ഹൈദരാബാദ്: തെലങ്കാനയിൽ ദലിത് ക്രിസ്ത്യൻ വിഭാഗത്തിന്റെ പള്ളിക്ക് നേരെ ബജ്‌റംഗ്ദൾ പ്രവർത്തകരുടെ ആക്രമണം. രംഗറെഡ്ഡി ജില്ലയിലെ ജൻവാഡ ഗ്രാമത്തിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. ജയ് ശ്രീറാം വിളികളോടെ എത്തിയ 200 ഓളം പേരടങ്ങുന്ന സംഘം പള്ളിക്ക് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ആക്രമണത്തിൽ 2കുട്ടികളുൾപ്പെടെ 20ഓളം പേർക്ക് പരിക്കേറ്റു. പ്രദേശത്ത് റോഡ് വീതികൂട്ടുന്നതുമായി ബന്ധപ്പെട്ട് തർക്കം നിലനിന്നിരുന്നു. ഇതിനെ തുടർന്നാണ് ദളിത് ക്രിസ്ത്യാനികൾക്ക് നേരെ ആക്രമണം നടത്തിയതെന്നാണ് ആരോപണം.

പ്രദേശത്തെ പ്രബല സമുദായങ്ങളായ യാദവ്, മുദിരാജ് വിഭാഗത്തിൽ പെടുന്ന തീവ്രഹിന്ദുത്വവാദികളാണ് മഡിഗ വിഭാഗക്കാരായ ദലിത് ക്രിസ്ത്യാനികൾക്ക് നേരെ ആക്രമണം നടത്തിയതെന്ന് ജനങ്ങൾ പറഞ്ഞു. പള്ളിയിൽ പ്രാർത്ഥന നടന്നുകൊണ്ടിരിക്കുന്നതിനിടെയായിരുന്നു അക്രമം. ജയ് ശ്രീറാം വിളികളുമായി എത്തിയ സംഘം പള്ളിയിലെ കുരിശും കസേരകളും മേൽക്കൂരയും അടിച്ചുതകർത്തെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സംഭവത്തിൽ മൊകില പൊലീസ് കേസെടുത്തു. പ്രധാനപ്രതി ഉൾപ്പെടെ 6 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.