ഡെറാഡൂൺ: രക്താർബുദം മൂലം അവശനിലയിലായ അഞ്ചു വയസ്സുകാരനെ രോഗസൗഖ്യത്തിനായി മാതാപിതാക്കളും ബന്ധുവായ സ്ത്രീയും ചേർന്ന് തണുത്തുറഞ്ഞ ഗംഗാ നദിയിൽ മുക്കി. ഏറെനേരം വെള്ളത്തിനടിയിൽ കഴിഞ്ഞ കുട്ടിക്ക് ജീവൻ നഷ്്ടമായി. ഗംഗനദി തീരത്ത് നിരവധി പേർ നോക്കിനിൽക്കേയാണ് ഈ ക്രൂരമായ കൊലപാതകം.

ഡൽഹി സ്വദേശികളാണ് കുട്ടിയുടെ കുടുംബം. രക്താർബുദം മൂലം അവശനിലയിൽ ആയ കുട്ടി ഡൽഹിയിലെ പ്രമുഖ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. കുട്ടി രക്ഷപ്പെടില്ലെന്ന് പറഞ്ഞ് ഡോക്ടർമാർ കൈയൊഴിഞ്ഞതോടെ മാതാപിതാക്കൾ കുട്ടിയുമായി ഹരിദ്വാറിൽ എത്തുകയായിരുന്നു. ഗംഗാനദിയിൽ സ്നാനം ചെയ്താൽ രോഗം ഭേദമാകുമെന്ന് കുടുംബം വിശ്വസിച്ചു. ഒരു ടാക്സി കാറിൽ ഹരിദ്വാറിൽ എത്തുകയായിരുന്നു കുടുംബം. കുട്ടി ഈ സമയം ഏറെ ക്ഷീണിതനായിരുന്നുവെന്ന് ടാക്സി ഡ്രൈവർ പറയുന്നു.

മാതാപിതാക്കൾ പ്രാർത്ഥനയോടെ നദികരയിൽ നിൽക്കുമ്പോൾ ബന്ധുവായ സ്ത്രീ കുട്ടിയെ നദിയിൽ മുക്കി പിടിക്കുകയാണ്. കണ്ടുനിന്നവർ ബഹളം വച്ചുവെങ്കിലൂം അവർ പിന്മാറാൻ തയ്യാറായില്ല. ഇതോടെ ആളുകൾ കുട്ടിയെ അവരുടെ കയ്യിൽ നിന്നും പിടിച്ച് പുറത്തെടുത്തു. അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരണമടഞ്ഞിരുന്നു. ഈ സമയം കുട്ടി ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് പറഞ്ഞ് ബന്ധുവായ സ്ത്രീ മൃതദേഹത്തിന് സമീപം ഇരിക്കുകയാണ്. കൊലപാതകത്തിന്റെ അടക്കമുള്ള ഭീതിപ്പെടുത്തുന്ന വീഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.