ശ്രീനഗര്‍: കശ്മീരിലെ ബാരാമുള്ള ജില്ലയിലുണ്ടായ സ്‌ഫോടനത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. സൊപോറിലുള്ള ഷയിര്‍ കോളനിയിലെ ആക്രിക്കടയിലാണ് പൊട്ടിത്തെറിയുണ്ടായത്. നാസില്‍ അഹ്‌മദ് നദ്രു(40), ആസിം അഷ്‌റഫ് മിര്‍, ആദില്‍ റാഷിദ് ഭട്ട്, മുഹമ്മദ് അസ്ഹര്‍ എന്നിവരാണ് മരിച്ചത്.

ലോറിയില്‍നിന്ന് ചിലര്‍ ആക്രിസാധനങ്ങള്‍ ഇറക്കുന്നതിനിടെ ആയിരുന്നു സ്‌ഫോടനമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു. രണ്ടുപേര്‍ സംഭവസ്ഥലത്തുവെച്ചും മറ്റു രണ്ടുപേര്‍ പിന്നീടുമാണ് മരിച്ചത്. ഏതുതരം സ്‌ഫോടനമാണ് നടന്നതെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.