ന്യൂഡൽഹി: ഹമാസിനെ പിന്തുണവർക്ക് ഫലസ്തീനിലേക്ക് പോയി ഹമാസിനൊപ്പം പോരാടാമെന്ന് ബിജെപി നേതാവും അസം മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശർമ. രേഖകൾ ശരിയാക്കി നൽകിയാലും അവർ പോകില്ലെന്നും സുരക്ഷിതമായ സ്ഥലം ഇവിടെയാണെന്ന് അവർ മനസിലാക്കുമെന്നും ശർമ കൂട്ടിച്ചേർത്തു.

തെലുങ്കാനയിലെ ചാർമിനാർ സിറ്റിയിൽ നടന്ന പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി ഹമാസിനെ പിന്തുണക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'ഗസ്സയെ പിന്തുണവർക്ക് ഹമാസിനൊപ്പം പോകാം. ഹമാസിനൊപ്പം നിന്ന് ഗസ്സക്ക് വേണ്ടി പോരാടാം. രേഖകൾ തയ്യാറാക്കി നൽകാൻ സർക്കാർ തയ്യാറാണ്. രേഖകൾ ലഭിച്ചാലും അവർ പോകില്ല കാരണം ഹൈദരാബാദ് ആണ് സുരക്ഷിതമായ സ്ഥലമെന്ന് അവർക്ക് അറിയാം'- ഹിമന്ത ബിശ്വ ശർമ പറഞ്ഞു.

കഴിഞ്ഞ ദിവസം എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിയുടെ സഹോദരൻ അക്‌ബറുദ്ദീൻ ഉവൈസി പൊലീസുകാരെ ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോ പ്രചരിച്ചിരുന്നു. ഈ സംഭവം അസമിലായിരുന്നുവെങ്കിൽ അഞ്ച് മിനിറ്റ് കൊണ്ട് തീർപ്പാക്കിയേനേയെന്നും പ്രീണന രാഷ്ട്രീയം നിലനിൽക്കുന്നതിനാൽ കോൺഗ്രസോ ബി.ആർ.എസോ വിഷയത്തിൽ പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.