ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അഞ്ചാം തവണയും ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതിനെ തുടർന്ന് ഇഡി കോടതിയെ സമീപിച്ചു. അന്വേഷണവുമായി കെജ്രിവാൾ സഹകരിക്കുന്നില്ലെന്നാണ് പരാതിയിൽ പറയുന്നത്. ഡൽഹിയിലെ റോസ് അവന്യു കോടതി ബുധനാഴ്ച വാദം കേൾക്കും.

ഇഡി അയച്ച സമൻസുകൾ അനധികൃതമാണെന്നും തന്നെ അറസ്റ്റ് ചെയ്യുക മാത്രമാണ് ലക്ഷ്യമെന്നും വാദിച്ചാണ് കെജ്രിവാൾ ഒഴിഞ്ഞുമാറുന്നത്. നവംബർ 2 ന് ആദ്യ സമൻസ് അയച്ചത് മുതൽ എഎപി അദ്ധ്യക്ഷന്റെ അറസ്റ്റിനെ കുറിച്ച് ഊഹാപോഹങ്ങൾ പരക്കുന്നുണ്ടായിരുന്നു.

കെജ്‌രിവാളിനെ കള്ളക്കേസിൽ കുടുക്കാൻ ബിജെപി ശ്രമിക്കുന്നെന്നാണ് എഎപിയുടെ ആരോപണം. ഇ.ഡിയുടെ നിർദ്ദേശം തള്ളിയ കേജ്‌രിവാൾ ഇന്നലെ ഡൽഹിയിൽ എഎപി നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്തു. ചണ്ഡിഗഡിലെ മേയർ തിരഞ്ഞെടുപ്പ് ബിജെപി അട്ടിമറിച്ചെന്ന് ആരോപിച്ച് നടത്തിയ പ്രതിഷേധത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ഒപ്പമുണ്ടായിരുന്നു.