- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നൂറിലധികം ക്രിമിനൽ കേസുകളിലെ പ്രതി; എസ് പി നേതാവ് ആതിഖ് അഹമ്മദിനെ പ്രയാഗ് രാജ് ജയിലിലേക്ക് മാറ്റാൻ നീക്കം; കർശന സുരക്ഷ സംവിധാനങ്ങൾ ഒരുക്കി അധികൃതർ
പ്രയാഗ് രാജ്: നൂറിലധികം ക്രിമിനൽ കേസുകളിൽ പ്രതിയും സമാജ് വാദി പാർട്ടി നേതാവും മുൻ എം പിയുമായ ആതിഖ് അഹമ്മദിനെ ഗുജറാത്തിലെ ജയിലിൽനിന്നു യുപിയിലെ പ്രയാഗ് രാജ് ജയിലിലേക്കു മാറ്റാൻ നീക്കം. ആതിഖ് പ്രതിയായ തട്ടിക്കൊണ്ടുപോകൽ കേസിലെ വിധിക്കായി ഇയാളെ ചൊവ്വാഴ്ച പ്രയാഗ് രാജ് കോടതിയിൽ ഹാജരാക്കും.
ഇതിന് മുന്നോടിയായി വൻ സജ്ജീകരണങ്ങളാണ് ജയിലിൽ ഒരുക്കുന്നത്. പ്രത്യേക സെൽ, സിസിടിവി ക്യാമറകൾ, ജയിലിനകത്തും പുറത്തും കർശന സുരക്ഷ തുടങ്ങിയവയാണ് ആതിഖിനെ 24 മണിക്കൂറും നിരീക്ഷിക്കാൻ ഒരുക്കുന്നത്.
ഗുജറാത്തിൽനിന്നു റോഡു മാർഗമാണ് ആതിഖ് അഹമ്മദിനെ പ്രയാഗ്രാജിലേക്കു കൊണ്ടുവരുന്നത്. തിങ്കളാഴ്ച പുലർച്ചെ ആതിഖിനെ കൊണ്ടുവരുന്ന വാഹനവ്യൂഹം മധ്യപ്രദേശിലെ ശിവപുരിയിൽവച്ച് പശുവുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ടിരുന്നു. അൽപസമയത്തിനുശേഷം യാത്ര തുടർന്നു. രാവിലെ 9 മണിയോടെയാണ് ഉത്തർപ്രദേശിൽ കടന്നത്.
കോടതിയിൽ ഹാജരാക്കണമെന്നു പറയുന്നത് കള്ളമാണെന്നും വ്യാജ ഏറ്റുമുട്ടലിലൂടെ തന്നെ കൊല്ലാനാണ് ഉത്തർപ്രദേശ് പൊലീസിന്റെ പദ്ധതിയെന്നും ആതിഖ് അഹമ്മദ് കോടതിയിൽ പറഞ്ഞിരുന്നു. ഞായറാഴ്ച മാധ്യമപ്രവർത്തകരോടു സംസാരിച്ചപ്പോഴും ആതിഖ് ഇത് ആവർത്തിച്ചു: ''എനിക്ക് അറിയാം അവരുടെ പരിപാടി... അവർ എന്നെ കൊല്ലാൻ ആഗ്രഹിക്കുന്നു.''
റിയൽ എസ്റ്റേറ്റ് വ്യവസായിയെ തട്ടിക്കൊണ്ടുപോകാൻ ജയിലിൽ വച്ച് ഗൂഢാലോചന നടത്തിയെന്ന ആരോപണത്തെ തുടർന്ന് സുപ്രീം കോടതിയുടെ നിർദേശപ്രകാരമാണ് ആതിഖ് അഹമ്മദിനെ ഗുജറാത്ത് ജയിലിലേക്ക് മാറ്റിയത്. 2019 ജൂൺ മുതൽ അഹമ്മദാബാദിലെ സബർമതി സെൻട്രൽ ജയിലിലായിരുന്നു വാസം. ആതിഖ് അഹമ്മദ് പ്രതിയായ ബിഎസ്പി എംഎൽഎ രാജു പാലിന്റെ കൊലപാതകത്തിലെ പ്രധാന സാക്ഷി ഉമേഷ് പാൽ പ്രയാഗ്രാജിലുള്ള ആതിഖിന്റെ വീടിന് പുറത്ത് കഴിഞ്ഞമാസം വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.
അതേസമയം, ആതിഖിന്റെ സുരക്ഷ സംബന്ധിച്ച് ആശങ്കയുണ്ടെന്നു കുടുംബം പ്രതികരിച്ചു. ''കേസിന്റെ വിധി എന്തായാലും അംഗീകരിക്കാൻ ഞങ്ങൾ തയാറാണ്. അദ്ദേഹത്തിന്റെ (അതിഖ് അഹമ്മദിന്റെ) സുരക്ഷയെക്കുറിച്ച് ഞങ്ങൾക്ക് ആശങ്കയുണ്ട്. ഞങ്ങൾ രാജസ്ഥാനിൽനിന്ന് അദ്ദേഹത്തെ പിന്തുടരുകയാണ്.'' ആതിഖിന്റെ സഹോദരി ആയിഷ നൂറി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ