- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കപില്‍ ദേവിന്റെ അഭ്യര്‍ഥന ഏറ്റെടുത്ത് ബിസിസിഐ; ക്യാന്‍സര്‍ ബാധിതനായ അന്‍ഷുമാന്‍ ഗെയ്ക്വാദിന്റെ ചികിത്സക്കായി ഒരു കോടി രൂപ അനുവദിച്ചു
ന്യൂഡല്‍ഹി: ക്യാന്‍സര്‍ ബാധിതനായി ലണ്ടിനിലെ കിംഗ്‌സ് കോളജ് ഹോസ്പിറ്റലില്‍ ഒരു വര്‍ഷമായി ചികിത്സയില്‍ തുടരുന്ന മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ അന്‍ഷുമാന്‍ ഗെയ്ക്വാദിന്റെ ചികിത്സക്കായി ഒരു കോടി രൂപ അനുവദിച്ച് ബിസിസിഐ സെക്രട്ടറി ജയ് ഷാ. അന്‍ഷുമാന്‍ ഗെയ്ക്വാദിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വികാരാധീനനായി ഇതിഹാസ താരം കപില്‍ ദേവ് ഇന്നലെ രംഗത്തു വന്നിരുന്നു.
അന്‍ഷുമാന്റെ ചികിത്സക്കായി താനും സഹതാരങ്ങളായിരുന്ന മൊഹീന്ദര്‍ അമര്‍നാഥ്, സുനില്‍ ഗവാസ്‌കര്‍, സന്ദീപ് പാട്ടീല്‍, ദിലീപ് വെങ്സര്‍ക്കാര്‍, രവി ശാസ്ത്രി, കീര്‍ത്തി ആസാദ് തുടങ്ങിയവരുമെല്ലാം ചേര്‍ന്ന് കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും എങ്കിലും ചികിത്സക്ക് കൂടുതല്‍ പണം ആവശ്യമായതിനാല്‍ ബിസിസിഐ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കപില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ അന്‍ഷുമാന്റെ കുടുംബാംഗങ്ങളുമായി സംസാരിച്ച ജയ് ഷാ ചികിത്സാ ചെലവിനായി ഒരു കോടി രൂപ അടിന്തിരമായി അനുവദിക്കാന്‍ ആവശ്യപ്പെട്ടത്.
രക്താര്‍ബുദ ബാധിതനായി കഴിഞ്ഞ ഒരുവര്‍ഷമായി ലണ്ടനില്‍ ചികിത്സയിലാണ് ഇന്ത്യയുടെ മുന്‍ പരിശീലകന്‍ കൂടിയായ അന്‍ഷുമാന്‍ ഗെയ്ക്വാദ്. അന്‍ഷുവിന്റെ ആരോഗ്യസ്ഥിതി കാണുമ്പോള്‍ സങ്കടവും വേദനയുമുണ്ട്. ഒരുമിച്ച് കളിച്ച ഞങ്ങള്‍ക്ക് അദ്ദേഹത്തെ ഈ അവസ്ഥയില്‍ കാണാനാവില്ല. അന്‍ഷുവിന്റെ കാര്യത്തില്‍ ബിസിസിഐ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സഹായിക്കാന്‍ ആരെയും നിര്‍ബന്ധിക്കുന്നില്ല. അദ്ദേഹത്തിന് എന്ത് സഹായം ചെയ്യുകയാണെങ്കിലും അത് ഹൃദയത്തില്‍ നിന്നാവണമെന്നും കപില്‍ പറഞ്ഞിരുന്നു.
"ഇത് സങ്കടകരവും വളരെ നിരാശാജനകവുമാണ്. ഞാന്‍ അന്‍ഷുവിനൊപ്പം കളിച്ചതിനാല്‍ വലിയ വേദനയുണ്ട്. അദ്ദേഹത്തെ ഈ അവസ്ഥയില്‍ കാണുന്നത് സഹിക്കാന്‍ കഴിയില്ല. ആരും കഷ്ടപ്പെടരുത്. ബോര്‍ഡ് അദ്ദേഹത്തെ സഹായിക്കുമെന്ന് എനിക്കറിയാം. ഞങ്ങള്‍ അക്കാര്യത്തില്‍ നിര്‍ബന്ധം പിടിക്കില്ല. അന്‍ഷുവിന് വേണ്ടിയുള്ള ഏത് സഹായവും നിങ്ങളുടെ ഹൃദയത്തില്‍ നിന്ന് വരണം. ആരാധകര്‍ അദ്ദേഹത്തെ പരാജയപ്പെടുത്തില്ല".-കപില്‍ ദേവ് സ്പോര്‍ട്സ് സ്റ്റാറിനോട് പറഞ്ഞു. അതേ സമയം, അന്‍ഷുമാനെ പോലുള്ള മുന്‍ കളിക്കാരെ സഹായിക്കുന്നതില്‍ അഭാവം കാണിക്കുന്നതിനെ വിമര്‍ശിച്ച കപില്‍ കാര്യങ്ങള്‍ അനുകൂലമല്ലെങ്കില്‍ തന്റെ പെന്‍ഷന്‍ ഉപേക്ഷിക്കാന്‍ തയാറാണെന്നും സൂചിപ്പിച്ചു.
"നിര്‍ഭാഗ്യവശാല്‍ ഞങ്ങള്‍ക്ക് ഒരു സംവിധാനമില്ല. ഈ തലമുറയിലെ കളിക്കാര്‍ നല്ല പണം സമ്പാദിക്കുന്നത് കാണുന്നതില്‍ സന്തോഷമുണ്ട്. ഞങ്ങളുടെ കാലത്ത് ബോര്‍ഡിന് പണമില്ലായിരുന്നു. എന്നാല്‍ പഴയ കളിക്കാരെ പരിപാലിക്കേണ്ടത് അത്യാവശ്യമാണ്. അതിനായി ഒരു ട്രസ്റ്റ് രൂപീകരിക്കണം. ബി.സി.സി.ഐ അതിന് മുന്‍കൈ എടുക്കുമെന്ന് കരുതുന്നു. അനുവദിക്കുകയാണെങ്കില്‍ ഞങ്ങളുടെ പെന്‍ഷന്‍ തുക സംഭാവന ചെയ്യാനും തയാറാണ്."-കപില്‍ കൂട്ടിച്ചേര്‍ത്തു.
മുന്‍ താരങ്ങളുടെ സംരക്ഷണത്തിനായി ട്രസ്റ്റ് പോലെ എന്തെങ്കിലും സമ്പ്രദായം വേണമെന്നും അതിലേക്കായി കുടുംബം അനുവദിച്ചാല്‍ താന്‍ അടക്കമുള്ള താരങ്ങള്‍ അന്‍ഷുവിന്റെ സംഭാവന ചെയ്യാന്‍ തയാറാണെന്നും കപില്‍ വ്യക്തമാക്കി. ഇന്ത്യക്കായി 1975മുതല്‍ 1987 വരെ 40 ടെസ്റ്റുകളില്‍ കളിച്ച ഗെയ്ക്വാദ് രണ്ട് കാലയളവില്‍ ഇന്ത്യന്‍ പരിശീലകനുമായിരുന്നു.