ലക്‌നൗ: ടേക്ക് ഓഫിനിടെ പക്ഷി ഇടിച്ചതിനെ തുടർന്ന് എയർ ഏഷ്യ വിമാനം ലഖ്നോ വിമാനത്താവളത്തിൽ എമർജൻസി ലാൻഡിങ് നടത്തി. ലക്‌നൗ - കൊൽക്കത്ത ഐ5-319 വിമാനമാണ് ലക്‌നൗ വിമാനത്താവളത്തിൽ അടിയന്തരമായി നിലത്തിറക്കിയത്. ഞായറാഴ്ച രാവിലെ കൊൽക്കത്തയിലേക്ക് പുറപ്പെടുന്നതിനായി ടേക്ക് ഓഫ് നടത്തുന്നതിനിടെയായിരുന്നു സംഭവം.

യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കിയശേഷം വിശദപരിശോധനയ്ക്കായി വിമാനം ബേയിലേക്ക് മാറ്റിയെന്ന് എയർ ഏഷ്യ വക്താവ് അറിയിച്ചു. ആകെ 170 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

കഴിഞ്ഞ വർഷം സമാനമായ സംഭവത്തിൽ, അഹമ്മദാബാദിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള ആകാശ എയർ വിമാനം പക്ഷി ഇടിച്ചതിനെ തുടർന്ന് പരിശോധനകൾക്കും അറ്റകുറ്റപ്പണികൾക്കുമായി അടിയന്തരമായി നിലത്തിറക്കിയിരുന്നു. 1900 അടി ഉയരത്തിൽ വച്ച് ബോയിങ് 737 മാക്സ് 8 വിമാനത്തിന് അന്ന് കേടുപാടുകൾ സംഭവിച്ചിരുന്നു.