ചത്തീസ്ഗഢ്: അമിതമായി മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടെന്ന ആരോപണവുമായി പ്രതിപക്ഷ പാർട്ടികൾ.ജർമനിയിലെ ഫ്രാങ്ക്ഫുർട്ടിൽനിന്ന് ഡൽഹിയിലേക്ക് വരുമ്പോൾ ലുഫ്താൻസ വിമാനത്തിൽനിന്ന് ഭഗവന്ത് മന്നിനെ ഇറക്കിവിട്ടെന്നാണ് ഒരുവിഭാഗം ആരോപണം ഉന്നയിക്കുന്നത്. എന്നാൽ, പ്രതിപക്ഷം വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുകയാണെന്ന് ആംആദ്മി പാർട്ടി ആരോപിച്ചു.

വിദേശ നിക്ഷേപം ആകർഷിക്കുന്നതുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 11 മുതൽ 18 വരെയാണ് മൻ ജർമനിയിൽ സന്ദർശനം നടത്തിയത്. മൻ മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് വിമാനം നാല് മണിക്കൂർ വൈകിയെന്നും പഞ്ചാബികളെ അപമാനിക്കുന്നതായി ഭഗവന്ത് മന്നിന്റെ നടപടിയെന്നും പ്രതിപക്ഷ കക്ഷികൾ പറയുന്നു. നടക്കാൻ കഴിയാത്തവിധം മദ്യപിച്ച ഭഗവന്ത് മന്നിനെ വിമാനത്തിൽനിന്ന് ഇറക്കിവിട്ടതായി സഹയാത്രികർ വ്യക്തമാക്കിയതായി അകാലി ദൾ നേതാവ് സുഖ്ബീർ സിങ് ബാദൽ ട്വീറ്റ് ചെയ്തു. വിമാനം നാല് മണിക്കൂർ വൈകുന്നതിന് ഇത് ഇടയാക്കി. അതിനെ തുടർന്ന് എഎപിയുടെ ദേശീയ കൺവെൻഷനിൽ പങ്കെടുക്കാനും മന്നിന് സാധിച്ചില്ല. ലോകത്തുള്ള എല്ലാ പഞ്ചാബികളെയും അപമാനിക്കുന്നതാണ് ഈ വാർത്ത, അദ്ദേഹം പറഞ്ഞു.

സംഭവം അപമാനകരമാണെന്ന് കോൺഗ്രസും ട്വീറ്റ് ചെയ്തു. ക്രമാധികമായി മദ്യപിച്ചതിനെ തുടർന്ന് മന്നിന് കാലുറച്ചിരുന്നില്ലെന്നും ഭാര്യയും സുരക്ഷാ ഉദ്യോഗസ്ഥരും താങ്ങിയെടുത്താണ് അദ്ദേഹത്തെ കൊണ്ടുവന്നതെന്നും ഒരു സഹയാത്രികനെ ഉദ്ധരിച്ച് കോൺഗ്രസ് ട്വീറ്റ് ചെയ്യുന്നു.

അതേസമയം, പ്രതിപക്ഷ പാർട്ടികളുടെ ആരോപണത്തെ ആംആദ്മി പാർട്ടി തള്ളിക്കളഞ്ഞു. നിശ്ചയിച്ചിരുന്നതുപോലെ സെപ്റ്റംബർ 19ന് മുഖ്യമന്ത്രി ഭഗവന്ത് മൻ തിരിച്ചെത്തി. സാമൂഹ്യമാധ്യമ റിപ്പോർട്ടുകളെല്ലാം വ്യാജ പ്രചാരണങ്ഹളാണ്. വിദേശ യാത്രയിലൂടെ നിക്ഷേപം സമാഹരിക്കാൻ അദ്ദേഹത്തിന് സാധിച്ചത് പ്രതിപക്ഷത്തെ അസ്വസ്ഥരാക്കിയിരിക്കുകയാണ്. നിങ്ങൾക്ക് വേണമെങ്കിൽ ലുഫ്താൻസ എയർലൈൻസിനോട് ഇക്കാര്യം അന്വേഷിക്കാവുന്നതാണ്, എഎപി വക്താവ് മൻവീന്ദർ സിങ് പറഞ്ഞു.

വിഷയത്തിൽ ലുഫ്താൻസയുടെ വിശദീകരണവും പുറത്തുവന്നിട്ടുണ്ട്. ഫ്രാങ്ക്ഫുർട്ടിൽനിന്ന് ഡൽഹിയിലേക്കുള്ള ട്രിപ്പ് നിശ്ചയിച്ചതിനേക്കാൾ വൈകിയത് വിമാനത്തിൽ മാറ്റംവരുത്തിയതുകൊണ്ടാണ്. യാത്രക്കാരായ വ്യക്തികളേക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ സാധിക്കില്ല, കമ്പനി അറിയിച്ചു.