- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിജെപി എം പി സണ്ണി ഡിയോളിന്റെ ബംഗ്ലാവ് ലേലത്തിന് വച്ചു ബാങ്ക് ഓഫ് ബറോഡ; പിന്നാലെ പിന്മാറി ബാങ്ക്; വിമർശനവുമായി കോൺഗ്രസ്
മുംബൈ: ബോളിവുഡ് നടനും ബിജെപി എംപിയുമായ സണ്ണി ഡിയോളിന്റെ ബംഗ്ലാവിന്റെ ലേലം നടപടിൽ നിന്ന് ബാങ്ക് പിന്മാറിയതിനെ ചൊല്ലി വിവാദം. മുംബൈയിലെ ജുഹുവിലുള്ള ബംഗ്ലാവിന്റെ ലേലം നടപടികളിൽ ബാങ്ക് ഓഫ് ബറോഡ പിന്മാറിയതിനെതിനെ ചോദ്യം ചെയ്താണ് കോൺഗ്രസ് രംഗത്തുവന്നത്.
അതേസമയം ചില സാങ്കേതിക കാരണങ്ങളാലാണ് ലേലം നടപടിയിൽ നിന്ന് പിന്മാറ്റമെന്നായിരുന്നു ബാങ്കിന്റെ വിശദീകരണം. ലേലം നോട്ടീസ് നൽകി 24 മണിക്കൂറിനകം സാങ്കേതിക കാരണം പറഞ്ഞ് പിൻവലിച്ച നടപടി അത്ഭുതപ്പെടുത്തുന്നതാണെന്ന് കോൺഗ്രസ് പറഞ്ഞു.
56 കോടി രൂപ തിരിച്ചടച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണു ലേലം നടപടികളുമായി ബാങ്ക് രംഗത്തെത്തിയത്. ഓഗസ്റ്റ് 25ന് ഇലേലം നടത്തുമെന്നായിരുന്നു അറിയിപ്പ്. 2022 ഡിസംബർ മുതലുള്ള വായ്പാ തിരിച്ചടവ് കണക്കിലെടുത്ത് 55.99 കോടിയുടെ കുടിശിക വരുത്തിയെന്നാണു ബാങ്ക് പറഞ്ഞിരുന്നത്. തിങ്കളാഴ്ച പുറത്തുവിട്ട പ്രസ്താവനയിൽ, സാങ്കേതിക കാരണങ്ങളെ തുടർന്ന് അജയ് സിങ് ഡിയോൾ എന്ന സണ്ണി ഡിയോളിന്റെ ലേല നോട്ടിസ് പിൻവലിക്കുകയാണെന്നു ബാങ്ക് അറിയിച്ചു. നടനും രാഷ്ട്രീയ നേതാവുമായ പിതാവ് ധർമേന്ദ്രയാണു സണ്ണിക്കു ജാമ്യം നിന്നിരുന്നത്.
അതേസമയം, ബാങ്ക് നടപടിയെ വിമർശിച്ചു കോൺഗ്രസ് രംഗത്തെത്തി. ''56 കോടി രൂപ അടയ്ക്കാനുണ്ടെന്നു ചൂണ്ടിക്കാട്ടി ബിജെപി എംപി സണ്ണി ഡിയോളിന്റെ ജുഹുവിലെ ബംഗ്ലാവിന് ബാങ്ക് ഓഫ് ബറോഡ ഇലേല നോട്ടിസ് അയയ്ക്കുന്നു. 24 മണിക്കൂറിനു മുൻപ് 'സാങ്കേതിക കാരണം' പറഞ്ഞ് നോട്ടിസ് പിൻവലിക്കുന്നു. ആരാണ് ഈ സാങ്കേതിക കാരണങ്ങൾ സൃഷ്ടിച്ചത് എന്നതാണ് അത്ഭുതം''- കോൺഗ്രസ് നേതാവ് ജയ്റാം രമേഷ് പറഞ്ഞു. ഗുരുദാസ്പൂരിൽ നിന്നുള്ള ബിജെപി എംപിയാണ് സണ്ണി ഡിയോൾ.
മറുനാടന് ഡെസ്ക്