ന്യൂഡല്‍ഹി: ഉരുള്‍പൊട്ടലുണ്ടായ വയനാട്ടിലെ രണ്ട് താലൂക്കുകളിലെ 13 വില്ലേജുകള്‍ ഉള്‍പ്പെടെ പശ്ചിമഘട്ടത്തിലെ 56,825.7 ചതുരശ്ര കിലോമീറ്റര്‍ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കാനുള്ള അഞ്ചാമത്തെ കരട് വിജ്ഞാപനം കേന്ദ്രം പുറത്തിറക്കി. പശ്ചിമഘട്ടം ഉള്‍പ്പെടുന്ന കേരളത്തിലെ 9,993.7 ചതുരശ്ര കിലോമീറ്റര്‍ പരിസ്ഥിതിലോല പ്രദേശമായിട്ടാണ് കരട് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.

കേരളമടക്കമുള്ള ആറ് സംസ്ഥാനങ്ങളിലെ 56,800 ചതുരശ്ര കിലോമീറ്റര്‍ പശ്ചിമഘട്ടത്തെയാണ് പരിസ്ഥിതി ലോല പ്രദേശമായി കണക്കാക്കി വിജ്ഞാപനം ഇറക്കിയിട്ടുള്ളത്. എതിര്‍പ്പുകളും നിര്‍ദേശങ്ങളും 60 ദിവസത്തിനകം അറിയിക്കണമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ഇതിനോടകം മുന്നൂറിലധികം മരണങ്ങള്‍ സ്ഥിരീകരിച്ച വയനാട്ടില്‍ ഉരുള്‍പ്പൊട്ടല്‍ ദുരന്തമുണ്ടായതിന് പിന്നാലെ ജൂലായ് 31-നാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരത്തില്‍ കരട് വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. പരിസ്ഥിതി ലോല പ്രദേശങ്ങളിലെ ക്വറി ഉള്‍പ്പടെയുള്ള എല്ലാത്തരം ഖനനങ്ങള്‍ക്കും കരട് വിജ്ഞാപനത്തില്‍ പൂര്‍ണ്ണ നിരോധനം നിര്‍ദേശിക്കുന്നുണ്ട്. അഞ്ച് വര്‍ഷത്തിനുള്ളില്‍ നിലവിലുള്ള ഖനികള്‍ ഘട്ടംഘട്ടമായി നിര്‍ത്തലാക്കാനും നിര്‍ദേശിക്കുന്നു.

പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ കേരളത്തിലെ 131 വില്ലേജുകളാണ് ഉള്‍പ്പെടുന്നത്. ഇതില്‍ വയനാട്ടിലെ 13 വില്ലേജുകളും ഉള്‍പ്പെടും. 6 സംസ്ഥാനങ്ങളിലായി 56,825.7 ചതുരശ്ര കിലോമീറ്ററാണ് പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കുക.

ഇതിനുമുന്നോടിയായാണ് ആറാം തവണയും കരട് വിജ്ഞാപനം പുറത്തിറക്കിയത്. പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കുന്ന ആറു സംസ്ഥാനങ്ങളിലെ സ്ഥലങ്ങളിലും ഖനനം, ക്വാറികളുടെ പ്രവര്‍ത്തനം, മണലെടുപ്പ് തുടങ്ങിയവയ്ക്ക് സമ്പൂര്‍ണ നിരോധനമുണ്ടായിരിക്കും.

വയനാട് മാനന്തവാടി താലൂക്കിലെ പേരിയ, തിരുനെല്ലി, തൊണ്ടര്‍നാട്, തൃശ്ശിലേരി, സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ കിടങ്ങനാട്, നൂല്‍പ്പുഴ, വൈത്തിരി താലൂക്കിലെ അച്ചൂരാനം, ചുണ്ടേല്‍, കോട്ടപ്പടി, കുന്നത്തിടവക, പൊഴുതന, തരിയോട്, വെള്ളരിമല എന്നീ 13 വില്ലേജുകളാണ് പട്ടികയിലുള്ളത്.

എറണാകുളത്തെ കോതമംഗലം താലൂക്കിലെ കുട്ടംപുഴ, ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ 14 വില്ലേജുകളും ഇടുക്കി താലൂക്കിലെ 9 വില്ലേജുകളും പീരുമേട് താലൂക്കിലെ എട്ട് വില്ലേജുകളും തൊടുപുഴ താലൂക്കിലെ രണ്ടു വില്ലേജുകളും ഉടുമ്പുംചോല താലൂക്കിലെ 18 വില്ലേജുകളും പട്ടികയിലുണ്ട്.ഇരിട്ടി താലൂക്കിലെ രണ്ടു വില്ലേജുകളും തലശ്ശേരി താലൂക്കിലെ ഒരു വില്ലേജും പത്തനാപുരം താലൂക്കിലെ രണ്ടു വില്ലേജുകളും പുനലൂര്‍ താലൂക്കിലെ ആറ് വില്ലേജുകളും പട്ടികയിലുണ്ട്.

കാഞ്ഞിരപ്പള്ളിയിലെ കൂട്ടിക്കല്‍ വില്ലേജ്, മീനച്ചിലിലെ മൂന്ന് വില്ലേജുകള്‍, കൊയിലാണ്ടിയിലെ രണ്ട് വില്ലേജുകള്‍, താമരശ്ശേരിയിലെ ആറ് വില്ലേജുകള്‍, വടകരയിലെ രണ്ട് വില്ലേജുകള്‍, നിലമ്പൂരിലെ 11 വില്ലേജുകള്‍ ആലത്തൂരിലെ ഒരു വില്ലേജ്, അട്ടപ്പാടിയിലെ ആറ് വില്ലേജുകള്‍, ചിറ്റൂരിലെ മൂന്ന് വില്ലേജുകള്‍, മണ്ണാര്‍ക്കാടിലെ ഒരു വില്ലേജ്, പാലക്കാടിലെ മൂന്ന് വില്ലേജുകള്‍, കോന്നിയിലെ നാല് വില്ലേജുകള്‍, റാന്നിയിലെ മൂന്ന് വില്ലേജുകള്‍, കാട്ടാക്കടയിലെ നാലു വില്ലേജുകള്‍, നെടുമങ്ങാട്ടെ മൂന്ന് വില്ലേജുകള്‍, ചാലക്കുടിയിലെ രണ്ട് വില്ലേജുകള്‍ എന്നിവയും പട്ടികയിലുണ്ട്.