പട്‌ന: ലോക്‌നായക് ജയപ്രകാശ് നാരായണന്റെ പ്രതിമ അനാച്ഛാദനം ജന്മനാടായ സാരൻ സിതാബ് ദിയാരയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേർന്നു നിർവഹിച്ചു. ജയപ്രകാശ് നാരായണന്റെ 120ാം ജന്മവാർഷികാഘോഷ ചടങ്ങിലാണ് പതിനഞ്ചടി ഉയരമുള്ള ജെപി പ്രതിമ അനാഛാദനം ചെയ്തത്. ചടങ്ങിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പേരെടുത്ത് പറയാതെ രൂക്ഷമായി വിമർശിച്ചു.

ബിഹാറിലെ ഭരണകക്ഷി നേതാക്കൾ കോൺഗ്രസിന്റെ മടിയിലിരുന്നാണു ജെപിയുടെ നാമം ഉരുവിടുന്നതെന്നു അമിത് ഷാ പരിഹസിച്ചു. ജെപിയുടെ കോൺഗ്രസ് വിരുദ്ധ പ്രക്ഷോഭത്തിലൂടെ വളർന്നു വന്ന നേതാക്കൾ അദ്ദേഹത്തിന്റെ ആദർശങ്ങൾ മറന്നു. എക്കാലവും അധികാരത്തോടു വിമുഖത പുലർത്തുകയും പ്രത്യയശാസ്ത്രത്തിൽ മുറുകെ പിടിക്കുകയും ചെയ്ത നേതാവാണ് ജെപി.

അദ്ദേഹത്തിന്റെ ശിഷ്യൻ അധികാരക്കസേരയ്ക്കു വേണ്ടി അഞ്ചു തവണ ആദർശ മലക്കം മറിച്ചിൽ നടത്തിയെന്നു നിതീഷ് കുമാറിനെതിരെ അമിത് ഷാ ഒളിയമ്പെയ്തു. ജെപിയുടെ ആദർശങ്ങളുടെ യഥാർഥ പിന്മുറക്കാരനായ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും പിന്നിലാണ് ബിഹാർ ജനത അണിനിരക്കേണ്ടതെന്നും അമിത് ഷാ പറഞ്ഞു.