ന്യൂഡൽഹി: പ്രസംഗങ്ങളിൽ ആക്ഷേപ പരാമർശങ്ങൾ നടത്തിയതിന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കും ബിജെപി നേതാവും അസം മുഖ്യമന്ത്രിയുമായ ഹിമന്ദ ബിശ്വ ശർമക്കും തെരഞ്ഞെടുപ്പ് കമീഷൻ നോട്ടീസ് അയച്ചു. പെരുമാറ്റച്ചട്ടം ലംഘിച്ചതിന് നടപടിയെടുക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാനുണ്ടെങ്കിൽ അക്കാര്യം ഈ മാസം 30നകം അറിയിക്കണമെന്ന് ഇരുവർക്കും അയച്ച നോട്ടീസുകളിൽ കമീഷൻ വ്യക്തമാക്കി.

രാജസ്ഥാനിലെ ദോസയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ച് നടത്തിയ പരാമർശങ്ങളുടെ പേരിൽ പ്രിയങ്കക്കെതിരെ ബിജെപിയും വിദ്വേഷ പ്രസംഗം നടത്തിയതിന് ഹിമന്ദക്കെതിരെ കോൺഗ്രസും നൽകിയ പരാതികളിലാണ് കമീഷൻ നടപടി. എന്നാൽ, ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ കോൺഗ്രസ് നൽകിയ പരാതിയിൽ നടപടിയെടുത്തിട്ടില്ല.

അമിത് ഷാക്കെതിരെയുള്ളതടക്കം ഏഴ് പരാതികളുമായി കോൺഗ്രസും പ്രിയങ്ക ഗാന്ധിക്കെതിരായ പരാതിയുമായി ബിജെപിയും കഴിഞ്ഞ ദിവസമാണ് തെരഞ്ഞെടുപ്പ് കമീഷനെ കണ്ടത്. ഛത്തിസ്ഗഢിലെ രാജ്‌നന്ദ്ഗാവിൽ അമിത് ഷായും കവാർഢയിൽ ഹിമന്ദയും വിദ്വേഷ പ്രസംഗങ്ങൾ നടത്തിയെന്നായിരുന്നു കോൺഗ്രസ് പരാതി.