ന്യൂഡല്‍ഹി: ബിഹാറില്‍ വീണ്ടും പാലം പൊളിഞ്ഞു വീണു.സാരണിലെ സിവാന്‍ ജില്ലയിലെ പാലമാണ് പൊളിഞ്ഞു വീണത് .കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നാമത്തെ പാലമാണ് സാരണില്‍ പൊളിഞ്ഞു വീഴുന്നത്.ഇതടക്കം 15 ദിവസത്തിനിടയില്‍ പത്താമത്തെ പാലമാണ് സംസ്ഥാനത്ത് പൊളിയുന്നത്. പാലങ്ങള്‍ പൊളിയുന്നത് പതിവ് സംഭവമായതോടെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടു.

സരണിലെ ഗ്രാമങ്ങളെ സിവാന്‍ ജില്ലയുമായി ബന്ധിപ്പിക്കുന്ന പാലമാണ് ഇപ്പോള്‍ തകര്‍ന്നിരിക്കുന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. അടുത്തിടെ പാലത്തോടുചേര്‍ന്ന പ്രദേശത്ത് ചെളി നീക്കംചെയ്യല്‍ നടന്നിരുന്നു. എന്നാല്‍, പെട്ടെന്ന് പാലം തകരാനുള്ള കാരണമെന്തെന്ന് വ്യക്തമായിട്ടില്ല.

സംസ്ഥാനത്തെ പഴക്കമുള്ള എല്ലാ പാലങ്ങളും പരിശോധിക്കാന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിര്‍ദേശം നല്‍കിയിരുന്നു. അടിയന്തരമായി അറ്റകുറ്റപണി നടത്തേണ്ടവയ്ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും അദ്ദേഹം ഉത്തരവിട്ടിരുന്നു. ദിവസങ്ങളായി തുടരുന്ന മഴയാണ് സംഭവങ്ങള്‍ക്ക് കാരണമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, അഴിമതി ആരോപണവുമായി പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തി.