ന്യൂഡൽഹി: സുഹൃത്തിനെ കാണാൻ ഹോട്ടലിൽ എത്തിയ മുപ്പത്തിരണ്ടുകാരിയെ ജ്യൂസിൽ ലഹരിമരുന്ന് കലർത്തി നൽകി കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് പേർ അറസ്റ്റിൽ. ഡൽഹിയിലെ ആദർശ് നഗറിലെ ഹോട്ടലിൽ സുഹൃത്തിനെ കാണാനെത്തിയ 32 കാരിയാണ് കൂട്ടബലാത്സംഗത്തിനിരയായത്. യുവതിയുടെ പരാതിയിൽ രാജസ്ഥാനിലെ ആൽവാർ സ്വദേശികളായ മൂന്ന് യുവാക്കൾ അറസ്റ്റിലായി. 39കാരനും യുവതിയുടെ സുഹൃത്തുമായ അജയ്, 34 കാരനായ താരാ ചന്ദ്, 38കാരനായ നരേഷ് എന്നിവരാണ് അറസ്റ്റിലായത്.

ഞായറാഴ്ച സുഹൃത്തായ അജയുടെ ക്ഷണ പ്രകാരമാണ് യുവതി ഹോട്ടലിൽ എത്തുന്നത്. ഇവിടെ ഇയാളുടെ രണ്ട് സുഹൃത്തുക്കൾ കൂടിയുണ്ടായിരുന്നു. യുവതിക്ക് ഇവർ ലഹരി കലർത്തിയ ജ്യൂസ് കുടിക്കാൻ നൽകി. ജ്യൂസ് കുടിച്ച് അബോധാവസ്ഥയിലായ യുവതിയെ ഇവർ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. യുവതിയുടെ പരാതിയുടേയും വൈദ്യ പരിശോധനയുടേയും അടിസ്ഥാനത്തിൽ കൂട്ട ബലാത്സംഗം, വധശ്രമം അടക്കമുള്ള കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.

കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡൽഹി വടക്ക് പടിഞ്ഞാറ് മേഖലാ ഡെപ്യൂട്ടി കമ്മീഷണർ വിശദമാക്കി. രണ്ട് ദിവസങ്ങൾക്ക് മുൻപ് ഝാർഖണ്ഡിൽ പ്രായപൂർത്തിയാകാത്ത മകളെ അമ്മയുടെ മുന്നിലിട്ട് കൂട്ട ബലാത്സംഗം ചെയ്തിരുന്നു. നർത്തകിയായ മകളുമായി സ്റ്റേജ് ഷോ കഴിഞ്ഞു വരുന്നതിനിടെ ദിയോഗറിൽ വച്ച് ബൈക്കിലെത്തിയ യുവാക്കൾ അമ്മയെ ആക്രമിച്ച് ഫോണും പണവും കവർന്ന ശേഷം മകളെ ബലാത്സംഗം ചെയ്തത്. സംഭവത്തിൽ ഝാർഖണ്ഡ് പ്രത്യേക പൊലീസ് സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്.

ഉത്തർപ്രദേശിലെ മെയിൻപുരി ജില്ലയിൽ കുരവലി പൊലീസ് സ്റ്റേഷൻ പരിധിയിൽ മൂന്ന് മാസം മുമ്പ് ബലാത്സംഗം ചെയ്യപ്പെട്ട് ഗർഭിണിയായ പെൺകുട്ടിയെ തീകൊളുത്തി ജീവനോടെ ചുട്ടുകൊന്ന സംഭവത്തിന്റെ ഞെട്ടൽ മാറും മുൻപാണ് രാജ്യ തലസ്ഥാനത്തെ കൂട്ട ബലാത്സംഗം.