ന്യൂഡല്‍ഹി: ജയില്‍വാസം അനുഭവിക്കുന്ന സിഖ് വിഘടനവാദി അമൃത്പാല്‍ സിങ് നാല് ദിവസത്തെ പരോളില്‍ ഇറങ്ങി ലോക്‌സഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തു. ജയില്‍ ശിക്ഷ അനുഭവിക്കുന്ന കശ്മീരി നേതാവ് ഷെയ്ഖ് അബ്ദുല്‍ റഷീദും (എന്‍ജിനീയര്‍ റഷീദ്) കസ്റ്റഡി പരോളില്‍ പുറത്തിറങ്ങി ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. വെള്ളിയാഴ്ച കനത്ത സുരക്ഷാവലയത്തിലാണ് ഇരുവരെയും പാര്‍ലമെന്റ് സമുച്ചയത്തിലേക്ക് എത്തിച്ചത്. ഇരുവരും ജയില്‍വാസമനുഭവിക്കെ, സ്വതന്ത്ര സ്ഥാനാര്‍ഥികളായാണ് മത്സരിച്ചത്.

നടപടിക്രമങ്ങള്‍ക്കു ശേഷം സ്പീക്കറുടെ ചേംബറിലെത്തി ഇരുവരും സത്യപ്രതിജ്ഞ ചെയ്തു. ജൂണ്‍ 24, 25 തീയതികളില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിനെത്താന്‍ ഇവര്‍ക്ക് കഴിഞ്ഞിരുന്നില്ല. പരോള്‍ സമയത്ത് മാധ്യമങ്ങളെ കാണാന്‍ ഇരുവര്‍ക്കും അനുവാദമില്ല. കുടുംബാംഗങ്ങളും മാധ്യമങ്ങളെ കാണരുതെന്ന് നിര്‍ദേശമുണ്ട്.

സമിലെ ദിബ്രുഗഡ് ജയിലില്‍ നിന്നും രാവിലെ പ്രത്യേക വിമാനത്തിലാണ് അമൃതപാല്‍ സിങിനെ കൊണ്ടുവരുന്നത്. നിബന്ധനകളോടെയുളള നാല് ദിവസത്തെ പരോളാണ് അമൃത്പാല്‍ സിംഗിന് അനുവദിച്ചത്. പഞ്ചാബിലെ ഖദൂര്‍ സാഹിബില്‍നിന്നും വന്‍ ഭൂരിപക്ഷത്തിലാണ് അമൃത് പാല്‍ സിംഗ് വിജയിച്ചത്. തീവ്രവാദ കേസില്‍ തടവില്‍ കഴിയുന്ന റാഷിദിന് രണ്ട് മണിക്കൂര്‍ നേരമാണ് പരോള്‍ അനുവദിച്ചത്.

31കാരനായ അമൃതപാല്‍, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബിലെ ഖഡൂര്‍ സാബിഹ് മണ്ഡലത്തില്‍നിന്ന് നാല് ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ദേശീയ സുരക്ഷാ നിയമപ്രകാരം ഏപ്രിലില്‍ അറസ്റ്റു െചയ്യപ്പെട്ട അമൃതപാലിനെ, അസ്സമിലെ ദിബ്രുഗഢിലുള്ള ജയിലിലാണ് പാര്‍പ്പിച്ചത്. അസ്സമില്‍നിന്ന് ഡല്‍ഹിയിലേക്കും തിരിച്ചുമുള്ള യാത്ര കണക്കിലെടുത്ത് നാല് ദിവസത്തെ കസ്റ്റഡി പരോളാണ് അമൃതപാലിന് അനുവദിച്ചത്. കുടുംബത്തെ കാണാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്.

ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍നിന്നാണ് എന്‍ജിനീയര്‍ റഷീദ് (56) വിജയിച്ചത്. ഭീകരവാദ പ്രവര്‍ത്തനത്തിനായി പണം സ്വരൂപിച്ചെന്ന് കാണിച്ച് 2017ല്‍ യു.എ.പി.എ പ്രകാരം അറസ്റ്റിലായ എന്‍ജിനീയര്‍ റഷീദ് ഡല്‍ഹിയിലെ തിഹാര്‍ ജയിലിലാണ്. ജയിലില്‍നിന്ന് പാര്‍ലമെന്റിലേക്കുള്ള യാത്രാസമയത്തിനു പുറമെ രണ്ട് മണിക്കൂറാണ് റഷീദിന് പരോള്‍ അനുവദിച്ചത്. റഷീദിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനുള്ള അനുമതി മാത്രമേ കുടുംബത്തിന് നല്‍കിയിട്ടുള്ളൂ.