നോയിഡ: ലഹരി പാർട്ടികളിൽ പാമ്പിൻവിഷം വിതരണം ചെയ്ത സംഭവത്തിൽ ബിഗ് ബോസ് ഒടിടി2 താരം എൽവിഷ് യാദവിനെതിരെ കേസ്. നോയിഡ സെക്ടർ 49ലെ വീട്ടിൽ പൊലീസ് നടത്തിയ റെയ്ഡിൽ നിരവധി പാമ്പുകളെയും പാമ്പിൻ വിഷവും പിടികൂടി. അഞ്ച് മൂർഖൻ പാമ്പുകളും മറ്റ് ഒമ്പത് പാമ്പുകളുമാണ് ഇയാളുടെ വീട്ടിലുണ്ടായിരുന്നത്. വീട്ടിൽ സൂക്ഷിച്ചിരുന്ന പാമ്പിൻ വിഷവും പിടിച്ചെടുത്തു്. ലഹരിപാർട്ടിയുമായി ബന്ധപ്പെട്ട് അഞ്ച് പേർ നേരത്തെ പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് യൂ ട്യൂബറും ബിഗ് ബോസ് താരവുമായ എൽവിഷിന്റെ പങ്ക് പുറത്തുവന്നത്.

പാർട്ടികളിൽ എൽവിഷ് പാമ്പുകളെയും പാമ്പിൻവിഷവും വിതരണം ചെയ്തിരുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിക്കുന്നു. ആനിമൽ വെൽഫയർ ഓഫീസർ ഗൗരവ് ഗുപ്തയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

ഹരിയാനയിലെ ഗുരുഗ്രാം സ്വദേശിയായ എൽവിഷ് യു ട്യുബറും ഗായകനും സമൂഹ മാധ്യമങ്ങളിലെ സജീവ സാന്നിധ്യവുമാണ്. ഇയാളുടെ യു ട്യൂബ് ചാനലായ എൽവിഷ് യാദവിന് 14.5 മില്യൺ സബ്സ്‌ക്രൈബേഴ്സുണ്ട്. എൽവിഷ് യാദവ് വ്ളോഗ്സ് എന്ന പേരിൽ മറ്റൊരു യു ട്യൂബ് ചാനലുമുണ്ട്. ഇതിന് 7.5 മില്യൺ സബ്സ്‌ക്രൈബേഴ്സുണ്ട്. ഇൻസ്റ്റഗ്രാമിൽ 16 മില്യനാണ് ഫോളോവേഴ്സ്.