രു രാഷ്ട്രീയ നേതാവ് മരിച്ചതിന്റെ ദുഃഖംമൂലം ഹൃദയംപൊട്ടിയും, ആത്മഹത്യചെയ്തും, ആയിരത്തോളം പേർ മരിക്കുക! ലോകത്തിൽ എവിടെയെങ്കിലും ചിന്തിക്കാൻ കഴിയുന്ന കാര്യമാണോ അത്. പക്ഷേ 2009ൽ അവിഭക്ത ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന വൈ എസ് രാജശേഖര റെഡ്ഡി അന്തരിച്ചപ്പോഴും സമാനമായ സംഭവങ്ങൾ സമാനതകൾ ഇല്ലാത്തതായിരുന്നു. എതാണ്ട് ആയിരത്തോളം പേർ വൈ എസ് ആറിന്റെ മരണ വിവരമറിഞ്ഞ് ജീവനൊടുക്കിയെന്ന് കാണിച്ച് മകൻ ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിൽ വലിയ നഷ്ടപരിഹാരത്തുക ബന്ധുക്കൾക്ക് നൽകിയിരുന്നു. എന്നാൽ ഔദ്യോഗിക കണക്കുപ്രകാരം മരണസഖ്യ നൂറിലേറെ മാത്രമായിരുന്നു. ബാക്കിയെല്ലാം കള്ളക്കണക്കും പെരുപ്പിച്ച് എടുത്തതും ആയിരുന്നു! (ജയലളിതയും, മുമ്പ് അണ്ണാദുരെയും എം.ജി.ആറും മരിച്ചപ്പോഴും സമാനമായ സംഭവങ്ങൾ തമിഴ്‌നാട്ടിൽ ഉണ്ടായിരുന്നു)

2009 സെപ്റ്റംബർ രണ്ടിന് കുർണൂലിനടുത്തുള്ള നിർമ്മല വനമേഖലയിൽ നടന്ന ഹെലിക്കോപ്റ്റർ അപകടത്തിലാണ് വൈഎസ്ആർ മരിച്ചത്. മോശം കാലാവസ്ഥയെ തുടർന്ന് മുഖ്യമന്ത്രി സഞ്ചരിച്ച ഹെലികോപ്റ്റർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് തകരുകയായിരുന്നു. ആന്ധ്രയിലെ എന്നുമാത്രമല്ല, ഇന്ത്യയിലെ തന്നെ ഏറ്റവും ജനപ്രീതിയുള്ള നേതാക്കളിൽ ഒരാളായിരുന്നു വൈ എസ് ആർ. അദ്ദേഹത്തിന്റെ ജീവിതവും മരണവും ഒരുപോലെ മാർക്കറ്റ് ചെയ്താണ് മകൻ ജഗൻ മോഹൻ റെഡ്ഡി അധികാരത്തിലേറിയത്.

ഇപ്പോഴിതാ റെഡ്ഡികുടുംബത്തിൽ നടക്കുന്ന, വലിയ സിനിമാ സ്റ്റെൽ ട്വിസ്റ്റുകൾ തെലുഗുരാഷ്ട്രീയത്തെ പിടിച്ചുകുലുക്കയാണ്. കോൺഗ്രസിനെ നിഷ്‌ക്കാസനം ചെയ്തുകൊണ്ട്, വൈഎസ്ആർ കോൺഗ്രസ് എന്ന പാർട്ടിയിലുടെ ജഗനെ അധികാരത്തിലേറ്റിക്കാൻ മുന്നിൽ നിന്ന് പ്രവർത്തിച്ച അമ്മ വിജയമ്മയും, മൂത്ത സഹോദരരി ശർമ്മിളയും, ഇപ്പോൾ മുഖ്യമന്ത്രിയായ ജഗന്റെ ഏകാധിപത്യത്തിൽ മടുത്ത്, കോൺഗ്രസിൽ തിരിച്ചെത്തിയിരിക്കയാണ്.

വൈഎസ്ആർ തെലങ്കാന പാർട്ടി സ്ഥാപകകൂടിയായ വൈ.എസ്.ശർമിള ഇന്ന് ഔദ്യോഗികമായി കോൺഗ്രസിൽ ചേർന്നിരിക്കയാണ്. വൈ.എസ് ആറിന്റെ ഭാര്യയും, ജഗന്റെ അമ്മയുമായ വിജയമ്മയും കോൺഗ്രസിൽ ചേർന്നതായി അറിയിച്ചുട്ടുണ്ട്. ഡൽഹിയിൽ നടന്ന ചടങ്ങിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെയും സാന്നിധ്യത്തിലാണ് ശർമിള കോൺഗ്രസിൽ ചേർന്നത്. തന്റെ പാർട്ടിയായ വൈഎസ്ആർ തെലങ്കാനയെ അവർ കോൺഗ്രസിൽ ലയിപ്പിച്ചു. "കോൺഗ്രസ് ഇപ്പോഴും രാജ്യത്തെ ഏറ്റവും വലിയ സെക്കുലർ പാർട്ടിയാണ്. കോൺഗ്രസ് എല്ലായ്‌പ്പോഴും ഇന്ത്യയുടെ യഥാർഥ സംസ്‌കാരം ഉയർത്തിപ്പിടിക്കുകയും നമ്മുടെ രാജ്യത്തിന്റെ അടിത്തറ കെട്ടിപ്പടുക്കുകയും ചെയ്തിട്ടുണ്ട്" -അവർ പറഞ്ഞു.

ഈ വർഷം ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം ആന്ധ്രയിൽ നിയമസഭാ തിരഞ്ഞെടുപ്പും നടക്കും. തെലങ്കാനയിൽ ടിഡിപി വിട്ടെത്തി പിസിസി അധ്യക്ഷനായ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിൽ കോൺഗ്രസ് അധികാരം പിടിച്ചിരുന്നു. ഇതേ മാതൃകയിൽ ശർമിളയെ പിസിസി അധ്യക്ഷയാക്കുമെന്ന് അഭ്യൂഹമുണ്ട്. ഇതോടെ വൈഎസ്ആർ എന്ന രാഷ്ട്രീയ അതികായന്റെ രണ്ടുക്കളും നേർക്കുനേർ പോരടിക്കുന്ന അവസഥയാണ്. ശരിക്കും ഒരു തെലുങ്ക് മസാല സിനിമപോലെ ആവുകയാണ് ആന്ധ്രാരാഷ്ട്രീയം!

അമ്മയുടെ അപമാനത്തിന് മറുപടി

സത്യത്തിൽ ഒരു വലിയ അപമാനത്തിനുള്ള മറുപടി എന്ന നിലയിലാണ്, വൈഎസ്ആർ കോൺഗ്രസ് എന്ന രാഷ്ട്രീയ പാർട്ടി ഉണ്ടാവുന്നത്. 2009ലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ രാജശേഖര റെഡ്ഡി മരിക്കുന്നതുവരെ കോൺഗ്രസ് ഹൈക്കമാൻഡും അദ്ദേഹത്തിന്റെ കുടുംബവും തമ്മിൽ നല്ല ബന്ധമായിരുന്നു. അന്ന് ജഗന്റെ മൂത്ത സഹോദരി ശർമ്മിള രാഷ്ട്രീയത്തിലില്ല. അമ്മ വിജയമ്മ ഭർത്താവിന്റെ നിഴലായി പൊളിറ്റിക്സിൽ ഉണ്ടെന്ന് പറയാം. മകൻ ജഗൻ മോഹൻ റെഡ്ഡിയാവട്ടെ, കടപ്പയിൽനിന്നുള്ള എംപിയും. പക്ഷേ ജഗൻ വൻ വ്യവസായി കൂടിയായിരുന്നു. കോടികളുടെ സ്വത്താണ് ഇദ്ദേഹം അന്നുതന്നെ സമ്പാദിച്ചത്. വൈ എസ് ആറിന്റെ മരണത്തോടെ ജഗൻ മുഖ്യമന്ത്രിയാവും എന്നാണ് കുടുംബം കരുതിയത്.

പക്ഷേ, കോൺഗ്രസ് ഹൈക്കമാൻഡും ചിന്തിച്ചത് അങ്ങനെ ആയിരുന്നില്ല. അതോടെ പ്രാദേശികതലത്തിൽ വലിയ പിന്തുണയില്ലാത്ത കെ. റോസയ്യ മുഖ്യമന്ത്രിയായി. പതിയെ റെഡ്ഡി കുടുംബവും റോസയ്യ സർക്കാരും തമ്മിലുള്ള അധികാര വടംവലിയും ആരംഭിച്ചു. ഇതിനിടെയാണ്, രാജശേഖര റെഡ്ഡിയുടെ മരണത്തിൽ ദുഃഖം താങ്ങാനാവാതെ ആത്മഹത്യ ചെയ്തവരുടെയും അസുഖബാധിതരായവരുടെയുമൊക്കെ വീടുകൾ സന്ദർശിക്കുന്ന 'ഒതർപ്പ് യാത്ര'യ്ക്ക് ജഗൻ തുടക്കമിട്ടത്. പക്ഷേ കോൺഗ്രസ് ഹൈക്കമാൻഡ് ഇതിനെ കണ്ടത് സംസ്ഥാന സർക്കാരിനെ തകിടം മറിക്കാനുള്ള യാത്രയായാണ്. അങ്ങനെ 2010 മധ്യത്തോടെ വിജയമ്മ എന്ന വൈ എസ് വിജയലക്ഷ്മിയേയും, വൈ എസ് ശർമിളയേയും പാർട്ടി ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിക്കുന്നു.

പക്ഷേ അവിടെ അവർക്ക് കൊടിയ അവഗണനയാണ് ഏറ്റത്. മണിക്കൂറുകൾ കാത്തുനിന്നിട്ടാണ് അമ്മക്കും മൾക്കും സോണിയയെ കാണാൻ കഴിഞ്ഞത്. മുമ്പ് രാജശേഖര റെഡ്ഡിയുണ്ടായിരുന്നു കാലത്ത്, സോണിയാഗാന്ധിവരെ കൈകൂപ്പി അദ്ദേഹത്തിനുമുന്നിൽ എഴുനേറ്റ് നിൽക്കുമായിരുന്നു. ശക്തമായ ഭാഷയിലാണ് സോണിയാ ഗാന്ധി അവർക്ക് മുന്നറിയിപ്പ് നൽകിയത്. ജഗൻ എത്രയും വേഗം യാത്ര അവസാനിപ്പിക്കണം. രാജശേഖര റെഡ്ഡി മരിച്ചപ്പോൾ ജീവൻ വെടിഞ്ഞവരുടെ ഉറ്റവരെ കാണാനുള്ള യാത്രയാണ് അതെന്ന് ഇരുവരും ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും യാതൊരു ഇളവും ലഭിച്ചില്ല. അന്ന് ഡൽഹിയിൽനിന്ന് അപമാനിതരായി മടങ്ങിപ്പോരേണ്ടി വന്ന ആ അമ്മക്കും സഹോദരിക്കും വേണ്ടി ജഗൻ എടുത്ത പ്രതിജ്ഞയാണ് , ആന്ധ്രയിൽ കോൺഗ്രസിന്റെ സർവനാശത്തിലേക്ക് നയിച്ചത്.

ജഗൻ അകത്തായപ്പോൾ അവർ അരങ്ങിലേക്ക്

കോൺഗ്രസ് ഹൈക്കമാൻഡുമായുള്ള ഭിന്നതകൾ വർധിച്ച് അത് വല്ലാത്ത ഒരു തലത്തിൽ എത്തിയയോടെ, ജഗനും കുടുംബവും 2010 നവംബറിൽ പാർട്ടിയിൽനിന്ന് രാജിവെച്ചു. വൈകാതെ ജഗൻ വൈഎസ്ആർ.കോൺഗ്രസ് പാർട്ടി (വൈഎസ്ആർസിപി) എന്ന പുതിയ പാർട്ടിയും പ്രഖ്യാപിച്ചു. എന്നാൽ അനധികൃത സ്വത്ത് സമ്പാദന കേസിൽ സിബിഐ ജഗനെ അറസ്റ്റ് ചെയ്യുകയും തുടർച്ചയായി ജാമ്യം നിഷേധിക്കപ്പെടുകയും ചെയ്ത സാഹചര്യമാണ് പിന്നാലെ സംജാതമായത്. 2012 ജൂൺ വരെ ശർമിളയോ വിജയമ്മയോ രാഷ്ട്രീയ ചിത്രത്തിൽ കാര്യമായി ഉണ്ടായിരുന്നില്ല. വിജയമ്മ എംഎൽഎ ആയിരുന്നെങ്കിലും രാജശേഖര റെഡ്ഡി ആയിരുന്നു എന്തിനും മുന്നിൽ. പക്ഷേ ജഗൻ അകത്തായതോടെ അമ്മയും മകളും സജീവമായി ഇറങ്ങി.

രാഷ്ട്രീയപ്രേരിതമാണ് ജഗന്റെ അറസ്റ്റ് എന്ന് ആരോപിച്ച് യുപിഎ സർക്കാരിനെതിരെ വിജയമ്മയും ശർമിളയും പ്രക്ഷോഭം നടത്തി. ജഗൻ ജയിലിലായതോടെ ദുർബലമായ പാർട്ടിയും ഒപ്പം കുടുംബത്തിന്റെ ബിസിനസ് സാമ്രാജ്യവും മുന്നോട്ടു കൊണ്ടുപോകേണ്ട ചുമതല മൂന്നു സ്ത്രീകൾക്കായി വിജയമ്മ, ശർമിള, ജഗന്റെ ഭാര്യ വൈ.എസ് ഭാരതി. 18 നിയമസഭാ സീറ്റുകളിലേക്കും ഒരു ലോക്സഭാ സീറ്റിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പായിരുന്നു ആദ്യ വെല്ലുവിളി. വിജയമ്മയുടേയും ശർമിളയുടെയും തോളിലേറിയ വൈഎസ്ആർസിപി ആ തിരഞ്ഞെടുപ്പിൽ 15 നിയമസഭാ സീറ്റിലും ഏക ലോക്സഭാ സീറ്റിലും വിജയിച്ച് വരവറിയിച്ചു.

2012 മെയ്‌ മാസത്തിലാണ് ജഗൻ ജയിലിലാകുന്നത്. ആ വർഷം ഒക്ടോബറിൽ ശർമിള അവിഭക്ത ആന്ധ്ര പ്രദേശിലൂടെ മറ്റൊരു യാത്ര തുടങ്ങി. കടപ്പയിൽ പിതാവ് വൈ.എസ് രാജശേഖര റെഡ്ഡിയുടെ കുഴിമാടത്തിൽ നിന്നാരംഭിച്ച 3,112 കിമീ നീളുന്ന പദയാത്ര ആന്ധ്രയുടെയും കോൺഗ്രസിന്റെയും ഭാവി തന്നെ മാറ്റി മറിച്ചു. യാത്ര അവസാനിച്ചത് രാജശേഖര റെഡ്ഡി അധികാരത്തിൽ വരുന്നതിന് തൊട്ടുമുൻപ് 2003ൽ നടത്തിയ 'മഹാപ്രസ്ഥാനം യാത്ര' അവസാനിപ്പിച്ച ശ്രീകാകുളത്തും. പദയാത്രയ്ക്കിടയിൽ ശർമിളയുടെ മുട്ടിന് പരിക്കുപറ്റി ശസ്ത്രക്രിയ ചെയ്യേണ്ടി വന്നു. അതിനു ശേഷം ആരംഭിച്ച യാത്രയെ വൻ ജനാവലിയാണ് വരവേറ്റത്. ദിവസം 13 കിമീ നടക്കുകയും വിവിധ ഗ്രാമങ്ങളിലുള്ളവരുമായി കൂടിക്കാഴ്ച നടത്തിയുമാണ് യാത്ര മുന്നേറിയത്. 16 മാസം നീണ്ട തടവിനു ശേഷം 2013 സെപ്റ്റംബറിൽ ജഗൻ ജാമ്യം ലഭിച്ച് ജയിൽ മോചിതനായതോടെ ശർമിള തന്റെ രാഷ്ട്രീയ പ്രവർത്തനത്തിന് 'താത്കാലിക' അവധി നൽകി. ജയിലിൽ പോയപ്പോൾ നിർത്തി വച്ചിരുന്ന 'ഒതർപ്പ് യാത്ര' ജഗൻ പുനഃരാരംഭിക്കുകയും ചെയ്തു. 2014ലെ നിയമസഭ, ലോക്സഭ തിരഞ്ഞെടുപ്പിനുള്ള ഒരുക്കമായിരുന്നു അത്.

ആന്ധ്രാവിഭജനം എന്ന കെണി

അതിനിടെ കോൺഗ്രസിന് മറ്റൊരു ഭീമാബദ്ധവും പറ്റി. അവർ ആന്ധ്രാവിഭജനത്തിന് കൂട്ടുനിന്നു. അതോടൊപ്പം റോസയ്യയ്ക്ക് ശേഷം മുഖ്യമന്ത്രി സ്ഥാനത്തു വന്ന കിരൺ കുമാർ റെഡ്ഡിക്കും ജനപ്രീതി വർധിപ്പിക്കാൻ ആയില്ല. ദുർബലമായ നേതൃത്വവുമായി പാർട്ടി ആടി ഉലഞ്ഞു. ഇതിനിടെ, ജഗൻ ഉയർത്തിയ ഭീഷണിയെ മറികടക്കുന്നതും കൂടി ലക്ഷ്യമിട്ടാണെന്ന് പറയപ്പെടുന്നു ആന്ധ്ര വിഭജനം എന്ന ആവശ്യത്തിന് കോൺഗ്രസ് ഹൈക്കമാൻഡും കേന്ദ്ര സർക്കാരും സമ്മതം മൂളി. അതോടെ ആന്ധ്രയിൽ കോൺഗ്രസ് തീർത്തും ഒറ്റപ്പെട്ടു.

കുറച്ചു കാലമായി സ്വയം പിൻവലിഞ്ഞിരുന്ന തെലങ്കാന രാഷ്ട്രസമിതി അധ്യക്ഷൻ കെ ചന്ദ്രശേഖര റാവുവും ഇതിനിടെ ശക്തമായ പ്രചരണ പരിപാടികളും പ്രക്ഷോഭങ്ങളുമായി രംഗത്തു വന്നു. 2014ലെ തിരഞ്ഞടുപ്പ് അവിഭക്ത ആന്ധ്രയിൽ നടത്തുന്നു എന്നുള്ളത് സാങ്കേതികമായി മാത്രം നടന്ന കാര്യമായിരുന്നു. സംസ്ഥാനം വിഭജിക്കാനുള്ള കാര്യങ്ങളൊക്കെ അപ്പോഴേക്കും പൂർത്തിയായിരുന്നു. എന്നാൽ സംസ്ഥാനം വിഭജിക്കുന്നതിന് എതിരായിരുന്ന രാജശേഖര റെഡ്ഡിയുടെ അതേ നിലപാടായിരുന്നു ജഗനും. നായിഡു എവിടെയും തൊടാതെ നിലപാടെടുത്തപ്പോൾ തെലങ്കാന രൂപീകരണത്തിന് കോൺഗ്രസിനുള്ള പിന്തുണക്കൈ നീട്ടിയത് ബിജെപിയാണ്.

പക്ഷേ, ആ തിരഞ്ഞെടുപ്പിൽ ജനം എൻഡിഎ മുന്നണിയുടെ ഭാഗമായി മത്സരിച്ച ചന്ദ്രബാബു നായിഡുവിന്റെ തെലുഗു ദേശം പാർട്ടിക്കൊപ്പം നിന്നു. മോദി തരംഗവും നായിഡുവിനെ സഹായിച്ചു. ടിഡിപി 117 സീറ്റുകൾ നേടിയപ്പോൾ ടിആർഎസ് 63 സീറ്റുകൾ നേടി. ഭരണം കിട്ടിയില്ലെങ്കിലും ജഗന്റെ പാർട്ടി 70 സീറ്റുകളുമായി മുഖ്യപ്രതിപക്ഷവുമായി. 2009ൽ 156 സീറ്റ് എന്ന കനത്ത ഭൂരിപക്ഷത്തിൽ സംസ്ഥാനം പിടിച്ച കോൺഗ്രസ് ആകട്ടെ അഞ്ചു വർഷത്തിനുള്ളിൽ 21 സീറ്റിലേക്ക് ഒതുങ്ങി. ജഗനാകട്ടെ, പുതുതായി അധികാരത്തിലേറിയ നായിഡു സർക്കാരിനെതിരെ ശക്തമായ പ്രതിപക്ഷമായി കളം പിടിച്ചു. സംസ്ഥാനത്തുടനീളം യാത്രകൾ നടത്തി. ഈ യാത്രയിലൊക്കെ അദ്ദേഹം പിതാവ് വൈഎസ്ആറിന്റെ വികാരം കത്തിച്ചു.

ശർമ്മിള എന്ന പെൺപുലി

ശരിക്കും പെൺപുലിയായിട്ടാണ് മാധ്യമപ്രവർത്തകർ ശർമ്മിളയെ വിശേഷിപ്പിക്കുന്നത്. അനിയനെ അധികാരത്തിലേറ്റാനുള്ള രാഷ്ട്രീയ നീക്കങ്ങളുടെ കിങ്മേക്കർ അവർ ആയിരുന്നു. അവർ സടകുടഞ്ഞ് എണീറ്റത്, 2019ലാണ്. അതും മറ്റൊരു യാത്രയുമായി രംഗത്തെത്തിയപ്പോൾ. 2019ലെ നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകളോട് അനുബന്ധിച്ച് 11 ദിവസം നീണ്ട ബസ് യാത്രയായിരുന്നു അത്. ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിന്റെ സർക്കാരിനെതിരെ 'ബൈ ബൈ ബാബു' എന്ന മുദ്രാവാക്യവുമായിട്ടായിരുന്നു ആ യാത്ര. നായിഡു സർക്കാരിന്റെ പതനമടുത്തു എന്നു സൂചിപ്പിക്കാൻ ബസിൽ ഒരു 'കൗണ്ട്ഡൗൺ' ക്ലോക്കും സ്ഥാപിച്ചിരുന്നു. ആന്ധ്രയെ ഇളക്കി മറിച്ചുകൊണ്ട് 3600 കിമീ ദൂരം താണ്ടി, 340 ദിവസം നീണ്ട പ്രജാ സങ്കൽപ്പ് യാത്ര ജഗൻ പൂർത്തിയാക്കുന്നതിനു സമാന്തരമായിട്ടായിരുന്നു സഹോദരിയുടെ നീക്കം. ഈ യാത്രയിൽ ഒരു കോടിയോളം പേരെ ജഗൻ നേരിട്ടു കണ്ടിട്ടുണ്ട് എന്നാണ് കണക്ക്. അമരാവതിയിൽ പുതിയ തലസ്ഥാനമുണ്ടാക്കാനും ആന്ധ്രയെ ഒന്നാം നമ്പർ സംസ്ഥാനമാക്കാനും നായിഡു ശ്രമിച്ചുകൊണ്ടിരുന്നപ്പോൾ സാധാരണ ജനങ്ങളിലേക്ക് ഇറങ്ങുകയായിരുന്നു ജഗനും ശർമിളയും.

ജഗനോ പാർട്ടിയോ പോലും പ്രതീക്ഷിച്ചിരുന്നതിനേക്കാൾ വലിയ വിജയമാണ് ആ തിരഞ്ഞെടുപ്പിൽ വൈഎസ്ആർസിപി നേടിയത്. ആകെയുള്ള 175 സീറ്റുകളിൽ 151 എണ്ണത്തിൽ വിജയം. ടിഡിപിക്ക് ആകട്ടെ കേവലം 23. ആന്ധ്രയിൽ കോൺഗ്രസിന്റെ സമ്പൂർണ പരാജയം കണ്ട ഈ തിരഞ്ഞെടുപ്പിൽ ഒറ്റ സീറ്റു പോലും ലഭിച്ചില്ല. ലോക്സഭയിലേക്കാകട്ടെ, ജഗനും കൂട്ടരും 25ൽ 22 സീറ്റുകളും നേടിയപ്പോൾ നായിഡുവിന് ലഭിച്ചത് മൂന്നു സീറ്റുകൾ. കോൺഗ്രസും ബിജെപിയും പൂജ്യം. അങ്ങനെ കോൺഗ്രസ് ആന്ധ്രയുടെ രാഷ്ട്രീയ ചിത്രത്തിൽ നിന്നേ തുടച്ചുനീക്കപ്പെട്ടു. മുമ്പേറ്റ അപമാനത്തിന് റെഡ്ഡി കുടുംബം പകരം വീട്ടുകയായിരുന്നു എന്ന് അനുയായികൾ അടക്കം പറഞ്ഞു.


ജഗനുമായി തെറ്റുന്നു

ദൃഷ്ടിപതിയുന്നിടം എല്ലാം തന്റെ സ്വന്തമാണ് എന്ന് പറയുന്ന ആറാം തമ്പുരാനിലെ ജഗന്നാഥനോട് ഉപമിക്കാൻ കഴിയുന്ന കഥാപാത്രമാണ് നിലവിലെ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി. നല്ല വസ്തുക്കളെല്ലാം അദ്ദേഹം സ്വന്തമാക്കും. ശതകോടികളുടെ അഴിമതിയാണ് അദ്ദേഹം നടത്തിയത് എന്ന് ആരോപണമുണ്ട്്. കടപ്പയിലെ സിറാമിക്സ് തൊട്ട് ഖനികൾവരെ ഇന്ന് ജഗന്റെ അധീനതിയിലാണ്. അധികാരം കിട്ടിയതോടെ അയാൾ തികച്ചും സേഛ്വാധിപതിയായി.

വൈ എസ് ആറിന്റെ ഏക രാഷ്ട്രീയ അവകാശി താൻ ആണെന്ന് ജഗൻ പ്രഖ്യാപിച്ചു. ഇതോടെ കുടുംബത്തിൽ ഭിന്നതയുണ്ടെന്ന് വാർത്തകൾ പുറത്തുവന്നു. പിന്നാലെ താൻ സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുകയാണെന്നും ശർമ്മിള പ്രഖ്യാപിച്ചു. എന്നാൽ സജീവ രാഷ്ട്രീയത്തിൽനിന്ന് ഒഴിഞ്ഞു നിൽക്കണം എന്നതായിരുന്നു ജഗന്റെയും പാർട്ടിയിലെ മറ്റ് മുതിർന്ന നേതാക്കളുടെയും ആവശ്യം. എന്നാൽ വിജയമ്മ മകൾക്കൊപ്പം നിന്നു.

2011 ൽ പാർട്ടി രൂപീകരിച്ചതു മുതൽ വൈ എസ് ആർ കോൺഗ്രസ് പാർട്ടിയുടെ ഓണററി പ്രസിഡന്റായിരുന്നത് വിജയമ്മയാണ്. പക്ഷേ പിന്നീട് പാർട്ടിയുടെ സ്ഥിരം പ്രസിഡന്റായി മുഖ്യമന്ത്രി ജഗന്മോഹൻ റെഡ്ഡിയെ തിരഞ്ഞെടുത്തു. പിന്നാലെയാണ് പാർട്ടിയുടെ ഓണററി പ്രസിഡന്റ് സ്ഥാനം രാജിവച്ച അമ്മ .വിജയമ്മ മകൾ ശർമിളയുടെ പാർട്ടിയിൽ പ്രവർത്തിക്കുമെന്നു പ്രഖ്യാപിച്ചത്. അങ്ങനെ 2021ൽ വൈ.എസ്. രാജശേഖർ റെഡ്ഡിയുടെ ജന്മദിനമായ ജൂലൈ എട്ടിന് വൈ.എസ് ശർമിള തന്റെ പുതിയ പാർട്ടി സ്ഥാപിച്ചു വൈഎസ്ആർ തെലങ്കാന പാർട്ടി. പാർട്ടി രൂപീകരണത്തിന് തൊട്ടു മുൻപ് ഖമ്മത്ത് നടത്തിയ വൻ പൊതുയോഗത്തിൽ വൈ.എസ് വിജയമ്മ മകളെക്കുറിച്ച് പറഞ്ഞത്, ശർമിള ഏതൊരു പുരുഷ നേതാവിനെയും കവച്ചുവയ്ക്കാൻ ശേഷിയുള്ള, പോരാട്ടവീര്യമുള്ള സ്ത്രീയാണ് എന്നാണ്. വൈകാതെ, ശർമിള തന്റെ രാഷ്ട്രീയ ലക്ഷ്യം ആന്ധ്രയിൽനിന്ന് തെലങ്കാനയിലേക്ക് പറിച്ചു നട്ടു.

തെലങ്കാനയിലെ കെസിആർ സർക്കാരിനെതിരായ ശർമിളയുടെ പദയാത്ര വൻ ഹിറ്റായിരുന്നു. വൈഎസ്ആർ തെലങ്കാന പാർട്ടി (വൈഎസ്ആർടി.പി) പ്രവർത്തകരും ടിആർഎസ് പ്രവർത്തകരുമായുള്ള ഏറ്റുമുട്ടലിനെ തുടർന്ന് ശർമിളയെ കുറച്ച് സമയത്തേക്ക് കസ്റ്റഡിയിലെടുത്തതൊക്കെ വൻവിവാദമായി. ഇതേതുടർന്ന് മുഖ്യമന്ത്രി കെസിആറിന്റെ വസതിയിലേക്ക് പ്രതിഷേധവുമായി ശർമിള കാറോടിച്ചെത്തിയതും, പൊലീസ് അവരെ കെട്ടിവലിച്ചുകൊണ്ട് പൊലീസ് സ്റ്റേഷനിലേക്ക് പോയതും വലിയ വാർത്തായായി. ഈ ഘടകങ്ങൾ ഒക്കയും ചന്ദ്രശേഖര റാവുവിന്റെ പതനത്തിലേക്ക് നയിച്ചിട്ടുണ്ട്.

പക്ഷേ ഇപ്പോൾ അവർ തെലങ്കാന വിട്ട് ആന്ധ്രയിൽ എത്തുകയാണ്. തെലങ്കാനയിൽ കോൺഗ്രസ് ശക്തമായ തിരിച്ചുവരവ് നടത്തിയപ്പോൾ, ഇനി ഇവിടെ സ്‌കോപ്പില്ലെന്ന് അവർ തിരിച്ചറിഞ്ഞിരിക്കണം. സുവിശേഷ പ്രവർത്തകനായ അനിൽ കുമാറാണ് ശർമിളയുടെ ഭർത്താവ്. തന്റെ രാഷ്ട്രീയ ജീവിതത്തിന് എല്ലാക്കാലത്തും പ്രോത്സാഹനമായി നിന്നിട്ടുള്ളത് ഭർത്താവാണെന്ന് ശർമിള പറഞ്ഞിരുന്നു.

കോൺഗ്രസിന് ലോട്ടറി

സത്യത്തിൽ പുതിയ സംഭവികാസങ്ങൾ കോൺഗ്രസിനാണ് ലോട്ടറിയായിക്കുന്നത്. ഇതോടെ തെലുങ്കാനക്ക് പിന്നാലെ ആന്ധ്രയിലും ഭരണം പിടിക്കാനാവുമെന്നാണ് കോൺഗ്രസ് കരുതുന്നത്. കോൺഗ്രസിനെ വീണ്ടും ശർമിളയിലൂടെ പുനരുജ്ജീവിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.

ശർമിളയും വിജയമ്മയും കോൺഗ്രസിലേക്ക് തിരികെ വരുന്നുവെന്ന വാർത്തയെ ആന്ധ്ര പ്രദേശ് കോൺഗ്രസ് സ്വാഗതം ചെയ്തു. കോൺഗ്രസിന്റെ ആശയങ്ങളെ ബഹുമാനിക്കുന്നതും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും രാഹുൽ ഗാന്ധിയെയും സ്‌നേഹിക്കുന്നതുമായ ആർക്കും കോൺഗ്രസിലേക്ക് സ്വാഗതമെന്ന് ആന്ധ്ര പ്രദേശ് കോൺഗ്രസ് പ്രസിഡന്റ് ഗിഡുഗു രുദ്ര രാജു പറഞ്ഞത്. തെലങ്കാനയിലും ആന്ധ്രയിലും ഒരേപോലെ പ്രവർത്തിക്കാൻ ശർമിള ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ആന്ധ്രാപ്രദേശിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കോൺഗ്രസ് ഹൈക്കമാൻഡ് ശർമിളയ്ക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ശർമിളയെ കർണാടകയിൽ നിന്ന് അവരെ രാജ്യസഭയിലേക്ക് പരിഗണിച്ചേക്കുമെന്നും ഇതിനിടെ റിപ്പോർട്ടുകൾ ഉണ്ട്.

പ്രതിപക്ഷ ഐക്യം ഉണ്ടാക്കി ജഗൻ മോഹൻ റെഡ്ഡിയെ അധികാരത്തിൽ നിന്ന് ഇറക്കാനാണ് കോൺഗ്രസ് നീക്കം. വൈ എസ് രാജശേഖര റെഡ്ഡിയുടെ ശത്രുവായി കണക്കാക്കുന്ന ചന്ദ്രബാബു നായിഡുവിന്റെ മകൻ നാരാ ലോകേഷിന് വൈ എസ് ശർമിള ക്രിസ്മസ് സമ്മാനം അയച്ചത് ഇതിന് മുന്നോടിയായിട്ടാണെന്നാണ് വിലിയിരുത്തൽ.നിലവിൽ ചന്ദ്രബാബു നായിഡുവിന്റെ പാർട്ടിയുമായി സഖ്യത്തിൽ ഏർപ്പെടുമെന്ന് പവൻ കല്ല്യാൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനോടൊപ്പം കോൺഗ്രസ് കൂടി ചേർന്നാൽ ജഗൻ മോഹന് വലിയ വെല്ലുവിളിയായിരിക്കും ഉയരുക.

ഇതിനോടൊപ്പം പാർട്ടിയിലെ ജഗന്റെ ഏകാധിപത്യ സ്വഭാവത്തിൽ പ്രതിഷേധമുള്ള വൈ എസ് ആർ കോൺഗ്രസ് നേതാക്കളെ പാർട്ടിയിലേക്ക് ശർമിളയോടൊപ്പം എത്തിക്കാൻ സാധിക്കുമെന്നും കോൺഗ്രസ് വിലയിരുത്തുന്നുണ്ട്. മംഗളഗിരിയിൽ നിന്നുള്ള വൈഎസ്ആർ കോൺഗ്രസ് എംഎൽഎ അല്ല രാമകൃഷ്ണ റെഡ്ഡി, ഇതിനോടകം ശർമിളയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പത്തോളം എംഎൽഎമാർ ശർമിളയ്ക്ക് ഒപ്പം കോൺഗ്രസിൽ എത്തിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

എന്നാൽ ഇവരൊക്കെ കളിക്കുന്നത്, രാഷ്ട്രീയത്തിൽ സകല അടവുകളും ആറിയാവുന്ന ആന്ധ്രയുടെ ആറാം തമ്പുരാനായ സാക്ഷാൽ ജഗന്നാഥനോട് തന്നെയാണ്. തന്റെ ഇമേജ് ബൂസ്റ്റ് ചെയ്യുന്നതിനായി സിനിമയും, വിവിധ ജനപ്രിയ പദ്ധതികളുമൊക്കെ ജഗന്റെ മനസ്സിലുണ്ട്. 'അധികാര കൊതി മൂത്ത സഹോദരി അമ്മയെ കൂട്ടുപിടിച്ച് ഒറ്റപ്പെടുത്തുന്ന, സ്‌നേഹം ലഭിക്കാത്ത, ആന്ധ്ര ജനതയുടെ പുത്രനായ ജഗൻ' എന്ന രീതിയിൽ ക്യാംപെയിനുകളും സോഷ്യൽ മീഡിയയിൽ പ്രചാരണങ്ങളും ജഗന് വേണ്ടി ശക്തമായിട്ടുണ്ട്. എന്തായാലും വൈഎസ്രാജശേഖര റെഡ്ഡിയോടുള്ള ആന്ധ്രയിലെ ജനങ്ങൾക്കുള്ള സ്‌നേഹം വോട്ടാക്കി മാറ്റിയ ജഗനെതിരെ അമ്മയും സഹോദരിയും എത്തുമ്പോൾഎന്തായിരിക്കും ഫലമെന്ന് കാത്തിരുന്ന് കാണണം.

പക്ഷേ പുതിയ സംഭവികാസങ്ങൾ ആന്ധ്രയുടെ ക്രമസമാധാന നില തെറ്റിക്കുമോ എന്നും ആശങ്കയുണ്ട്. രാംഗോപാൽ വർമ്മ തന്റെ 'രക്തചരിത്ര' എന്ന സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നതുപോലെ, ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ രാഷ്ട്രീയ കൊലപാതകങ്ങൾ നടന്ന മേഖലയാണ് ഇവിടം. 'റെഡ്ഡിമാർ പ്രതികാരം ചെയ്യാൻ തീരുമാനിച്ചാൽ ശത്രുവിന്റെ നാശം കണ്ടേ അടങ്ങൂ, അതിനു സാധിച്ചില്ലെങ്കിൽ സ്വയം ഇല്ലായ്മ ചെയ്യും' എന്നൊരു ചൊല്ലുണ്ട്. അതുപോലെ കൊല്ലും കൊലയുമുള്ള ഒരു കാലം തിരിച്ചുവരുമോ എന്ന ആശങ്കയും ഇതോടോപ്പമുണ്ട്.

വാൽക്കഷ്ണം: ജഗമോഹന്റെ അധികാരത്തിലേറ്റിയതിൽ വലിയ പങ്ക് നമ്മുടെ സൂപ്പർ സ്റ്റാർ മമ്മുട്ടിക്കുമുണ്ട്. 2019 ൽ ജഗൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുമ്പായി മമ്മൂട്ടിയെ നായകനാക്കി യാത്ര എന്ന സിനിമ പുറത്തിറങ്ങിയിരുന്നു. വൈഎസ് രാജശേഖര റെഡ്ഡിയുടെ ഓർമകൾ ആന്ധ്രയിലെ ജനങ്ങളിൽ ഉണ്ടാക്കുന്നതിനും ഈ സിനിമ വലിയതോതിൽ സഹായിച്ചു. അഞ്ച് വർഷങ്ങൾക്ക് ശേഷം മറ്റൊരു തിരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ യാത്രയുടെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്. വൈ എസ് ആറിന്റെ മരണവും തുടർന്ന് ജഗൻ നേതൃസ്ഥാനത്തേക്ക് എത്തിയതിന്റെയും കഥയാണ് യാത്ര 2 അവതരിപ്പിക്കുന്നത്. ജീവയാണ് ജഗനായി വെള്ളിത്തിരയിൽ എത്തുന്നത്. സിനിമക്ക് രാഷ്ട്രീയവുമായി ഏറെ ബന്ധമുള്ള ആന്ധ്രയിൽ ജഗന്റെ അടവുകൾ ഇനിയും കാണാൻ ഇരിക്കുന്നതേയുള്ളു.