ചെന്നൈ: നടൻ വിജയകാന്തിന്റെ ഭൗതിക ശരീരം കാണാനെത്തിയ നടൻ വിജയ്ക്ക് നേരെ ആക്രമണം. താരത്തെ കൂട്ടത്തിൽ നിന്ന് ഒരാൾ ചെരുപ്പ് എറിയുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ചെന്നൈയിലെ ഡിഎംഡികെ ആസ്ഥാനത്തായിരുന്നു സംഭവം.വിജയകാന്തിന് അന്തിമോപചാരം അറിയിച്ച് മടങ്ങവെ വിജയ്ക്ക് ചുറ്റും ജനങ്ങൾ കൂടുകയും അതിൽ നിന്ന് ഒരാൾ ചെരിപ്പ് എറിയുന്നതും വീഡിയോയിൽ കാണാം.

എന്നാൽ ആരാണ് ചെരിപ്പ് എറിഞ്ഞതെന്ന് വ്യക്തമല്ല. നിരവധി പേരാണ് ക്യാപ്റ്റനെ അവസാനമായി കാണാൻ ഡിഎംഡികെ ആസ്ഥാനത്ത് എത്തിയത്. വളരെ വികാരാധീനനായാണ് വിജയ് ഇവിടെ എത്തിയത്. ബന്ധുക്കളെ ആശ്വസിപ്പിച്ച് മടങ്ങവെയാണ് ഈ ആക്രമണം നേരിട്ടത്.വീഡിയോ പ്രചരിച്ചതിന് പിന്നാലെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തുന്നത്. ചെരുപ്പേറ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. എന്നാൽ, വിജയ് ആരാധകരെ സംഭവം ശരിക്കും ചൊടിപ്പിച്ചിട്ടുണ്ട്.

അതേസമയം, നടൻ വിജയ്യെ നിരവധി അവസരങ്ങളിൽ വിജയകാന്ത് സഹായിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ച് വിജയ്യുടെ പിതാവും സംവിധായകനുമായ എസ് എ ചന്ദ്രശേഖർ തന്നെ വെളിപ്പെടുത്തിയിരുന്നു. 'എന്റെ മകൻ വിജയ്യുടെ ആദ്യ ചിത്രം പരാജയമായിരുന്നു. അതിനാൽ, വിജയകാന്തും വിജയ്യും ഒരു സിനിമയ്ക്കായി ഒരുമിച്ചാൽ അത് എന്റെ മകന്റെ കരിയറിന് വലിയ ഉത്തേജനമാകുമെന്ന് ഞാൻ കരുതി. ക്യാപ്റ്റനെ വിളിച്ചു.

അദ്ദേഹം എന്റെ വീട്ടിലേക്ക് വന്നു. ഞാൻ പ്രതിഫലത്തെ കുറിച്ച് പറഞ്ഞപ്പോൾ, ഷൂട്ടിംഗുമായി മുന്നോട്ട് പോകാൻ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. സെന്ധൂരപാണ്ടി എന്ന ചിത്രം വൻ ഹിറ്റായിരുന്നു. വിജയകാന്ത് വിജയ്ക്ക് ചെയ്തത് വലിയ സഹായമായിരുന്നു. അദ്ദേഹം അത് ചെയ്തില്ലെങ്കിൽ വിജയ് ഇവിടെ ഉണ്ടാകില്ലായിരുന്നു,' എസ് എ ചന്ദ്രശേഖർ പറഞ്ഞിരുന്നു.