- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിബിസി ഡോക്യുമെന്ററി പ്രദർശനം;വിദ്യാർത്ഥികൾക്കെതിരെ നടപടിയുമായി സർവകലാശാലകൾ; രാജസ്ഥാൻ കേന്ദ്ര സർവകലാശാലയിൽ 10 മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെ 11 പേർക്ക് ക്ലാസിൽ നിന്നും ഹോസ്റ്റലിൽ നിന്നും സസ്‌പെൻഷൻ
ന്യൂഡൽഹി: ഗുജറാത്ത് വംശഹത്യയിൽ നരേന്ദ്ര മോദിക്ക് നേരിട്ട് പങ്കുണ്ടെന്ന് പറയുന്ന ബി.ബി.സി ഡോക്യുമെന്ററി 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ' പ്രദർശിപ്പിച്ച വിദ്യാർത്ഥികൾക്കെതിരെ നടപടികളുമായി സർവകലാശാലകൾ.
രാജസ്ഥാൻ കേന്ദ്ര സർവകലാശാലയിൽ 10 മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെ 11 പേരെ ക്ലാസിൽനിന്നും ഹോസ്റ്റലിൽനിന്നും ഞായറാഴ്ച രാത്രി 14 ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്തു. വ്യാഴാഴ്ചയാണ് കാമ്പസിനകത്ത് വിദ്യാർത്ഥികൾ ഒരുമിച്ചിരുന്ന് മൊബൈലിലും ലാപ്‌ടോപിലുമായി ഡോക്യുമെന്ററി കണ്ടത്.
കാമ്പസിൽ ഇല്ലാത്തവർക്കെതിരെയും നടപടി എടുത്തിട്ടുണ്ട്. എ.ബി.വി.പി നൽകിയ പട്ടികപ്രകാരമാണ് നടപടിയുണ്ടായതെന്ന് വിദ്യാർത്ഥികൾ പറയുന്നു. ഡൽഹി സർവകലാശാലയിൽ നടന്ന പ്രദർശനവുമായി ബന്ധപ്പെട്ട് അന്വേഷിക്കാൻ നിയോഗിച്ച ഏഴംഗ പ്രത്യേക സമിതി തിങ്കളാഴ്ച വൈകിട്ട് റിപ്പോർട്ട് സമർപ്പിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്കെതിരെ അടുത്ത ദിവസങ്ങളിൽ നടപടിയുണ്ടായേക്കാനാണ് സാധ്യത. ഡൽഹി സർവകലാശാല വിലക്ക് മറികടന്ന് ഫ്രറ്റേണിറ്റി, ബാപ്‌സ തുടങ്ങിയ സംഘടനകൾ കാമ്പസിനകത്തും മറ്റു സംഘടനകൾ പുറത്തും പ്രദർശനം സംഘടിപ്പിക്കുന്നതിനിടെ സംഘർഷത്തിൽ കലാശിച്ചിരുന്നു.
പ്രദർശനം തടയാൻ സർവകലാശാല അധികൃതർ വൈദ്യുതിയും ഇന്റർനെറ്റും വിച്ഛേദിക്കുകയുണ്ടായി. പൊലീസ് കാമ്പസിന് പുറത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു. പ്രദർശനം ആരംഭിച്ച ഉടൻ തടഞ്ഞ പൊലീസ് വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തു.
വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്ത രാജസ്ഥാൻ കേന്ദ്ര സർവകലാശാല നടപടി പിൻവലിക്കണമെന്ന് എസ്.എഫ്.ഐയും ഫ്രറ്റേണിറ്റി മൂവ്‌മെന്റും ആവശ്യപ്പെട്ടു. കാമ്പസുകളിൽ സാധ്യമായ എല്ലാ ജനാധിപത്യ ഇടങ്ങളെയും നിരാകരിക്കുന്നതാണ് അധികൃതരുടെ നടപടിയെന്ന് ഫ്രറ്റേണിറ്റി കുറ്റപ്പെടുത്തി.
പ്രസ്തുത ഡോക്യുമെന്ററി ഇതുവരെ നിരോധിച്ചിട്ടില്ല. അതിനാൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് അംഗങ്ങൾ ഉൾപ്പെടെ സസ്പെൻഡ് ചെയ്യപ്പെട്ട വിദ്യാർത്ഥികൾ നിയമവിരുദ്ധമായ ഒരു നടപടിയിലും പങ്കെടുത്തിട്ടില്ല. സമ്പൂർണ സുരക്ഷ ഉറപ്പാക്കി വിദ്യാർത്ഥികളെ കാമ്പസിനുള്ളിൽ താമസിക്കാൻ അനുവദിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
മറുനാടന്‍ മലയാളി ബ്യൂറോ