ഭോപ്പാൽ: പടക്കനിർമ്മാണ ശാലയിലുണ്ടായ തീപിടിത്തത്തിൽ ആറ് മരണം, 60 പേർക്ക് ഗുരുതര പരിക്ക്. മദ്ധ്യപ്രദേശിലെ ഹാർദ്ദയിലാണ് അപകടമുണ്ടായത്. തീപിടിത്തത്തിനിടെ അനേകം പൊട്ടിത്തെറികളുണ്ടായത് പ്രദേശത്താകെ ആശങ്കയുണ്ടാക്കി.പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ പലരുടെയും നില ഗുരുതരമാണ്.

ഹാർദ്ദയ്ക്ക് സമീപത്തായുള്ള നർമദപുരം ജില്ലയിലും പൊട്ടിത്തെറിയുടെ ഫലമായി കുലുക്കം അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറയുന്നു. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് സംഭവത്തെക്കുറിച്ച് അധികൃതരോട് ആരാഞ്ഞു. മന്ത്രി ഉദയ് പ്രതാപ് സിംഗും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ഉടൻ അപകടസ്ഥലം സന്ദർശിക്കും. അപകടത്തിൽ പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ നൽകുന്നതിനായി സജ്ജമായിരിക്കാൻ ഭോപ്പാലിലെയും ഇൻഡോറിലെയും ആശുപത്രികൾക്ക് നിർദ്ദേശം നൽകി.

സംഭവസ്ഥലത്തേയ്ക്ക് കൂടുതൽ അഗ്‌നിരക്ഷാ സേനാംഗങ്ങൾ എത്തുമെന്നും മുഖ്യമന്ത്രി സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.പൊട്ടിത്തെറിക്ക് പിന്നാലെ ഫാക്ടറിയിൽ നിന്ന് വലിയ തീഗോളങ്ങളും പുകയും ഉയരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. പ്രദേശത്തുനിന്ന് ആളുകൾ ജീവഭയത്തോടെ ഓടുന്നതും ദൃശ്യങ്ങളിൽ കാണാം. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് അധികൃതർ പറഞ്ഞു. ദേശീയ ദുരന്ത നിവാരണ വകുപ്പിന്റെ സഹായം തേടിയതായി ജില്ലാ കളക്ടർ പറഞ്ഞു.