ന്യൂഡൽഹി: ഡൽഹി നഗരത്തിൽ വായൂമലിനീകരണം അതിരൂക്ഷമായി തുടരുകയാണ്. ദീപാവലിക്കു ശേഷം വായുമലിനീകരണം ഉയരാൻ സാധ്യതയുള്ള പശ്ചാത്തലത്തിൽ വാഹനങ്ങൾ നിരത്തിലിറക്കുന്നതിന് ഒറ്റയക്ക-ഇരട്ടയക്ക നിയന്ത്രണം കൊണ്ടുവരാൻ ഡൽഹി സർക്കാർ തീരുമാനം.

നവംബർ 13 മുതൽ നവംബർ 20 വരെയാണ് നിയന്ത്രണം പ്രാബല്യത്തിൽ വരുന്നതോടെ ഒന്നിടവിട്ട ദിവസങ്ങളിലാകും വാഹനങ്ങൾക്ക് നിരത്തിലിറങ്ങാനാകുക. നിയന്ത്രണം നിലവിൽ വരുന്നതോടെ, ഒറ്റയക്കത്തിൽ അവസാനിക്കുന്ന രജിസ്ട്രേഷൻ നമ്പറുള്ള സ്വകാര്യ വാഹനങ്ങൾക്ക് ഒറ്റയക്കം വരുന്ന തീയതികളിലും ഇരട്ടയക്കത്തിൽ അവസാനിക്കുന്ന രജിസ്ട്രേഷനുള്ള വാഹനങ്ങൾക്ക് കലണ്ടറിലെ ഇരട്ടയക്ക തീയതികളിലും മാത്രമേ നിരത്തിലിറങ്ങാനാകൂ.

ഡൽഹിയുടെയും പരിസരപ്രദേശങ്ങളിലും വായുമലിനീകരണം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. ഒറ്റയക്ക-ഇരട്ടയക്ക നിയന്ത്രണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട യോഗം ചൊവ്വാഴ്ച ചേരും.