ന്യൂഡൽഹി: കോൺഗ്രസ് നേതാന് രാഹുൽ ഗാന്ധി വീണ്ടും വിവാദത്തിൽ. രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ഗൗതം അദാനി എന്നിവരെ പോക്കറ്റടിക്കാർ എന്ന് വിളിച്ചത് തെറ്റാണെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കിയതോടയാണ് രാഹുലിനെ ചുറ്റിപ്പറ്റി വീണ്ടും വിവാദം ഉടലെടത്തത്.

രാഹുലിനെതിരെ നടപടിയെടുക്കാൻ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിർദശം നൽകുകയും ചെയ്തു. രാജസ്ഥാനിലെ നദ്ബായിയിൽ നവംബർ 22-ന് നടത്തിയ പ്രസംഗത്തിനിടെയായിരുന്നു വിവാദപരാമർശം.

പരാമർശവുമായി ബന്ധപ്പെട്ട് രാഹുലിന് നവംബർ 23-ന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നതായും നവംബർ 25-നകം മറുപടി നൽകണമെന്ന് നിർദേശിച്ചിരുന്നതായും തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു. വിഷയത്തിൽ എട്ടാഴ്ചയ്ക്കകം നടപടിയെടുക്കാൻ കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകി.

'നിങ്ങൾ നൽകിയ സമയപരിധി അവസാനിച്ചു. ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ല. വിഷയത്തിൽ എട്ടാഴ്ചയ്ക്കകം തീരുമാനമെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിക്കുന്നു', കോടതി വ്യക്തമാക്കി.പ്രകോപനപരമായ പ്രസംഗം നടത്തിയ രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊതുതാത്പര്യ ഹർജി തീർപ്പാക്കികൊണ്ടാണ് കോടതിയുടെ നിർദ്ദേശം.