ചെന്നൈ: ചെന്നൈ തുറമുഖത്ത് കപ്പിലിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. മൂന്നു പേർക്ക് പരുക്കേറ്റു. ഒഡീഷയിൽനിന്നെത്തിയ എണ്ണക്കപ്പലിലാണ് പൊട്ടിത്തെറിയുണ്ടായത്. അറ്റകുറ്റപ്പണിക്കിടെ കപ്പലിലെ ഗ്യാസ് പൈപ്പ്‌ലൈൻ പൊട്ടിയാണ് അപകടമുണ്ടായത്. ചികിത്സയിലുള് മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം.

തടയാർപേട്ട് സ്വദേശി സഹായ് തങ്കരാജ് ആണ് മരിച്ചത്. ജോഷ്വ, രാജേഷ്, പുഷ്പലിംഗം എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാവിലെ അറ്റകുറ്റപ്പണിക്കിടെയാണ് എണ്ണക്കപ്പലിൽ പൊട്ടിത്തെറിയുണ്ടായത്. കപ്പലിലെ ഗ്യാസ് പൈപ്പ് ലൈനോട് ചേർന്ന ഭാഗത്തെ ബോൾട്ട് അഴിച്ചുമാറ്റുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.

ഒക്ടോബർ 31ന് ഒഡീഷയിൽ നിന്നാണ് കപ്പൽ അറ്റകുറ്റപ്പണിക്കായി ചെന്നൈ തുറമുഖത്ത് എത്തിയത്.