പട്ന: ബിഹാറിലെ സഹസ്രയിൽ പൊലീസ് സംഘത്തെ ആക്രമിച്ച് ജെഡിയു നേതാവ് ചുന്ന മുഖ്യ. വനിത കോൺസ്റ്റബിളിന്റെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്താനും ശ്രമം നടന്നു. മദ്യലഹരിയിലായിരുന്നു ചുന്ന മുഖ്യ. പൊലീസ് പരിശോധനയ്ക്കിടെ ബാരിക്കേഡ് തകർത്ത് രക്ഷപ്പെട്ടവരെ തേടിയാണ് പൊലീസ് ചുന്ന സഖ്യയുടെ വീട്ടിലെത്തിയത്. ബുധനാഴ്ച രാത്രി ഇവരുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ ഇവരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പ്രതികളെ ചുന്ന മുഖ്യ ഒളിപ്പിച്ചുവെന്ന വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പൊലീസ് അവിടെയെത്തിയത്.

പൊലീസ് വീട്ടിലെത്തിയപ്പോൾ മുതൽ ചുന്ന മുഖ്യയും കൂട്ടാളികളും അവരെ അധിക്ഷേപിക്കാനും ആക്രമിക്കാനും തുടങ്ങി. അടുത്തുള്ള പെട്രോൾ പമ്പിൽ പോയി ഒരു ബക്കറ്റ് നിറയെ പെട്രോളുമായി എത്തിയ മുഖ്യ അത് ഒരു വനിത കോൺസ്റ്റബിളിനു മേൽ ഒഴിക്കുകയായിരുന്നു. തീപ്പെട്ടി കൊണ്ടുവരാൻ ഭാര്യയോട് ആവശ്യപ്പെടുകയും ചെയ്തു. ഉടൻതന്നെ മുഖ്യയെ പൊലീസ് അറസ്റ്റു ചെയ്തുനീക്കി.