ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 പേർ മരിച്ചു. 21 പേരെ രക്ഷപ്പെടുത്തി. വിവാഹസംഘം സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പൗരി ഘർവാൾ ജില്ലയിലെ തിമാരി ഗ്രാമത്തിൽ ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 50 ഓളം യാത്രക്കാരായിരുന്നു ബസിൽ ഉണ്ടായിരുന്നത്. രക്ഷാപ്രവർത്തനം തുടരുകയാണ്.

ലാൽധാങ്ങിൽനിന്നാണ് ബസ് പുറപ്പെട്ടത്. അഞ്ഞൂറു മീറ്റർ താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത് പൊലീസും സംസ്ഥാന ദുരന്തനിവാരണ സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും സംസ്ഥാന പൊലീസ് മേധാവി അശോക് കുമാർ പറഞ്ഞു.

ഹരിദ്വാറിലെ ലാല്ധാങ്ങിൽനിന്ന് കണ്ടാഗാവ് വഴിയാണ് സംഘമെത്തിയത്. റിഖ്‌നിഖൽ ബിറോഖൽ റോഡിൽ വച്ചായിരുന്നു അപകടമെന്ന് സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്റർ (എസ്ഇഒസി) അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ സേനയുടെ നാലു സംഘമാണ് തിരച്ചിൽ തുടരുന്നതെന്ന് എസ്ഡിആർഎഫ് കമാണ്ടന്റ് മണികാന്ത് മിശ്ര പറഞ്ഞു.

ബിറോഖലിലെ ഒരു ഗ്രാമത്തിലെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോകുകയായിരുന്നു സംഘം. രാത്രി ഏഴരയോടെയായിരുന്നു അപകടം. രക്ഷാപ്രവർത്തകർ എത്തുമ്പോഴേക്കും പലരുടെയും മരണം സംഭവിച്ചിരുന്നു. പരുക്കേറ്റ പലരുടെയും നില അതീവ ഗുരുതരമാണ്. മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി സ്ഥിതിഗതികൾ വിലയിരുത്തി.

ആദ്യഘട്ടത്തിൽ ഇരുട്ട് രാത്രിയിലെ രക്ഷാപ്രവർത്തനത്തിന് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. വെളിച്ചം എത്തിക്കാൻ കാര്യമായ സംവിധാനങ്ങളൊന്നുമുണ്ടായിരുന്നില്ല. മൊബൈൽ ഫോണുകളിലെ ഫ്‌ളാഷ് ലൈറ്റുകൾ ഉപയോഗിച്ചും മറ്റുമാണ് പ്രദേശവാസികൾ രക്ഷാപ്രവർത്തനം നടത്തിയത്. പിന്നീട് ദുരന്തനിവാരണ സേനയെത്തി ലൈറ്റുകൾ തെളിയിച്ചപ്പോഴാണ് രക്ഷാപ്രവർത്തനം മുന്നോട്ടുപോയത്.