ആഗ്ര: മഥുര കൃഷ്ണജന്മഭൂമിയുമായി ബന്ധപ്പെട്ട തർക്കത്തിൽ 1920 ലെ ഗസറ്റിനെക്കുറിച്ചുള്ള ചരിത്ര റെക്കോഡുകൾ പുറത്തുവിട്ട് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ. 1920 നവംബറിലെ ഗസറ്റിലെ വിദഗ്ദ്ധരുടെ റിപ്പോർട്ടും ചേർത്തിട്ടുണ്ട്. ഒരാൾക്ക് നൽകിയ വിവരാവകാശരേഖയിൽ നൽകിയ മറുപടിയിൽ തർക്കഭൂമിയിൽ ക്ഷേത്രം തകർക്കപ്പെട്ടിട്ടുണ്ട് എന്ന് മറുപടി നൽകി.

ഉത്തർപ്രദേശിലെ മെയിൻപുരിയിൽ നിന്നുള്ള അജയ് പ്രതാപ് സിംഗാണ് ഇക്കാര്യത്തിൽ വിവരാവകാശ രേഖ സമർപ്പിച്ചത്. തുടർന്ന് എഎസ്ഐ യുടെ ആഗ്ര സർക്കിളിലെ ഓഫീസാണ് മറുപടി നൽകിയത്. കൃഷ്ണജന്മഭൂമി ക്ഷേത്ര കോംപ്ലക്സിന്റെ ഭാഗമായിരുന്ന കേശവദേവ് ക്ഷേത്രം പൊളിച്ചതുമായി ബന്ധപ്പെട്ട വിവരം വിവരാവകാശരേഖയിൽ പ്രത്യേകം ചോദിച്ചിരുന്നു.

അതേസമയം വിവരാവകാശരേഖയ്ക്ക് നൽകിയ മറുപടിയിൽ 'കൃഷ്ണാ ജന്മഭൂമി' എന്ന പദം ഉപയോഗിക്കാതിരിക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പ്രത്യേകം ശ്രദ്ധിച്ചു. അതേസമയം മുഗൾ സാമ്രാജ്യ കാലത്ത് നിലനിന്നിരുന്ന കേശവദേവ് ക്ഷേത്രം തകർത്തതായി വിവരാവകാശ മറുപടിയിൽ പ്രത്യേകം പറയുകയും ചെയ്തിട്ടുണ്ട്.

അലഹബാദ് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും താൻ ഇക്കാര്യത്തിൽ നിർണ്ണായക തെളിവുകൾ നൽകിയിരുന്നതായി ശ്രീകൃഷ്ണാ ജന്മഭൂമി മുക്തി ന്യാസ് പ്രസിഡന്റ് മഹേന്ദ്ര പ്രതാപ് സിങ് പറഞ്ഞു. ക്ഷേത്രം തകർത്തതുമായി ബന്ധപ്പെട്ട് 1670 ൽ ഔറംഗസേബ് പുറത്തിറക്കിയതെന്ന് കരുതുന്ന ഉത്തരവിന്റെ കാര്യം തങ്ങൾ ഹർജിയിൽ സൂചിപ്പിച്ചിട്ടുണ്ടെന്നും പറഞ്ഞു. ഫെബ്രുവരി 22 ന് കേസ് അലഹബാദ് ഹൈക്കോടതി കേൾക്കുമ്പോൾ തങ്ങൾ ഈ തെളിവുകൾ ഹാജരാക്കുമെന്നും ഇവർ പറയുന്നു.