ബംഗളുരു: ആരാധകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന കന്നഡ സൂപ്പര്‍താരം ദര്‍ശനേക്കുറിച്ച് വെളിപ്പെടുത്തലുമായി മുന്‍ സഹതടവുകാരന്‍. ദര്‍ശന്റെ ജയില്‍ ജീവിതത്തേക്കുറിച്ച് പറഞ്ഞ് സിദ്ധാരൂഢ എന്ന മുന്‍ സഹതടവുകാരനാണ് രംഗത്തെത്തിയിരിക്കുന്നത്. താന്‍ ദര്‍ശനെ കണ്ടുവെന്നും 12 മിനിറ്റ് സംസാരിച്ചെന്നും ഇയാള്‍ പറഞ്ഞു.

ന്യൂസ് 18-നോടാണ് ദര്‍ശനേക്കുറിച്ച് സിദ്ധാരൂഢ പറഞ്ഞത്. ദര്‍ശന്റെ ശരീരഭാരം കുറഞ്ഞുവരികയാണെന്ന് ഇദ്ദേഹം പറഞ്ഞു. ദേഹം വിളറി വെളുത്തിരിക്കുകയാണ്. ജയില്‍ ഭക്ഷണവുമായി പൊരുത്തപ്പെടാന്‍ ദര്‍ശന്‍ ബുദ്ധിമുട്ടുകയാണ്. താരത്തിന്റെ കണ്ണുകളിലും മുഖത്തും ഇത് വ്യക്തമായി കാണാം. വായനയില്‍ മുഴുകിയാണ് ദര്‍ശന്‍ ദിവസങ്ങള്‍ തള്ളി നീക്കാന്‍ ശ്രമിക്കുന്നതെന്നും സിദ്ധാരൂഢ വെളിപ്പെടുത്തി.

'ചിലപ്പോള്‍ ചെറുതായി നടക്കും. സെല്ലില്‍ പുസ്തകവായനയാണ് ഭൂരിഭാഗം സമയവും. ഭഗവത് ഗീത, രാമായണം, മഹാഭാരതം, വിവേകാനന്ദന്റെയും യോഗിയുടേയും ആത്മകഥകള്‍ ഉള്‍പ്പെടെ ഇരുപതോളം പുസ്തകങ്ങളുണ്ട് ദര്‍ശന്റെ കയ്യില്‍.' സിദ്ധാരൂഢ പറഞ്ഞു. 22 വര്‍ഷമായി ജയിലില്‍ കഴിയുന്ന സിദ്ധാരൂഢ ഈയിടെയാണ് പരോളിലിറങ്ങിയത്. ദര്‍ശന്റെ ആരാധകനായ താന്‍ ഏതാനും സമയത്തേക്ക് താരത്തെ കാണണമെന്ന് ജയിലധികാരികളോട് അപേക്ഷിച്ചിരുന്നു. ഇതു പരിഗണിച്ചാണ് സിദ്ധാരൂഢയ്ക്ക് ദര്‍ശനെ കാണാന്‍ അനുമതി നല്‍കിയത്.

കഴിഞ്ഞ ദിവസം ദര്‍ശന്റെ ഭാര്യ വിജയലക്ഷ്മി കര്‍ണാടക ഡെപ്യൂട്ടി മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ വസതിയിലെത്തി കണ്ടിരുന്നു. എന്നാല്‍ ഈ കൂടിക്കാഴ്ച ദര്‍ശനെ സഹായിക്കാന്‍ വേണ്ടിയാണെന്ന ആരോപണങ്ങള്‍ ശിവകുമാര്‍ നിഷേധിച്ചു. ദര്‍ശന്റെ മകന്റെ സ്‌കൂള്‍ അഡ്മിഷനുമായി ബന്ധപ്പെട്ടാണ് വിജയലക്ഷ്മി തന്നെ വന്നുകണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ദര്‍ശന്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണെന്നും തന്റെ ഭാഗത്തുനിന്നും പോലീസ് അന്വേഷണത്തില്‍ ഇടപെടലുണ്ടാവില്ലെന്നും ഡി.കെ. ശിവകുമാര്‍ പ്രതികരിച്ചു