ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ സ്ഥിതിഗിതകൾ ശക്തമായി നിരീക്ഷിക്കാൻ കേന്ദ്രം. കോവിഡിലെ ചർച്ചകൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അടിയന്തരയോഗം വിളിച്ചു. നാളെയാണ് യോഗം ചേരുക. രാജ്യത്തെ കോവിഡ് സ്ഥിതിഗതികൾ, മുൻകരുതൽ നടപടികൾ തുടങ്ങിയവ യോഗം വിലയിരുത്തും. വീണ്ടും മാസ്‌ക് നിർബന്ധമാക്കുമെന്നാണ് സൂചന. ഏത് സാഹചര്യമുണ്ടായാലും ഇനി ലോക്ഡൗൺ പ്രഖ്യാപിക്കില്ലെന്നാണ് വിലയിരുത്തൽ.

ഓൺലൈനായി ചേരുന്ന യോഗത്തിൽ സംസ്ഥാന ആരോഗ്യമന്ത്രിമാർ, ആരോഗ്യ വകുപ്പ് സെക്രട്ടറിമാർ, കേന്ദ് ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥർ, കേന്ദ്രഭരണപ്രദേശങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. കോവിഡിന്റെ പുതിയ വകഭേദമായ ജെഎൻ.1 കേരളത്തിൽ സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് യോഗം.

ഡിസംബർ എട്ടിന് 79 വയസ്സായ സ്ത്രീയിലാണ് കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. രാജ്യത്ത് കോവിഡ് കേസുകൾ കൂടുന്നത് കണക്കിലെടുത്ത് സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ നേരത്തെ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു.