‍ഗാമിയായി പറഞ്ഞുകേള്‍ക്കുന്നുണ്ട്. അതിനിടെ അടുത്ത തലവനായി മകന്‍ എല്‍ മെന്‍ചിറ്റോ വരുമെന്ന്, സാമൂഹ്യമാധ്യമങ്ങളില്‍ വീഡിയോകള്‍ പ്രചരിച്ചിരുന്നു. പക്ഷേ ഇത് വ്യാജമാണ്. തന്തയേക്കള്‍ ക്രൂരനായ ഈ അഴുക്ക ചെക്കന്‍ ഇപ്പോള്‍ അമേരിക്കന്‍ ജയിലിലാണ്. ഏല്‍ മെന്‍ചോയ്ക്ക് തൊട്ടുതാഴെ കാര്‍ട്ടലിന്റെ രണ്ടാം സ്ഥാനത്തായിരുന്നു എല്‍ മെന്‍ചിറ്റോ. കാര്‍ട്ടലിന്റെ സാമ്പത്തിക കാര്യങ്ങളും അന്താരാഷ്ട്ര ലഹരിക്കടത്തും നിയന്ത്രിച്ചിരുന്നത് ഇദ്ദേഹമായിരുന്നു. കൊളറാഡോയിലെ അതീവ സുരക്ഷയുള്ള 'ഫ്ലോറന്‍സ് സൂപ്പര്‍മാക്സ്' ജയിലിലാണ് മെന്‍ചിറ്റോയെ പാര്‍പ്പിച്ചിരിക്കുന്നത്. കുപ്രസിദ്ധ ലഹരിരാജാവ് എല്‍ ചാപ്പോയും ഇതേ ജയിലിലാണുള്ളത്.
മെന്‍ചോയുടെ മകളായ ജെസീക്ക ജോഹന്നനയും ആരെയും വിറപ്പിക്കുന്ന അധോലോക നായികയാണ്. കാര്‍ട്ടലിന് വേണ്ടി പണം വെളുപ്പിക്കുന്നതാണ് ഇവരുടെ പ്രധാന പരിപാടി. 2020 ഫെബ്രുവരിയില്‍ വാഷിംഗ്ടണ്‍ ഡി.സി.യില്‍ വെച്ച് ജെസീക്ക അറസ്റ്റിലായിരുന്നു. അമേരിക്കയില്‍ വിചാരണ നേരിടുന്ന സഹോദരന്‍ എല്‍ മെന്‍ചിറ്റോയുടെ കോടതി നടപടികള്‍ കാണാന്‍ എത്തിയപ്പോഴായിരുന്നു ഈ അപ്രതീക്ഷിത അറസ്റ്റ്. 2021-ല്‍ ഇവര്‍ക്ക് 30 മാസത്തെ തടവ് ശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി 2022 ഏപ്രിലില്‍ ഇവര്‍ ജയില്‍ മോചിതയായി. പിതാവ് കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് കാര്‍ട്ടലിന്റെ നേതൃസ്ഥാനത്തേക്ക് ഇവര്‍ വരുമെന്ന തരത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഇതിനും സ്ഥിരീകരണമൊന്നുമില്ല.
വീണ്ടും മെക്സിക്കന്‍ അപാരത
പക്ഷേ ഇപ്പോഴും മറ്റൊരു രീതിയില്‍ നോക്കുമ്പോള്‍, മെക്സിക്കോയിലെ കാര്‍ട്ടലുകള്‍ അത്ഭുതമാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് മുന്‍കൈയെടുത്ത് കോടികള്‍ ചിലവിട്ടിട്ടും ഇവരെ തറപറ്റിക്കാന്‍ കഴിയുന്നില്ല. മെക്സിക്കോ ലോകത്തിലെ ലഹരി മാഫിയകളുടെ കേന്ദ്രമായി മാറിയതിനും അമേരിക്കന്‍ ഇടപെടലുകള്‍ക്ക് അവരെ പൂര്‍ണ്ണമായും അടിച്ചമര്‍ത്താന്‍ കഴിയാത്തതിനും പിന്നില്‍ ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ നിരവധി കാരണങ്ങളുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ലഹരിമരുന്ന് വിപണിയായ അമേരിക്കയുമായി 3,000 കിലോമീറ്ററിലധികം ദൂരമുള്ള അതിര്‍ത്തി മെക്സിക്കോ പങ്കിടുന്നു. ഈ ദൂരവും ദുര്‍ഘടമായ പാതകളും ലഹരിക്കടത്തിന് അനുകൂലമായി.
1980-കളില്‍ കൊളംബിയയിലെ മെഡെലിന്‍, കാലി കാര്‍ട്ടലുകള്‍ക്കെതിരെ അമേരിക്ക ശക്തമായ നടപടി സ്വീകരിച്ചതോടെ കരീബിയന്‍ വഴിയുള്ള ലഹരിക്കടത്ത് പാതകള്‍ അടഞ്ഞു. ഇതോടെ കൊളംബിയന്‍ സംഘങ്ങള്‍ മെക്സിക്കോയെ ഒരു 'ട്രാന്‍സിറ്റ് പോയിന്റ്' ആയി ഉപയോഗിക്കാന്‍ തുടങ്ങി. കഞ്ചാവിനും കറുപ്പിനും അനുയോജ്യമായ കാലാവസ്ഥ മെക്സിക്കോയിലുണ്ട്. പത്തൊന്‍പതാം നൂറ്റാണ്ട് മുതല്‍ തന്നെ ഇവിടെ ഇത്തരം കൃഷികള്‍ നിലനിന്നിരുന്നു. പില്‍ക്കാലത്ത് ഇത് സംഘടിത ക്രിമിനല്‍ സംഘങ്ങളുടെ നിയന്ത്രണത്തിലായി. മെക്സിക്കോയിലെ കര്‍ഷകര്‍ക്കും യുവാക്കള്‍ക്കും മറ്റ് തൊഴിലവസരങ്ങള്‍ കുറവായതിനാല്‍ കാര്‍ട്ടലുകള്‍ നല്‍കുന്ന പണം വലിയ ആകര്‍ഷണമായി. കാര്‍ട്ടലുകള്‍ക്ക് മെക്സിക്കന്‍ പോലീസ്, സൈന്യം, രാഷ്ട്രീയക്കാര്‍ എന്നിവരുമായി ആഴത്തിലുള്ള ബന്ധമുണ്ട്. 'പ്ലാറ്റ ഒ പ്ലോമോ' (വെള്ളി അല്ലെങ്കില്‍ ഈയം - പണം അല്ലെങ്കില്‍ മരണം) എന്ന നയം വഴി ഇവര്‍ ഉദ്യോഗസ്ഥരെ സ്വാധീനിക്കുന്നു. അമേരിക്കയില്‍ ലഹരിമരുന്നിന് ലഭിക്കുന്ന വമ്പിച്ച ആവശ്യകതയാണ് ഈ ബിസിനസ്സിനെ നിലനിര്‍ത്തുന്നത്. എത്ര പിടികൂടിയാലും ലാഭം കൂടുതലായതിനാല്‍ പുതിയ ആളുകള്‍ ഈ രംഗത്തേക്ക് വരുന്നു.
ഇപ്പോള്‍ ഒരു ഡസനോളം ചെറുതും വലുതുമായ ഡ്രഗ്കാര്‍ട്ടലുകള്‍ മെക്സിക്കോയിലുണ്ട്. ഏറ്റവും കൂടുതല്‍ കാലം മെക്സിക്കോ ഭരിച്ചതും അന്താരാഷ്ട്ര തലത്തില്‍ വലിയ സ്വാധീനമുള്ളതുമായ സംഘമാണ് സിനലാവോ കാര്‍ട്ടല്‍. കുപ്രസിദ്ധരായ, എല്‍ ചാപ്പോ' ഗുസ്മാന്‍, ഇസ്മായേല്‍ എല്‍ മായോ സാംബാഡ എന്നിവരാണ് ഇതിന് നേതൃത്വം കൊടുത്തിരുന്നത്. ഇരുവരും ഇപ്പോള്‍ അമേരിക്കന്‍ ജയിലിലാണ്. എല്‍ ചാപ്പോയുടെ മക്കളായ ലോസ് ചാപ്പിറ്റോസസംഘവും, എല്‍ മായോയുടെ വിശ്വസ്തരും തമ്മിലുള്ള ആഭ്യന്തര തര്‍ക്കങ്ങള്‍ കാരണം ഈ കാര്‍ട്ടലിന് ഇപ്പോള്‍ പഴയ പ്രതാപമില്ല. പക്ഷേ മെന്‍ചോയെ ഒറ്റിയത് സിനലാവോ ആണെന്ന ആരോപണം ശക്തമായതിനാല്‍ വീണ്ടും കാര്‍ട്ടല്‍ഫൈറ്റിലേക്ക് പോകാനുള്ള സാധ്യത ഏറെയുണ്ട്.
മെക്സിക്കോയിലെ ഏറ്റവും പഴക്കമേറിയ ലഹരി സംഘങ്ങളില്‍ ഒന്നാണ്, ഗള്‍ഫ് കാര്‍ട്ടല്‍. അമേരിക്കന്‍ അതിര്‍ത്തിയായ തമൗലിപാസ് കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. ആഭ്യന്തര കലഹങ്ങള്‍ കാരണം ഈ സംഘം ഇപ്പോള്‍ പല ചെറുകിട ഗ്രൂപ്പുകളായി പിരിഞ്ഞിരിക്കുകയാണ്. മെക്സിക്കന്‍ സൈന്യത്തില്‍നിന്ന് പുറത്തുവന്നവര്‍ രൂപീകരിച്ച സംഘമാണ്, ലോസ് സെറ്റാസ്. അതിക്രൂരമായ പീഡനമുറകളിലൂടെയാണ് ഇവര്‍ കുപ്രസിദ്ധി നേടിയത്. നിലവില്‍ ഇവരുടെ സ്വാധീനം കുറവാണെങ്കിലും 'നോര്‍ത്ത് ഈസ്റ്റ് കാര്‍ട്ടല്‍' എന്ന പേരില്‍ ഇവര്‍ ഇപ്പോഴും സജീവമാണ്. ജുവാരസ് കാര്‍ട്ടല്‍, ടിജുവാന കാര്‍ട്ടല്‍, ലാ ഫാമിലിയ മിച്ചോവാക്കാന, തുടങ്ങിയ കാര്‍ട്ടലുകളും ഇപ്പോഴും സജവീമാണ്.
മെക്സിക്കോയില്‍ ആയുധ നിയമങ്ങള്‍ കടുപ്പമാണെങ്കിലും, അമേരിക്കയിലെ അയഞ്ഞ നിയമങ്ങള്‍ ഉപയോഗിച്ച് അവിടെനിന്ന് കടത്തുന്ന അത്യാധുനിക ആയുധങ്ങളാണ് കാര്‍ട്ടലുകള്‍ ഉപയോഗിക്കുന്നത്. ഇത് സൈന്യത്തോടുപോലും ഏറ്റുമുട്ടാന്‍ ഇവരെ പലയിടങ്ങളിലും കാര്‍ട്ടലുകള്‍ സ്‌കൂളുകള്‍ നിര്‍മ്മിച്ചും പാവപ്പെട്ടവര്‍ക്ക് സഹായങ്ങള്‍ നല്‍കിയും റോബിന്‍ഹുഡ് പരിവേഷം നേടുന്നു. ഇത് അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിക്കുന്നത് തടയുന്നു.
വാല്‍ക്കഷ്ണം: ചുരുക്കത്തില്‍, ഇതൊരു ലഹരിമരുന്ന് പ്രശ്നം മാത്രമല്ല, മറിച്ച് സാമ്പത്തികവും രാഷ്ട്രീയവുമായ വലിയൊരു പ്രതിഭാസമാണ്. അമേരിക്കന്‍ ഡിമാന്‍ഡും മെക്സിക്കന്‍ അഴിമതിയും അവസാനിക്കാതെ ഈ മാഫിയകളെ പൂര്‍ണ്ണമായും ഇല്ലാതാക്കുക പ്രയാസകരമാണ്. നമ്മുടെ കേരളാ കോണ്‍ഗ്രസുപോലെ വളരുന്തോറും പിളര്‍ന്നും, പിളരുന്തോറും വളര്‍ന്നും അവ ഹൈഡ്രയെപ്പോലെ അതിജീവിക്കുന്നു.


