- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
'സാ...സാ...സാ സാക്കിർ..' കുട്ടിക്കാലത്ത് വിക്കൻ; എംബിബിഎസ് ഉപേക്ഷിച്ച് ഇസ്ലാമിക പ്രബോധനത്തിൽ; പത്തു ചോദ്യങ്ങൾ കൊണ്ട് മതംമാറ്റുന്ന ഡിബേറ്റർ; തീവ്രവാദ ബന്ധം വിവാദമായപ്പോൾ ഇന്ത്യയിൽ നിന്ന് കടന്നു; സ്വകാര്യ ജീവിതത്തിൽ ഒറ്റ ഭാര്യ മാത്രമുള്ള ഫാമിലി മാൻ; ഇപ്പോൾ സോഷ്യൽ മീഡിയയിലെ ക്രിസ്തുമസ് അപ്പൂപ്പൻ! സാക്കിർ നായിക്കിന്റെ ജീവിതകഥ
ഇത്തവണ വ്യത്യസ്തമായൊരു ക്രിസ്തുമസ് അപ്പൂപ്പനെ ഇറക്കിയാണ് സോഷ്യൽ മീഡിയയിലെ ആഘോഷങ്ങൾ പൊടി പൊടിച്ചത്. അത് മറ്റാരുമായിരുന്നില്ല, കള്ളപ്പണവും തീവ്രവാദബന്ധങ്ങളുടെയും പേരിൽ ഇന്ത്യയിൽനിന്ന് നാടുവിട്ട് മലേഷ്യയിൽ കഴിയുന്ന, ലക്ഷക്കണക്കിന് അനുയായികൾ ഉള്ള, ഡോ സാക്കിർ നായിക്ക് എന്ന ഇസ്ലാമിക പ്രബോധകനായിരുന്നു ആ പുതിയ അപ്പൂപ്പൻ. ക്രിസ്തുമസ് ആശംസകൾ കൈമാറരുതെന്നും, അത് അനിസ്ലാമികം ആണെന്നുമുള്ള സാക്കിർ നായിക്കിന്റെ വാക്കുകളെ, ലോകമെമ്പാടുമുള്ള ഇസ്ലാമിക വിശ്വാസികൾ തള്ളിക്കളയുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടത്. കേരളത്തിലടക്കം, സോഷ്യൽ മീഡിയിൽ ഇസ്ലാമിക വിശ്വാസികൾ ആവർത്തിച്ച് ക്രിസ്തുമസ് ആംശസകൾ നേർന്നു. സാക്കിർ നായിക്കിനെ ക്രിസ്തുമസ് അപ്പൂപ്പനാക്കിയുള്ള ട്രോളുകളും ലോകമെമ്പാടും ഉണ്ടായി.
പ്രശസ്തമായ അറബ് ന്യൂസ് പത്രം 'സൗദി അറേബ്യയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ക്രിസ്തുമസ് സ്പിരിറ്റ് ഉണ്ടായിരിക്കുന്നത്' എന്ന് പറഞ്ഞുകൊണ്ടാണ് ലീഡ് സ്റ്റോറി കൊടുത്തത്. അതായത് സാക്കിർ നായിക്കിന്റെ ആഹ്വാനം കൊണ്ട് വിപരീത ഫലമാണ് ഉണ്ടായത്. മറ്റ് അറബ് രാഷ്ട്രങ്ങളിലും ഇത്തവണ ക്രിസ്തുമസ് ആഘോഷം പൊടിപൊടിച്ചു. ഇതോടെ പണി പാളുന്നെന്ന് മനസ്സിലായ സാക്കിർ നായിക്ക് ആവട്ടെ തന്റെ പോസ്റ്റ് ഡിലിറ്റ് ചെയ്ത് തടിയെടുക്കുകയാണ് ചെയ്തത്. പച്ച മലയാളത്തിൽ പറഞ്ഞാൽ കണ്ടം വഴി ഓടുക തന്നെ!
'ഹാപ്പി ക്രിസ്മസ് സാക്കിർ നായിക്ക്' എന്ന് ആശംസകൾ അറിയിച്ചാണ് പലരും പ്രതികിച്ചത്. '' മുസ്ലിം അല്ലാത്തവരുടെ ആഘോഷങ്ങളിൽ പങ്കാളികളാവുന്നത് ഇസ്ലാമിൽ തെറ്റാണ്. പതിവ് ആരാധനാക്രമത്തിൽ മാറ്റം വരുത്തുന്നത് അനുവദനീയമല്ല. ആഘോഷങ്ങളുടെ ഭാഗമായി വിരുന്ന് നൽകുന്നതും സമ്മാനങ്ങൾ വാങ്ങുന്നതും ഇസ്ലാമിൽ എതിരാണ്' എന്നായിരുന്നു സാക്കിർ നായിക്ക് നടത്തിയ പരാമർശം. സംഭവം വൈറലായതോടെ പുതിയൊരു പോസ്റ്റുമായി സാക്കിർ നായിക്ക് എത്തിയിട്ടുണ്ട്. മേരിയുടെ പുത്രനായ ക്രൈസ്റ്റ് ജീസസ് അള്ളാഹുവിന്റെ സന്ദേശ വാഹകൻ ആണെന്നാണ് ഇതിൽ പയുന്നത്.
ഇത് സാക്കിർ നായിക്ക് ആദ്യമായി പറയുന്നതല്ല. മുൻകാലത്തും അദ്ദേഹത്തിന്റെ നിലപാട് ഇതുതന്നെയാണ്്. ബിൻലാദനെയും താലിബാനെയും ജിഹാദിന്റെ പേരിൽ ന്യായീകരിച്ച ആളാണ് അദ്ദേഹം. തീവ്രവാദ ബന്ധങ്ങളുടെയും, വിദ്വേഷ പ്രസംഗങ്ങളുടെയും കള്ളപ്പണം വെളുപ്പിക്കലിന്റെയും പേരിൽ ഇന്ത്യാഗവൺമെന്റ് നടപടിയെടുത്തതോടെ മുങ്ങിയ ഇയാൾ, മലേഷ്യയിൽ പോയിരുന്നാണ് ഈ പരിപാടികൾ ഒക്കെ ഒപ്പിക്കുന്നത്. ഇന്ത്യാഗവണമെന്റ് ഇന്റർപോളിനോട് ആവശ്യപ്പെട്ട പ്രതിയാണ് സാക്കിർ. എന്നിട്ടും അയാൾ നിരവധി ഇന്ത്യാവിരുദ്ധ പ്രസ്താവനകളും നടത്തി. ഇന്ത്യൻ മുസ്ലീങ്ങൾ പൊളിറ്റിക്കലായി കേരളത്തെ മാതൃകയാക്കണമെന്നും, കേരളത്തിലേക്ക് പോകണമെന്നും നേരത്തെ സാക്കിർ ആഹ്വാനം ചെയ്തതും വിവാദമായിരുന്നു.
മുബൈയിൽ ജനിച്ച് ഒരു ഡോക്ടർ ആവാൻ പഠിച്ച് ഒടുവിൽ ലോകം അറിയപ്പെടുന്ന ഇസ്ലാമിക പ്രബോധകനും പിന്നീട് ഹേറ്റ് സ്പീച്ചറുമായ സാക്കിർ നായിക്കിന്റെ കഥ, വല്ലാത്തൊരു പരിവർത്തനത്തിന്റെതാണ്. പഴു പൂമ്പാറ്റായായി പരിണമിക്കുന്നതിന് പകരം, പൂമ്പാറ്റ പുഴുവായതുപോലുള്ള ഒരു റിവേഴ്സ് എവല്യൂഷൻ!
സാ...സാ...സാ സാക്കിർ
1965 ഒക്ടോബർ 18 മുംബൈയിൽ ഒരു സാധാരണ കുടുംബത്തിലാണ് ജനിച്ചത്. ഡോംഗ്രിയിൽ ക്ലിനിക്ക് നടത്തിയിരുന്നു മന:ശാസ്ത്രജ്ഞൻ അബീദുൽ കരീം നായിക്കാണ് സാക്കിറിന്റെ പിതാവ്. മെൈുബ സെന്റ് പീറ്റർ ഹൈസ്‌കൂളിലും അതിന് ശേഷം കൃഷ്ണചന്ദ് ചെല്ലാറാം കോളേജിലും പഠിച്ചു. പഠിക്കാൻ എന്നും മിടുക്കനായിരുന്നു. എന്നാൽ ജന്മനാ വിക്കുണ്ടായിരുന്ന കുട്ടിക്ക് പേര് പോലും ശരിക്കും പറയാൻ പ്രയാസമായിരുന്നു. ഇന്ന് പതിനായിരക്കണക്കിന് വിശ്വാസികളെ കോരിത്തരിപ്പിക്കുന്ന പ്രഭാഷണ ചാരുതിയുള്ള ഡോ സാക്കിർ നായിക്ക് കുട്ടിക്കാലത്ത് വിക്കുകൊണ്ട് വലഞ്ഞുപോയ കുട്ടിയായിരുന്നു. വിക്കിന്റെ പേരിൽ പലയിടത്തും പരിഹസിക്കപ്പെട്ട കഥ അദ്ദേഹം പറഞ്ഞിട്ടുണ്ട്. പേര് ചോദിച്ചാൽ 'സാ...സാ...സാ സാക്കിർ' എന്നെ പറയാൻ സാധിച്ചിരുന്നുള്ളൂ. പക്ഷേ മിടുക്കനായി പഠനം തുടർന്ന സാക്കിർ മുംബൈയിലെ ടോപ്പിവാലാ നാഷണൽ മെഡിക്കൽ കോളേജ്ൽ നിന്നും മെഡിസിൻ വിഭാഗം പഠനം പൂർത്തിയാക്കുകയും യൂണിവേഴ്‌സിറ്റി ഓഫ് മുംബൈയിൽ നിന്ന് ബാച്ചിലർ ഓഫ് മെഡിസിൻ സർജറിയിൽ നേടി.
വിശ്വാസികൾ ആയിരുന്നുവെന്നല്ലാതെ അടിമുടി മതത്തിൽ മുങ്ങിക്കുളിച്ച കുടുംബം ഒന്നും ആയിരുന്നില്ല സാക്കിർ നായിക്കിന്റെത്. മകൻ പഠിച്ച് വലിയ ഡോക്ടർ ആകണമെന്നു തന്നെ ആയിരുന്നു പിതാവിന്റെ ആഗ്രഹം. പക്ഷേ എംബിബിഎസ് കഴിഞ്ഞു ഇസ്ലാമിക പ്രബോധനം നടത്താനായിരുന്നു സാക്കിർ നായിക്കിന്റെ തീരുമാനം. ഇത് കുടുംബത്തിലെ പലരും എതിത്തു. സർജൻ ആയി ഉപരി പഠനം തുടരണം എന്നായിരുന്നു എല്ലാവരുടെയും ആഗ്രഹം. എന്നാൽ സാക്കിർ നായിക്ക് ഉറച്ചു നിന്നു. ബന്ധുക്കൾ എല്ലാവരും സാക്കിർ നായിക്കിന്റെ പിതാവിനോട് അവനെ എങ്ങനെയെങ്കിലും എം എസ്് (സർജറി വിഭാഗം) പഠിക്കാൻ വിടണം എന്ന് നിർബന്ധിച്ചു. പക്ഷേ സാക്കിർ വഴങ്ങിയില്ല. അവസാനം പിതാവ് 'അവൻ അവന്റെ ഇഷ്ടം പോലെ ഇസ്ലാമിക പ്രബോധനം നടത്തട്ടെ' എന്ന് പറഞ്ഞു. അങ്ങനെയാണ് സാക്കിർ മതപ്രബോധന രംഗത്തേക്ക് ഇറങ്ങുന്നത്.
ഗുരു വിവാദ നായകൻ അഹമ്മദ് ദീദാത്ത്
കൂട്ടിക്കാലത്ത് ഏതൊരു ശരാശരി മുസ്ലിം വിദ്യാർത്ഥിയെയും പോലെതന്നെയായിരുന്നു സാക്കിറും. ശാസ്ത്രത്തിലും സാമൂഹിക വിഷയങ്ങളിലും വളരെ താൽപ്പര്യമുള്ള അയാൾക്ക് മതപഠനം അത്ര ഇഷ്ട വിഷയം ആയിരുന്നില്ല. മദ്രസയിലും ദറസിലും താൻ ശരാശരി വിദ്യാർത്ഥി മാത്രമായിരുന്നുവെന്ന് തന്റെ പ്രഭാഷണത്തിനിടെയുള്ള ഒരു ചോദ്യത്തിന് സാക്കിർ നായിക്കും മറുപടി പറയുന്നുണ്ട്. പക്ഷേ സാക്കിറിന്റെ ജീവിതം മാറ്റിമറിയുന്നത് അദ്ദേഹം പിന്നീട് തന്റെ ഗുരുവായി വിശേഷിപ്പിച്ച ഇസ്ലാമിക പണ്ഡിതനും പ്രഭാഷകനുമായ അഹമ്മദ് ദീദാത്തിനെ 1987-ൽ നേരിട്ട് കണ്ടതോടെയാണ്. കൂടിക്കാഴ്ച നടത്തിയ സാക്കിർ അദ്ദേഹത്തിൽ പ്രചോദിതനായി. 1991 മതാന്തര സംവാദങ്ങൾക്കും ഇസ്ലാമിക പ്രബോധനത്തിനുമായി ഐ.ആർ.എഫ് എന്ന ഇസ്ലാമിക്ക് റിസർച്ച് ഫൗണ്ടേഷൻ എന്ന സംഘടന രൂപീകരിച്ചു.
ഗുജറാത്തിലെ സൂററ്റിൽ ജനിച്ച് പിന്നീട് ദക്ഷിണാഫ്രിക്കയിലേക്ക് മാറിയ ദീദാത്തിനെ കണ്ടുമുട്ടുമ്പോൾ സാക്കിർ നായിക്കിന് പ്രായം വെറും 22 വയസ്സാണ്. അങ്ങനെ ഒരു കൂടിക്കാഴ്ച ഇല്ലായിരുന്നെങ്കിൽ, ഇന്ന് ഇസ്ലാമിക ഭീകരവാദത്തിന് വളമിടുന്ന എന്ന പേരിലല്ല, ഒരു നല്ല ഡോക്ടർ എന്ന പേരിൽ ആയിരുന്നേനെ സാക്കിർ നായിക്ക് അറിയപ്പെടുക. ദീദാത്ത് സാക്കിറിനെ ശരിക്കും ബ്രയിൻ വാഷ് ചെയ്യുകയായിരുന്നുവെന്ന്, സാക്കിറിന്റെ പഴയകാല സുഹൃത്തുക്കൾ ഇപ്പോഴും വിശ്വസിക്കുന്നു.
അഹമ്മദ് ദീദാത്തിന്റെ അതേ ശൈലിയിലുള്ള, അതുവരെയുള്ള പരമ്പരാഗത രീതികൾ മാറ്റിമറിച്ചുകൊണ്ടുള്ള ദാവാ പ്രഭാഷണമാണ് സാക്കിർ നടത്തിയത്. അതിന് ഫലമുമുണ്ടായി. ലക്ഷക്കണക്കിന് ആരാധകരുമായി ശിഷ്യൻ ഗുരുവിനെ കടത്തിവെട്ടി.
1994ൽ 'ദീദാത്ത് പ്ലസ്' എന്ന് അദ്ദേഹം തന്നെ സാക്കിർ നായിക്കിനെ വിശേഷിപ്പിച്ചു. 2000ത്തിൽ ദീദാത്ത് സാക്കിർ നായിക്കിന് നൽകിയ ഫലകത്തിൽ ഇങ്ങനെ പറയുന്നു. ''മകനേ നീ നാലുവർഷം കൊണ്ട് ചെയ്തത് പൂർത്തിയാക്കാൻ എനിക്ക് നാൽപ്പതുവർഷം വേണ്ടിവന്നു. ''- അത്രക്ക് പെട്ടെന്നായിരുന്നു സാക്കിർ നായിക്കിന്റെ വളർച്ച. കണ്ണടച്ച് തുറക്കുന്നതിന് മുമ്പ് അയാൾ ലോകം മുഴുവൻ പ്രശസ്തനായി. പക്ഷേ ശിഷ്യനെപ്പോലെ ഗുരുവും അതിനുശേഷം തീവ്രവാദ ബന്ധത്തിന്റെ പേരിൽ വിവാദത്തിലായി. ദീദാത്ത് ഉസാമ ബിൻലാദനെ നേരിട്ട് കണ്ടുവെന്ന ഗുരതരമായ ആരോപണം ഉയർന്നു. തീവ്രവാദത്തിന്റെ വേരുകൾ ഇദ്ദേഹത്തിലും നിലനിൽക്കുന്നുണ്ടെന്ന് ഇന്നും ആരോപണം ഉയരുന്നുണ്ട്.
'ദൈവം മാറ്റിയ വിക്ക്'
ജന്മനാ വിക്കുണ്ടായിരുന്നതുകൊണ്ട് സാക്കിറിന് പ്രസംഗിക്കാൻ തീരെ കഴിയുമായിരുന്നില്ല. അതുകൊണ്ട് തന്നെ മറ്റു പണ്ഡിതന്മാരെക്കൊണ്ട് ക്ലാസ് എടുപ്പിക്കലായിരുന്നു ആദ്യകാലത്ത് അദ്ദേഹത്തിന്റെ സംഘടന ചെയ്തിരുന്നത്. എന്നാൽ ഒരു ദിവസം ക്ലാസെടുക്കേണ്ട അദ്ധ്യാപകൻ വന്നില്ല. അന്ന് ആദ്യമായി സാക്കിർ നായിക്ക് വിദ്യാർത്ഥികൾക്ക് എന്തെങ്കിലും പറഞ്ഞു കൊടുക്കാം എന്ന് കരുതി പേടിയോടെ സംസാരം ആരംഭിച്ചു. അത്ഭുതകരമെന്ന് പറയട്ടെ അദ്ദേഹത്തിന്റെ വിക്ക് മാറിയതായി കണ്ടു. 'എനിക്കു വളരെ കൃത്യമായി സംസാരിക്കാൻ കഴിവ് അല്ലാഹു നൽകികയിരിക്കുന്നു' എന്നാണ് സാക്കിർ നായിക്ക് ഇതേക്കുറിച്ച് പറഞ്ഞത്. പക്ഷേ ഇതിൽ യാതൊരു അത്ഭുവുമില്ലെന്നാണ്, സാം ഹാരിസിനെപ്പോലുള്ള സ്വതന്ത്രചിന്തകർ മറുപടി പറഞ്ഞത്. ചില വിക്കുകൾ പരിശീലനത്തിലൂടെ മാറ്റിയെടുക്കാം. അതിനായി സാക്കിർ നിരന്തരമായി ശ്രമിക്കുന്നുണ്ടാവും. അങ്ങനെ തനിക്ക് ആത്മവിശ്വാസം വന്ന ഒരു സമയത്തായിരിക്കണം അദ്ദേഹം മൈക്ക് കൈയിലെടുത്തിരിക്കുക. പക്ഷേ അദ്ദേഹത്തിന്റെ വിക്ക് മാറിയതും ദൈവത്തിന്റെ അത്ഭുദ പ്രവർത്തിയായി മാറി!
കുടുംബത്തിന്റെ സമ്മതം കിട്ടിയതോടെ സാക്കിർ നായിക്ക്, ഡോക്ടർ ജോലി ഉപേക്ഷിച്ച് മുഴുവൻ സമയം ഇസ്ലാമിക പ്രബോധനരംഗത്തേക്ക് ഇറങ്ങിത്തിരിച്ചു. അന്ന് ശരിക്കും ഒരു റിസ്‌ക്ക് തന്നെയായിരുന്നു അത്. കാരണം ഒരു സ്ഥിരവരുമാനം ആ കുടുംബത്തിന് ഉണ്ടായിരുന്നില്ല.
മുംബൈയിലെ ഡോൺഗ്രയിലെ തിരക്കേറിയ പട്ടേൽ റോഡിൽ, മൂന്നു ഷട്ടർ വീതിയുള്ള ഒരു ഓഫീസ് ആയിരുന്നു സാക്കിർ നായിക്കിന്റെ നേതൃത്വത്തിലുള്ള ഐ ആർ എഫിന്റെത്. ഓഫീസിനോട് ചേർന്ന് വീടും, അദ്ദേഹത്തിന്റെ സഹോദരന്മാർ ചേർന്ന് നടത്തിയ ക്ലിനിക്കും ഉണ്ടായിരുന്നു. മുകളിലത്തെ നിലയിൽ ചെറിയൊരു മീറ്റിങ്ങ് ഹാളും ലൈബ്രറിയും ഉണ്ടായിരുന്നു. തൊണ്ണുറുകളുിൽ, അദ്ദേഹം ആഴ്ചയിലൊരിക്കൽ അദ്ദേഹം ആ മീറ്റിങ്ങ് ഹാളിൽ ഒരു ട്രെയിനിങ്ങ് പ്രോഗ്രാം നടത്തിയിരുന്നു. ഇസ്ലാമിക്ക് ഡിബേറ്റർമാർക്കുള്ള ട്രെയിനിങ്ങ് ആയിരുന്നു അത്. അവിടെനിന്നാണ് ഈ പ്രസ്ഥാനം ലോകം മുഴുവൻ പന്തലിച്ചത്. സാക്കിർ നായിക്ക് വളർന്ന് ഇന്ത്യൻ മുസ്ലീങ്ങൾക്കിടയിലെ കൾട്ടായി. നഗരങ്ങളിൽനിന്ന് നഗരങ്ങിലേക്ക് അദ്ദേഹം പറന്നു. കോഴിക്കോട് ടാഗോർ ഹാളിൽ അദ്ദേഹം വന്നപ്പോൾ, ഹാളിൽ കൊള്ളുന്നതിനേക്കാൾ മൂന്നിരിട്ടി ആളുകൾ പുറത്തുണ്ടായിരുന്നു
വ്യത്യസ്തമായ ഡിബേറ്റ് ഫോർമാറ്റ്
മുംബൈയിലെ കുടുസുമുറിയിൽനിന്ന് ലോകത്തിന്റെ നെറുകയിലേക്ക് സാക്കിർ നായിക്കിനെ വളർത്തിയത് അദ്ദേഹത്തിന്റെ വ്യത്യസ്തമായ ഡിബേറ്റ് ഫോർമാറ്റാണ്. ഒന്നാമത് ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു ഡോക്ടർ എന്നതുതന്നെ അദ്ദേഹത്തിന് വലിയ കീർത്തി നേടിക്കൊടുത്തു. പിന്നെ മറ്റൊന്ന് അസാധാരണമായ ഓർമ്മയാണ്. ഖുർആനിൽനിന്നും ഹദീസുകളിൽനിന്നും മാത്രമല്ല, മറ്റ് മതസ്ഥരുടെ ഗ്രന്ഥങ്ങളിൽനിന്നുമൊക്കെ അധ്യായവും പേജ് നമ്പറുകളും എല്ലാം എടുത്ത് ഉദ്ധരിക്കാൻ സാക്കിറിന് കഴിയുമായിരുന്നു.
ഏതു നഗരത്തിൽ വന്നാലും ഹിന്ദു-ക്രിസ്ത്യൻ- നിരീശ്വരവാദി എന്ന പേരിൽ ചില റെന്റ് എ ഡിബേറ്റർമാരെ അദ്ദേഹം സ്റ്റേജിൽ കൊണ്ടിരിത്തും. ഓരോരുത്തരും അരമണിക്കൂർ സംസാരിക്കും. പിന്നെ സാക്കിർ നായിക്കിന്റെ അരമണിക്കുർ. അതുകഴിഞ്ഞ് ഈ ഡിബേറ്റർമാർക്ക് 10 മിനുട്ട് വീതം വീണ്ടും നൽകും. പിന്നെ സാക്കിർ നായിക്കിന്റെ മറുപടി. അവസാനം ചോദ്യോത്തരം. ആരാധകർ ക്യൂ നിന്ന് ചോദ്യം ചോദിക്കും. ഫോളോ അപ്പ് ചോദ്യങ്ങൾ അനുവദിക്കില്ല. മോഡറ്റേറ്റർ ആയി സാക്കിർ നായിക്കിന്റെ സഹോദരൻ ആയിരിക്കും. അദ്ദേഹം ഇല്ലാത്തപ്പോൾ വേറൊരു ശിഷ്യൻ.
ഓരോ സംവാദങ്ങൾക്ക് ശേഷവും സൃതൃപ്തരായ ആരാധകർ, കയ്യടിച്ച് പുഞ്ചിരിച്ച് തങ്ങളുടെ മുൻധാരണകൾ ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു ഡോക്ടർ അംഗീകരിച്ചുവെന്നതിന്റെ ഉന്മാദത്തിൽ തിരിച്ചുപോവും. റെന്റ് എ ഡിബേറ്റർമാരെ കിട്ടാതെ വരുന്ന അവസരങ്ങളിൽ അദ്ദേഹം നീണ്ട പ്രഭാഷണങ്ങൾ നടത്തി. വരിവരിയായിനിന്ന് ചോദ്യം ചോദിക്കുന്ന ആരാധകരെ ചടുലമായ ഉത്തരം കൊണ്ട് സതബ്ധരാക്കി.
സോഷ്യൽ മീഡിയ ഇത്രയൊന്നും വളർന്നിട്ടില്ലാത്ത കാലത്ത് സാക്കിർ പറയുന്ന ഉത്തരങ്ങൾ ക്രോസ് ചെക്ക് ചെയ്ത് പിടിക്കാൻ കഴിയില്ലായിരുന്നു. അത്മവിശ്വാസത്തോടെ അദ്ദേഹം പറയുന്ന കാര്യങ്ങൾ പലതും പൊട്ടത്തെറ്റായിരുന്നു. പരിണാമസിദ്ധാന്തം ലോകം തള്ളി എന്നതിനൊക്കെ ഒരു തെളിവും ഇല്ലെങ്കിലും അദ്ദേഹം പറഞ്ഞുകൊണ്ടിരിക്കും. സയയൻസ് എന്ന പേരിൽ നിരന്തരം അശാസ്ത്രീയയും, സ്യൂഡോ യുക്തിയും, ന്യായവൈകല്യങ്ങളുമാണ് അദ്ദേഹം നിരത്താറുള്ളത്. നമ്മുടെ ജേക്കബ് വടക്കൻചേരിയും, മോഹനൻ വൈദ്യരുമൊക്കെ നടത്തിയിരുന്നു ടെക്ക്നിക്കിന്റെ ഒരു വിപുലീകൃത രൂപം. പിന്നീട് കാലം മാറി. സോഷ്യൽ മീഡിയ സജീവമായതോടെ നായിക്ക് പിടിക്കപ്പെട്ടു. പല സംവാദങ്ങളിൽനിന്നും അയാൾക്ക് ഉത്തരംമുട്ടി ഇറങ്ങിപ്പോരേണ്ടിവന്നും. പലപ്പോഴും സോഷ്യൽമീഡയിൽ ട്രോൾ ആയി. ഇപ്പോഴിതാ ക്രിസ്മസ് അപ്പൂപ്പനുമായി.
പത്തുചോദ്യങ്ങളിലുടെ മതം മാറ്റും
കണ്ണിൽ നോക്കി മനുഷ്യനെ മതം മാറ്റുന്നയാൾ എന്നാണ് സാക്കിർ നായിക്ക് അറിയപ്പെടുന്നത്. വെറും പത്തുചോദ്യങ്ങൾ മറ്റ് മതസ്ഥരോട് ചോദിച്ച് അവരെ മതം മാറ്റാൻ കഴിയുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഇതിനായി സാക്കിർ നായിക്ക് മുബൈയിലെ തന്റെ ഓഫീസിൽ സ്ഥിരമായി ട്രെയിനിങ്ങും കൊടുത്തിരുന്നു. ഇതുസംബന്ധിച്ച് പഠിച്ച സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റും എഴുത്തുകാരനുമായ ഫാറൂഖ,് ഡൂൾന്യൂസ് പോർട്ടലിൽ ഇങ്ങനെ എഴുതുന്നു.
''സാക്കിർ നായിക്കിന്റെ മുംബൈയിലെ ക്ലാസുകളിൽ ആദ്യകാലത്ത് വെറും അഞ്ചോ പത്തോ വിദ്യാർത്ഥികളാണ് സ്ഥിരമായി ഉണ്ടായിരുന്നത്. എല്ലാവരും വട്ടംകൂടി നിലത്തിരിക്കും. സാക്കിർ നായിക്ക് കാര്യങ്ങൾ പറയും. ട്രെയിനികൾ ചില മറുപടി ചോദ്യങ്ങളൊക്കെ ചോദിക്കും. സാക്കിർ നായിക്ക് ഇംഗ്ലീഷ് സംസാരിക്കുന്ന ഇന്ത്യൻ മുസ്ലീങ്ങൾക്കിടയിൽ പ്രശസ്തനായിക്കൊണ്ടിരിക്കുന്ന കാലമാണത് അത്. ആദ്യ ദിവസത്തെ ട്രെയിനിങ്ങിനുള്ളിൽ തന്നെ പത്തുചോദ്യങ്ങളുടെ കാര്യം പറയും. മുസ്ലീങ്ങൾ അല്ലാത്ത ഒരാൾ മുസ്ലീമിനോട് സാധാരണഗതിയിൽ പത്തുചോദ്യങ്ങളേ ചോദിക്കാൻ സാധ്യതയുള്ളൂ എന്നതാണ് സാക്കിർ നായിക്കിന്റെ തിയറി.
ഇസ്ലാം ബഹുഭാര്യത്വം അനുവദിക്കുന്നത് എന്തിനാണ്, താലാഖ് അനുവദിക്കുന്നത് എന്തിനാണ്, സ്ത്രീകൾക്ക് സ്വത്തവകാശം പകുതിയാക്കിയത് എന്തിനാണ്, സ്ത്രീകൾ പർദ ധരിക്കുന്നത് എന്തിനാണ്, കട്ടവരുടെ കൈ വെട്ടുന്നത് എന്തിനാണ്, തുടങ്ങി പത്തുചോദ്യങ്ങൾ. ഈ ചോദ്യങ്ങൾക്ക് രണ്ടോ മൂന്നോ മിനിട്ട് നീണ്ടുനിൽക്കുന്ന ഉത്തരം ഭംഗിയായി പറയണം എന്നാണ് ശിഷ്യർക്കുള്ള ആദ്യ അസൈന്മെന്റ്.
ഉത്തരത്തിൽ ഉദ്ധരണികൾ ഉണ്ടാവണം. സ്റ്റാറ്റിറ്റികസ് ഉണ്ടാവണം. പറ്റുമെങ്കിൽ മറ്റ് മതഗ്രന്ഥങ്ങളിൽനിന്നുള്ള വാചകങ്ങളും, അവയുടെ റഫറൻസും ഉണ്ടാവണം. സർവോപരി ഇത്തരം നിയമങ്ങൾ ഇല്ലാത്തതിന്റെ പേരിൽ പാശ്ചാത്യലോകം അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെപ്പറ്റി പറയണം. ഇത്രയും പഠിച്ചാൽ നിങ്ങൾ 90 ശതമാനം ഡിബേറ്റർ ആയി. പിന്നീടുള്ള 5 ശതാമാനം സാക്കിർ നായിക്ക് വിട്ടുകൊടുക്കുന്നത്, ഫോളോഅപ്പ് ചോദ്യങ്ങൾക്ക് ഉത്തരം പറയാനുള്ള നിങ്ങളുടെ കഴിവിന്റെ പ്രസക്തിയാണ്.
ഭൂരിഭാഗം പേരും ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം കേട്ടിട്ട് പിന്നെയൊന്നും പറയാതെ പോവും. കുറച്ചുപേർ ഒരു ഫോളോ അപ്പ് ചോദ്യം ചോദിക്കും. അതുകൊണ്ട് ഓരോ ചോദ്യത്തിന്റെ ഉത്തരംപഠിക്കുന്നതോടൊപ്പം അതിന്റെ കൂടെ വരാൻ സാധ്യതയുള്ള അഞ്ചു ഫോളോഅപ്പ് ചോദ്യങ്ങളുടെ ഉത്തരം കൂടി പഠിക്കണം.
എന്ന് പറഞ്ഞാൽ പത്തുചോദ്യങ്ങൾക്ക് രണ്ട് ലെവലിലായി, അറുപത് ഉത്തരങ്ങൾ ഉണ്ടാവും. അത് കഴിഞ്ഞ് വരുന്ന ഉത്തരങ്ങളാണ്, രണ്ടാം ലെവൽ ഫോളോഅപ്പ് ചോദ്യങ്ങൾ. വളരെ ചുരുക്കംപേർ രണ്ടാമതൊരു ഫോളോഅപ്പ് ചോദ്യം കൂടി ചോദിക്കും. അഡ്വാൻസ് ലെവൽ ഡിബേറ്റർമാർ രണ്ടുലെവൽ ചോദ്യങ്ങളുടെ ഉത്തരങ്ങൾ പഠിക്കണം.
സാക്കിർ നായിക്കിന്റെ കൂടെ താമസിച്ച് ഡിബേറ്റ് പഠിച്ചിരുന്നവർ അഡ്വാൻസ് ലെവൽ ആയിരുന്നു. അവരിൽ മിക്കവർക്കും ഏകദേശം 2,500 ചോദ്യങ്ങളുടെ ഉത്തരം അറിയമായിരുന്നു. സാക്കിർ നായിക്കിന്റെ ഒരു സഹോദരനും അതിൽ ഉൾപ്പെടും. ആ സഹോദരനായിരുന്നു സാക്കിർ നായിക്കിന്റെ ഡിബേറ്റുകളുടെ മോഡറേറ്ററായി സ്ഥിരമായുണ്ടാവുക.
തനിക്ക് സകലവിഷയങ്ങളിലും അറിയാമെന്ന് ഭാവത്തിൽ വാചകക്കസർത്ത് നടത്തിയാണ്, സാക്കിർ നായിക്ക് രക്ഷപ്പെടുക. മിക്കാവാറും മുന്നാം ലെവലിലേക്ക് പോകുന്ന ആഴത്തിലുള്ള ചോദ്യങ്ങൾ അദ്ദേഹത്തിന് ആദ്യകാലത്ത് നേരിടേണ്ടി വന്നിട്ടില്ല. അതിന് സാക്കിർ നായിക്ക് കൊടുത്ത ക്ലാസിൽ പറയുക, മിക്കവാറും ചോദ്യം ചോദിക്കാനാ വുന്നവർ തങ്ങളുടെ വിശ്വാസങ്ങൾ മറ്റൊരാൾ സ്ഥിരീകരിക്കുന്നത് കണ്ട് സായൂജ്യം അടയാൻ വന്നിരിക്കുന്നവർ ആണ്. അവർ ഒന്നാമത്തെ ലെവൽ കഴിയുമ്പോൾ സംതൃപ്തരായി മടങ്ങും.
പക്ഷേ ആഴത്തിലുള്ള ഉത്തരംമുട്ടിക്കുന്ന ചോദ്യങ്ങൾ പിൽക്കാലത്ത് സാക്കിർ നായിക്കിനെ തേടിയെത്തി. അത്തരം അപൂർവ സന്ദർഭങ്ങളിൽ സാക്കിർ നായിക്കിന്റെ മുഖത്തെ പുഞ്ചിരി മാഞ്ഞു. ശബ്ദം ഉയർന്നു. ചോദ്യകർത്താവിനെ വിഡ്ഡിയെന്ന് വിളിച്ചു. പുറത്താക്കി, ചിലപ്പോൾ സ്വയം ഇറങ്ങിപ്പോയി''- ഫാറൂഖ് ചൂണ്ടിക്കാട്ടുന്നു.
ലോകം മുഴുവൻ വളരുന്നു
അതിനിടയിൽ കുട്ടികളെ ഇസ്ലാമിന്റെ ശിക്ഷണത്തിൽ വളർത്തുക എന്ന ലക്ഷ്യത്തോടെ മുംബൈയിൽ, നായിക്ക് ഇസ്ലാമിക് ഇന്റർനാഷണൽ സ്‌കൂൾ സ്ഥാപിച്ചു. അദ്ദേഹം സ്ഥാപിച്ച പീസ് ടി.വി പന്നീട് പ്രശസ്തമായി. ഹേറ്റ് സ്പീച്ചിന്റെ പേരിൽ അത് പലയിടത്തും നിരോധിക്കപ്പെട്ടു. അമേരിക്ക, കാനഡ, ബ്രിട്ടൻ, സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ഖത്തർ, ബഹറൈൻ, സൗത്ത് ആഫ്രിക്ക, മൗറീഷ്യസ്, ആസ്‌ത്രേലിയ, സിങ്കപ്പൂർ, ഹോങ്കോങ്, തായ്‌ലന്റ്, ഘാന തുടങ്ങിയ രാജ്യങ്ങളിലായി ആയിരക്കണക്കിന് പൊതുപ്രഭാഷണങ്ങളിലൂടെ അദ്ദേഹം ലോകശ്രദ്ധ പിടിച്ചുപറ്റി. 2000 ഏപ്രിൽ 1ന് ഷിക്കാഗോയിൽ വെച്ച് പ്രസിദ്ധ അമേരിക്കൻ ഡോക്ടറും മിഷിനറിയുമായ വില്യം കാമ്പലുമായി നടത്തിയ സംവാദവും ബാംഗ്ലൂരിൽ ശ്രീ ശ്രീ രവിശങ്കറുമായി നടത്തിയ സംവാദങ്ങളും പ്രസിദ്ധമാണ്.
ഇന്ന് സാക്കിർ നായിക്കിനെ അംഗീകരിക്കാത്ത, ഇസ്ലാമിക രാഷ്ട്രങ്ങൾ പോലും ഒരുകാലത്ത് അദ്ദേഹത്തിന് പുരസ്‌ക്കാരങ്ങൾ വാരിച്ചൊരിഞ്ഞവർ ആണ്. 2014ലെ മികച്ച ഇസ്ലാമിക സേവനത്തിനുള്ള കിങ് ഫൈസൽ അവാർഡ് അദേഹത്തിന് ലഭിക്കുകയുണ്ടായി. എന്തിന്, 2010ൽ ഇന്ത്യൻ എക്പ്രസ് ദിനപ്പത്രം നടത്തിയ സർവേയിൽ ലോകത്തിന്റെ എറ്റവും ശക്തരായ നൂറ് ഇന്ത്യൻ വ്യക്തിത്വങ്ങളുടെ പട്ടികയിലും സാക്കിർ സ്ഥാനം പിടിച്ചു.
പക്ഷേ മറ്റെല്ലാ കൾക്ക് ഹീറോകളെയും പോലെ ഒരു ഘട്ടം കഴിഞ്ഞപ്പോൾ സാക്കിർ നായിക്കിനെയും ആരാധകർക്കും മടുത്തു തുടങ്ങി. ചോദ്യങ്ങളും ഉത്തരങ്ങളും ആവർത്തന വിരസമായി. തീവ്രവാദത്തെ പരോക്ഷമായി ന്യായീകരിക്കുക, ഒസാമ ബിൻലാദനെ തള്ളിപ്പറയാതിരിക്കുക, അഫ്ഗാനിൽ താലിബാൻ ബുദ്ധ പ്രതിമകൾ തകർത്തതിനെ ന്യായീകരിക്കുക, വേൾഡ് ട്രേഡ് സെൻന്റ് ആക്രമണത്തിന് ഗുഢാലോചനാ സിദ്ധാന്തങ്ങൾ ചമക്കുക, തുടങ്ങിയ കാര്യങ്ങൾ സാക്കിർ നായിക്കിന് വിനയായി. 2016ലെ ബംഗ്ലാദേശിലെ തീവ്രവാദി ആക്രമണം സാക്കിർ നായിക്കിന്റെ ആശയങ്ങളിൽനിന്ന് പ്രചോദിതമായതെന്ന് കണ്ടെത്തിയതോടെ മുസ്ലിം രാഷ്ട്രങ്ങൾപോലും അദ്ദേഹത്തെ വെറുത്തു.
തികഞ്ഞ ഫാമിലിമാൻ
സോഷ്യൽമീഡിയയിൽ അടിമുടി സ്ത്രീവിരുദ്ധ പ്രസ്താവനകളുടെ പേരിൽ ഇടക്കിടെ എയറിൽ ആവാറുണ്ട് സാക്കിർ നായിക്ക്. ബഹുഭാര്യത്വത്തെ ന്യായീകരിച്ചും, സ്ത്രീകൾക്ക് പകുതി സ്വത്തുകൊടുക്കുന്നതിനെ ന്യായീകരിച്ചുമുള്ള അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ വൻ വിവാദം ആകാറുണ്ട്. പക്ഷേ വ്യക്തി ജീവിതത്തിൽ തികഞ്ഞ ഫാമിലി മാനാണ് അദ്ദേഹം. തന്റെ ഭാര്യക്കും മുന്ന് കുട്ടികൾക്കും ഒപ്പമാണ് അദ്ദേഹം ഒഴിവ് സമയം ചെലവിടാൻ ആഗ്രഹിക്കുന്നത്.
2019 ദ വീക്കിന് നൽകിയ അഭിമുഖത്തിൽ സാക്കിർ നായിക്കിന്റെ ഭാര്യ ഫർഹാത്ത് അദ്ദേഹത്തെ 'ഉത്തമനായ കുടുംബസ്ഥൻ' എന്നാണ് വിശേഷിപ്പിക്കുന്നത്. നമ്രതാ ബിജി അഹൂജ എന്ന വനിതാ ജേർണലിസ്റ്റിന് അനുവദിച്ച് ആ അഭിമുഖത്തിലും സാക്കിർ നായിക്കിന്റെ ഭാര്യയുടെ ഫോട്ടോ കൊടുക്കാൻ സമ്മതിച്ചിട്ടില്ല എന്നത് വേറെ കാര്യം. സാക്കിർ നായിക്കിന് അഭിമുഖമായി സംസാരിക്കുന്ന ഭാര്യയുടെ പുറം തിരിഞ്ഞുള്ള ഒരു ചിത്രമാണ് കൊടുത്തിരിക്കുന്നത്!
ഇന്ത്യാ ഗവൺമെന്റ് തങ്ങൾക്കെതിരെ നടപടി എടുത്തിന്റെ ഭാഗമായി തന്റെ ബന്ധുക്കളെ നിരന്തരം പീഡിപ്പിക്കുകയാണെന്നാണ് ഇവർ പറയുന്നത്. '' പക്ഷേ ഞങ്ങൾക്ക് ഇതെല്ലാം സഹിക്കാൻ കഴിയും. കാരണം തികഞ്ഞ ഇസ്ലാമിക രീതിയിലാണ് ഞങ്ങൾ മക്കളെ വളർത്തുന്നത്. ഒരു ആൺകുട്ടിയും രണ്ടുപെൺകുട്ടികളുമാണ് ഞങ്ങൾക്ക്. അവരുടെ ഇസ്ലാമിക പ്രബോധനത്തിൽ ഏറെ താൽപ്പര്യം ഉള്ളവരാണ്. പിതാവുമായി എല്ലാകാര്യങ്ങും അവർ ചർച്ചചെയ്യാറുണ്ട്. ഞങ്ങൾ മുംബൈയിൽ ആയിരുന്ന സമയത്ത് ഔട്ടിങ്ങിന് പോയിരുന്നു. ധാരാളം യാത്രകൾ ചെയ്തിരുന്നു. സാക്കിർ നായിക്കിന്റെ ലോക പര്യടന സമയത്തൊക്കെ കുടുംബം കൂടെയുണ്ടായിരുന്നു. മക്കൾ റിയാദിലാണ് പഠിക്കുന്നത്. പക്ഷേ എനിക്ക് മൂംബൈയിലെ ഞങ്ങളുടെ പ്രിയപ്പെട്ടവരെ മിസ് ചെയ്യുന്നുണ്ട്. 8ാം വയസ്സിൽ പിതാവിനെ നഷ്ടപ്പെട്ട വ്യക്തിയാണ് ഞാൻ. പിന്നെ എനിക്ക് പിതാവായത് സാക്കിറിന്റെ ബാപ്പയാണ്. '' ഫർഹാത്ത് സാക്കിർ നായിക്ക് പറയുന്നു.
പക്ഷേ നിലപാടുകളിൽ ഫർഹാത്ത് നായിക്കിനും ഒട്ടും വിട്ടുവീഴ്ചയില്ലെന്ന് തുടർന്ന് അഭിമുഖം വായിക്കുമ്പോൾ മനസ്സിലാവും. ബഹുഭാര്യത്വം, പർദയും സ്ത്രീയുടെ സ്വത്തവകാശവും, പള്ളി പ്രവേശനം തുടങ്ങിയ വിഷയങ്ങളിലൊക്കെ അവർ സാക്കിർനായിക്കിന്റെ കടുത്ത മതമൗലികവാദ നിലപാടിന് ഒപ്പമാണ്. ചക്കിക്കൊത്ത ചങ്കരൻ എന്ന് പറയുന്നതുപോലെ സാക്കിറിനൊത്ത ഭാര്യ എന്നേ പറയാൻ കഴിയൂ! ഇതേ രീതിയിൽ തന്നെയാണ് സാക്കിർ ജനലക്ഷങ്ങളെയും ബ്രയിൻവാഷ് ചെയ്യുന്നത്.
വാൽക്കഷ്ണം: സാക്കിർ നായിക്കിന്റെ അതേ രീതിയിലുള്ള ഡിബേറ്റ് ടെക്ക്നിക്ക് അനുസരിച്ചാണ് കേരളത്തിൽ എം എം അക്‌ബർ വളർന്നത്. വേണമെങ്കിൽ സാക്കിർ നായിക്കിന്റെ കേരള പതിപ്പ് എന്നും അദ്ദേഹത്തെ വിശേഷിപ്പിക്കാം. ഇപ്പോഴിതാ സോഷ്യൽ മീഡിയിൽ ഏറ്റവും കൂടുതൽ ട്രോളുകൾക്ക് വിധേയനാവുന്ന വ്യക്തിയും അക്‌ബർ തന്നെയാണ്. ഇതേ നേതാക്കളിൽ ഒരു വിഭാഗം തന്നെയാണ് 'അമ്പലത്തിന് പരിവ് കൊടുക്കുന്നത് വ്യഭിചാരമാണ്, ഓണം ആഘോഷിക്കരുത്' എന്നുമൊക്കെ കേരളത്തിലും പറയുന്നത്. അറബ്ലോകംപോലും വേറിട്ട് ചിന്തിച്ചിട്ടും ഇവർക്ക് നേരം വെളുത്തിട്ടില്ല.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ