കൊൽക്കത്ത: സർവകലാശാലകളിലെ വൈസ് ചാൻസലർമാരെ നിയമിക്കാനോ പുനർനിയമിക്കാനോ കാലാവധി നീട്ടിനൽകാനോ സംസ്ഥാന സർക്കാരിന് അനുവാദമില്ലെന്ന സുപ്രധാന വിധിയുമായി കൊൽക്കത്ത ഹൈക്കോടതി. 2012ലും 2014ലും നടത്തിയ ഭേദഗതികളുടെ സാധുത ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് കോടതി ഉത്തരവ്.

ബംഗാൾ സർവകലാശാല നിയമത്തിലെ ഭേദഗതികളുടെ അടിസ്ഥാനത്തിൽ സർക്കാർ നിയമിച്ച 29 സർവകലാശാലകളിലെ വിസിമാരുടെ നിയമനം റദ്ദാക്കണമെന്നും ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ, രാജർഷി ഭരദ്വാജ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. സർവകലാശാലകളിലെ വിസി നിയമനം സംബന്ധിച്ച് കേരളത്തിലും സംസ്ഥാന സർക്കാരും ഗവർണറും തമ്മിൽ തർക്കം നിലനിൽക്കെയാണ് കൊൽക്കത്ത ഹൈക്കോടതിയുടെ നിർണായക ഉത്തരവെന്നതും ശ്രദ്ധേയമാണ്.

''സർവകലാശാലയിലെ വൈസ് ചാൻസലർ തസ്തികയുടെ പ്രാധാന്യം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. അതിനാൽ വൈസ് ചാൻസലർ നിയമനം കർശനമായി നിയമാനുസൃതമായിരിക്കേണ്ടതാണ്. നടപടിക്രമങ്ങൾ പാലിക്കാതെയും നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായും നിയമനം നടത്തിയെന്ന് കണ്ടെത്തിയാൽ അവർ സർവകലാശാല വൈസ് ചാൻസലറായി തുടരുന്നത് വിദ്യാർത്ഥികൾക്കും സർവകലാശാലാ ഭരണത്തിനും ഗുണകരമാകില്ല.'' കൊൽക്കത്ത ഹൈക്കോടതി വിധിന്യായത്തിൽ പറഞ്ഞു.

2018ലെ യുജിസി ചട്ടപ്രകാരം, യുജിസിയുടെയും സംസ്ഥാന സർവകലാശാലയുടെയും കൂടാതെ ഗവർണർ നാമനിർദ്ദേശം ചെയ്ത പ്രതിനിധിയും ഉൾപ്പെടുന്ന 'സെർച്ച് കമ്മിറ്റി' ആണ് വിസിയെ നിയമിക്കേണ്ടത്. എന്നാൽ സർവകലാശാല നിയമം ഭേദഗതി ചെയ്ത് ബംഗാൾ സർക്കാർ ഈ ചട്ടം അട്ടിമറിച്ചതായി ഹൈക്കോടതി വിലയിരുത്തി. സർവകലാശാലകളുടെ മുകളിൽ ചാൻസലർക്കുള്ള (ഗവർണർ) അധികാരം സർക്കാരിനു കവർന്നെടുക്കാനാകില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.