- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പൗരത്വ നിയമഭേദഗതിക്കെതിരായ ഹർജികൾ വീണ്ടും മാറ്റിവെച്ചു; അടുത്ത തിങ്കളാഴ്ച പരിഗണിക്കും; സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത് 220 ഹർജികൾ; കേസ് പരിഗണിക്കുക ചീഫ് ജസ്റ്റിസ് യുയു ലളിത് അദ്ധ്യക്ഷനായ ബഞ്ച്
ന്യൂഡൽഹി: പൗരത്വനിയമഭേദഗതിക്കെതിരായ ഹർജികൾ പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റിവെച്ചു. അടുത്ത തിങ്കളാഴ്ചത്തേക്കാണ് ഹർജികൾ മാറ്റിയത്. മുതിർന്ന അഭിഭാഷകരുടെ അപേക്ഷ പ്രകാരമാണ് തീരുമാനം. പൗരത്വനിയമഭേദഗതിയുമായി ബന്ധപ്പെട്ട് 220 ഹർജികളാണ് ആകെ സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.
ചീഫ് ജസ്റ്റിസ് യുയു ലളിത് അദ്ധ്യക്ഷനായ ബഞ്ചാണ് ഹർജികൾ മാറ്റി പരിഗണിക്കുന്നത്. ഭരണഘടന ഉറപ്പാക്കുന്ന തുല്യതയ്ക്ക് എതിരാണ് പൗരത്വനിയമഭേദഗതി എന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ നേരത്തെ സുപ്രീംകോടതി കേന്ദ്ര സർക്കാരിന്റെ നിലപാട് തേടിയിരുന്നു.
പൗരത്വ നിയമഭേദഗതിക്കുള്ള ബില്ല് പാർലമെന്റ് പാസാക്കിയത് 2019 ഡിസംബർ പതിനൊന്നിനാണ്. അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ളാദേശ് എന്നിവിടങ്ങളിൽ നിന്ന് പലായനം ചെയ്ത ഹിന്ദു, സിഖ്, ക്രിസ്ത്യൻ, ബുദ്ധ, പാഴ്സി വിഭാഗക്കാർക്ക് മാത്രം ഇന്ത്യൻ പൗരത്വം നല്കുന്നതാണ് ഭേദഗതി. കേരള നിയമസഭ നിയമത്തെ എതിർത്ത് പ്രമേയം പാസാക്കിയിരുന്നു. സംസ്ഥാന സർക്കാരും നിയമത്തെ എതിർത്ത് ഹർജി നല്കി. മുസ്ലിം ലീഗും നിരവധി എംപിമാരും ഹർജികൾ നല്കിയിരുന്നു. മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം അംഗീകരിക്കാൻ കഴിയില്ലെന്നാണ് ഹർജികളിൽ പറയുന്നത്.
ജസ്റ്റിസ് എസ് എ ബോബ്ഡെ ചീഫ് ജസ്റ്റിസായിരുന്നപ്പോഴാണ് ഹർജികൾ വന്നത്. പിന്നീട് ചീഫ് ജസ്റ്റിസായ ജസ്റ്റിസ് എൻവി രമണയും ഹർജികളിൽ വാദം കേട്ടില്ല. ചീഫ് ജസ്റ്റിസ് യുയു ലളിത് അദ്ധ്യക്ഷനായ ബഞ്ചാകും അടുത്ത തിങ്കളാഴ്ച കേസ് പരിഗണിക്കുക.
മുസ്ലിം ലീഗാണ് നിയമഭേദഗതിയെ എതിർത്ത് ആദ്യം ഹർജി നല്കിയത്. സിപിഎം, സിപിഐ, എംഐഎം തുടങ്ങിയ പാർട്ടികളും രമേശ് ചെന്നിത്തല ഉൾപ്പടെയുള്ള നേതാക്കളും നല്കിയ ഹർജികളും കോടതിയുടെ പരിഗണനയിലുണ്ട്.
രാജ്യത്തുടനീളം വലിയ പ്രതിഷേധമാണ് പൗരത്വനിയമഭേദഗതിക്കെതിരെ ഉയർന്നത്. ചീഫ് ജസ്റ്റിസ് യുയു ലളിതിന്റെ കാലാവധി നവംബറിൽ തീരുകയാണ്. ഈ സാഹചര്യത്തിൽ ഹർജികളിൽ അവസാന തീരുമാനം ജസ്റ്റിസ് യുയു ലളിത് അദ്ധ്യക്ഷനായ ബഞ്ചിൽ നിന്ന് ഉണ്ടാകാനുള്ള സാധ്യത കുറവാണ്.
നിയമം വിവേചനപരവും ഭരണഘടനാ വിരുദ്ധവും, ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണെന്നും കേരള സർക്കാർ ഹർജിയിൽ അഭിപ്രായപ്പെട്ടിരുന്നു. ആർട്ടിക്കിൾ 131 പ്രകാരമാണ് സൂട്ട് ഫയൽ ചെയ്തത്. നിയമം ഭരണഘടനയുടെ 14, 21, 25 അനുച്ഛേദങ്ങൾ ലംഘിക്കുന്നതാണെന്ന് ഹർജിയിൽ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ