ഹൈദരാബാദ്: വന്ദേ ഭാരത് ട്രെയിനിൽ യാത്രക്കാർക്ക് വിതരണം ചെയ്ത ഭക്ഷണത്തിന്റെ ഗുണമേന്മയെക്കുറിച്ച് ചോദ്യമുയർത്തി യാത്രക്കാരന്റെ വീഡിയോ വൈറലാകുന്നു. വിശാഖപട്ടണത്ത് നിന്ന് ഹൈദരാബാദിലേക്കുള്ള വന്ദേ ഭാരത് ട്രെയിനിൽ നിന്നുള്ള വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്.

ഐആർസിടിസി നൽകിയ പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെട്ട വടയിൽ നിന്ന് ഒരു യാത്രക്കാരൻ അധിക എണ്ണ പിഴഞ്ഞ് മാറ്റുന്നതാണ് വീഡിയോയിൽ ഉള്ളത്. ഈ വീഡിയോ പകർത്തിയ ശേഷം യാത്രക്കാരൻ ഐആർസിടിസിയെ ടാഗ് ചെയ്ത് ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.

120 രൂപയാണ് ഈ ഭക്ഷണത്തിനായി താൻ നൽകിയതെന്നും യാത്രക്കാരൻ വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്. യാത്രക്കാരന്റെ പോസ്റ്റിന് ഉടൻ ഐആർസിടിസിയുടെ മറുപടിയെത്തി. ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിച്ചിട്ടുണ്ടെന്നും തിരുത്തൽ നടപടികൾ ഉടൻ ഉണ്ടാകുമെന്നുമാണ് ഐആർസിടിസി വിശദീകരിച്ചത്.

യാത്രക്കാരന് മോശം ഭക്ഷണം വിളമ്പിയ ഏജൻസിക്കെതിരെ നടപടി ആരംഭിച്ചുവെന്നും പിഴ ചുമത്തിയിട്ടുണ്ടെന്നും സൗത്ത് സെൻട്രൽ റെയിൽവേ ചീഫ് പിആർഒ സി എച്ച് രാകേഷ് പറഞ്ഞു.