വഡോദര: ഗുജറാത്തിലെ വഡോദരയിൽ ബോട്ട് തലകീഴായി മറിഞ്ഞ് ഒൻപത് സ്‌കൂൾ കുട്ടികളും രണ്ട് അദ്ധ്യാപകരും മരിച്ചു. പിക്‌നിക്കിന് പോയ 27 സ്‌കൂൾ കുട്ടികളാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഹാർണി തടാകത്തിലാണ് അപകടം. മറ്റുകുട്ടികളെ രക്ഷിക്കാൻ ശ്രമം തുടരുകയാണ്. നാല് അദ്ധ്യാപകരാണ് സംഘത്തിനൊപ്പം ഉണ്ടായിരുന്നത്.

9 കുട്ടികൾ മരിച്ചതായി വിവരം കിട്ടിയെന്ന് ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രി കുബേർ ഡിൻഡോർ പറഞ്ഞു. രക്ഷാപ്രവർത്തനം തുടരുകയാണ്. ദേശീയ ദുരന്ത പ്രതികരണ സേനയും, അഗ്നിശമനസേനയും മറ്റ് ഏജൻസികൾക്കൊപ്പം തിരച്ചിൽ തുടുരന്നു.

ന്യൂ സൺറൈസ് എന്ന സ്വകാര്യ സ്‌കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരുമാണ് അപകടത്തിൽപെട്ടത്. സ്‌കൂളിൽ നിന്നുള്ള വിനോദയാത്രയായിരുന്നുവെന്നാണ് വിവരം. സംഭവ സമയത്ത് ആരും ലൈഫ് ജാക്കറ്റ് ഉപയോഗിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ട്.

അപകടത്തിൽപ്പെട്ട ഏഴ് കുട്ടികളെ രക്ഷപെടുത്തിയതായി ഫയർഫോഴ്‌സ് അറിയിച്ചു. അപകടത്തിനു പിന്നാലെ നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചതായും അധികൃതർ പറഞ്ഞു. സംഭവത്തിൽ ഗുജറാത്ത് മുഖ്യമന്ത്രി ഭുേന്ദ്ര പട്ടേൽ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു