ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമാവില്ലെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. താൻ ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുക്കില്ലെന്ന സൂചനയാണ് അഖിലേഷ് നൽകിയത്. കോൺഗ്രസോ ബിജെപിയോ തന്നെ പരിപാടികൾക്ക് ക്ഷണിക്കാറില്ലെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് അഖിലേഷ് യാദവിന്റെ മുപടി.

ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തുന്നതിനാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ബിജെപിയെ അധികാരത്തിൽ നിന്നും മാറ്റുകയാണ് ലക്ഷ്യം. ബിജെപിയോ കോൺഗ്രസോ തന്നെ പരിപാടികൾക്ക് ക്ഷണിക്കാറില്ലെന്നും അഖിലേഷ് പറഞ്ഞു. അതേസമയം, ഭാരത് ജോഡോ ന്യായ് യാത്രയിലേക്ക് അഖിലേഷ് യാദവിനെ ക്ഷണിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു.

കോൺഗ്രസ് യു.പി അധ്യക്ഷൻ അജയ് റായിയാണ് അഖിലേഷ് യാദവിനെ ക്ഷണിച്ച വിവരം സ്ഥിരീകരിച്ചത്. ഇന്ത്യ സഖ്യത്തിലെ എല്ലാ പാർട്ടികൾക്കും ക്ഷണക്കത്ത് നൽകിയിട്ടുണ്ട്. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും അഖിലേഷിനെ ക്ഷണിച്ചിട്ടുണ്ട്. ക്ഷണക്കത്തിന്റെ കോപ്പികൾ തന്റെ കൈവശമുണ്ടെന്നും അജയ് റായ് വ്യക്തമാക്കി.

അഖിലേഷ് യാദവിനൊപ്പം ബി.എസ്‌പി അധ്യക്ഷ മായാവതിയും ആർ.എൽ.ഡി പ്രസിഡന്റ് ജയന്ത് ചൗധരിയും ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമാവില്ലെന്നാണ് സൂചന. ആർ.എൽ.ഡി ഭാരത് ജോഡോ യാത്രക്കായി പ്രതിനിധികളെ അയച്ചേക്കും. ഫെബ്രുവരി 14നാണ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര യു.പിയിൽ പ്രവേശിക്കുന്നത്. 10 ദിവസമാണ് യാത്ര യു.പിയിൽ പര്യടനം നടത്തുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിൽ ഉൾപ്പടെ യാത്രയുടെ പര്യടനമുണ്ട്.