ന്യൂഡൽഹി: ചോദ്യം ചോദിക്കൽ കോഴ വിവാദവുമായി ബന്ധപ്പെട്ട് ലോക്‌സഭയിൽ നിന്ന് പുറത്താക്കിയ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയ്ക്ക് ഇ.ഡി നോട്ടീസ്. വിദേശ നാണയ വിനിമയ ചട്ട ലംഘന കേസുമായി ബന്ധപ്പെട്ട് ഈ മാസം 19ന് ചോദ്യംചെയ്യലിന് ഹാജരാകണമെന്നാണ് അറിയിച്ചിരിക്കുന്നത്.

പാർലമെന്റിൽ ചോദ്യം ചോദിക്കാൻ വ്യവസായിയിൽ നിന്ന് കോഴ വാങ്ങിയെന്ന ആരോപണത്തിൽ മഹുവയെ എംപി സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു. അദാനിക്കെതിരെ ലോക്സഭയിൽ ചോദ്യങ്ങൾ ചോദിക്കാൻ വ്യവസായി ദർശൻ ഹിരാനന്ദാനിക്ക് മഹുവ പാർലമെന്ററി ലോഗിൻ ഐ.ഡിയും പാസ്വേഡും കൈമാറിയെന്നാണ് ആരോപണം. ഇതേക്കുറിച്ച് അന്വേഷിച്ച പാർലമെന്റ് എത്തിക്‌സ് കമ്മിറ്റി മഹുവക്ക് എതിരായി റിപ്പോർട്ട് നൽകിയതോടെ എംപി സ്ഥാനത്ത് നിന്ന് പുറത്താക്കുകയായിരുന്നു.

ബിജെപി എംപി നിഷികാന്ത് ദുബെയാണ് പാർലമെന്റിൽ മഹുവയ്ക്കെതിരെ രംഗത്തുവന്നത്. ഇതിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും മഹുവയ്ക്കെതിരെ നടപടി വേണമെന്നും ദുബെ ആവശ്യപ്പെട്ടിരുന്നു. ഇതോടെ വിഷയം പാർലമെന്റ് എത്തിക്സ് കമ്മിറ്റിയുടെ മുന്നിലെത്തുകയും പിന്നീട് ഐടി മന്ത്രാലയം വിശദ പരിശോധന നടത്തുകയചെയ്തു. ലോഗിൻ വിവരങ്ങൾ ഹിരാനന്ദാനിക്ക് നൽകിയതായി മഹുവ വെളിപ്പെടുത്തി. ഇതു സാധാരണമാണെന്നും അവർ അവകാശപ്പെട്ടു.

എന്നാൽ ഹിരാനന്ദാനിക്ക് മാത്രമല്ല ലോഗിൻ വിവരങ്ങൾ നൽകിയതെന്നു ദുബെ ആരോപിച്ചു. ഡൽഹി, ബെംഗളൂരു, സാൻഫ്രാൻസിസ്‌കോ തുടങ്ങി പലയിടങ്ങളിൽനിന്ന് ലോഗിൻ ചെയ്തതു സൂചിപ്പിക്കുന്നത് അതാണെന്നും ദുബെ പറഞ്ഞു. മഹുവയുടെ പാർലമെന്റ് ലോഗിൻ ഐഡി ദുബായ്ക്കു പുറമെ മറ്റു പലയിടങ്ങളിൽനിന്നും ഉപയോഗിച്ചതായി ഐടി മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്. മഹുവ കൊൽക്കത്തയിലായിരുന്ന ദിവസം യുഎസിലെ ന്യൂജഴ്സി, ബെംഗളൂരു, ഡൽഹി എന്നിവിടങ്ങിൽനിന്ന് പാർലമെന്റ് അക്കൗണ്ടിൽ ലോഗിൻ ചെയ്തതായും വിവരമുണ്ട്. മഹുവ മൊയ്ത്രയ്‌ക്കെതിരെ സിബിഐ അന്വേഷണവും നടക്കുന്നുണ്ട്.