ലഖ്നൗ: രാമക്ഷേത്രം സന്ദർശിക്കാൻ അയോധ്യയിലെത്തുന്നവരിൽ നിന്ന് ഹോട്ടലുകൾ അമിത ബില്ല് ഈടാക്കുന്നതായുള്ള വ്യാപകമായ പരാതി ഉയർന്നതോടെ ഇടപെട്ട് ജില്ലാ ഭരണകൂടം. ബില്ലിനൊപ്പം നൽകുന്ന സർവീസുകളുടെ പൂർണ വിവരം നൽകാൻ ഹോട്ടൽ, റെസ്റ്റോറന്റ് ഉടമകളോട് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു.

ഭക്തരിൽ നിന്ന് അമിത ബില്ല് ഈടാക്കുന്നതായുള്ള വ്യാപക പരാതിയുടെ അടിസ്ഥാനത്തിൽ അയോധ്യ ജില്ലാ കലക്ടർ നിതീഷ് കുമാർ യോഗം വിളിച്ചു. ഹോട്ടൽ, റെസ്റ്റോറന്റ് ഉടമകൾ പങ്കെടുത്ത യോഗത്തിൽ ഭക്തരിൽ നിന്ന് അമിത ബില്ല് ഈടാക്കുന്നതായുള്ള പരാതി ചർച്ചയായി. തുടർന്നാണ് ബില്ലിനൊപ്പം നൽകുന്ന സർവീസുകളുടെ പൂർണ വിവരം നൽകാൻ ഹോട്ടൽ, റെസ്റ്റോറന്റ് ഉടമകളോട് ജില്ലാ കലക്ടർ നിർദേശിച്ചത്.

അടുത്തിടെ, രണ്ടു ചായയ്ക്കും രണ്ടു ബ്രെഡ് ടോസ്റ്റിനും റെസ്റ്റോറന്റ് 252 രൂപ ഈടാക്കി കൊണ്ടുള്ള ബിൽ സോഷ്യൽമീഡിയയിലടക്കം വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ ഇടപെടൽ. രാമ പ്രതിഷ്ഠയ്ക്ക് പിന്നാലെ ഭക്തരുടെ അഭൂതപൂർവ്വമായ തിരക്കാണ് അയോധ്യയിൽ അനുഭവപ്പെടുന്നത്. ഇത് അവസരമായി കണ്ട് നിരവധി ഹോട്ടലുകളും റെസ്റ്റോറന്റുകളും അയോധ്യയിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. അതിനിടെയാണ് അമിത ബില്ല് ഈടാക്കുന്നതായുള്ള പരാതികൾ ഉയർന്നത്.