- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു വീട്ടില്‍ ഒരു തോക്കുള്ള ഗോത്രങ്ങള്‍; ശൈലി പല്ലിന് പല്ല് കണ്ണിന് കണ്ണ്; ഇസ്ലാമിക വിശ്വാസം ഉപേക്ഷിക്കലിനും, സ്വവര്ഗാനുരാഗത്തിനുമൊക്കെ വധശിക്ഷ; ഭരണഘടനയിലുള്ളത് മൃതദേഹം പൊതുപ്രദര്‍ശനത്തിനായി കെട്ടിത്തൂക്കണമെന്ന്; കുടുംബം മാത്രമല്ല ഗോത്രവും മാപ്പു നല്‍കണം; യെമനിലെ പ്രാകൃത നിയമങ്ങള്‍ ഇങ്ങനെ
ഒരു വീട്ടില്‍ ഒരു തോക്കുള്ള ഗോത്രങ്ങള്‍; ശൈലി പല്ലിന് പല്ല് കണ്ണിന് കണ്ണ്
'അവളെക്കൊല്ലൂ' എന്ന് ആര്‍ത്ത് വിളിക്കുന്ന ആയിരങ്ങള്‍. യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട്, കേരളത്തിന്റെ നൊമ്പരമായ നിമിഷപ്രിയയുടെ കേസ് കോടതിയില്‍ വന്നപ്പോള്‍ ജഡ്ജിമാര്‍ പോലും ഭീതിയിലായിരുന്നുവെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തത്. കോടതി പരിസരം മുഴുവന്‍, ഒരു സ്ത്രീയുടെ രക്തത്തിനായി ദാഹിക്കുന്ന ജനക്കൂട്ടം! ഏറെ പണിപ്പെട്ടും ഭീതിയോടെയുമാണ് നിമിഷയുടെ അഭിഭാഷകന്‍വരെ കോടതിയിലെത്തിയത്. ഇതാണ് യെമന്‍ എന്ന ഇന്ന് ഷിയാ ഐസിസ് എന്ന വിളിക്കുന്ന, ഹുത്തി വിമതരുടെ ഭാഗിക നിയന്ത്രണത്തിലുള്ള രാജ്യത്തിന്റെ അവസ്ഥ. തെളിവ് നിയമത്തേക്കാള്‍ അവര്‍ക്ക് പ്രധാനം പൊതുജന വികാരമാണ്.
പലരും ചോദിക്കുന്ന ചോദ്യമുണ്ട്. എന്തുകൊണ്ടാണ് യെമനില്‍നിന്ന് നമുക്ക് നിമിഷ പ്രിയയെ മോചിപ്പിക്കാന്‍ കഴിയാത്തതെന്ന്. കാരണം അത്രക്ക് സങ്കീര്‍ണ്ണമാണ് ആ രാജ്യത്തിന്റെ അവസ്ഥയെന്നാണ്. ആഭ്യന്തര യുദ്ധം നടക്കുന്ന പല ഭാഗത്തും, ഭരണകൂടം തന്നെയില്ല. ശതകോടികളുടെ എണ്ണ നിക്ഷേപവും , ധാതുനിക്ഷേപവും ഉണ്ടായിട്ടും, പട്ടിണികിടക്കാന്‍ വിധിക്കപ്പെട്ട പാവം ജനതയാണ് യമനിലേത്. ഇപ്പോഴും ആധുനികത അവിടേക്ക് എത്തിനോക്കിയിട്ടില്ല. ഇസ്ലാമിന്റെ ആഗമനത്തിന് രണ്ട് സഹസ്രാബ്ദത്തിലേറെക്കാലം, യമന്‍ ശക്തവും സമ്പന്നവുമായ നിരവധി നഗരങ്ങളുടെയും സാമ്രാജ്യങ്ങളുടെയും ആസ്ഥാനമായിരുന്നു. പക്ഷേ ഓട്ടോമാന്‍ സാമ്രാജ്യത്തിന്റെ വരവോടെ രാജ്യത്ത് മതം പിടിമുറക്കി. ഇന്ന് കാടന്‍ ഇസ്ലാമിക നിയമങ്ങളുടെ പേരിലും, പോരടിക്കുന്ന ഗോത്രങ്ങളുടെ പേരിലും കുപ്രസിദ്ധമാണ് ഈ നാട്.
ഗോത്രം നിയന്ത്രിക്കുന്ന കോടതികള്‍
കൃത്യമായ വിചാരണ പോലും നടത്താതെയുള്ള വധശിക്ഷ പ്രഖ്യാപനങ്ങള്‍, കണ്ണിന് കണ്ണ്, പല്ലിന് പല്ലെന്ന ശിക്ഷാരീതി, ആഭ്യന്തര പ്രശ്നങ്ങള്‍... നിമിഷപ്രിയയുടെ മോചനത്തില്‍ തടസ്സമാകുന്ന യെമനിലെ പ്രശ്നങ്ങ ഒരുപാടുണ്ട്. ശരീയത്ത് നിയമം, പഴയ ഈജിപ്ത് നിയമം, നെപ്പോളിയന്‍ നിയമം എന്നിവയുടെ സങ്കരമാണ് യെമനിലുള്ളത്. ഭരണഘടനയില്‍ ഒരുപാട് നല്ല കാര്യങ്ങളും എഴുതിവെച്ചിട്ടുണ്ട്. ഇത് പ്രകാരം, കുറ്റം തെളിയിക്കുന്നതുവരെ പ്രതികള്‍ നിരപരാധികളാണ്, ദരിദ്രരായ പ്രതികള്‍ക്ക് നിയമസഹായത്തിന് അര്‍ഹതയുണ്ട് എന്നൊക്കെ, പക്ഷേ ഫലത്തില്‍ ഇതും നടപ്പാവുന്നില്ല.
ഇപ്പോള്‍ ഹുത്തികള്‍ നിയന്ത്രിക്കുന്ന രാജ്യത്ത്, ചെറിയ കേസുകള്‍ക്ക് ജഡ്ജിയില്ല. ക്രിമിനില്‍ കേസുക വിധിക്കാന്‍ മാത്രമാണ് ജഡ്ജിമാര്‍ ഉണ്ടാവുക. അപ്പീല്‍ അവകാശം കൃത്യമായി വിനിയോഗിക്കപ്പെടുന്നില്ല എന്നതും യെമനിലെ നിയമ സംവിധാനത്തിന്റെ പേരായ്മയായി ആംനസ്റ്റി ഇന്റര്‍നാഷണല്‍ ചൂണ്ടിക്കാട്ടുന്നു. ജുഡീഷ്യറി നിയന്ത്രിക്കുന്നത്, എക്സിക്യൂട്ടീവ് ബ്രാഞ്ച് കൗണ്‍സില്‍, സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ എന്നിവരാണ്. ജഡ്ജിമാരെ നിയമിക്കാനും പുറത്താക്കാനും എക്സിക്യൂട്ടീവ് ബ്രാഞ്ചിന് അധികാരമുണ്ട്. ഇതിനെ നിയന്ത്രിക്കുന്നത് രാഷ്ട്രീയക്കാരും ഗോത്ര തലവന്‍മ്മാരുമാണ്. അതുകൊണ്ടുതന്നെ ഇന്‍ഡിപെന്‍ഡന്റ് ജൂഡീഷ്വറി എന്നത് ഒരു സങ്കല്‍പ്പം മാത്രമാണിവിടെ.
യമനിലെ ഗോത്ര നിയമങ്ങള്‍ക്കും വലിയ അധികാരം നീതിന്യായ വ്യവസ്ഥയിലുണ്ട്. നിയമത്തിന് മുകളിലാണ് ഗോത്രതലവന്‍. കാര്യമായ വിവേചന അധികാരം ഉണ്ട്. ലോകത്തിലെ ഏറ്റവും ദുര്‍ബലമായ നീതിന്യായ വ്യവസ്ഥകളില്‍ ഒന്നാണ് യമന്‍ എന്നാണ് ഹ്യൂമന്‍ റൈറ്റ്സ് വാച്ച് പറയുന്നത്.
മജിസ്ട്രറ്റ് അല്ലെങ്കില്‍ ഡിവിഷണല്‍ കോടതികള്‍, പ്രവിശ്യ കോടതികള്‍, സൈനിക കോടതികള്‍, ക്രിമിനല്‍, കുടുംബം, ജുവനൈല്‍, കാര്‍ഷികം, പാര്‍പ്പിടം അങ്ങനെ വിവിധ തരത്തിലുള്ള കോടതികളുണ്ട് ഇവിടെ. ചെറിയ സിവില്‍ നിയമങ്ങള്‍ കൈകര്യം ചെയ്യുന്നത്, മജിസ്ട്രേറ്റ് കോടതികളാണ്. പ്രവിശ്യകോടതികള്‍ കൂടുതല്‍ ഗുരുതരമായ കേസുകള്‍, അനന്തരാവകാശ തര്‍ക്കങ്ങള്‍, മജിസ്ട്രേറ്റ് കോടതികളില്‍നിന്നുള്ള അപ്പീലുകള്‍ എന്നിവ പരിഗണിക്കുന്നു. ഇസ്ലാമിക നിയമം പ്രയോഗിക്കുന്ന ശരീഅത്ത് കോടതികളും, പരമ്പാരഗത നിയമം പ്രയോഗിക്കുന്ന ഗോത്ര കോടതികളും യമനിലുണ്ട്. പക്ഷേ കോടതി പ്രവര്‍ത്തിക്കുന്നത് സ്വതന്ത്രമായിട്ടല്ല, ഗോത്രത്തിന്റെ വികാരത്തിന് അനുസരിച്ചയാണ്. അതാണ് നിമഷപ്രിയക്കടക്കം തിരിച്ചിടിയാവുന്നത്. ഈ കോടതികള്‍ക്ക് കീഴില്‍ ന്യായമായ നടപടിക്രമങ്ങള്‍ പലപ്പോഴും പാലിക്കപ്പെടാറില്ല. ന്യായമായ വിചാരണ നടത്തുന്നതിനും നിയമപരമായ പ്രതിനിധികളുടെ സഹായം തേടുന്നത് സംബന്ധിച്ചും അന്താരാഷ്ട്ര നിരീക്ഷണ സംഘങ്ങള്‍ പലപ്പോഴും ആശങ്കകള്‍ ഉന്നയിച്ചിട്ടുണ്ട്. വിദേശപൗരന്മാരുടെ കാര്യം വരുമ്പോള്‍ മിക്കപ്പോഴും അവര്‍ക്ക് ആവശ്യമായ നിയമസഹായമൊന്നും ലഭിക്കാറില്ല. നിമിഷയുടെ കാര്യത്തിലും സംഭവിച്ചത് അതാണ്.
2018 ജൂണില്‍ യെമനിലെ ഒരു പ്രാദേശിക കോടതി നിമിഷ പ്രിയയെ കൊലപാതക കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിച്ചു. 2020-ല്‍ സനയിലെ ട്രയല്‍ കോടതി ഈ വിധി ശരിവെച്ചു. 2023 നവംബറില്‍ യെമനിലെ സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ നിമിഷയുടെ അപ്പീല്‍ തള്ളിക്കളയുകയും വധശിക്ഷ ശരിവെക്കുകയും ചെയ്തു. 2024-ല്‍ യെമന്‍ പ്രസിഡന്റ് റാഷാദ് അല്‍-അലിമി വധശിക്ഷയ്ക്ക് അംഗീകാരം നല്‍കി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വ്യക്തിക്ക് മാപ്പ് നല്‍കാന്‍ അധികാരമുള്ളത് യെമന്റെ പ്രസിഡന്റിന് മാത്രമാണ്. കൂടാതെ രാജ്യത്തെ ഏത് കോടതി ആര്‍ക്ക് വധശിക്ഷ വിധിച്ചാലും അത് പ്രസിഡന്റ് അംഗീകരിച്ചാല്‍ മാത്രമെ നടപ്പിലാക്കാന്‍ സാധിക്കുകയുള്ളു. പക്ഷേ ഇപ്പോള്‍ ഹൂത്തി ഭരണത്തില്‍ രാഷ്ട്രീയ നേതൃത്വം തീര്‍ത്തും ദുര്‍ബലമായിപ്പോയി. യെമനുമായി ഇന്ത്യക്ക് നയതന്ത്രബന്ധമില്ലാത്തതും പ്രശ്നമാണ്. അവിടെ ഇന്ത്യന്‍ എംബസിയില്ല. തൊട്ടടുത്ത രാജ്യമായ ജിബൂട്ടിയും, സൗദി എംബസിയാണ് യെമനും ഇന്ത്യയും തമ്മിലെ കാര്യങ്ങളെ ഏകോപിപ്പിക്കുന്നത്. 2016- മുതല്‍ ഇന്ത്യയില്‍ നിന്ന് ഈ രാജ്യത്തേക്ക് യാത്രാവിലക്കുമുണ്ട്്. എങ്കിലും ഹൂതികളുമായി അടുത്ത ബന്ധമുള്ള ഇറാന്‍ വഴിയും ഭാരതം ശ്രമം തുടരുന്നുണ്ട്.
ഒരു വീട്ടില്‍ ഒരു തോക്ക്!
യുഎഇയും ഖത്തറും സൗദി ആറേബ്യയുമൊക്കെ ഏറെ മുന്നോട്ടുപോയിട്ടും, ഇന്നും ഗോത്രജീവിതത്തില്‍ തന്നെയാണ് യെമനിലെ ഗ്രാമങ്ങള്‍. ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഗോത്രജീവികള്‍, യെമന്‍ ജനസംഖ്യയുടെ 85 ശതമാനം ആണെന്നാണ്. ഇരുനൂറോളം ഗോത്രങ്ങളുണ്ട് ഈ മണ്ണില്‍. ഇവര്‍ തമ്മിലുള്ള യുദ്ധത്തിന്റെ പേരിലും ആയിരക്കണക്കിന് ജീവനുകള്‍ നഷ്ടമായി. മിക്കപ്പോഴും രക്തബന്ധത്തിന്റെ അടിസ്ഥാനത്തില്‍, ഒരു പൊതുനാമമുള്ള പൂര്‍വ്വികനുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് കുടുംബ യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്.
ഗ്രാമീണ യെമനില്‍, ഭരണകൂട അധികാരം ദുര്‍ബലമാണ്. ഗോത്രങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പലപ്പോഴും അക്രമത്തിലൂടെ പരിഹരിക്കപ്പെടുന്നു. വൈരാഗ്യം പ്രതികാരവും ഇവരുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. കണ്ണിന്് കണ്ണ് പല്ലിന് പല്ല് എന്നതാണ് ഇവരുടെ ശൈലി. അതിന്റെ ഫലമായി യെമനില്‍ തോക്ക് സംസ്‌കാരം ശക്തമാണ്. മിക്കവാറും എല്ലാ വീട്ടിലും കുറഞ്ഞത് ഒരു തോക്കെങ്കിലും ഉണ്ടായിരിക്കും. പുരുഷന്മാരും ആണ്‍കുട്ടികളും പലപ്പോഴും പരസ്യമായി തോക്കുകള്‍ കൈവശം വയ്ക്കാറുണ്ട്. ഒരു പിസ്റ്റളോ റൈഫിളോ കൈവശം വയ്ക്കാത്തപ്പോള്‍ പോലും, പരമ്പരാഗതമായി ഉപയോഗിക്കുന്ന ഒരു കഠാര കൈവശം വയ്ക്കാറുണ്ട്.
ഗോത്രത്തലവനും യമനില്‍ വിപുലമായ അധികാരങ്ങളുണ്ട്. ഗോത്രനിയമങ്ങള്‍ക്കും വിലയുണ്ട്. സാധാരണ ശരീയത്ത്് നിയമം അനുസരിച്ച് കൊല്ലപ്പെട്ടയാളിന്റെ കുടുംബം ദിയാദനം വാങ്ങിയോ അല്ലാതെയൊ ക്ഷമിച്ചാല്‍ വധശിക്ഷ ഒഴിവാക്കപ്പെടും. എന്നാല്‍ യമന്‍ നിയമങ്ങള്‍ അനുസരിച്ച് ആ കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളും മാപ്പു നല്‍കണമെന്ന് മാത്രമല്ല, ഗോത്രവും ക്ഷമിക്കണം! നിമിഷപ്രിയയുടെ കേസില്‍ തലാലിന്റെ ഒരു സഹോദരന്‍ ഉടക്കിനില്‍ക്കുന്നത് വലിയ പ്രശ്നം തന്നെയാണ്. ഗോത്രം ക്ഷമിക്കണമെന്ന നിയമത്തിന്റെ പേരില്‍ പല തട്ടിപ്പുകളും ഇവിടെ നടന്നിട്ടുണ്ട്. നേരത്തെ വധശിക്ഷക്ക് വിധേയനാക്കിയ ഒരു ശ്രീലങ്കന്‍ പൗരനില്‍നിന്ന്, ദിയധനത്തിന്റെ അഡ്വാന്‍സ് വാങ്ങി ചില ഗോത്രനേതാക്കള്‍ മുങ്ങിയിരുന്നു. കാശ് പോവുകയും ചെയ്തു. ആളുടെ ശിക്ഷ നടപ്പാക്കപ്പെടുകയും ചെയ്തു. സദാസമയവും തോക്ക് കൊണ്ടുനടക്കുന്നവരാണ് യെമനിലെ ഗോത്ര നേതാക്കള്‍. ഇവര്‍ക്ക് തോക്ക് വാങ്ങിക്കാനെന്നപേരില്‍പോലും ദിയാധനം അഡ്വാന്‍സ് വാങ്ങിയ ഇടനിലക്കാര്‍പോലും ഈ നാട്ടിലുണ്ട് എന്നാണ്, റിപ്പോര്‍ട്ട്!
കടുത്ത പാട്രിയാര്‍ക്കിയിലാണ് ( പിതൃാധിപത്യം) കുടുംബ സംവിധാനം. സാധാരണയായി ഒരു ഒറ്റ വാസസ്ഥലത്തോ കുടുംബ വളപ്പിലോ താമസിക്കുന്ന ഒരു വിപുലീകൃത കൂട്ടുകുടുംബമാണ് ഇവിടെയുള്ളത്. കുടുംബനാഥന്‍ മൂത്ത പുരുഷനാണ്. കുടുംബത്തിനു വേണ്ടി എല്ലാ പ്രധാന തീരുമാനങ്ങളും അദ്ദേഹം എടുക്കുന്നു. വീട് നടത്തുന്നതിലും കുട്ടികളെ വളര്‍ത്തുന്നതിലും ഗ്രാമപ്രദേശങ്ങളില്‍ കുടുംബ കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിലും സ്ത്രീകളുമുണ്ട്. ഫലത്തില്‍ സ്ത്രീകള്‍ അധ്വാനിച്ച് കുടുംബംപോറ്റുന്ന അവസ്ഥയാണ് യെമനിലെ ഗ്രാമങ്ങളില്‍ കാണാന്‍ കഴിയുക. സ്ത്രീകളില്‍ നാലിലൊന്ന് പേര്‍ക്കും വീടിന് പുറത്ത് ജോലി ചെയ്യുന്നവരാണ്. പൊതുവെ അലസരും മടിയന്‍മ്മാരുമാണ് ഗ്രാമീണ പുരുഷന്‍മ്മാര്‍ എന്നാണ്, ഇവിടം സന്ദര്‍ശിച്ചവര്‍ എഴുതിയിട്ടുള്ളത്.
ഒരുതരം ലഹരിയില ചവച്ച് മയങ്ങിയരിക്കയാണ് ഇവിടുത്തെ പുരുഷന്‍മ്മാരുടെ പൊതുരീതി. ഖാറ്റ് പാര്‍ട്ടി അഥവാ ഖാറ്റ് 'ച്യൂ' എന്നാണ് ഇത് അറിയപ്പെടുന്നത്. ഖാറ്റ് ച്യൂവുകള്‍ സാധാരണയായി ഉച്ചകഴിഞ്ഞ് പ്രധാന ഭക്ഷണത്തിന് ശേഷം ആരംഭിക്കുന്നു, പലപ്പോഴും വൈകുന്നേരം വരെ നീണ്ടുനില്‍ക്കും. ഗോസിപ്പ്, രാഷ്ട്രീയം, ഒത്തുതീര്‍പ്പുകള്‍, സംഗീതം കവിത തുടങ്ങിയവയൊക്കെ ഈ പാര്‍ട്ടികളില്‍ ഉണ്ടാവും. നമ്മുടെ നാട്ടിലെ വെള്ളമടി പാര്‍ട്ടിപോലെ തന്നെ! പക്ഷേ ഈ ലഹരിയില ചവയും മടിയും യെമന്‍ യുവാക്കളെ വല്ലാതെ പിറകോട്ടടിപ്പിക്കയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സ്ത്രീകളാണ്് കുടുംബം നോക്കുന്നതെങ്കിലും, സാമൂഹിക പുരോഗതിയുടെ കാര്യത്തില്‍ സ്ത്രീ ഏറെ പിന്നിലാണ്. സ്വത്തിലടക്കം പുരുഷന്റെ പകുതിയാണ് സ്ത്രീ. പുരുഷന്റെ സാക്ഷ്യമാണ് കോടതി വരെ മുഖവിലക്കെടുക്കുക. ഇതും നിമിഷപ്രിയക്ക് തിരിച്ചടിയായി. ഗ്രാമപ്രദേശങ്ങളില്‍ സത്രീകള്‍ മുഖം മറക്കാതിരുന്നാലും പ്രശ്നമില്ല. എന്നാല്‍ നഗരങ്ങളില്‍ ശിരോവസ്തം നിര്‍ബന്ധമാണ്. വിവാഹങ്ങള്‍ ചെറുപ്രായത്തില്‍ തന്നെ നടത്തപ്പെടുന്നതുമാണ് . ഈ വിഷയത്തില്‍ വരന്റെയോ വധുവിന്റെയോ അഭിപ്രായം തേടാമെങ്കിലും, വിവാഹത്തെക്കുറിച്ചുള്ള അന്തിമ തീരുമാനം കുടുംബനാഥന്റേതാണ്. ഇസ്ലാമിക ലോകത്തിന്റെ പല ഭാഗങ്ങളിലും പോലെ , എന്‍ഡോഗാമി (സ്വന്തം ബന്ധുക്കള്‍ക്കിടയില്‍ നിന്നുള്ള ഒരാളെ വിവാഹം കഴിക്കുന്ന രീതി) സാധാരണമാണ്. പിതൃസഹോദരനുമായുള്ള വിവാഹമും ഇവിടെ സാധാരണമാണ്. വിവാഹമോചനം സാധാരണമല്ല. പുരുഷന്മാര്‍ക്ക് ഒരേ സമയം നാല് ഭാര്യമാര്‍ വരെ ഉണ്ടാകാം, എന്നിരുന്നാലും ഇപ്പോള്‍ ബഹുഭാരാത്വം നന്നായി കുറഞ്ഞിട്ടുണ്ട്. പെണ്‍ ചോലകര്‍മ്മക്കളും ഇവിടെ സാധാരണമാണ്. ഇത് നിരോധിക്കപ്പെട്ടിട്ടുണ്ടെങ്കിലും, ഇപ്പോഴും തുടരുന്നുണ്ട് എന്നാണ് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത്.
വിശ്വാസം ഉപക്ഷേിച്ചാലും വധശിക്ഷ
ഇന്നും ലോകത്ത് ഉയര്‍ന്ന വധശിക്ഷാ നിരക്കിന് കുപ്രസിദ്ധമായ രാജ്യമാണ് യെമന്‍. പ്രായപൂര്‍ത്തിയാകാത്തവരെയും സംശയാസ്പദമായ സാഹചര്യത്തില്‍ വിചാരണ ചെയ്യപ്പെടുന്നവരെയും സാമൂഹിക-മാനസിക വൈകല്യങ്ങളുള്ളവരെയും വരെ വധശിക്ഷയ്ക്ക് വിധിക്കാന്‍ മടിയില്ലാത്ത, നിയമങ്ങളുള്ള ഒരു രാജ്യമാണിത്. അന്താരാഷ്ട്ര തലത്തില്‍ നടപ്പിലാക്കിയിട്ടുള്ള നടപടിക്രമങ്ങളുടെ ലംഘനം, നിര്‍ബന്ധിത കുറ്റസമ്മതം, പരിമിതമായ നിയമസഹായം തുടങ്ങി നിരവധി മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്ന രാജ്യം കൂടിയാണിത്. ഈ മനുഷ്യാവകാശ ലംഘനങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ആംനെസ്റ്റി ഇന്റര്‍നാഷണല്‍, ഹ്യുമന്‍ റൈറ്റ്‌സ് വാച്ച് തുടങ്ങിയ അന്താരാഷ്ട്ര സംഘടനകള്‍ പലതവണ രംഗത്തെത്തിയിട്ടുണ്ട്.
കൊലപാതകം, മനഃപൂര്‍വ്വമല്ലാത്ത നരഹത്യ, തീവ്രവാദം, ബലാത്സംഗം, ലഹരി കൈവശംവയ്ക്കല്‍, സ്വവര്‍ഗരതി, രാജ്യദ്രോഹം, ചാരവൃത്തി, സൈനിക കുറ്റകൃത്യങ്ങള്‍ എന്നീ കുറ്റങ്ങള്‍ ചെയ്ത പ്രതികള്‍ക്ക് യെമന്റെ ഭരണഘടന അനുശാസിക്കുന്നത് പ്രകാരം വധശിക്ഷ വിധിക്കാം. സ്വവര്‍ഗരതി രാജ്യത്ത് അനുവദനീയമല്ലാത്തതിനാല്‍ പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗ അനുരാഗവും വധശിക്ഷ ലഭിക്കുന്ന കുറ്റമാണ്. ലോകത്തിന്റെ സിവില്‍, രാഷ്ട്രീയ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി തയ്യാറാക്കിയ അന്താരാഷ്ട്ര ഉടമ്പടിയുടെ ആര്‍ട്ടിക്കിള്‍ 6 പ്രകാരം 'ഗുരുതരമല്ലാത്ത കുറ്റങ്ങള്‍' എന്ന് പട്ടികപ്പെടുത്തിയിട്ടുള്ള കുറ്റകൃത്യങ്ങള്‍ക്ക് പോലും യെമനില്‍ വധശിക്ഷ ലഭിച്ചേക്കാം.
ഹൂത്തികള്‍ രാജ്യത്തിന്റെ ഭരണം പിടിച്ചതോടെ, മരണശിക്ഷയുടെ അളവും കൂടി. ഹൂതി സൈന്യത്തിന് സ്വാധീനമുള്ള വടക്കന്‍ പ്രദേശങ്ങളിലാണ് ഇത്് കൂടുതല്‍. ഫയറിംഗ് സ്‌ക്വാഡ് ഉപയോഗിച്ച് വെടിവെച്ച് കൊലപ്പെടുത്തുന്നതാണ് സാധാരണയായി കാണുന്നത്. 2014-ല്‍ സന പിടിച്ചെടുത്തതിന് ശേഷം ഹൂതികള്‍ അക്രമ കുറ്റകൃത്യങ്ങള്‍ക്ക് മാത്രമല്ല, ധാര്‍മികവും രാഷ്ട്രീയപരവുമായ കുറ്റകൃത്യങ്ങള്‍ക്കും വധശിക്ഷ നല്‍കുന്നുണ്ട്. ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ നീതിന്യായ വ്യവസ്ഥ പലപ്പോഴും അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെടുന്നുണ്ടെന്നും തെറ്റായ അന്വേഷണവും പ്രതിരോധിക്കാനുള്ള അവസരങ്ങള്‍ കുറയുന്നതു മൂലവുമാണ് പലപ്പോഴും വധശിക്ഷകള്‍ വിധിക്കുന്നതെന്നും വിമര്‍ശകര്‍ പറയുന്നു.
കൊലപാതകം, ബലാത്സംഗം, ഭീകരവാദം, ചാരവൃത്തി, വിശ്വാസം ഉപേക്ഷിക്കല്‍, വ്യഭിചാരം എന്നിവ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് യെമനില്‍ വധശിക്ഷ നല്‍കുന്നത് നിയമപരമാണ്. ഇവിടെ വിശ്വാസം ഉപേക്ഷിക്കല്‍ എന്നത് ഇസ്ലാമിക വിശ്വാസം ആണെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. മുമ്പ് പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പോലും വധശിക്ഷ നല്‍കിയിട്ടുണ്ട്. ഇതിനെ യുഎന്നും മറ്റ് മനുഷ്യാവകാശ സംഘടനകളും വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
മൃതദേഹം തടിയില്‍ കെട്ടിത്തൂക്കും
ശരീഅത്ത് നിയമങ്ങളുള്ള ക്രിമിനല്‍ കോടതികള്‍ക്ക് കീഴിലാണ് യെമനിലെ പ്രമാദമായ വിചാരണകള്‍ നടക്കുന്നത്. വധശിക്ഷ ലഭിക്കാവുന്ന കേസുകളില്‍, വിധി ന്യായങ്ങള്‍ പലപ്പോഴും പുരുഷസാക്ഷികളുടെ മൊഴിയെ അടിസ്ഥാനപ്പെടുത്തി ആയിരിക്കും. ന്യായമായ വിചാരണ മാനദണ്ഡങ്ങള്‍ നടക്കണമെന്നില്ല. ഇത്തരം സാഹചര്യങ്ങളില്‍ വധശിക്ഷ ഒഴിവാക്കണമെന്ന് ഐക്യരാഷ്ട്രസഭ യെമനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും യെമന്‍ അതൊന്നും ചെവികൊണ്ടിട്ടില്ല. വെടിവച്ചും, കല്ലെറിഞ്ഞും, തൂക്കിലേറ്റിയും, തലവെട്ടിയും വധശിക്ഷ നടപ്പിലാക്കാന്‍ യെമന്‍ നിയമമുണ്ടെങ്കിലും കല്ലെറിഞ്ഞ് കൊല്ലുന്ന രീതി അടുത്ത കാലങ്ങളില്‍ നടപ്പാക്കിയതായി റിപ്പോര്‍ട്ടുകളില്ല.
യെമനില്‍ വധശിക്ഷ നടത്തുന്നത് രണ്ട് തരത്തിലാണ്. പരസ്യമായ വധശിക്ഷയും, അധികാരികള്‍ മാത്രം സന്നിഹിതരായി നടത്തുന്ന ശിക്ഷയുമുണ്ട്. പരസ്യമായി വധശിക്ഷ നടപ്പാക്കുക എന്നുള്ളത് തികച്ചും സാധാരണമാണ്. ഇത് ഇടയ്ക്കിടെ യെമനില്‍ അരങ്ങേറാറുമുണ്ട്. യെമന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 485, 487 എന്നിവ പ്രകാരം വധശിക്ഷ വിധിക്കപ്പെട്ടാല്‍ അത് എത്രയും പെട്ടെന്ന് നടപ്പാക്കണം. അത് കുറ്റമറ്റതായി കൃത്യതയോടെ നടപ്പാക്കുക എന്നുള്ളതാണ് യെമന്റെ രീതി. തലവെട്ടുകയാണെങ്കില്‍ ഒറ്റ വെട്ടോടെ കുറ്റവാളി കൊല്ലപ്പെടണം. വെടിയുതിര്‍ത്ത് വധശിക്ഷ നടപ്പാക്കുകയാണെങ്കില്‍ മരണസാധ്യത കൂടുതലുള്ള ഭാഗത്ത് വെടിവയ്ക്കുക, മരണം സ്ഥിരീകരിക്കുന്നത് വരെ വെടിയുതിര്‍ക്കുക എന്നുള്ളതാണ് രീതി. കല്ലെറിഞ്ഞുള്ള ശിക്ഷാവിധിയാണ് നടപ്പിലാക്കുന്നതെങ്കില്‍ പ്രതി കൊല്ലപ്പെടുന്നത് വരെ നിരന്തരം കല്ലെറിഞ്ഞുകൊണ്ടിരിക്കും. കല്ലെറിഞ്ഞുള്ള വധശിക്ഷ നടപ്പിലാക്കാന്‍ സാക്ഷികളുടെ സാന്നിധ്യവും മതനിയമങ്ങള്‍ അനുശാസിക്കുന്ന വിശ്വസ്തരുടെ സാന്നിധ്യവും ഉറപ്പുവരുത്തും. കുറ്റവാളിയെ വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് കണ്ണുകെട്ടാറുണ്ട്. ഇതിന് മുമ്പായി അവര്‍ക്ക് പ്രാര്‍ത്ഥിക്കാനും മതഗ്രന്ഥങ്ങള്‍ വായിക്കാനും അനുമതിയുണ്ട്.
വധശിക്ഷ നടപ്പാക്കിയ ശേഷം മൃതദേഹം പൊതുപ്രദര്‍ശനത്തിനായി തടിയില്‍ കെട്ടിത്തൂക്കുന്ന പ്രാകൃത രീതിയും യെമനന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 486ല്‍ ഉള്‍പ്പെടുന്നുണ്ട്! ( ലോകത്തില്‍ ഇതുപോലെ ഒരു ഭരണഘടനയുണ്ടാവുമോ.) മൂന്ന് ദിവസം വരെ മൃതദേഹം ഇപ്രകാരം പൊതുഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള അനുവാദമാണ് ഭരണഘടന നല്‍കുന്നത്. കല്ലെറിയലും, തൂക്കിക്കൊലയും നിയമപരമാണെങ്കിലും നിലവില്‍ യെമനില്‍ വധശിക്ഷ നടപ്പാക്കുന്നത് വെടിയുതിര്‍ത്താണ്. തൂക്കുകയറും, ശിരച്ഛേദവും നടന്നിട്ടുണ്ടെങ്കിലും സമീപകാലത്തൊന്നും കല്ലെറിഞ്ഞ് വധശിക്ഷ നടപ്പാക്കിയിട്ടില്ല.
പരവതാനിയില്‍ കിടത്തി, കുറ്റവാളിയുടെ പിന്നില്‍ നിന്ന് നട്ടെല്ലിലേക്ക് ഒന്നിലധികം തവണ വെടിയുതിര്‍ത്താണ് വധശിക്ഷ നിലവില്‍ നടപ്പാക്കുന്നത്. നട്ടെല്ലിലെ കശേരുക്കള്‍ തകര്‍ന്ന് പ്രതി മരണപ്പെടും. പിന്നീട് മെഡിക്കല്‍ പ്രൊഫഷണലെത്തി മരണം സ്ഥിരീകരിക്കും. ഇനി യെമനിലെ നിയമമായ ഹുദൂദ് പ്രകാരം പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ അതിന്റെ ഭാഗമായി വധശിക്ഷ നടപ്പാക്കുന്നതിന് മുന്‍പ് ചാട്ടവാറടിയും നടപ്പിലാക്കും. മരിക്കാന്‍ പോവുന്ന ഒരാളെ അതിന് മുമ്പ് ചാട്ടവാറിന് അടിക്കയെന്നത് ഇന്ന് ലോകത്തിലെ ഒരു പരിഷ്‌കൃതരാജ്യവും ചെയ്യാത്ത കാര്യമാണ്.
മക്കയിലേക്ക് മിസൈല്‍ അയക്കുന്നവര്‍
യെമന്റെയും ഹൂതികളുടെയും ചരിത്രവും രസകരമാണ്. ലോകമെമ്പാടുമുള്ള സുന്നി-ഷിയാ സംഘര്‍ഷങ്ങളുടെ തുടര്‍ച്ച തന്നെയാണ് ഇന്ന് ഹൂതികള്‍ക്ക് പകുതി രാജ്യ നിയന്ത്രണമുള്ള യെമനിലും സംഭവിച്ചത്. യെമനിലെ ഷിയാ വിഭാഗമായ സയിദി എന്നറിയപ്പെടുന്ന ഒരു ഇസ്ലാമിക ശാഖയാണ് ഹൂതികള്‍. സുന്നികള്‍ സയിദികളെ അടിച്ചമര്‍ത്തുന്നതിനോടുള്ള ചെറുത്തുനില്‍പ്പായാണ് ഹൂതി മുന്നേറ്റം തുടങ്ങിയത്.ഹുസൈന്‍ അല്‍-ഹൂതി എന്ന നേതാവിന്റെ പേരില്‍ നിന്നാണ് ഹൂതികള്‍ ആ പേര് സ്വീകരിക്കുന്നത്. ഇയാള്‍ സ്ഥാപിച്ച സംഘമാണ് പിന്നീട് ഹൂതികളായി രൂപാന്തരം പ്രാപിച്ചത്.
1990വരെ സോവിയറ്റ് നിയന്ത്രണത്തിലുള്ള കമ്യൂണിസ്റ്് രാഷ്ട്രമായ തെക്കന്‍ യമനും, സുന്നി രാഷ്ട്രമായ വടക്കന്‍ യെമനുമായി രണ്ട് രാജ്യങ്ങളായിരുന്നു ഈ നാട്. സോവിയറ്റ് യൂണിയന്റെ പിടി അയഞ്ഞതോടെ, ജര്‍മ്മനി ഒന്നായപോലെ, ഐക്യ യെമന്‍ പിറന്നു. അലി അബ്ദുള്ള സലേ രാഷ്ട്രത്തലവനായി. 1990ല്‍ പുതിയ ഭരണഘടന വന്നു. പക്ഷേ, സലേയുടെ ഭരണരീതികള്‍ രാജ്യത്ത് അസ്വസ്ഥതയുണ്ടാക്കി. സലേ അവഗണിക്കുന്നുവെന്ന് ഷിയാ വിഭാഗമായ സെയ്ദികള്‍ ആരോപിച്ചു. അവര്‍ അട്ടിമറി ശ്രമം നടത്തുന്നുവെന്ന് സലേയും.
1990 കളില്‍ ആണ് ഹൂതികള്‍ ശക്തി പ്രാപിക്കുന്നത്. 2004 ല്‍ ഹുസൈന്‍ അല്‍ഹൂതിയുടെ മരണത്തിന് ഇടയാക്കിയ സര്‍ക്കാരിന്റെ സൈനിക നീക്കമാണ് ഹൂതികളെ സായുധ ആക്രമണങ്ങളിലേക്ക് നയിച്ചത്. ഇതോടെ ലക്ഷണമെത്ത ഒരു ഭീകരവാദ സംഘടനയായി ഹൂതികള്‍ മാറി. ഇറാന്റെ പിന്തുണതോടെ വളരെ പെട്ടെന്ന് ലബനനിലെ ഹിസ്ബുല്ലയെപ്പോലെ ആധുനികോത്തര ആയുധങ്ങളുമുള്ള സൈനിക സ്വഭാവമുള്ള സംഘടനയായി മാറി.
2011ല്‍ ഏകാധിപതികളായ അറേബ്യന്‍ രാജ്യങ്ങളിലെ ഭരണകര്‍ത്താക്കള്‍ക്ക് എതിരെയുണ്ടായ മുല്ലപ്പൂ വിപ്ലവം എന്ന് പേരിട്ട സായുധകലാപങ്ങള്‍ ഫലത്തില്‍ ഹൂതികള്‍ക്കും ഗുണം ചെയ്തു. 33 വര്‍ഷം അധികാരത്തിലിരുന്ന പ്രസിഡന്റ് അലി അബ്ദുള്ള സലേയെ പുറത്താക്കാന്‍ യമെന്‍ ജനത തെരുവിലിറങ്ങി. വ്യാപകപ്രക്ഷോഭങ്ങള്‍, ഉപരോധങ്ങള്‍, വധശ്രമം, അയല്‍രാജ്യങ്ങളുടെ സമ്മര്‍ദം. എല്ലാമായപ്പോള്‍ സലേ രാജിവെച്ചു. അദ്ദേഹത്തിന്റെ വൈസ് പ്രസിഡന്റ് അബ്ദ്‌റബ്ബോ മന്‍സൂര്‍ ഹാദി പ്രസിഡന്റായി. ആഭ്യന്തരയുദ്ധം തുടങ്ങി. ഇതോടെ ഹൂതികള്‍ സ്വന്തം സൈന്യം തന്നെ രൂപീകരിച്ചു.
പിന്നീട് എല്ലാം വളരെ പെട്ടെന്നായിരുന്നു നടന്നത്. യമനിലെ പ്രധാന കേന്ദ്രങ്ങള്‍ മുഴുവന്‍ ഹൂതികള്‍ പിടിച്ചടക്കി. സര്‍ക്കാരും സൈന്യവും പ്രതിരോധത്തിലായി. എതിര്‍ക്കുന്നവരെ കൊന്നുതള്ളി. തങ്ങളില്‍ ഒരാളെ കൊന്നാല്‍ പത്താളെ കൊന്ന് പകവീട്ടുക എന്നതാണ് ഹൂതികളുടെ ശൈലി. തലവെട്ടലും, കണ്ണ് ചൂഴ്്ന്ന് കൊല്ലലും, തിളപ്പിച്ച എണ്ണയില്‍ മുക്കി തൊലിയിരിച്ച് കൊല്ലലുമെല്ലാമായി ക്രൂരതയുടെ പരമ്പരകള്‍. അങ്ങനെ ഒരുവേള ഷിയാ ഐസിസ് എന്നപേര് ഞെട്ടലോടെ ലോകം ഇവര്‍ക്ക് നല്‍കി. 2014 സെപ്റ്റംബറില്‍ ഹൂതികള്‍ തലസ്ഥാനമായ സനാ ആക്രമിച്ചു. നിയന്ത്രണം പിടിച്ചെടുത്തു. ഹാദി സൗദി അറേബ്യയില്‍ അഭയം തേടി. എന്നാല്‍ സുന്നി രാജ്യമായ സൗദി അടക്കമുള്ളവര്‍ക്ക് ഇത് പിടിച്ചില്ല. ഷിയകള്‍ ഒരു സുന്നി രാഷ്ട്രത്തില്‍ അധികാരം പിടിക്കയോ. അവര്‍ ഒമ്പത് സഖ്യരാഷ്ട്രങ്ങളെയും ചേര്‍ത്ത് യെമനെതിരെ പടനയിച്ചു. ആ യുദ്ധം ഇന്നും അവസാനിക്കാതെ തുടരുകയാണ്. ഇപ്പോഴും സൗദി ബോംബിങ്ങില്‍ അവിടെ ആളുകള്‍ കൊല്ലപ്പെടുന്നു.
സൗദി, യു.എ.ഇ, കുവൈത്ത്, മൊറോക്കോ, ഈജിപ്ത്, ജോര്‍ദാന്‍, ലിബിയ, ഖത്തര്‍, ബഹറൈന്‍, എന്നീ ഒമ്പത് സുന്നി രാഷ്ട്രങ്ങളാണ് 2015ല്‍ സഖ്യസേനയുണ്ടാക്കി ഹൂതികള്‍ക്കെതിരെ ആക്രമണം നടത്തിയത്. എന്നിട്ടംു അവര്‍ പിടിച്ച് നില്‍ക്കുന്നു. സൗദിയിലെ സല്‍മാന്‍ രാജാവ് ആയിരുന്നു എല്ലാറ്റിനും നേതൃത്വം കൊടുത്തിരുന്നത്. സൗദി ഒന്നരലക്ഷം ഭടന്മാരെയും യുദ്ധത്തിന് വിട്ടുകൊടുത്തു. യുദ്ധവിമാനങ്ങളും കപ്പലുകളുമാണ് സഖ്യരാഷ്ട്രങ്ങള്‍ കൊടുത്തത്. ആ ആക്രമണം ഇന്നും തുടരുകയാണ്. ഹൂതികള്‍ ആവട്ടെ സൗദിയുടെ പുക കണ്ടേ അടങ്ങൂഎന്ന വാശിയാലാണ്. അവര്‍ ആരാകോ പോലുള്ള സൗദിയുടെ എണ്ണക്കമ്പനികളെയും കപ്പലുകളെയും ആക്രമിക്കുന്നു. എന്തിന് മക്കയ്ക്കും മദീനക്കും നേരെ മിസൈല്‍ വിടുന്നു. ലോകത്തിലെ ഒരു ഇസ്ലാമിക തീവ്രവാദ സംഘടനയും അവരുടെ പുണ്യഭൂമിയായ മക്കയിലേക്ക് മിസൈല്‍ വിടില്ല! പക്ഷേ ഹൂതികള്‍ കഴിഞ്ഞ വര്‍ഷം അങ്ങനെയും ചെയ്തു. പക്ഷേ ഭാഗ്യത്തിന് വലിയ ദുരന്തം ഉണ്ടായില്ല എന്ന് മാത്രം. ഇതേതുടര്‍ന്ന സൗദി യമനില്‍ നടത്തിയ പ്രത്യാക്രമണത്തിലും ആയിരങ്ങള്‍ കൊല്ലപ്പെട്ടു. ഇനി ചിന്തിക്കുക, ഇത്തരം ഒരു ഭരണകൂടത്തില്‍നിന്നാണ് നമുക്ക് നിമിഷപ്രിയയെ രക്ഷിക്കേണ്ടത്. എന്നിട്ടും നാം നിരന്തരം ശ്രമിക്കുന്നു.
വാല്‍ക്കഷ്ണം: ആധുനിക ലോകത്ത് വധശിക്ഷക്കെതിരെ വലിയ കാമ്പയിന്‍ നടക്കുന്ന കാലമാണിത്. പക്ഷേ അതൊന്നും യെമന്‍ അറിഞ്ഞ മട്ടുപോലുമില്ല. പരിഷ്‌കൃത സമൂഹത്തെ സംബന്ധിച്ചിടത്തോളം വധശിക്ഷ പ്രാകൃതമായും മനുഷ്യാവകാശ ലംഘനമായുമാണ് കണക്കാക്കുന്നത്. 97 രാജ്യങ്ങള്‍ വധശിക്ഷ നിരോധിച്ചിട്ടുണ്ട്. ഇന്ന് ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പാക്കപ്പെട്ട രാജ്യം ചൈനയാണ്. രണ്ടാമത് ഇറാനും!