ബരാബങ്കി: പ്രണയ ബന്ധത്തിന്റെ പേരിൽ പെൺകുട്ടിയുടെ ബന്ധുക്കൾ ഭീഷണിപ്പെടുത്തിയതിന് പിന്നാലെ 16 വയസുകാരനെ കൊലപ്പെടുത്തി. കേസിൽ മൂന്ന് പേരെ പൊലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. ഉത്തർ പ്രദേശിലെ ബരാബങ്കിയിലെ ദരിയാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ദാരുണമായ സംഭവം. പതിനാറു വയസ്സുകാരനായ സൂരജ് ചൗഹാനാണ് കൊല്ലപ്പെട്ടത്. സൂരജിന്റെ മൃതദേഹം തിങ്കളാഴ്ച വൈകുന്നേരമാണ് ഗ്രാമത്തിലെ വയലിൽ കാണപ്പെട്ടത്. കമ്പികൊണ്ട് ക്രൂരമായ രീതിയിൽ മുതുകിൽ മുറിവേറ്റ പാടുകളോടെയാണ് ഗ്രാമവാസികൾ മൃതദേഹം കണ്ടെത്തിയത്.

പതിനാറുകാരനായ സൂരജിന്റെ അമ്മാവൻ രാംതേജ് പൊലീസിന് നൽകിയ പരാതി പ്രകാരം, നടത്തിയ അന്വേഷണത്തിൽ മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്നും ദരിയാബാദ് പൊലീസ് സ്റ്റേഷൻ ഇൻചാർജ് ഡിപി ശുക്ല പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. കൗമാരക്കാരന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

ഞായറാഴ്ച രാത്രിയാണ് സൂരജ് വീട്ടിൽ നിന്നും പോയത്. ഗ്രാമത്തിന് പുറത്തുള്ള പലചരക്ക് കടയിലേക്ക് രാത്രി കാവലിനാണ് സൂരജ് പോയിരുന്നു. പിറ്റേ ദിവസം കടയിൽ സൂരജിനെ കാണാതെ വന്നതോടെ വീട്ടുകാർ തിരച്ചിൽ നടത്തുകയും വയലിൽ നിന്ന് മൃതദേഹം കണ്ടെത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ മൊബൈലും മൃതദേഹത്തിന് സമീപം കിടന്നിരുന്നു. ഇത് കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

കല്ലു, ഫരീദ്, ആബിദ് എന്നീ മൂന്ന് പേരെയാണ് കൊലപാതകത്തിൽ സംശയിക്കുന്നത് എന്നാണ് സൂരജിന്റെ ബന്ധുക്കൾ പരാതി നൽകിയത്. ഈ യുവാക്കളുടെ ബന്ധുവായ ഒരു പെൺകുട്ടിയുമായി സൂരജ് സ്‌നേഹത്തിലായിരുന്നു. ഇതിന്റെ പേരിൽ സൂരജും ഇവരും തമ്മിൽ തർക്കവും, സൂരജിന് ഇവരിൽ നിന്നും ഭീഷണിയും ഉണ്ടായിരുന്നു എന്നാണ് കുടുംബം പറയുന്നത്.

പെൺകുട്ടിയുമായി പ്രണയത്തിലായതിനാലാണ് സൂരജിനെ കൊലപ്പെടുത്തിയെന്ന് സൂരജിന്റെ അമ്മാവൻ രാംതേജ് പരാതിയിൽ ആരോപിച്ചു. പെൺകുട്ടിയുടെ വീട്ടുകാർ നേരത്തെയും കൗമാരക്കാരനെ ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് പറഞ്ഞു.