- HOME
 - NEWS
 - POLITICS
 - SPORTS
 - CINEMA
 - CHANNEL
 - MONEY
 - RELIGION
 - INTERVIEW
 - SCITECH
 - OPINION
 - FEATURE
 - MORE
 
- Home
 - /
 
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കണം; എസ് പിയെ ഒരു ദേശീയ പാർട്ടിയാക്കാൻ സഹായിക്കണമെന്നും ജനങ്ങളോട് അഖിലേഷ് യാദവ്
ലക്‌നൗ: 2024ൽ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കണമെന്ന് അഖിലേഷ് യാദവ്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സമാജ്വാദി പാർട്ടിയെ (എസ്‌പി) ഒരു ദേശീയ പാർട്ടിയാക്കാൻ സഹായിക്കണമെന്നും ജനങ്ങളോട് അദ്ദേഹം അഭ്യർത്ഥിച്ചു. മൂന്നാം തവണയും എസ്‌പിയുടെ ദേശിയ അധ്യക്ഷനായ ശേഷം ലക്ക്‌നോവിൽ പാർട്ടിയുടെ ദേശിയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അഖിലേഷ്.
എതിരില്ലാതെയാണ് അഖിലേഷ് പാർട്ടിയുടെ അധ്യക്ഷനായത്. അഞ്ചു വർഷത്തേക്ക് ആണ് അധ്യക്ഷസ്ഥാനം. പിതാവും എസ്‌പി സ്ഥാപകനുമായ മുലായം സിങ് യാദവ് പാർട്ടിയെ ഒരു ദേശിയ പ്രസ്ഥാനമാക്കണമെന്ന് ആഗ്രഹിച്ചിരുന്നെന്നും അതിനായി ഒരുപാട് പരിശ്രമിക്കുകയും കഠിനാധ്വാനം ചെയ്തെന്നും അഖിലേഷ് വ്യക്തമാക്കി.
ജയിലുകൾ നിറഞ്ഞാലും സംസ്ഥാനത്തും കേന്ദ്രത്തിലും ബിജെപി സർക്കാരുകൾക്കെതിരെ സമരം തുടരുമെന്നും ബിജെപി നേതാക്കൾ നുണപ്രചാരകരാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ കർഷകരോട് ബിജെപി സർക്കാർ പുലർത്തുന്ന അനീതിയെയും വമ്പൻ വ്യവസായികൾക്ക് സർക്കാകർ നൽകുന്ന സൗജന്യങ്ങളെയും അദ്ദേഹം വിമർശിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ വരെ ബിജെപിക്ക് വിധേയപ്പെട്ട് നിൽക്കുകയാണെന്നും അതുകൊണ്ട് ബൂത്ത് അടിസ്ഥാനത്തിൽ പ്രവർത്തനം ശ്കതമാക്കണമെന്നും അഖിലേഷ് ചൂണ്ടിക്കാട്ടി.
'ഇത് വെറുമൊരു സ്ഥാനമല്ല, വലിയ ഉത്തരവാദിത്വമാണ്. ഓരോ നിമിഷവും പ്രയത്‌നിക്കേണ്ടി വന്നാലും, നിങ്ങൾ എനിക്ക് നൽകിയ ഉത്തരവാദിത്വം നിറവേറ്റും എന്ന് ഉറപ്പ് നൽകുന്നു'- തന്നെ അധ്യക്ഷനായി തെരഞ്ഞെടുത്തതിൽ പാർട്ടിക്ക് നന്ദി അറിയിച്ചു കൊണ്ട് അഖിലേഷ് പറഞ്ഞു.




