- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്ര നിർദ്ദേശം തള്ളി കർഷക സംഘടനകൾ
ന്യൂഡൽഹി: കർഷക സമരം വീണ്ടും കലുഷിതമാകുന്നു. സമരം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ച നിർദ്ദേശം കർഷക സംഘടനകൾ തള്ളി. ബുധനാഴ്ച മുതൽ ഡൽഹിയിലേക്ക് തുടരുമെന്ന് പഞ്ചാബ്-ഹരിയാന സംസ്ഥാനങ്ങൾക്കിടയിലെ ശംഭു അതിർത്തിയിൽ കർഷക നേതാവ് സർവൻ സിങ് പാന്ഥേർ അറിയിച്ചു.
ഞായറാഴ്ച രാത്രി ചണ്ഡിഗഢിൽ കർഷക നേതാക്കളുമായി നാലാംവട്ട മന്ത്രിതല ചർച്ച നടന്നിരുന്നു. ചോളം, പരുത്തി, മൂന്നിനം ധാന്യങ്ങൾ എന്നിവ അഞ്ചു വർഷത്തേക്ക് പഴയ താങ്ങുവിലയിൽ വാങ്ങാമെന്നായിരുന്നു നിർദ്ദേശം. ഇത് അംഗീകരിക്കാനാകില്ലെന്ന് നേരത്തെ കർഷക സംഘടനകളുടെ പൊതുസംഘടനയായ സംയുക്ത കിസാൻ മോർച്ച കുറ്റപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സമരം തുടരുന്നതായുള്ള പ്രഖ്യാപനം.
രണ്ടോ മൂന്നോ ഇനങ്ങൾക്ക് മാത്രം താങ്ങുവിലയെന്ന നിലപാട് ചില കർഷകരെ മാത്രം സഹായിക്കുന്നതാണെന്നും മറ്റുള്ളവരെ പ്രയാസത്തിലാക്കുമെന്നുമാണ് കർഷക സംഘടനകളുടെ നിലപാട്. രണ്ടോ മൂന്നോ വിളകൾക്ക് മാത്രം താങ്ങുവില നൽകുംവഴി 1.5 ലക്ഷം കോടി അധിക ബാധ്യത വരുമെന്നാണ് സർക്കാർ നിലപാടെങ്കിൽ എല്ലാ വിളകൾക്കും അത് ബാധകമാക്കിയാൽ 1.75 ലക്ഷം കോടിയേ വരൂ എന്നും അവർ കൂട്ടിച്ചേർത്തു. ആരോഗ്യത്തിന് ഹാനികരമായ പാംഓയിൽ ഇറക്കുമതിക്ക് മാത്രം കേന്ദ്രം 1.75 ലക്ഷം കോടി മുടക്കുന്നുണ്ടെന്നും അവർ കുറ്റപ്പെടുത്തി.
ഞായറാഴ്ച ചർച്ചയിൽ സർക്കാർ മുന്നോട്ടുവെച്ച നിർദേശങ്ങൾ പഠിക്കാനായി സമരം നിർത്തിവെക്കുന്നതായി നേരത്തെ സംഘടനകൾ വ്യക്തമാക്കിയിരുന്നു. തങ്ങളുടെ മറ്റാവശ്യങ്ങൾ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇത് അടുത്ത രണ്ടു ദിവസത്തിനുള്ളിൽ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും കർഷക നേതാവ് പന്ഥേർ പറഞ്ഞിരുന്നു. കേന്ദ്രമന്ത്രിമാരായ അർജുൻ മുണ്ട, നിത്യാനന്ദ് റായ്, പീയൂഷ് ഗോയൽ എന്നിവരാണ് കർഷകരുമായി ചർച്ച നടത്തിയത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും യോഗത്തിൽ പങ്കെടുത്തു.
ഏറ്റവും നൂതനമായ ആശയങ്ങളാണ് സർക്കാർ നിർദേശിച്ചിട്ടുള്ളതെന്ന് ചർച്ചശേഷം കേന്ദ്രമന്ത്രി പീയുഷ് ഗോയൽ പറഞ്ഞു. രണ്ട് സർക്കാർ ഏജൻസികളെ നിയോഗിച്ച് നിർദേശങ്ങളിൽ മേൽനോട്ടം വഹിക്കും. നാഷനൽ കോഓപറേറ്റിവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ, നാഷനൽ അഗ്രികൾചറൽ കോഓപറേറ്റിവ് മാർക്കറ്റിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ എന്നീ കോഓപറേറ്റിവ് സൊസൈറ്റികൾ അടുത്ത അഞ്ചുവർഷത്തേക്ക് പയറുവർഗങ്ങൾ ഉൽപാദിപ്പിക്കുന്ന കർഷകരുമായി കരാറിൽ ഏർപ്പെടുമെന്നും കർഷകർ സർക്കാറിന്റെ ആവശ്യങ്ങൾ അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.