ബാഗ്പ്പത് (ഉത്തർപ്രദേശ്): ഉത്തർപ്രദേശിലെ മറ്റൊരു തർക്കപ്രദേശത്തിൽ കൂടി വിധി പറഞ്ഞു കോടതി. ബാഗ്പ്പതിലെ സൂഫിവര്യൻ ബദറുദ്ദീൻ ഷായുടെ ദർഗ ഹിന്ദു വിഭാഗത്തിന് വിട്ടുനൽകാൻ ജില്ലാ സെഷൻസ് കോടതി ഉത്തരവ്. ഉടമസ്ഥാവകാശം വിട്ടുകിട്ടാൻ ആവശ്യപ്പെട്ട് മുസ്ലിം വിഭാഗം സമർപ്പിച്ച ഹരജി തള്ളിയാണ് സിവിൽ ജഡ്ജ് ശിവം ദ്വിവേദിയുടെ നടപടി. തർക്കഭൂമി വഖഫ് സ്വത്തോ ശ്മശാനമോ ആണെന്ന് സ്ഥാപിക്കാൻ മുസ്ലിംപക്ഷത്തിന് കഴിഞ്ഞിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.

ബാഗ്പ്പതിലെ ബർണാവ ഗ്രാമത്തിൽ ദർഗയുള്ള സ്ഥലത്തെച്ചൊല്ലി പതിറ്റാണ്ടുകളായി തർക്കം നിലനിൽക്കുന്നുണ്ട്. ദർഗക്ക് 600 വർഷത്തെ പഴക്കമുണ്ടെന്നാണ് മുസ്‌ലിം വിഭാഗം പറയുന്നത്. 1970ൽ ഹിന്ദുവിഭാഗം ദർഗയിൽ കടന്നുകയറി പ്രാർത്ഥന നടത്താൻ ശ്രമിച്ചെന്ന് ആരോപിച്ച് ദർഗയുടെ മേൽനോട്ടക്കാരൻ മുഖീം ഖാൻ മീററ്റിലെ കോടതിയെ സമീപിച്ചതോടെയാണ് തർക്കം ആരംഭിച്ചത്. കേസ് പിന്നീട് ബാഗ്പ്പത് കോടതിയിലേക്ക് മാറ്റുകയായിരുന്നു. ബാഗ്പതിലെ പുരോഹിതനായ കൃഷ്ണദത്ത് മഹാരാജിനെയാണ് കേസിൽ പ്രതിയാക്കിയിരുന്നത്.

ഇത് ബദറുദ്ദീൻ ഷായുടെ ശവകുടീരമാണെന്ന് മുസ്ലിംകൾ പറയുമ്പോൾ മഹാഭാരതത്തിൽ പരാമർശിച്ചിട്ടുള്ള 'ലക്ഷ ഗൃഹ'യുടെ അവശിഷ്ടമാണെന്നാണ് ഹിന്ദു വിഭാഗം വാദിക്കുന്നത്. പാണ്ഡവരെ ചുട്ടുകൊല്ലാൻ ദുര്യോധനൻ പണികഴിപ്പിച്ച കൊട്ടാരമാണ് മഹാഭാരതത്തിൽ ലക്ഷ ഗൃഹം എന്ന് വിളിക്കുന്നത്. ലക്ഷ ഗൃഹവുമായി ബന്ധപ്പെട്ട മുഴുവൻ തെളിവുകളും തങ്ങൾ കോടതിയിൽ സമർപ്പിച്ചെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് മുസ്‌ലിം വിഭാഗത്തിന്റെ ഹരജി തള്ളിയതെന്നും ഹിന്ദു വിഭാഗത്തിനായി ഹാജരായ അഭിഭാഷകൻ രൺവീർ സിങ് തോമർ പറഞ്ഞു. ഹൈക്കോടതിയെ സമീപിക്കുമെന്ന് മുസ്‌ലിം വിഭാഗം അഭിഭാഷകൻ അഡ്വ. ഷാഹിദ് ഖാൻ പറഞ്ഞു.

നിലവിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലാണ് ഈ ഭൂമി. വിധിയെ തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കുകയും പൊലീസ് ജാഗ്രത പുലർത്തുകയും ചെയ്യുന്നുണ്ട്.