ചെന്നൈ: മലയാള സിനിമയില്‍ മാത്രമല്ല, തമിഴിലും സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന വെളിപ്പെടുത്തലുമായി തമിഴ് സിനിമാ താരങ്ങളുടെ കൂട്ടായ്മയായ 'നടികര്‍ സംഘം' ജനറല്‍ സെക്രട്ടറി വിശാല്‍ രംഗത്ത്. തമിഴ് സിനിമയിലും തുറന്നുപറച്ചിലിന് അവസരം ഒരുക്കും. താരസംഘടനയുടെ നേതൃത്വത്തില്‍ ഇതിനായി കമ്മിറ്റി രൂപീകരിക്കുമെന്നും സിനിമാ പ്രവര്‍ത്തകര്‍ ദുരനുഭവങ്ങള്‍ തുറന്നുപറയണമെന്നും വിശാല്‍ പറഞ്ഞു.

''ചില നടിമാര്‍ക്ക് സുരക്ഷാ പ്രശ്‌നമുണ്ട്, അത് പരിഹരിക്കാന്‍ അവര്‍ക്ക് ബൗണ്‍സര്‍മാരെ വയ്ക്കേണ്ട അവസ്ഥയാണ്. 20 ശതമാനം നടിമാര്‍ക്ക് മാത്രമേ തമിഴ് സിനിമയില്‍ നേരിട്ട് അവസരം ലഭിക്കുന്നുള്ളൂ. എന്നാല്‍ 80 ശതമാനം നടിമാരും ചതിക്കുഴിയില്‍ പെടുന്നുണ്ട്. ഇത് പരിശോധിക്കണം.'' വിശാല്‍ വെളിപ്പെടുത്തി.

''മലയാള സിനിമാ മേഖലയില്‍ ഹേമ കമ്മിറ്റി അന്വേഷണം നടത്തിയതു പോലെ തമിഴിലും അന്വേഷണം വേണം. അതിന്റെ നടപടികള്‍ ഉടന്‍ തന്നെ നടികര്‍ സംഘം ആലോചിക്കും. പുരുഷന്മാര്‍ക്ക് വേണ്ടി മാത്രമല്ല നടികര്‍ സംഘം. അത് തമിഴ് സിനിമയിലെ സ്ത്രീകള്‍ക്ക് വേണ്ടി കൂടിയാണ്. പരാതിയുള്ള സ്ത്രീകള്‍ നടികര്‍ സംഘത്തിനെ സമീപിച്ചാല്‍ നടികര്‍ സംഘം ശക്തമായ നടപടിയെടുക്കും.'' വിശാല്‍ ഉറപ്പ് നല്‍കി.

''അഡ്ജസ്റ്റ്‌മെന്റ് വേണമെന്ന് ചോദിക്കുന്ന നിമിഷം തന്നെ ഇത്തരക്കാരെ ചെരുപ്പൂരി അടിക്കണം. സ്ത്രീകള്‍ ഇത്തരത്തില്‍ മറുപടി കൊടുത്താലെ ഇക്കൂട്ടരെ നിയന്ത്രിക്കാന്‍ പറ്റുകുള്ളൂ. തെറ്റ് ചെയ്‌തെങ്കില്‍ ശിക്ഷ അനുഭവിക്കണം. തമിഴ് സിനിമയിലെ സ്ത്രീകള്‍ അവര്‍ നേരിട്ട അനുഭവത്തെ കുറിച്ച് പറയാന്‍ ധൈര്യത്തോടെ മുന്നോട്ട് വരണം. കേസെടുക്കാന്‍ താന്‍ പോലീസല്ല'' വിശാല്‍ കൂട്ടിച്ചേര്‍ത്തു.

അഡ്ജസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന വിഡ്ഢികളെ വെറുതെ വിടരുതെന്നും താരം പ്രതികരിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ മലയാള സിനിമാ മേഖലയിലുണ്ടായ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് വിശാലിന്റെ പ്രതികരണം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും പ്രതികരിക്കുമെന്നാണ് പ്രതീക്ഷ. അവര്‍ മുതിര്‍ന്ന താരങ്ങളാണ്. പ്രസ്താവനയേക്കാള്‍ ആവശ്യം നടപടികളാണ്.

താരസംഘടന അമ്മയില്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെ എല്ലാവരും രാജിവെച്ചിരുന്നു. നിലവിലെ അമ്മ ഭരണസമിതി പിരിച്ചുവിട്ടു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടറിനെ തുടര്‍ന്ന് സിനിമ രംഗത്തെ അതിക്രമങ്ങളില്‍ പരാതിയുമായി കൂടുതല്‍പ്പേര്‍ രംഗത്ത് എത്തിയതിന് പിന്നാലെ അമ്മയില്‍ കടുത്ത ഭിന്നതയുണ്ടായിരുന്നു. ആരോപണവിധേയനായ ജോയിന്‍ സെക്രട്ടറി ബാബുരാജ് മാറണം എന്ന് ഒരു വിഭാഗം അംഗങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു. ലൈംഗിക ആരോപണത്തില്‍ ഉള്‍പ്പെട്ട അമ്മയിലെ അംഗങ്ങളായ താരങ്ങളോട് വിശദീകരണം ചോദിക്കണമെന്ന ആവശ്യവും വനിതാ അംഗങ്ങള്‍ ഉന്നയിച്ചതോടെയാണ് കൂട്ട രാജിയിലേക്കെത്തിയത്.

കഴിഞ്ഞ ദിവസം അമ്മയ്ക്ക് തെറ്റുപറ്റിയെന്ന് പരസ്യമായി പറഞ്ഞ് നടന്‍ പൃഥ്വിരാജ് രംഗത്ത് എത്തിയിരുന്നു. അമ്മയുടെ നിലപാട് ദുര്‍ബലമാണ്. പവര്‍ ഗ്രൂപ്പ് ഉണ്ടെങ്കില്‍ അത് ഇല്ലാതാകണം, ഞാന്‍ അനുഭവിച്ചിട്ടില്ല എന്നത് കൊണ്ട് അങ്ങനെ ഒരു ഗ്രൂപ്പ് ഇല്ലെന്ന് പറയാന്‍ കഴിയില്ല. ഒരു പദവിയില്‍ ഇരിക്കുന്നവര്‍ ആരോപണം നേരിടുമ്പോള്‍ പദവി ഒഴിയുക തന്നെ വേണം. അമ്മ ശക്തമായ നിലപാട് എടുക്കണമെന്നും പൃഥ്വിരാജ് പറഞ്ഞു. എല്ലാവരും ഒത്തു ചേര്‍ന്നുള്ള സംഘടന സംവിധാനം ആണ് വേണ്ടത്, അതുടനെ വരുമെന്നു പ്രതീക്ഷിക്കുന്നുവെന്നും സിനിമയില്‍ ബഹിഷ്‌കരണവും വിലക്കും പാടില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.