രിശീലിച്ചെടുക്കാൻ ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ കായിക ഇനങ്ങളിൽ ഒന്നായാണ് ഗുസ്തി അറിയപ്പെടുന്നത്. കാരണം വളരെ ചെറുപ്പത്തിലേ തന്നെ നിങ്ങളുടെ ശരീരം മണിക്കൂറുകളോളം പുർണ്ണമായി സമർപ്പിച്ചാൽ മാത്രമേ, ഒരു ഗുസ്തിതാരം രൂപപ്പെട്ടുവരു. ഒരു ഹോബിയോ, വിനോദ ഉപാധിയായോ അല്ല, ഒരു സാധനയാണ് ഈ കായിക ഇനം. കളിമണ്ണ് നിറഞ്ഞ അഖാഡെ എന്നറിയപ്പെടുന്ന ഗ്രൗണ്ടിലാണ് പരിശീലനം. ഗുസ്തീാരങ്ങൾക്ക് ഇഷ്ടമുള്ള ഭക്ഷണംപോലും കഴിക്കാൻ കഴിയില്ല. ഒരു ദിവസംപോലും പരിശീലനം മാറ്റിവെക്കാൻ കഴിയില്ല. ഇങ്ങനെ ചെറുപ്പത്തിലേ എല്ലാം ത്യജിച്ച്, അതികഠിനമായ പരിശീലനത്തിലൂടെയാണ്, അവർ ഗോദയിൽ ഇറങ്ങുന്നത്.

ഇങ്ങനെ ജീവൻ കൊടുത്ത് ഒളിമ്പിക്സിലും, ഏഷ്യാഡിലും, കോമൺവെൽത്ത് ഗെയിംസിലുമൊക്കെ നേടിയ മെഡലുകൾ, ഗംഗയിൽ ഒഴുക്കുക എന്ന് പറയുന്നത് ഒരു താരത്തെ സംബന്ധിച്ച് തലവെട്ടുന്നതിന് തുല്യമാണ്!

എന്നിട്ടും ഈ ഗുസ്തിതാരങ്ങൾ കൂട്ടത്തോടെ, തങ്ങളുടെ മെഡലുകൾ ഗംഗയിൽ ഒഴുക്കാൻ തുടങ്ങിയപ്പോൾ തരിച്ചുനിന്നത്, ഇന്ത്യയുടെ കായിക ലോകം കൂടിയാണ്. ലോകത്തിന് മുന്നിൽ ഇന്ത്യ വല്ലാതെ, നാണം കെട്ട ദിവസം. ഒടുവിൽ രാജേഷ് ടിക്കായത്ത് അടക്കമുള്ള കർഷക നേതാക്കളുടെ ഉറപ്പിൽമേൽ അവർ മെഡൽ ഗംഗയിൽ ഒഴുക്കാതെ തിരിച്ചുപോയി. പ്രശ്നം പരിഹരിക്കുന്നതിനായി അഞ്ചുദിവസത്തെ സമയമാണ് കർഷക നേതാക്കൾ ചോദിക്കുന്നത്. ഇതോടെ ഹരിയാന-പഞ്ചാബ് ബെൽറ്റിന്റെ അഭിമാന പോരാട്ടമായി ഗുസ്തി സമരം മാറുമെന്ന് ഉറപ്പായി. കർഷക സമരത്തിലുടെ സാക്ഷാൽ നരേന്ദ്ര മോദിയെപ്പോലും മുട്ടുകുത്തിച്ച, ആളുകാണ് ഇപ്പോൾ ഈ സമരം ഏറ്റെടുത്തിരിക്കുന്നത്.

മാത്രമല്ല, ക്രിക്കറ്റ് താരങ്ങളും, സിനിമാ താരങ്ങളും, സാംസ്കാരിക പ്രവർത്തകരും അടങ്ങുന്ന വലിയൊരുനിര സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. അതിനിടെ അന്താരാഷ്ട്ര റെസ്ലിങ് ഫെഡറേഷനും, അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയും പ്രശ്നത്തിൽ ഇടപെട്ടിട്ടുണ്ട്. ബിബിസി തൊട്ടുള്ള ലോക മാധ്യമങ്ങൾ ഇത് വാർത്തയാക്കുകയും ചെയ്തതോടെ ഇന്ത്യ ശരിക്കും തലകുനിക്കുന്ന അവസ്ഥയായി.

ബ്രിജ് ഭൂഷനെതിരെ നിഷ്പക്ഷമായ രീതിയിൽ അന്വേഷണം നടത്തണമെന്ന് അന്താരാഷ്ട്ര റെസ് ലിങ് ഫെഡറേഷൻ താക്കീത് ചെയ്തിട്ടുണ്ട്. 45 ദിവസത്തിനകം തിരഞ്ഞെടുപ്പ് നടത്തണം. വിഷയവുമായി ബന്ധപ്പെട്ട് രാജ്യത്ത് നടക്കുന്ന സംഘർഷങ്ങൾ മാസങ്ങളായി നിരീക്ഷിക്കുന്നുണ്ട്. നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ ഇന്ത്യയെ സസ്‌പെൻഡ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്നും ഫെഡറേഷൻ അറിയിച്ചു. അന്താരാഷ്ട്ര റെസ്ലിങ് ഫെഡറേഷന് പുറമെ ഗുസ്തി താരങ്ങളുടെ സമരത്തിൽ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയും ഇടപെട്ടു. ബ്രിജ് ഭൂഷനെതിരായ ലൈംഗിക ആരോപണ കേസിൽ അന്വേഷണം നടത്തണമെന്ന് ഐ.ഒ.സി വ്യക്തമാക്കി. താരങ്ങളോടുള്ള പൊലീസ് പെരുമാറ്റം അങ്ങേയറ്റം അപലപനീയമെന്നും സംഘടന പ്രതികരിച്ചു.

അതെ ലോകത്തിനമുന്നിൽ ഇന്ത്യൻ കായികലോകം ശരിക്കും നാണം കെടുകയാണ്. ആരെ രക്ഷിക്കാനാണ് ഈ നീക്കങ്ങൾ എല്ലാം നടത്തുന്നത് എന്ന് ഓർക്കുമ്പോഴാണ് നാണക്കേട് പൂർണ്ണമാവുക. ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ (ഡബ്‌ള്യൂ.എഫ്.ഐ) പ്രസിഡന്റുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങ് എന്ന ഒരു പോക്സോ ക്രിമിനലിനുവേണ്ടി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങൾ രാജ്യത്തിന്റെ ആത്മാഭിമാനത്തേയും, നിയമവാഴ്ചയെയുമാണ് ചോദ്യം ചെയ്യുന്നത്.

സമരം തുടങ്ങുന്നു

ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ്ഭൂഷൺ ശരൺ സിങ്ങിൽനിന്നും പരിശീലകരിൽ നിന്നും നേരിടുന്ന മാനസിക-ശാരീരിക ചൂഷണങ്ങളെക്കുറിച്ച് ഗുസ്തി താരങ്ങളുടെ പരാതി വന്നതോടെയാണ് പ്രശ്നം തുടങ്ങുന്നത്. വർഷങ്ങളായി ബ്രിജ്ഭൂഷൻ വനിതാ ഗുസ്തി താരങ്ങളെ ചൂഷണം ചെയ്യുന്നതായി ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് ആരോപിച്ചത് ഞെട്ടലോടെയാണ് ലോകം കേട്ടത്. അധികാര സ്ഥാപനങ്ങളിലെല്ലാം ഗുസ്തിതാരങ്ങൾ പരാതിപ്പെട്ടിട്ടും ആദ്യഘട്ടത്തിൽ ആരും ഇടപെട്ടില്ല. നടപടിയെടുക്കേണ്ട പൊലീസും അധികൃതരും, നോക്കുകുത്തിയായി നിന്നു. ഇതോടെയാണ് ഗുസ്തിതാരങ്ങൾ പരസ്യമായ പ്രതിഷേധത്തിലേക്ക് പോകുന്നത്.

ജനുവരി 18ന് ജന്തർമന്തറിൽ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്ക്, ബജരംഗ് പുനിയ, സരിത മോർ, സംഗീത ഫോഗട്ട് തുടങ്ങി ഇരുനൂറിലേറെ ഗുസ്തി താരങ്ങളുടെ പങ്കാളിത്തത്തിൽപ്രതിഷേധം ആരംഭിക്കുന്നത്. തുടക്കത്തിൽ അവർ രാഷ്ട്രീയക്കാരെ അങ്ങോട്ട് അടിപ്പിച്ചിരുന്നില്ല. കക്ഷിരാഷ്ട്രീയമല്ല, കായിക രംഗത്തെ ശുന്ധീകരണമാണ് തങ്ങളുടെ ലക്ഷ്യമെന്ന് അവർ അടിവരയിട്ടു പറഞ്ഞു. സമരത്തിന് വൻ ജനകീയ പിന്തുണയും മാധ്യമ ശ്രദ്ധയും കിട്ടിയതോടെ, ഒത്തുതീർപ്പിന് കേന്ദ്രകായിക മന്ത്രി അനുരാഗ് ഠാക്കൂർ ഗുസ്തി താരങ്ങളുമായി ചർച്ച നടത്തി. ആരോപണ വിധേയനായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെ ഗുസ്തി ഫെഡറേഷൻ അദ്ധ്യക്ഷസ്ഥാനത്തുനിന്ന് നീക്കണമെന്നാണ് താരങ്ങൾ ആവശ്യപ്പെട്ടത്.

തുടർച്ചയായി മൂന്ന് ദിവസം നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് അനുരാഗ് ഠാക്കൂർ ഉറപ്പ് നൽകി. ഈ ഉറപ്പിലാണ് ജനുവരി 20ന് സമരം അവസാനിപ്പിച്ചത്. മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമായും രണ്ട് തീരുമാനങ്ങളാണ്ടുണ്ടായത്. ഗുസ്തി താരങ്ങൾ ഉന്നയിച്ച പ്രശ്‌നങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഒരു മേൽനോട്ട സമിതിയെ രൂപീകരിക്കുകയും ഒരു മാസത്തിനകം റിപ്പോർട്ട് നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. സമിതിയുടെ അന്വേഷണം തീരുന്നതുവരെ ബ്രിജ് ഭൂഷണിനെ അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റി നിർത്തുമെന്ന് ഉറപ്പ് നൽകി.

പക്ഷേ ചർച്ചയിലെ തീരുമാനങ്ങൾക്ക് യാതൊരു വിലയും കൽപ്പിക്കാതെ ഗുസ്തി ഫെഡറേഷൻ അധ്യക്ഷസ്ഥാനത്ത് ബ്രിജ് ഭൂഷൺ തുടരുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഒരു വിലക്കുകളും നേരിടാതെ വീണ്ടും അദ്ദേഹം ഗുസ്തി മത്സരവേദികളിലെല്ലാം പങ്കെടുത്തിരുന്നു. അന്വേഷണ വിധേയനായിട്ടും ഉത്തർപ്രദേശിലെ ഗോണ്ടയില ദേശീയ സീനിയർ ഓപ്പൺ ഗുസ്തി മത്സരത്തിൽ സംഘാടകരും ഫെഡറേഷൻ ഭാരവാഹികളും പൂമാലയിട്ടാണ് ബ്രിജ് ഭൂഷണിനെ വരവേറ്റിരുന്നത്. ഭരണകൂടം സ്വമേധാ ക്ലീൻചീറ്റ് നൽകി അദ്ദേഹത്തെ സ്ഥാനത്ത് തുടരാൻ അനുവദിച്ചിരുന്നു. ഇതോടെ ഗുസ്തി ഫെഡറേഷനിലെ പ്രശ്‌നങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടും നടപടികൾ സ്വീകരിക്കാതെ ഒരു മേൽനോട്ട സമിതിയെ നിയമിച്ച് പരാതി ഒതുക്കിത്തീർക്കാനാണ് അനുരാഗ് ഠാക്കൂർ ശ്രമിക്കുന്നതെന്ന് താരങ്ങൾക്ക് ബോധ്യമായി.

പോക്സോ കേസിലും പരാതി

ഗുസ്തി ഫെഡറേഷനെ തന്റെ തറവാട്ട് സ്വത്തുപോലെയാണ്, ഈ മേഖലയിലെ കരുത്തനായ ബിജെപി നേതാവ് കൂടിയായ, ബ്രിജ് ഭൂഷൺ കൊണ്ടുനടന്നിരുന്നത്. അവിടെ അയാൾ നടത്താത്ത തോന്ന്യവാസങ്ങൾ ഇല്ല. അധികാരത്തിന്റെ തണലിൽ എല്ലാം മറയ്ക്കപ്പെടുകയായിരുന്നു. പക്ഷേ സമരം മുറുകിയതോടെ ഇയാൾക്കെതിരെ കൂടുതൽ പേർ പരാതിയുമായി രംഗത്തെത്തി. തുടർന്ന് എപ്രിൽ 21ന് പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടി ഉൾപ്പടെ ഏഴു വനിതകൾ ബ്രിജ് ഭൂഷണെതിരെ പൊലീസിൽ പരാതി നൽകി. പരാതി ലഭിച്ചിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഡൽഹി പൊലീസ് തയ്യാറാകാത്തതിനെ തുടർന്നാണ് ജന്തർമന്തറിൽ വീണ്ടും പ്രതിഷേധം ആരംഭിക്കാൻ താരങ്ങൾ തീരുമാനിക്കുന്നത്.

ഗുസ്തിതാരങ്ങൾ ഉന്നയിക്കുന്ന പ്രശ്‌നങ്ങൾ മനസ്സിലാക്കുന്നതിനുപകരം നടപടികൾ വൈകിപ്പിച്ച് സംഭവത്തെ നിസ്സാരവത്കരിക്കാനാണ് ഭരണകൂടവും പൊലീസും ഒരുപോലെ ശ്രമിച്ചത്. ഗുസ്തി താരങ്ങൾ സുപ്രീംകോടതിയെ സമീപിച്ച ശേഷമാണ് ബ്രിജ്ഭൂഷണെനെതിരെ രണ്ടു കേസുകൾ രജിസ്റ്റർ ചെയ്യാൻ പൊലീസ് തയ്യാറാകുന്നത്. രജിസ്റ്റർ ചെയ്ത രണ്ടു കേസുകളിൽ ഒന്ന് പോക്‌സോ നിയമപ്രകാരമുള്ളതാണ്. ജാമ്യമില്ലാ വകുപ്പുപ്രകാരമുള്ള കേസ് രജിസ്റ്റർ ചെയ്തിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാൻ പൊലീസ് ശ്രമിച്ചിട്ടില്ല. അതിന് പകരം സമാധാനപരമായി പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളെ അന്യായായ കാരണങ്ങൾ നിരത്തി അധിക്ഷേപിക്കാനും മർദ്ദിക്കാനുമാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

സാങ്കേതികമായി ഒരു അന്വേഷണ സമിതിയെ നിയോഗിച്ച്, നടപടി ക്രമങ്ങൾ നീട്ടിക്കൊണ്ടുപോവാനാണ് ചെയ്തത്. തുടർന്നാണ് വീണ്ടും സമരം വേണ്ടി വന്നത്. ഇതിനെയും ക്രൂരമായി അടിച്ചമർത്താനാണ്, അധികൃതർ ശ്രമിച്ചത്. ജന്ദർ മന്ദിറിലെ സമരപ്പന്തൽ പൊളിച്ചു കളഞ്ഞു. രാജ്യത്തിനുവേണ്ടി മെഡൽനേടിയ താരങ്ങളുടെ കണ്ണീർ തലസ്ഥാന നഗരിയിൽ വീണു. പലരെയും റോഡിലിട്ട് വലിച്ചിഴച്ച്, പൊലീസ് കൊണ്ടുപോയി. ഇതോടെയാണ്, ഗത്യന്തരമില്ലാതെ മെഡലുകൾ ഗംഗയിൽ ഒഴുക്കി പ്രതിഷേധിക്കുക, തുടങ്ങിയ കടുത്ത തീരുമാനത്തിലേക്ക് താരങ്ങൾ എത്തുന്നത്.

ദാവൂദ് ബന്ധമുള്ള നേതാവ്

എറ്റവും വിചിത്രം ഒരു ക്രിമിനൽ രാഷ്ട്രീയക്കാരനുവേണ്ടി ഈ കളികളൊക്കെ നടത്തുന്നത് എന്നാണ്. യുപിയിൽനിന്നുള്ള എംപിയായ ബ്രിജ് ഭൂഷൻ സംസ്ഥാനത്തെ 5 ലോക്സഭാ മണ്ഡലങ്ങളിൽ രാഷ്ട്രീയഗതി നിയന്ത്രിക്കാൻ കെൽപുള്ളയാളാണെന്നാണ് ബിജെപി വൃത്തങ്ങൾ പറയുന്നത്. 6 തവണ എംപിയായ അദ്ദേഹം ഗോണ്ട, കൈസർഗഞ്ച്, ബൽറാംപുർ എന്നിവിടങ്ങളിൽനിന്നും വൻഭൂരിപക്ഷത്തോടെ വിജയിച്ചിട്ടുണ്ട്. ഈ മണ്ഡലങ്ങൾക്കു പുറമേ ബഹ്റൈച്, ഡൊമരിയാഗഞ്ച് എന്നിവിടങ്ങളിലും സ്ഥാനാർത്ഥി നിർണയത്തിലടക്കം ബ്രിജ്ഭൂഷന്റെ താൽപര്യങ്ങൾക്കാണു പാർട്ടി മുൻതൂക്കം നൽകുന്നത്.

താൻ ഒരാളെ വെടിവെച്ചുകൊന്നുവെന്ന് പരസ്യമായി പറഞ്ഞ ആളാണ് ബ്രിജ് ഭൂഷൺ .പത്തുവർഷം മുമ്പാണ്, തന്റെ കൂട്ടാളി രവീന്ദർ സിങ്ങിനെ വെടിവെച്ച് കൊലപ്പെടുത്തിയ തോക്കുധാരിയെ വധിച്ചതായും അദ്ദേഹം ഒരു അഭിമുഖത്തിൽ അവകാശപ്പെട്ടത്. അതിന്റെ പേരിൽ എന്തോ ഒരു കേസ് ഉണ്ടായെങ്കിലും അതും തേഞ്ഞുമാഞ്ഞു.

അല്ലെങ്കിലും കേസും കൂട്ടവും ഒന്നും പുതുമയുള്ളതല്ല ഇദ്ദേഹത്തിന്. 90കളിൽ ഇതിലും വലിയ ടാഡ കേസ് ആണ് ഉണ്ടായത്. അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളികളായ സുഭാഷ് സിങ് താക്കൂർ, ജയേന്ദ്ര താക്കൂർ എന്ന ഭായ് താക്കൂർ, പരേഷ് ദേശായി, ശ്യാം കിഷോർ ഗരികപ്പട്ടി എന്നിവർക്ക് അഭയം നൽകിയതിന് ടാഡ കേസാണ് ബ്രിജ് ഭൂഷന്റെ മേൽ ചുമത്തപ്പെട്ടത്. ദാവൂദുമായി സംസാരിക്കാൻ തന്റെ ലാൻഡ് ഫോൺ അവർക്ക് നൽകിയെന്നും ആരോപണമുണ്ടായിരുന്നു. പക്ഷേ കേസ് കോടതിയിൽ ആവിയായി. ബ്രിജ് ഭൂഷൺ കുറ്റവിമുക്തനാക്കപ്പെട്ടു.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള അദ്ദേഹത്തിന്റെ സത്യവാങ്മൂലത്തിൽ, പറയുന്നു, അയോധ്യയിലും ഗോണ്ടയിലും നാല് കേസുകൾ തീർപ്പാക്കാനുണ്ടെന്ന്. കൊള്ളയടിക്കൽ, കൊലപാതകശ്രമം, കലാപം തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾ നേരിടുന്നത്. ഈ മനുഷ്യന്റെ പേരിലാണ് ഇന്ന് ഇന്ത്യൻ കായിക ലോകത്ത് വിവാദങ്ങൾ കത്തുന്നത്.'

ഹിന്ദുത്വ ഡോൺ!

ഉത്തർപ്രദേശിലെ ഗോണ്ട ജില്ലക്കാരനായ ഇദ്ദേഹം ചെറുപ്പത്തിൽ ഗുസ്തിക്കാരനായിരുന്നു. ഗോദയിലുടെ സ്‌കൂൾ- കോളജ് തലത്തിലൊക്കെ വിജയം കൊയ്തു. 1980 കളിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് വളർന്നത്. അടിക്കടി വെട്ടിന് വെട്ട് എന്നതായിരുന്നു, ഇദ്ദേഹത്തിന്റെ ശൈലിയെന്ന് ഇന്ത്യാടുഡെ എഴുതുന്നു. സിങ് ബിജെപിയിൽ ചേരും മുമ്പ് തന്നെ സംഘപരിവാറിൽ വേരുകൾ ഉള്ള നേതാവാണ്. മുൻ വിഎച്ച്പി അദ്ധ്യക്ഷൻ അശോക് സിംഘാളിന്റെ അടുത്ത ആളായിരുന്നു. അയോധ്യനാളുകളിൽ ഹനുമാൻ ഗാർഹിയിലെ അഖാഡയിൽ വച്ചാണ് ഗുസ്തി പഠിച്ചത്.

എന്തിനുംപോന്ന ഒരു സംഘത്തെ പ്രദേശത്ത് വളർത്തിക്കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിഞ്ഞു. അയോധ്യയിലെ രാമക്ഷേത്ര പ്രക്ഷോഭത്തിന്റെ സമയത്തും, അദ്വാനിയുടെ രഥയാത്രയുടെ സമയത്തുമൊക്കെ, തീപ്പൊരി പ്രസംഗത്തിലുടെയും കൈയൂക്കിലൂടെയും ഇയാൾ വളർന്നു. പശുരാഷ്ട്രീയവും രാമജന്മഭൂമിയും മുൻനിർത്തിയുള്ള തീവ്ര പ്രസംഗങ്ങൾ ആയിരുന്നു, ബ്രിജ് ഭൂഷന്റെ രാഷ്ട്രീയ ആയുധം. ഹിന്ദുത്വ ഡോൺ എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത് എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.

ഈ 'ഹിന്ദുത്വ പ്രതിച്ഛായ' അദ്ദേഹത്തിന് വോട്ട് നേടിക്കൊടുത്ത്. 1991-ൽ ആദ്യമായി തെരഞ്ഞെടുപ്പിൽ മത്സരിച്ച ബ്രിജ് ഭൂഷൺ ശരൺ സിങ് പത്താം ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 92ൽ ബാബറി മസ്ജിദ് തകർത്തപ്പോൾ ജയ്ശ്രീറാം വിളിച്ച് ആർത്തിരമ്പിയ ആൾക്കൂട്ടത്തിൽ ഒരു വിഭാഗത്തിന്റെ നേതൃത്വം ബ്രിജ് ഭൂഷണിന്റെ കൈയിൽ അയിരുന്നു. പിന്നീട് 1999, 2004, 2009, 2014, 2019 വർഷങ്ങളിൽ ഇയാൾ വീണ്ടും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇടക്ക് ബിജെപിയുമായി തെറ്റുകയും ചെയ്തു. 2009 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടി ടിക്കറ്റിൽ സീറ്റിൽ കൈസർഗഞ്ചിൽ നിന്നാണ് ഇയാൾ മത്സരിച്ചത്. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയിൽ ചേർന്നു. തുടർന്ന് 2014 ലും 2019 ലും ബിജെപി ടിക്കറ്റിൽ മത്സരിച്ച് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

ബാബരി തകർത്ത കേസിലെ പ്രതിപ്പട്ടികയിൽ ഇടം പിടിച്ചയാളാണ് ബ്രിജ് ഭൂഷൺ . പിന്നീട് ഇയാളെ കോടതി കുറ്റവിമുക്തനാക്കി. 2020 ൽ കോടതി കുറ്റവിമുക്തനാക്കിയ ബിജെപി നേതാവ് എൽകെ അദ്വാനി ഉൾപ്പെടെയുള്ള 40 നേതാക്കളുടെ പട്ടികയിൽ ബ്രിജ് ഭൂഷൺ ശരൺ സിംഗിന്റെ പേരുമുണ്ടായിരുന്നു. 2011 മുതലാണ് ഇദ്ദേഹം ദേശീയ ഗുസ്തി ഫെഡറേഷനിൽ എത്തുന്നത്. അന്നുമുതൽ അവിടുത്തെ ചോദ്യം ചെയ്യാൻ ആരുമില്ലാത്ത രാജാവാണ്. ഇയാൾ. അതുകൊണ്ടുതന്നെ പുറത്താക്കുക അത്ര എളുപ്പമല്ല. ഭാര്യ കേത്കി ദേവി സിങ് ഗോണ്ട ജില്ലാ പഞ്ചായത്തിന്റെ പ്രസിഡന്റും, മകൻ പ്രതീക് ഭൂഷൺ സിങ് നിലവിൽ ഗോണ്ട സദർ സീറ്റിൽനിന്നുള്ള എംഎൽഎയുമാണ്.

ജാതി- സംസ്ഥാന പശ്നവും

തുടക്കം മുതൽ ഗുസ്തി താരങ്ങളുടെ സമരത്തെ പലരീതിയിൽ വഴിതിരിച്ചുവിടാന നീക്കം നടക്കുന്നുണ്ട്. ജാതി എടുത്തിട്ടും, പ്രാദേശിക വികാരം എടുത്തിട്ടുമാണ്, അവയിൽ കളികൾ ഏറെയും നടന്നത്.കോൺഗ്രസ് നേതാവും മുൻ ഹരിയാന മുഖ്യമന്ത്രിയുമായ ദീപേന്ദർ സിങ് ഹുഡ രക്ഷാധികാരിയായ അഖാഡയിൽ പരിശീലനം നടത്തുന്നവരാണ് തനിക്കതിരെ പരാതി നൽകിയ വനിതാതാരങ്ങളെന്നും ബ്രിജ് ഭൂഷൺ പറയുന്നു. യു.പി- ഹരിയാന ഗുസ്തി താരങ്ങൾ തമ്മിൽ ആദ്യമേ വൈര്യം നിലനിൽക്കുന്നുണ്ട്. സമരം നടത്തുന്ന ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, ബജ്‌റംഗ് പൂനിയ, സാക്ഷി മാലിക് തുടങ്ങിയവരെല്ലാം ഹരിയാനയിൽ നിന്നുള്ളവരാണെന്നാണ് അദ്ദേഹം പ്രത്യേകം ചൂണ്ടിക്കാണിക്കുന്നുണ്ട്. താക്കൂർ സമുദായത്തിനെരെ ജാട്ട് ലോബിയുടെ ആക്രമണമായൊക്കെ ഈ സമരത്തെ മാറ്റി തീർക്കാനുള്ള ശ്രമങ്ങളും ബ്രിജ് ഭൂഷണിന്റെ നേതൃത്വത്തിൽ അണിയറയിൽ നടക്കുന്നുണ്ട്.

ബ്രിജ് ഭൂഷണിനെതിരായ ഗുസ്തി താരങ്ങളുടെ സമരത്തിന്, കോൺഗ്രസ് നേതാവായ ഭുപീന്ദർ സിങ് ഹൂഡ സമരസ്ഥലത്തെത്തി പിന്തുണ അറിയിച്ചിരുന്നു. മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ ഹരിയാനയെ സ്പോർട്സ് ഹബ്ബായി ഉയർത്തുന്നതിന് പര്യാപ്തമായ നിരവധി നടപടികൾ അദ്ദേഹം നടപ്പിലാക്കിയിരുന്നു. സമരത്തെ നിർവീര്യമാക്കാൻ ബ്രിജ് ഭൂഷൺ ഉന്നയിക്കുന്ന ഹരിയാന ബെൽറ്റ് ആരോപണങ്ങളെയെല്ലാം ഭൂപീന്ദർ ഹൂഡ നിഷേധിക്കായാണ്. സമരം ചെയ്യുന്ന കായികതാരങ്ങളെല്ലാം രാജ്യത്തിന് വേണ്ടിയാണ് മത്സരിക്കുന്നതെന്നും ഒരു പ്രത്യേക സംസ്ഥാനത്തിന് വേണ്ടിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഗുസ്തി താരങ്ങൾ സമരത്തിൽ പങ്കെടുത്തിട്ടുണ്ട്. രാജ്യത്തിനുവേണ്ടി മത്സരിക്കുന്ന ഇവരുടെ ആവശ്യങ്ങൾ പരിഗണിക്കേണ്ടതും നീതി ഉറപ്പാക്കേണ്ടതും സർക്കാരിന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. കായികതാരങ്ങൾ ഉന്നയിച്ച ആരോപണങ്ങൾ അതീവ ഗൗരവമുള്ളതാണെന്നും നിഷ്പക്ഷമായി കേസ് അന്വേഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പക്ഷേ ഇതിപ്പോഴും യുപി- ഹരിയാന പ്രശ്നമെന്ന രീതിയിൽ പ്രചാരണം നടക്കുന്നുണ്ട്. പക്ഷേ അതിലേക്ക് എരിതീ പകർന്നുകൊണ്ടാണ് വിഷയം പഞ്ചാബിലെയും ഹരിയാനയിലെയും കർഷക നേതാക്കൾ ഏറ്റെടുക്കുന്നത്. അതോടെ കേന്ദ്ര സർക്കാറിനും നല്ല പേടിയുണ്ട്.

കർഷക സമരം പോലെ ആവുമോ?

ഇപ്പോൾ രാജേഷ് ടിക്കായത്തിനെപ്പോലുള്ള കർഷക സമര നേതാക്കൾ വിഷയം ഏറ്റെടുത്തതോടെ, കേന്ദ്ര സർക്കാറും ശരിക്കും വിഷമത്തിലായിട്ടുണ്ട്്. കാരണം ഇവർ പഞ്ചാബിന്റെയും ഹരിയാനയുടെ വികാരമാണ്്. കർഷക സമരത്തിൽ അതാണ് കണ്ടത്. ഒരാളെയും കൂസാത്ത നരേന്ദ്ര മോദി- അമിത്ഷാ കൂട്ടുകെട്ടിനെ അവർ മട്ടുകുത്തിച്ചത് നോക്കുക. മാസങ്ങളോളം സമരം നടത്താനുള്ള ആളും അർത്ഥവും ഉള്ളവരാണിവർ. മാത്രമല്ല ഈ രീതിയിലുള്ള ഒരു ഭിന്നത തുടരുകയാണെങ്കിൽ അത് ഹരിയാന- യുപി പ്രാദേശിക വാദത്തിലേക്കും ഒരുവേള കലാപത്തിലേക്കും വരെ നീങ്ങും. നിഹാംഗുകളെപ്പോലുള്ള എന്തിനും സജ്ജരായ ആക്രമാസക്തരായ സിഖ് സായുധ സംഘങ്ങളുടെയും പിന്തുണ ഇവർക്കുണ്ട്.

അതേസമയം, ബ്രിജ്ഭൂഷന്റെ നാളുകൾ എണ്ണപ്പെട്ടുവെന്നും പൊതുവെ വിലയിരുത്തലുണ്ട്. ഇയാളുടെ പല ചെയ്തികളിലും ബിജെപിക്ക് അകത്ത് അമർഷം പടരുന്നുണ്ട്. കഴിഞ്ഞ വർഷം അയോധ്യയിൽ രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റിലുൾപ്പെട്ടവരടക്കമുള്ള സന്യാസിമാരുടെ യോഗം ബ്രിജ് ഭൂഷൻ വിളിച്ചു ചേർത്തിരുന്നു. സന്യാസിമാരുടെ നേതൃത്വത്തിൽ പോക്സോ നിയമം ഭേദഗതി ചെയ്യാൻ ആവശ്യമുന്നയിക്കുമെന്ന് ഇതാൾ ആവശ്യപ്പെട്ടത് വൻ വിവാദമായി. പോക്സോ കേസെടുത്തിട്ടും പൊലീസ് അറസ്റ്റ് ചെയ്യാൻ മടിക്കുന്ന പ്രതി, നിയമം തന്നെ മാറ്റുമെന്നു പ്രഖ്യാപിക്കുന്നതു രാജ്യത്തെ നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നു പാർട്ടിക്കുള്ളിൽത്തന്നെ അഭിപ്രായമുയർന്നിട്ടുണ്ട്.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ഇദ്ദേഹത്തിന്റെ ബന്ധം സമീപകാലത്ത് മോശമായതായാണ് റിപ്പോർട്ട്. പാർട്ടിയുടെ ഹിന്ദുത്വ മുഖം എന്ന പ്രതിച്ഛായയുള്ള യോഗി ആദിത്യനാഥിന്റെയും ബ്രിജ്ഭൂഷന്റെയും താൽപര്യങ്ങൾ തമ്മിൽ ചേരാതെ പോകുന്നുവെന്നും പറയുന്നു.കഴിഞ്ഞ കുറച്ചുകാലമായി ഇവർ അത്ര നല്ല സുഖത്തിലല്ല. ഗോണ്ടയിൽ സിങ്ങിന്റെ അനന്തരവൻ അനധികൃതമായി മൂന്ന് ഏക്കർ കരസ്ഥമാക്കിയെന്ന ആരോപണം വന്നപ്പോൾ പ്രാദേശിക ഭരണകൂടം സഹായകമായ നിലപാട് സ്വീകരിച്ചില്ലെന്ന് മാത്രമല്ല, സുമിത് ഭൂഷൺ സിങ്ങിന്റെ ഭൂമിയിലെ മതിൽ പൊളിച്ചുകളയുകയും കേസെടുക്കുകയും ചെയ്തിരുന്നു. ഈ രീതിയിലുള്ള ഭിന്നതകൾക്കിടയിലാണ് ഒരു നാടിനെ തന്നെ അപമാനത്തിന്റെ മുൾ മുനയിലാക്കുന്ന ഇത്തരം പ്രവർത്തികൾ പുറത്തുവരുന്നത്. ഇതോടൊപ്പം വെട്ടൊന്ന് മുറിരണ്ട് എന്ന രീതിയിൽ പ്രവർത്തിക്കുന്ന കർഷക സമര നേതാക്കൾ കൂടി വന്നാലോ? ഇനിയുള്ള ദിവസങ്ങൾ മോദി സർക്കാറിനും നിർണ്ണയാകം ആയിരിക്കും. കർഷക സമരത്തിന് സമാനമായ പ്രക്ഷോഭമായി ഇത് വളരുന്നതിന് മുമ്പ്, ബ്രിജ്ഭൂഷണെ നിയമനടപടിക്ക് വിധേയനാക്കാനുള്ള രാഷ്ട്രീയ വിവേകമാണ് നരേന്ദ്ര മോദി സർക്കാർ കാണിക്കേണ്ടത്.

വാൽക്കഷ്ണം: നമ്മുടെ പ്രിയപ്പെട്ട പി.ടി ഉഷ ഒരു ദുരന്തമായി മാറുന്നതും ഗുസ്തി സമരത്തിലുടെ രാജ്യം കണ്ടു. ഈ പ്രശ്നത്തിൽ കാര്യക്ഷമമായ ഇടപെടൽ നടത്താൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റായ ഉഷ ശ്രമിച്ചില്ല. സമരത്തെ തീർത്തും തള്ളിപ്പറയുന്ന നിലപാടാണ് ദ്യം ഉഷ സ്വീകരിച്ചത്. എന്നാൽ ഇതിനിതിരെ കായിക- രാഷ്ട്രീയ- സാമൂഹിക രംഗത്തുള്ള നിരവധി പേർ രംഗത്ത് വന്നു. ഇതോടെ നിലപാട് മാറ്റാൻ അവർ നിർബന്ധിതയായി. കായികതാരങ്ങൾക്കൊപ്പമാണെന്നു പ്രഖ്യാപിച്ച് സമരപന്തലിലെത്തി. പക്ഷേ സമരമുഖത്തുണ്ടായിരുന്ന പൊതുജനങ്ങളിൽ മിക്കവരും ഉഷയോട് പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ചു. അങ്ങനെ അപമാനിതയായി അവർക്ക് മടങ്ങേണ്ടിവന്നു.